യു.എ.ഇ-ഇസ്രയേല്‍ കരാര്‍ ഫലസ്ഥീനിനോടുള്ള വഞ്ചന തന്നെയാണ്
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചര്‍ച്ച ചെയ്ത് ചരിത്രപരമായ യു.എ.ഇ-ഇസ്രയേല്‍ കരാറിലൊപ്പുവെക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളായി നാം അറിഞ്ഞു.
1967 ല്‍ അറബ് രാജ്യങ്ങളുമായി നടത്തിയ യുദ്ധങ്ങള്‍ക്കൊടുവിലാണ് വെസ്റ്റ്ബാങ്ക്, ജറുസലം, ഗോലാന്‍ കുന്നുകള്‍, സീനായ്, ഗാസമുനമ്പ്, തുടങ്ങിയ പ്രദേശങ്ങള്‍ ഫലസ്ഥീനില്‍ നിന്ന് ഇസ്രയേല്‍ കൈക്കലാക്കിയത്. അന്ന് ഫലസ്ഥീന്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ പ്രമേയം പാസ്സാക്കിയെങ്കിലും ഫലമുണ്ടായില്ല. അന്ന് മുതല്‍ ഫലസ്ഥീനികള്‍ക്ക് മേല്‍ തുടരുന്ന അനീതി ഇസ്രയേല്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സമയം ഫലസ്ഥീനിനെ പിന്തുണയ്‌ക്കേണ്ട അറബ് രാജ്യങ്ങളിലൊന്നായ യു.എ.ഇയാണ് ഇസ്രയേലിനെ പിന്തുണക്കുന്നതും കരാറിലേര്‍പ്പെടുന്നതുമെന്നതും ശ്രദ്ധേയമാണ്. അത് കൊണ്ട തന്നെയാണ് ഈ കാരാര്‍ ചരിത്രപരമായ കരാറായി മാറുന്നതും ചര്‍ച്ചയാവുന്നതും. ഈ വിഷയത്തില്‍ ഫലസ്ഥീന്‍ പ്രതിഷേധങ്ങള്‍ വളരെ വേഗത്തില്‍ തന്നെ പുറത്തു വരികയുണ്ടായി.
യു.എ.ഇയുടെ നടപടി സുഹൃത്തുക്കളെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്നാണ് ഫലസ്ഥീന്‍ വിമോചന സംഘടന അംഗം ഹനാന്‍ അഷ്‌റവി വിശേഷിപ്പിച്ചത്. ഫലസ്ഥീന്‍ ജനതയുടെ വികാരം മാനിക്കാത്ത ഉടമ്പടിയാണിതെന്നാണ് ഹമാസ് പ്രതികരിച്ചത്.
ഈ കരാര്‍ ഫലസ്ഥീനിനെ കൂടുതല്‍ ഒറ്റപ്പെടുത്തുകയും സ്വന്തം രാജ്യമെന്ന ഫലസ്ഥീന്‍ ജനതയുടെ മോഹത്തെ ഒരിക്കല്‍കൂടി ഇല്ലായ്മ ചെയ്യുന്നതുമായ ഒന്നാണെന്നതില്‍ സംശയമില്ല.എന്നാല്‍ ഫലസ്ഥീന്‍ തങ്ങളുടെ പോരാട്ട നിലപാട് തുടരുമെന്നതാണ് ഫലസ്ഥീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി സാഇബ് എറികാത്തി മാധ്യമങ്ങളോട് പറഞ്ഞത്.
ഈ കരാര്‍ സമാധാനത്തെ നശിപ്പിക്കുമെന്നാണ് യു.കെ യിലെ ഫലസ്ഥീന്‍ മിഷന്‍ മേധാവി ഹുസാം സോംലോട്ട് പ്രതികരിച്ചത്.
ഇസ്രയേല്‍ രാജ്യ രൂപീകരണം മുതല്‍ ആ രാജ്യവും അറബ് രാജ്യങ്ങളും തമ്മില്‍ നയന്ത്ര ബന്ധമുണ്ടായിട്ടില്ല.ഗള്‍ഫ് മേഖലയില്‍ നിന്ന് ഇസ്രയേലുമായി ബന്ധത്തിലേര്‍പ്പെടുന്ന ആദ്യ രാജ്യമായി മാറുകയാണ് ഈ കരാറിലൂടെ യു.എ.ഇ. ഗള്‍ഫ് മേഖലയില്‍ നിന്നല്ലാതെ നേരത്തെ ഈജിപ്തും ജോര്‍ദാനുമാണ് ഇസ്രയേലുമായി കരാറിലേര്‍പ്പെട്ടിരുന്ന അറബ് രാജ്യങ്ങള്‍.
യു.എ.ഇ ഇസ്രയേല്‍ കരാറിലൂടെ പരസ്പര ഉഭയകക്ഷി സഹകരണത്തിനും ധാരണായാകുക, കരാറില്‍ ഒപ്പുവെക്കുന്നതിലൂടെ നിക്ഷേപം, വിനോദ സഞ്ചാരം, വ്യോമഗതാഗതം, സുരക്ഷ,ടെലികമ്യൂണിക്കേഷന്‍, ആരോഗ്യം, സംസ്‌കാരം, പരിസ്ഥിതി, എന്നി മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും. ഇരു രാജ്യങ്ങളും പരസ്പരം നയന്ത്ര ഓഫീസുകള്‍ തുറക്കുക, തുടങ്ങിയവയൊക്കെയാണ് കരാര്‍ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.49 വര്‍ഷത്തിന് ശേഷം യു.എ.ഇ -ഇസ്രയേല്‍ നയതന്ത്രബന്ധം സാധാരണഗതിയിലാവുന്നത്. എംബസികളെയും അംബാസിഡര്‍മാരെയും ഇത് വഴി കൈമാറ്റം ചെയ്യും. അതിര്‍ത്തിയില്‍ സഹകരണവും ആരംഭിക്കും.
ഈ കരാര്‍ യാഥാര്‍ത്ഥ്യമാവുന്നതിലൂടെ സ്വതന്ത്ര്യ രാജ്യമായി നിലനില്‍ക്കാനുള്ള ഫലസ്ഥീനി സ്വപ്‌നങ്ങള്‍ക്കാണ് തിരിച്ചടി നേരിടുന്നത്.ഫലസ്ഥീനിനെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളും അധിനിവേശങ്ങളും കണ്ടില്ലെന്ന് നടിക്കാന്‍ ഈ കരാര്‍ കാരണമാകും.
അത് കൊണ്ട് തന്നെയാണ് ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിന്റെ വക്താവ് ചരിത്രപരമായ വഞ്ചനയെന്നാണ് ഈ കരാറിനെ വിശേഷിപ്പിച്ചത്. മാത്രമല്ല, ഫലസ്ഥീന്‍ തങ്ങളുടെ നയതന്ത്രപ്രതിനിധിയെ യു.എ.ഇയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
യു.എ.ഇ നടത്തിയ കരാറിനോട് മുസ് ലിം സമൂഹത്തില് നിന്ന് തന്നെ ശക്തമായ എതിര്‍പ്പുകള് വന്നു തുടങ്ങിയിട്ടുണ്ട്. അറബ് രാഷ്ട്രങ്ങളില്‍ നിന്ന് തന്നെ ബഹ്‌റൈനും ഒമാനും കരാറിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും ഇറാനും തുര്‍ക്കിയും പോലെയുള്ള രാഷ്ട്രങ്ങള്‍ കരാറിനെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. പോരാട്ടവഴിയില്‍ തളരാതെ ഫലസ്ഥീന്‍ ഇനിയും മുന്നേറെട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.. ഫലസ്ഥീനിന്റെ രാഷ്ട്ര സ്വപ്‌നത്തിനായി നമുക്ക് കാത്തിരിക്കാം....
Leave A Comment