പെരുന്നാള്‍ നിസ്‌കാരവും  വീടുകളില്‍ വെച്ച് തന്നെ നിർവഹിക്കണം: മുസ്‌ലിം നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ യോഗത്തിൽ ധാരണ
തിരുവനന്തപുരം: റമദാനിലെ നമസ്കാരങ്ങൾക്ക് പിന്നാലെ പെരുന്നാള്‍ നിസ്‌കാരവും വീടുകളില്‍ വെച്ച് തന്നെ നിർവഹിക്കാൻ മുസ്‌ലിം നേതാക്കളുമായുള്ള യോഗത്തില്‍ ധാരണയിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സക്കാത്ത് കൊടുക്കാനും സ്വീകരിക്കാനും അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഒഴിവാക്കാനും പകരമായി സക്കാത്ത് വീടുകളില്‍ എത്തിച്ചു കൊടുക്കാനുമുള്ള നിര്‍ദേശം മതനേതാക്കള്‍ അംഗീകരിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പെരുന്നാള്‍ നിസ്‌കാരത്തെക്കുറിച്ച് മുസ്‌ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയിരിക്കുന്നത് . "പെരുന്നാള്‍ ദിനത്തിലെ കൂട്ടായ പ്രാര്‍ഥന ഒഴിവാക്കുന്നതും വിശ്വാസികളെ സംബന്ധിച്ച്‌ വലിയ വേദനയുളവാക്കുന്നതാണെന്ന് നമുക്കറിയാം. എന്നിട്ടും സമൂഹത്തിന്റെ ഭാവിയെകരുതി പള്ളികളിലെയും ഈദ്ഗാഹുകളിലെയും നിസ്‌കാരം ഒഴിവാക്കാന്‍ തീരുമാനമെടുത്ത മതനേതാക്കളെ അഭിനന്ദിക്കുകയും അവരുടെ സഹകരണത്തിന് നന്ദി പറയുകയും ചെയ്യുന്നു", മുഖ്യമന്ത്രി പറഞ്ഞു.

"ലോക്ക്ഡൗണിനെ തുടര്‍ന്ന് നമ്മുടെ ആരാധനാലയങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. വിശ്വാസികളെ സംബന്ധിച്ച്‌ ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ഥിക്കാന്‍ കഴിയാത്തതു ഏറെ മനഃപ്രയാസമുണ്ടാക്കുന്നതാണെന്ന് നമുക്കറിയാം. എന്നാല്‍ മഹാമാരി നിയന്ത്രിക്കാനുള്ള പോരാട്ടത്തില്‍ ഇത്തരം ഒത്തുചേരലുകളൊന്നും അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇക്കാര്യത്തില്‍ മതനേതാക്കളും വിശ്വാസി സമൂഹവും വലിയ സഹകരണമാണ് നല്‍കിവരുന്നത്. ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയുമാണ് കൊവിഡ് 19നെ നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാന്‍ നമ്മെ സഹായിച്ചത്"- മുഖ്യമന്ത്രി പറഞ്ഞു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter