ബാബരി മസ്ജിദ് തകർത്ത കേസ്: വിധിയിൽ നടുക്കം രേഖപ്പെടുത്തി ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്
ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതെ വിട്ട സിബിഐ കോടതിയുടെ വിധിയിൽ നടുക്കം രേഖപ്പെടുത്തി ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്. ബോർഡ് പ്രസിഡന്റ് ഹസ്രത്ത് മൗലാന സയ്യിദ് മുഹമ്മദ് റാബിഅ ഹസൻ നദ്‌വിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിംഗിലാണ് ബോർഡ് ബാബരി വിധിയിൽ പ്രതികരണം നടത്തിയത്.

കേസിൽ പ്രതി ചേർക്കപ്പെട്ട കുറ്റവാളികൾ സ്വയമേ സമ്മതിച്ചിട്ട് പോലും മുഴുവൻ പേരെയും കുറ്റവിമുക്തരാക്കിയ നടപടിയാണ് കോടതി സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ബോർഡ് ഏതുതരത്തിലുള്ള തെളിവുകളാണ് കോടതി വിശ്വാസത്തോടെ എടുക്കുകയെന്നും ചോദിച്ചു. കേസിൽ അപ്പീൽ പോകുന്ന വിഷയത്തിൽ സിബിഐ എന്ത് തീരുമാനിച്ചാലും തുടർ കോടതിയെ സമീപിക്കാൻ മുന്നിറങ്ങുമെന്ന് ബോർഡ് ഐകകണ്ഠ്യേന തീരുമാനിച്ചു.

ശബരിമല കേസ് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സംഘടനയുടെ ലീഗൽ കമ്മറ്റി വർക്കിംഗ് കമ്മറ്റിക്ക് മുമ്പാകെ അവതരിപ്പിച്ചു. "ഈ കേസിൽ മതസ്വാതന്ത്ര്യം ഉൾപ്പെടുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 25 ഉം ഒരു മതത്തിന് അനിവാര്യമായതെന്തോ അതും ഈ കേസിൽ കടന്നു വരുന്നുണ്ട്. മുസ്‌ലിംകളും മറ്റു ന്യൂനപക്ഷ സമൂഹങ്ങളുമുൾപ്പെടെയുള്ള രാജ്യത്തെ ഭൂരിപക്ഷ ജനതയെ ബാധിക്കുന്ന വിഷയമാണിത്" റിപ്പോർട്ട് അടിസ്ഥാനത്തിൽ ശബരിമല കേസിൽ കക്ഷിചേരാൻ ബോർഡ് തീരുമാനിച്ചു.

മറ്റു മത സംഘടനകൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, മറ്റു ജന സമൂഹങ്ങൾ തുടങ്ങിയവരുമായി ഏകസിവിൽകോഡ് സംബന്ധിച്ച് ചർച്ചകൾ നടത്താൻ ബോർഡ് തീരുമാനിച്ചു. ഏക സിവിൽ കോഡിന്റെ ദൂഷ്യഫലങ്ങൾ സംബന്ധിച്ച് പൊതു ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും ബോർഡംഗങ്ങൾ തീരുമാനമെടുത്തിട്ടുണ്ട് . ഇന്ത്യൻ മുസ്‌ലിംകളെ സംബന്ധിച്ചുള്ള സുപ്രധാനമായ തീരുമാനങ്ങളാണ് ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് എടുത്തതെന്നും മുസ്‌ലിം ന്യൂനപക്ഷത്തിന് വേണ്ടി നിയമപ്പോരാട്ടത്തിന്റെ വഴിയിൽ ബോർഡ് പോരാടുമെന്നും മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് മെമ്പറും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ സിറാജ് ഇബ്രാഹിം സേട്ട് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter