ഹാറൂന്‍ യഹ്‌യ:  ഡാര്‍വിനിസത്തിനെതിരെ ശാസ്ത്രീയ പോരാട്ടം
harunനിരീശ്വര-യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്കും ഡാര്‍വിനിസ്റ്റ് ചിന്താഗതികള്‍ക്കുമെതിരെ ഖുര്‍ആന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന പ്രമുഖ അന്താരാഷ്ട്ര പ്രബോധകനാണ് ഹാറൂന്‍ യഹ്‌യ. പരിണാമത്തിലൂടെയാണ് മനുഷ്യോല്‍പത്തിയെന്ന ഡാര്‍വിന്‍ ചിന്താഗതിയെ ശാസ്ത്രീയമായിത്തന്നെ തിരുത്തിയെഴുതിയ അദ്ദേഹം സയണിസം, നാസിസം, കമ്യൂണിസം പോലെയുള്ള ആധുനിക പ്രസ്ഥാനങ്ങളെല്ലാം ഈയൊരു ചിന്താഗതിയുടെ പില്‍ക്കാല പരിണതികളാണെന്ന് തെളിവുകളുടെ വെളിച്ചത്തില്‍ വാദിക്കുന്നു. ടര്‍ക്കിഷ് പണ്ഡിതനും എഴുത്തുകാരനുമായ അദ്ദേഹം 1956 ല്‍ അങ്കാറയിലാണ് ചനിച്ചത്. അദ്‌നാന്‍ ഒക്താര്‍ എന്ന് ശരിയായ നാമം. ഹാറൂന്‍ യഹ്‌യ എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. അങ്കാറയിലെ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ഇസ്തംബൂള്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഫിലോസഫിയില്‍ ഉന്നത ബിരുദങ്ങള്‍ നേടി. 1980 മുതല്‍ ശക്തനായ എഴുത്തുകാരനും പ്രസാധകനും പ്രബോധകനുമായി രംഗത്തു വന്നു. നിരീശ്വരവാദത്തിനും ഡാര്‍വിനിസ്റ്റ് ചിന്താഗതികള്‍ക്കുമെതിരെ ഖുര്‍ആനിക വെളിച്ചത്തില്‍ തിരുത്ത് നല്‍കുകയെന്നതാണ് ഹാറൂന്‍ യഹ് യ ചിന്തകളുടെ ആകെത്തുക. തന്റെ എഴുത്തുകളും പ്രഭാഷണങ്ങളുമെല്ലാം ഈയൊരു ആശയത്തെ കേന്ദ്രീകരിച്ചിരിക്കുന്നു. കൂടാതെ, കമ്യൂണിസം, കാപ്പിറ്റലിസം, നാസിസം, സയണിസം, ടെററിസം തുടങ്ങിയ പില്‍ക്കാല സൃഷ്ടികളെയും ഈയൊരു കാഴ്ചപ്പാടിന്റെ വെളിച്ചത്തില്‍ അദ്ദേഹം നിരൂപണവിധേയമാക്കുന്നു. അമ്പതോളം ലോക ഭാഷകളില്‍ വ്യാപിച്ചുകിടക്കുന്ന ഇരുന്നൂറില്‍ പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണദ്ദേഹം. ഡാര്‍വിനിസ്റ്റ് ചിന്താപ്രസ്ഥാനത്തിനെതിരെയാണ് ഇതില്‍ അധികം രചനകളും. അറ്റ്‌ലസ് ഓഫ് ക്രിയേഷന്‍, ഡാര്‍വിനിസം റഫ്യൂട്ടഡ് തുടങ്ങിയവ അതില്‍ ഏറെ ശ്രദ്ധേയമാണ്. കൂടാതെ, പ്രവാചകന്മാരെക്കുറിച്ചും ഭൗതിക വിസ്മയങ്ങളിലെ ദൈവിക ദൃഷ്ടാന്തങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെതായി ധാരാളം രചനകള്‍ വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നൂറോളം ഡോക്യുമെന്ററികളും അദ്ദേഹത്തിന്റെതായി കാണാം. ചാനല്‍ പ്രഭാഷണങ്ങളിലും സംവാദങ്ങളിലും ഹാറൂന്‍ യഹ് യ തന്റെതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter