രാജ്യത്തെ വിദ്വേഷ പ്രചരണങ്ങളും എഫ്.ബി നിലപാടും
ഇന്ത്യയില്‍ ബി.ജെ.പി നടത്തിയ വര്‍ഗ്ഗീയ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുത്തിട്ടില്ലെന്ന അന്താരാഷ്ട്രാ മാധ്യമമായ വള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് വിശകലന വിധേയമാക്കുമ്പോഴാണ് രാജ്യത്ത് നടന്ന വര്‍ഗീയ വിദ്വേഷ പ്രചരണങ്ങളെ കുറിച്ചും അതില്‍ ഫേസ്ബുക്ക് സ്വീകരിച്ച നിലപാടിനെ കുറിച്ചും മനസ്സിലാവുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യേണ്ട സാമൂഹ്യമാധ്യമങ്ങളില്‍ ഒന്നായ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ നയത്തെ കുറിച്ചും ബി.ജെ.പി ബന്ധത്തെ കുറിച്ചുമുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് വാള്‍സ്ട്രീറ്റ് ജേണലിലൂടെ പുറത്തുവന്നിട്ടുള്ളത്.
വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടും വിശകലനവും:
വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്ക് വേണ്ടി ഫേസ്ബുക്ക് തിരുത്തിയെന്നും വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്വേഷം പ്രചരിപ്പിച്ചതിന് ആ ജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ച മൂന്ന് ബി.ജെ.പി നേതാക്കള്‍ ഇപ്പോഴും ഫേസ്ബുക്കില്‍ സജീവമാണെന്നതടക്കമുള്ള വസ്തുതകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നരേന്ദ്രമോദിയുടെ പാര്‍ട്ടിയില്‍ പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ താത്പര്യങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കിയത് കമ്പനിയുടെ നേതൃസ്ഥാനത്തുള്ള അങ്കിദാസാണെന്നും സര്‍ക്കാരുമായി ഫേസ്ബുക്കിന് വേണ്ടി ഇടപാടുകള്‍ നടത്തുന്നതും ഇവര്‍ തന്നെയെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട. ഫേസ്ബുക്കിന്റെ ദക്ഷിണ -മധ്യ -ഏഷ്യയുടെ ചുമതലുള്ള പബ്ലിക് പോളിസി ഡയറക്ടറാണ് അങ്കിദാസ്.
ഒന്ന്:
ബി.ജെ.പി നേതാവും തെലുങ്കാന എം.എല്‍.എയുമായ രാജ സിങ്ങ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരായി നടത്തിയ കലാപത്തിന് വരെ ഇടയാക്കുമെന്ന് വിലയിരുത്തിയ പോസ്റ്റിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നതാണ് അവയില്‍ ഒന്നാമത്തേത്. നടപടിയെടുക്കാതിരിക്കാന്‍ ഇടപെട്ടത് ഇന്ത്യലെ ഫേസ്ബുക്ക് പോളിസി വിഭാഗം തന്നെയായിരുന്നുവെന്നത് തന്നെ ബി.ജെ.പി -ഫേസ്ബുക്ക് ബന്ധത്തിന്റെ ആഴം വ്യക്തമാക്കി തരുന്നുണ്ട്.
'മുസ്‌ലിംകള്‍ രാജ്യദ്രോഹികളാണെന്നും പള്ളികള്‍ തകര്‍ക്കണമെന്നും റോഹിങ്ക്യാ മുസ്‌ലിംകളെ വെടിവെച്ചു കൊല്ലണമെന്നു'മായിരുന്നു തെലുങ്കാനയില്‍ നിന്നുള്ള എം.എല്‍.എയും ബി.ജെ.പി നേതാവുമായ ടി.രാജ സിങ്ങിന്റെ പോസ്റ്റ്.
കഴിഞ്ഞ മാര്‍ച്ചില്‍ ഫേസ്ബുക്ക് നടത്തിയ അന്വേഷണത്തില്‍ സ്ഥാപനത്തിന്റെ മാനദണ്ഡങ്ങള്‍ രാജ സിംങ്ങ് ലംഘിച്ചതായി കണ്ടെത്തിയിരുന്നു. അത് പ്രകാരം ഡെയ്ഞ്ചറസ് (അപകടരം) എന്ന വിഭാഗത്തിലായിരുന്നു രാജസിങ്ങിന്റെ പോസ്റ്റ് ഉള്‍പ്പെടുത്തിയിരുന്നത്. അത് പ്രകാരം രാജ സിംങ്ങിനെ ഫേസ്ബുക്കിന്റെ എല്ലാ പ്ലാറ്റ് ഫോമുകളില്‍ നിന്നും നിരോധിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനപ്രകാരമുള്ള നടപടി ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവികള്‍ കൈകൊണ്ടില്ല. ഭരണകക്ഷിയിലെ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ വളര്‍ച്ചക്ക് തടസ്സമാകുമെന്ന് അങ്കിദാസ് ജിവനക്കാരോട് പറഞ്ഞിട്ടുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ഇവിടെയാണ് നാം ചേര്‍ത്തുവായിക്കേണ്ടത്.
രണ്ട്:
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ 25000 ഫേസ്ബുക്ക് ജീവനക്കാരുമായി സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്് സംസാരിച്ചപ്പോള്‍ ഇന്ത്യയിലെ ഒരു നേതാവ് അക്രമത്തിന് പ്രേരിപ്പിക്കുകയും നിയമം കയ്യിലെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി.
രാജ്യത്തെ പുതിയ പൗരത്വ നിയമത്തില്‍ (സി.എ.എ, എന്‍.ആര്‍.സി) പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ആക്രമിക്കുമെന്ന ഭീഷണിപ്പെടുത്തുന്ന കപില്‍മിശ്രയുടെ പ്രസംഗത്തെ കുറിച്ചായിരുന്നു അത്. ബി.ജെ.പി നേതാവും ഡല്‍ഹിയില്‍ നിന്നുള്ള എം.എല്‍എയുമായ കപില്‍മിശ്ര ഫെബ്രുവരി മാസത്തില്‍ ഡല്‍ഹിയില്‍ വെച്ച് നടത്തിയ പ്രസംഗം വര്‍ഗീയ വിദ്വേഷങ്ങള്‍ നിറഞ്ഞതും കലാപത്തിന് പ്രേരിപ്പിക്കുന്നതുമായിരുന്നു. പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഡല്‍ഹിയില്‍ മാരകമായ കലാപം പൊട്ടിപ്പുറപ്പെട്ടത്. മിശ്ര ഭീഷണിപ്പെടുത്തുന്ന വീഡിയോ ഫേസ്ബുക്ക് എടുത്തുമാറ്റിയെങ്കിലും ഈ രാഷ്ട്രീയ നേതാവിനെ ഫേസ്ബുക്ക് ഇപ്പോഴും വിലക്കിയിട്ടില്ലെന്നും അവരുടെ വെരിഫൈഡ് പേജ് ഇപ്പോഴും ഫേസ്ബുക്കില്‍ സജീവമാണെന്നുമാണ് അവയില്‍ രണ്ടാമത്തേത്.
മൂന്ന്:
വാള്‍സ്ട്രീറ്റ് ജേണല്‍ പരാമര്‍ശിച്ച മൂന്നാമത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെയാണ്. കോവിഡ്19 ന്റെ വ്യാപനം നടത്തുന്നത് മുസ്‌ലിംകളാണെന്ന വര്‍ഗീയ വിദ്വേഷ പരാമര്‍ശവും തെറ്റായ വിവരങ്ങളായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്.
ഈ മൂന്ന് നേതാക്കളിലും മറ്റു വര്‍ഗീയ വിദ്വേഷപചരണം നടത്തുന്നവരിലും കാര്യമായ നടപടിയുണ്ടായില്ലെന്നും ഇന്ത്യയിലെ ഫേസ്ബുക്ക്-ബി.ജെപി ബാന്ധവത്തിന്റെ വസ്തുതകളാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് മറനീക്കി പുറത്തുകൊണ്ടുവന്നത്.
മറ്റു റിപ്പോര്‍ട്ടുകള്‍:
ഫേസ്ബുക്ക് -ബിജെ.പി ബന്ധത്തെ കുറിച്ച് നേരത്തെയും മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2017 ല്‍ ബ്ലൂംബെര്‍ഗ് മീഡിയ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുത് ഫേസ്ബുക്ക് ജീവനക്കാര്‍ ബി.ജെ.പിയുടെ കാംപയിന്‍ തൊഴിലാളികളായി മാറിയെന്നും അവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാനിധ്യം സജീവമായി നിലനിര്‍ത്തിയതെന്നുമാണ്. മോദി പാര്‍ട്ടിയെ പിന്തുണക്കുന്ന ഹിന്ദ്വുത്വവാദികള്‍ മുസ്‌ലിംകള്‍ക്കെതിരെയും സര്‍ക്കാര്‍ വിമര്‍ശകര്‍ക്കെതിരെയും വധഭീഷണി ഉയര്‍ത്തുവാനും സോഷ്യല്‍ മീഡിയ ഉപയോഗിച്ചുവെന്നും ബ്ലൂംബെര്‍ഗ് വെളിപ്പെടുത്തിയിരുന്നു.
ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ടിന്റെ ഒരു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് മോദി സര്‍ക്കാറില്‍ അങ്കിദാസിന്റെ ബന്ധം എത്രത്തോളം മികച്ചതാണെന്ന് എടുത്തുകാണിക്കുന്നതായിരുന്നു.
2018 ല്‍ ഇന്ത്യന്‍ മാധ്യമായ കാരവാന്‍ മാഗസിന്‍ അമിത്ഷായുടെ മകന്‍ ജെയ് ഷാക്കെതിരെയുള്ള അഴിമതി ആരോപണങ്ങളെ എങ്ങനെ അന്വേഷിച്ചു എന്നതിനെ കുറിച്ച് ഒരു സ്റ്റോറി പ്രസിദ്ധീകരിച്ചുവെങ്കിലും ഫേസ്ബുക്ക് അത് നീക്കം ചെയ്യുകയായിരുന്നു.
അതിന് ശേഷം ന്യൂസ് ക്ലിക്ക് അഞ്ചുഭാഗങ്ങളിലായി ഒരു റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന മുതിര്‍ന്ന ഫേസ്ബുക്ക് ജിവനക്കാര്‍ ഇപ്പോള്‍ ഭാരതീയ ജനതപാര്‍ട്ടിക്കും മോദിക്കും വേണ്ടി 2011 മുതല്‍ ജോലി ചെയ്തുവരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു
പ്രതികരണങ്ങള്‍:
2019 ലോകസ്ഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ജൂണ്‍ മാസത്തില്‍ തൃണമൂല്‍ നേതാവ് ഡെറെക് ഒബ്രിയന്‍ ഫേസ്ബുക്ക്-ബി.ജെ.പി ബന്ധത്തെ കുറിച്ച് പാര്‍ലിമെന്റില്‍ ഉന്നയിക്കുകയുണ്ടായി. 'ഇന്ത്യയിലെ ഫേസ്ബുക്കിന്റെ മുതിര്‍ന്ന മാനേജ്‌മെന്റ് ഇപ്പോള്‍ ബി.ജെ.പിയുടെ യഥാര്‍ഥ പ്രചാരകരാണെന്നും ഫേസ്ബുക്ക് ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യുകയും മറ്റ് പാര്‍ട്ടികളെ അപായപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം തുറന്നു പറയുകയുണ്ടായി.
വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എം.പിമാരുമായ രാഹുല്‍ ഗാന്ധിയും ശശി തരൂരും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തി. മുതിര്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ഫേസ്ബുക്ക് സി.ഇ.ഒ സുക്കര്‍ബര്‍ഗിന് ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തു.
ഇന്ത്യയിലെ ഫൈസ്ബുക്കും വാട്‌സഅപ്പും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്നാണ് രാഹുല്‍ഗാന്ധി തുറന്നടിച്ചു. ഫേസ്ബുക്കിലൂടെയും വാട്‌സ്അപ്പിലൂടെയും ആര്‍.എസ്.എസും ബി.ജെ.പിയും വ്യാജ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും വോട്ടര്‍മാരെ സ്വാധിനീക്കാന്‍ ഉപയോഗിക്കുകയും ചെയ്യുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
അതോടപ്പം ഫേസ്ബുക്കിന്റെ മുസ്‌ലിം വിരുദ്ധ നയം ചോദ്യം ചെയ്ത അമേരിക്ക അടക്കമുള്ള വിവിധ രാജ്യങ്ങളിലെ പതിനൊന്നോളം ജീവനക്കാര്‍ കമ്പനി നേതൃത്വത്തിന് തുറന്ന കത്തെഴുതിയെന്നതും പ്രത്യാശ നല്‍കുന്ന വാര്‍ത്ത തന്നെയാണ്.
ഈ നടപടിയില്‍ ആശ്വസിക്കാം:
വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച നേതാക്കള്‍ക്കെതിരെ നടപടി തടഞ്ഞ ഇന്ത്യയിലെ ഫേസ്ബുക്ക് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കെ ഇന്ത്യയിലെ ഫൈസ്ബുക്കിന്റെ പബ്ലിക്ക് പോളിസി ഡയറക്ടര്‍ അങ്കിദാസിനെതിരെയും മറ്റു രണ്ട് പേര്‍ക്കെതിരെയും കേസെടുത്ത നടപടി പ്രതീക്ഷാവഹമാണ്.
റായ്പൂരിലെ പത്രപ്രവര്‍ത്തകനായ അവേശ് തിവാരിയുടെ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തല്‍, സാമുദായിക ശത്രുതക്ക് പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ചത്തീഗഢ് സര്‍ക്കാര്‍ കേസെടുത്തിട്ടുള്ളത്. ഇത്തരം നിയമനടപടികള്‍ മാത്രമാണ് നമുക്ക് ആശ്വാസത്തിന് വക നല്‍കുന്നത്.
അബ്ദുല്‍ ഹഖ് .എ.പി മുളയങ്കാവ്
Leave A Comment