1967 യുദ്ധത്തിൽ പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കണമെന്ന ഉപാധിയിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധമെന്ന് സൗദി അറേബ്യ
റിയാദ്: ഇസ്രായേൽ-യുഎഇ നയതന്ത്രബന്ധം ആരംഭിച്ചതിൽ രാജ്യങ്ങളിൽ നിന്ന് സമ്മിശ്ര പ്രസ്താവനകളുമായി പുറത്തു വരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി സൗദി അറേബ്യ. ഫലസ്തീനുമായി അന്താരാഷ്ട്ര നയ പ്രകാരമുള്ള സമാധാന ഉടമ്പടിയിലെത്താതെ ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ അറിയിച്ചു. 2002-ല്‍ അറബ് രാജ്യങ്ങള്‍ മുന്നോട്ട് വെച്ച കരാര്‍ അംഗീകരിച്ചാല്‍ ഇസ്രയേലുമായി സമാധാന കരാറിന് തയ്യാറാണെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു. ബെര്‍ലിനില്‍‌ വെച്ചാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇസ്രായേലിനോടുള്ള നിലപാട് വ്യക്തമാക്കിയത്.

1967 ല്‍ യുദ്ധത്തിലൂടെ പാലസ്തീനില്‍ നിന്നും പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കണമെന്നതാണ് 2002 ലെ കരാറിലെ പ്രധാന ആവശ്യം. പാലസ്തിന്‍റെ ഭൂമി പിടിച്ചെടുത്തുള്ള ഇസ്രായേല്‍ നീക്കങ്ങളെല്ലാം ദ്വിരാഷ്ട്ര പദ്ധതിക്ക് തടസ്സമാണെന്നാണ് സൗദി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇസ്രായേൽ ഈ ഉപാധി അംഗീകരിക്കുകയില്ലെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. വെസ്റ്റ് ബാങ്കിലെ അധിനിവിഷ്ട ഭാഗം കൂട്ടിച്ചേർക്കാനുള്ള പദ്ധതിയിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചത് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അവർ പറയുന്നു. എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ സൗദിയും നിലപാടില്‍ മാറ്റം വരുത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇറാനെതിരായ നീക്കം ലക്ഷ്യം വെച്ച് കൂടുതല്‍ അറബ് രാഷ്ട്രങ്ങളെ ഇസ്രായേലുമായി സഹകരിപ്പിക്കാനാണ് അമേരിക്ക കിണഞ്ഞു ശ്രമിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter