മതപ്രചരണ സ്വാതന്ത്ര്യം തടയപ്പെടരുത്: മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: സംസ്ഥാനത്ത് മതപ്രബോധന പ്രവര്‍ത്തനം തടയാന്‍ സംഘ് പരിവാര്‍ ശക്തികള്‍ ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് എറണാകുളം പറവൂരില്‍ സംഭവിച്ചതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നീതിപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്നും മുസ്്‌ലിം സംഘടനാ നേതാക്കള്‍.

നാട്ടില്‍ നിലനില്‍ക്കുന്ന മതമൈത്രി തകര്‍ക്കുന്നതിനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശഹാബ് തങ്ങള്‍ (മുസ്്‌ലിം ലീഗ്), ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), എം.ഐ അബ്ദുല്‍അസീസ് (ജമാഅത്തെ ഇസ്്‌ലാമി), കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ (വിസ്ഡം), എ നജീബ് മൗലവി (സമസ്താന ജംഇയ്യതുല്‍ ഉലമ), തൊടിയൂര്‍ മുഹമ്മദ്കുഞ്ഞിമൗലവി (ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ), അബുല്‍ ഖൈര്‍ മൗലവി (തബ്‌ലീഗ്), ഡോ.പി.എ ഫസല്‍ഗഫൂര്‍ (എം.ഇ.എസ്), എഞ്ചി.പി മമ്മദ്‌കോയ (എം.എസ്.എസ്) എന്നിവര്‍സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകര്‍ അവരുടെ ആശയ പ്രചരണത്തിന്റെ ഭാഗമായി ലഘുലേഖകള്‍ വീടുകളിലെത്തി വിതരണം ചെയ്യുമ്പോള്‍ ക്ഷേത്രം തകര്‍ക്കാന്‍ ഒരു സംഘം എത്തിയിട്ടുണ്ടെന്ന വ്യാജ പ്രചാരവേല സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും നടത്തി സംഘ്പരിവാറുകാരെ സംഘടിപ്പിച്ച് അക്രമണം നടത്തുകയായിരുന്നു.

പൊലീസ് നോക്കി നില്‍ക്കെ സ്‌റ്റേഷന്‍ പരിസരത്തുള്‍പ്പെടെ വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകരെ അക്രമിച്ചു. നിരപരാധിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ വിസ്ഡം സംഘത്തെ പൊലീസ് വിട്ടയച്ചെങ്കിലും സ്‌റ്റേഷനില്‍ സംഘടിതമായെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി പൊലീസ് പിന്നീട് കേസ്സെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter