ഉമ്മു സുലൈം:ചരിത്രം കോറിയിട്ട മാതൃപാദങ്ങള്‍..
മദീന ഇന്ന് പൂർവ്വാധികം സന്തോഷത്തിലാണ്. ലോകനായകനെ വരവേൽക്കാനുള്ള തകൃതിയായ ഒരുക്കങ്ങളിലാണ് എല്ലാവരും. അതെ, അധികം വൈകാതെ മുഹമ്മദ് നബി (സ്വ) മദീനാ പട്ടണത്തില്‍ എത്തിച്ചേരുമെന്നവര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ മദീനക്കാരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. തിരുനബി (സ്വ) സന്തത സഹചാരി അബൂബക്‍ര്‍ (റ) വുമൊത്ത്ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു. അവര്‍ നബി (സ്വ) യെ മതി വരാതെ വീണ്ടും വീണ്ടും നോക്കിക്കണ്ടു. ചിലര്‍ അടുത്തു നിന്നും മറ്റുചിലര്‍ ദൂരെനിന്നും. എങ്കിലും ആര്‍ക്കും കൊതി തീര്‍ന്നിട്ടില്ല.
അബൂ അയ്യൂബുൽ അൻസ്വാരി (റ) വിന്റെ വീട്ടിലാണ് നബി (സ്വ) വിശ്രമിക്കുന്നതെന്ന് അവരറിഞ്ഞു. പിന്നെ ഓരോരുത്തരായി അങ്ങോട്ടു നീങ്ങി. കാലങ്ങളായി നിധിപോലെ സൂക്ഷിച്ചു വെച്ച പാരിതോഷികങ്ങളുമായി. കാണാനും കഴിക്കാനുമുള്ള പല തരം കൌതുക വസ്തുക്കള്‍ അതിലുണ്ട്. വിലകൂടിയതും കുറഞ്ഞതുമെല്ലാം. തന്നാലാകും വിധം നബി (സ്വ) ക്ക് കാഴ്ചവെക്കണം. നബിക്കു വേണ്ടിയല്ല, തന്റെ തന്നെ സന്തോഷത്തിന് വേണ്ടി.. അതു മാത്രമാണ് ഓരോരുത്തരുടെയും ചിന്ത.
അവര്‍ക്കിടയില്‍ ഒരു വനിത കടന്നു വരുന്നത് എല്ലാവരും ശ്രദ്ധിച്ചു. പത്തു വയസ്സു മാത്രം തോന്നിക്കുന്ന ഒരു കുഞ്ഞുമോന്‍ കൈയില്‍ തൂങ്ങിപിടിച്ചിട്ടുണ്ട്. അതിനപ്പുറം പ്രത്യേകിച്ചൊന്നും അവരുടെ കൈവശം കണ്ടില്ല.
അവര്‍ ഭവ്യതയോടെ നബിസമക്ഷം നിന്നു. പിന്നെ പറഞ്ഞു:“നബിയേ ഇത് എന്റെ മകൻ അനസ്. എല്ലാവരെയും പോലെ എന്തെങ്കിലുമൊക്കെ അങ്ങേക്ക് സമ്മാനിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ, എന്റെയടുത്ത് ഇവനല്ലാതെ മറ്റൊന്നും നൽകാനില്ല.അതു കൊണ്ട് അവിടുത്തെ സേവകനായി എന്റെ കുഞ്ഞുമോനെ സ്വീകരിച്ചാലും...” ആത്മാര്‍ത്ഥമായ നബിസ്നേഹവും പുത്രവാത്സല്യവും ഒരുപോലെ ചേര്‍ന്ന ആ മാതൃമനസ്സ് കാണാതിരിക്കാന്‍ കാരുണ്യത്തിന്റെ പ്രവാചകനാകില്ലല്ലോ. അവിടുന്ന് സസന്തോഷം ആ അപേക്ഷ സ്വീകരിച്ചു.
അന്നു മുതൽ നബിക്കരികെ എന്തിനും ഏതിനും അനസുണ്ടായിരുന്നു.
അനസിനാകട്ടെ തിരുനബിക്ക് സേവനം ചെയ്യുന്നതു പോലെ തന്നെ ഇഷ്ടമായിരുന്നു അവിടുത്തെ സദ്വചനങ്ങളും ചര്യകളും അപ്പാടെ ഒപ്പിയെടുത്ത് പകര്‍ത്തുന്നതും.
ശാരീരിക ബൌദ്ധിക വളര്‍ച്ചക്കൊപ്പം തന്റെ ഓരോ ചലനങ്ങളും തിരുനബിയെ പോലെ തന്നെ ക്രമപ്പെടുത്തി അനസ്. ഒപ്പം ജനങ്ങള്‍ക്കത് പറഞ്ഞു കൊടുക്കുകയും ചെയ്തു.ഓരോ വിഷയങ്ങളിലും നബി (സ്വ) ചെയ്തതും പറഞ്ഞതും ഇങ്ങനെയാണെന്ന് കൃത്യമായി പറയാന്‍ അനസിന് സാധിച്ചു. മുതിര്‍ന്നവരായ സ്വഹാബികളടക്കം അത് വകവെച്ചു കൊടുത്തു.നബി (സ്വ) യുടെ ഹദീസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തവരിൽ
പ്രമുഖനായി അനസ് (റ) അറിയപ്പെട്ടു. നബി (സ്വ) ജീവിച്ചിരിക്കുമ്പോഴും അതിനു ശേഷവും സംശയനിവാരണത്തിനും ഉപദേശങ്ങൾ തേടിയും മദീനക്കാര്‍ അനസിനരികിലെത്തി.
സവിശേഷമായൊരു സന്ദര്‍ഭത്തില്‍ തന്റെ മാതാവ് ചെയ്ത പുണ്യകര്‍മത്തിന്റെ ഉത്പന്നമായിരുന്നു അനസ് (റ) എന്ന വ്യക്തിത്വം. അനസ് തീരെ ചെറുപ്പമാകുന്ന സമയത്താണ് തിരുനബിയെ കുറിച്ചും വിശുദ്ധ മതത്തെ പറ്റിയുമെല്ലാം വീട്ടുകാര്‍ അറിയുന്നത്. സദ്‍വൃത്തയായ മാതാവ് ഉമ്മുസുലൈം വളരെ പെട്ടെന്ന് സത്യമാശ്ലേഷിച്ചു.ഉപ്പ മാലിക് ബിന്‍ നദ്‍റിന് അത് സഹിക്കാനായില്ല.പുത്തന്‍ മതത്തില്‍ നിന്ന് പിന്മാറാൻ ഒരു പാട് പ്രേരിപ്പിച്ചു.മൊഴി ചൊല്ലുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി. പക്ഷേ, പ്രിയതമനേക്കാളും വലുത് പടച്ചവനാണെന്ന് മനസ്സിലാക്കിയ അവര്‍തന്റെ തീരുമാനത്തിൽ അടിയുറച്ചു നിന്നു. അതിനിടെ ഉമ്മുസുലൈം തന്റെ ഭർത്താവിനെ സത്യ മതത്തിലേക്ക് പലവിധം ക്ഷണിക്കുന്നുണ്ടായിരുന്നു. അദ്ദേഹമത് ഉള്‍ക്കൊണ്ടില്ലെന്ന് മാത്രമല്ല ഭാര്യയുടെ മതംമാറ്റത്തില്‍ പ്രതിഷേധിച്ച് നാടുവിടുകയും ചെയ്തു.
അതോടെ, ഉമ്മു സുലൈമും അനസും വീട്ടില്‍ ഒറ്റക്കായി. നിരാശയാകാതെ തന്റെകൂഞ്ഞുമോന് സത്യമതപാഠങ്ങള്‍ പകര്‍ന്ന് അവര്‍ ജീവിച്ചു പോന്നു.ഇപ്പോഴാകട്ടെ അവന്‍ തിരുനബി (സ്വ) യുടെ സേവകന്‍ കൂടിയാണ്. ഒരു വിശ്വാസിനിക്ക് സന്തോഷിക്കാന്‍ അതിലപ്പുറം ഇനി എന്താണ് വേണ്ടത്.
അതേ സമയം തന്റെ ഭര്‍ത്താവ് വിദേശത്ത് വെച്ച് കൊല്ലപ്പെട്ടെന്ന വാര്‍ത്ത നാട്ടില്‍ ലഭിച്ചു. അതിനു ശേഷം വിവാഹാലോചനകൾ ഒരു പാട് വന്നു. പക്ഷേ ഏകമകന്‍ അനസ് പക്വമതിയായതിന് ശേഷം അവന്റെ കൂടി സമ്മതത്തോട് കൂടിയേ ഇനി പുതിയൊരു വിവാഹാലോചനക്കുള്ളൂഎന്നവര്‍ ദൃഢനിശ്ചയം ചെയ്തിരുന്നു. മദീനയിലെ ബഹുമുഖ പ്രധാനി അബൂത്വൽഹ വിവാഹഭ്യർത്ഥനയുമായെത്തിയപ്പോള്‍പോലും ഉമ്മുസുലൈം നിരസിച്ചത് പോലും അത് കൊണ്ട് കൂടിയായിരുന്നു.
നബിയുടെ ചൂട് കൊണ്ട് വളരുകയായിരുന്നു അപ്പോഴും അനസ്. നബിയുടെ മറ്റാര്‍ക്കുമറിയാത്ത പല രഹസ്യങ്ങളും അനസിനറിയാമായിരുന്നു.
പല സമയത്തും നബി (സ്വ) യുടെ ആവശ്യങ്ങൾക്കു വേണ്ടി പുറത്തു പോകുമ്പോള്‍ഉമ്മ ഉമ്മുസുലൈമിനെ അനസ് കണ്ടു മുട്ടും. എവിടെ പോകുന്നെന്ന് ഉമ്മചോദിക്കും. തിരുനബി (സ്വ) യുടെ ഒരാവശ്യത്തിനാണെന്ന് അനസ് മറുപടി പറയും. ഇതു കേൾക്കേണ്ട താമസം ഉമ്മുസുലൈം പറയും: “കാര്യം നീ മാത്രമറിഞ്ഞാൽ മതി.എന്നോടു പറയണ്ട”.
അനസ് തിരുനബി (സ്വ) യുടെ സേവനദൌത്യമേറ്റെടുത്ത് ഇപ്പോള്‍ തുടര്‍ച്ചയായ പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. അവനിപ്പോള്‍ പക്വമതിയായൊരു പുരുഷനായിട്ടുണ്ട്. “ഖാദിമുര്‍റസൂല്‍ (നബിയുടെ സേവകന്‍)” എന്ന അപരനാമം കൂടിയുണ്ട് അവനിപ്പോള്‍. ഉമ്മുസുലൈമിന്റെ മാതൃഹൃദയം അഭിലാഷസാക്ഷാത്കാരത്തിന്റെ നിറവിലായി.
ഇപ്പോഴും ഉമ്മുസുലൈമിന് വിവാഹഭ്യർത്ഥനകൾ വരുന്നുണ്ട്. അബൂത്വൽഹ തന്നെ വീണ്ടും അന്വേഷണം നടത്തി.പക്ഷേ ബഹുദൈവ വിശ്വാസിയായ അദ്ദേഹവുമായുള്ള വിവാഹത്തിനു ഉമ്മുസുലൈം എതിർപ്പ് പ്രകടിപ്പിച്ചു.അദ്ദേഹം വീണ്ടും വീണ്ടും അഭ്യര്‍ഥന നടത്തി. ഒടുവിൽ,ഇസ്‍ലാം സ്വീകരിച്ചാൽ സമ്മതം നൽകാം എന്നായി ഉമ്മു സുലൈം.
ആദ്യം അദ്ദേഹത്തിനത് സമ്മതമായില്ല. മദീനയിലെ കോടീശ്വരനായ അയാള്‍കണക്കറ്റ സ്വർണവും വെള്ളിയും മഹ്റ് ആയി വാഗ്ദാനം ചെയ്തു നോക്കി. പക്ഷേ,ഇസ്‍ലാം അല്ലാത്ത ഒരു മഹറുംതനിക്കു വേണ്ടെന്നായി ഉമ്മുസുലൈം.
ഒടുവിൽ അബൂത്വൽഹയുടെ മനസ്സ് സത്യമതമുള്‍ക്കൊള്ളാന്‍ വിശാലമായി. തന്റെ ഇസ്‍ലാമാശ്ലേഷണംമഹറായി നല്‍കിഅദ്ദേഹം ഉമ്മുസുലൈമിനെ വിവാഹം കഴിച്ചു. ചരിത്രത്തില്‍ അത്യപൂര്‍വ്വമായൊരു വിവാഹം.
വിശ്വപ്രസിദ്ധനായ അനസ് (റ) എന്ന മകനെ നിര്‍മിച്ച ഉമ്മയായും അബൂത്വല്‍ഹയെന്ന പൌരപ്രമുഖനായ ഭര്‍ത്താവിന്റെ മതാശ്ലേഷണത്തിന് കാരണക്കാരിയായ ഭാര്യയായും അതോടെ അവര്‍ ഇസ്‍ലാമിക ചരിത്രത്തിന്റെ ഭാഗമായി.
ഉമ്മുസുലൈം പിന്നെയും ചരിത്രം സൃഷ്ടിച്ചു. അബൂത്വല്‍ഹയുമൊത്തുള്ള ജീവിതത്തില്‍ അവർക്കൊരു കുഞ്ഞു പിറന്നു. വളരെ സന്തോഷത്തോടെ ജീവിക്കുന്നതിനിടെഒരിക്കല്‍ കുഞ്ഞിന് രോഗം പിടിപെട്ടു. രോഗം മൂർച്ചിച്ച് കുഞ്ഞ് അല്ലാഹുവിലേക്കു മടങ്ങി. ഈ സമയം അബൂത്വൽഹ (റ) വീട്ടിലില്ലായിരുന്നു. ഒരു ദീർഘയാത്ര പോയതായിരുന്നു. യാത്ര കഴിഞ്ഞു വീട്ടിലെത്തിയ അബൂത്വൽഹയെ ഭാര്യ സന്തോഷത്തോടെ സ്വീകരിച്ചു. അവർക്കു വേണ്ടതല്ലാം ചെയ്തു കൊടുത്തു. ഇതിനിടയിൽ അദ്ദേഹം മോന്റെ സുഖവിവരങ്ങളന്വേഷിച്ചു. അവന് വളരെ സുഖമാണെന്ന് ഉമ്മുസുലൈം മറുപടി നൽകി. തുടര്‍ന്ന് രണ്ടു പേരും കിടപ്പറ പങ്കിട്ടു. പിന്നീട് ഉമ്മുസുലൈം ഭർത്താവിനോട് ചോദിച്ചു:“പ്രിയതമാ,ഒരു സമൂഹം തങ്ങളുടെ കന്നുകാലിക്കൂട്ടത്തെ മറ്റൊരു കുടുംബത്തെ ഏല്‍പ്പിക്കുകയും പിന്നീട് കുറച്ചു കാലങ്ങള്‍ക്കു ശേഷം തിരികെ ആവശ്യപ്പെടുകയുംചെയ്യുമ്പോള്‍ തിരികെ കൊടുക്കേണ്ടതില്ലേ?”
“തീര്‍ച്ചയായും അത് തിരികെ കൊടുക്കുക തന്നെ വേണം” ഭര്‍ത്താവ് പ്രതിവചിച്ചു.
ഉമ്മു സുലൈം പറഞ്ഞു: “എങ്കില്‍ അല്ലാഹു നമ്മുടെ കുഞ്ഞിനെ തിരികെ വിളിച്ചിരിക്കുന്നു”.
അബൂത്വല്‍ഹക്ക് കോപം അടക്കാനായില്ല: “നിനക്കെങ്ങനെ സാധിച്ചു നമ്മുടെ മകന്‍ മരിച്ചു കിടക്കെ ഇങ്ങനെ പെരുമാറാന്‍?”. അദ്ദേഹത്തിനത് ഉള്‍ക്കൊള്ളാനായില്ല. ഭാര്യ തന്നോട് വലിയ വിശ്വാസവഞ്ചന ചെയ്തിരിക്കുന്നുവെന്ന് അദ്ദേഹത്തിന് തോന്നി. പിന്നെയൊന്നും പറയാന്‍ നില്‍ക്കാതെ നേരെപ്രവാചക സന്നിധിയിലെത്തി. നടന്ന സംഭവങ്ങള്‍ നിരത്തി ഭാര്യക്കെതിരെ പരാതി പറഞ്ഞു.
എല്ലാം ശ്രവിച്ച തിരുനബി (സ്വ)മുഖപ്രസന്നതയോടെ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഭാര്യ ചെയ്തത് തെറ്റല്ലെന്നും അവര്‍ കാണിച്ച വലിയ പക്വത തിരിച്ചറിയണമെന്നും പറഞ്ഞുമനസ്സിലാക്കി. പിന്നെ ഒന്നു കൂടി പറഞ്ഞു: “ഇന്നലെ രാത്രിയിലെ നിങ്ങളുടെ ശാരീരികബന്ധത്തില്‍ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കാന്‍ പോകുന്നു”.. അബൂത്വല്‍ഹ ശാന്തനായി മടങ്ങി.
വൈകാതെ ഉമ്മുസുലൈം ഗർഭിണിയായി.മാസങ്ങൾക്കു ശേഷം കുഞ്ഞു പിറന്നു. അബ്ദുല്ലാ എന്ന് പേരിട്ടു. പില്‍കാലത്ത് അബ്ദുല്ലാഹിബ്നു അബൂത്വൽഹ എന്ന പേരിൽ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ സ്വഹാബി.
യുദ്ധമുഖത്ത് വരാന്‍ ധൈര്യം കാണിച്ച സ്വഹാബി വനിതകളില്‍ പ്രമുഖ കൂയിയാണ് ഉമ്മു സുലൈം (റ).യുദ്ധവേളകളില്‍ മുറിവു പറ്റുന്ന യോദ്ധാക്കള്‍ക്ക് വെള്ളവും മരുന്നുമായി ഓടി നടക്കുന്ന ഉമ്മുസുലൈമിനെ ചരിത്രത്താളുകളില്‍ പലവുരു കാണാനാകും. നബി (സ്വ) യുടെ ശരീരത്തിന് ശത്രുപക്ഷത്തിൽ നിന്നും മറ തീര്‍ത്ത് നിന്ന സന്ദര്‍ഭവും ആ ജീവിതത്തിലുണ്ടായിട്ടുണ്ട്.
“ശത്രു എന്റെ നേര്‍ക്കു പാഞ്ഞുവരികയാണെങ്കില്‍ അവന്റെ വയറു ഞാന്‍ കുത്തിപ്പിളര്‍ത്തു” മെന്ന് കഠാര കൈയ്യിലേന്തി അവര്‍ പറഞ്ഞതായി ചരിത്രഗ്രന്ഥങ്ങളില്‍ വായിക്കാനാകും.
റുമൈസ എന്ന യഥാര്‍ത്ഥ നാമത്തിലും ചരിത്രം അവരെ പരിചയപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കല്‍ തിരുനബി (സ്വ) പറഞ്ഞു: “ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. അവിടെ ഒരു കാലൊച്ച കേട്ടു.ഞാന്‍ ചോദിച്ചു:ആരുടെ കാലൊച്ചയാണ് ആ കേള്‍ക്കുന്നത്?. സ്വര്‍ഗത്തിന്റെ കാവല്‍ക്കാരായ മലക്കുകള്‍ പറഞ്ഞു: റുമൈസ ബിന്‍ത് മില്‍ഹാന്‍ എന്ന, അനസ് ബിന്‍ മാലികിന്റെ ഉമ്മയുടെ കാലടിയൊച്ചയാണത്”.
ജീവിച്ചിരിക്കെ ഉമ്മുസുലൈമിന് ലഭിച്ച ശാശ്വതമായ അംഗീകാരമായിരുന്നു അത്. സത്യമതത്തിനപ്പുറം മറ്റൊന്നിനും വിലകല്‍പിക്കാത്ത ധീരയായ വനിതയായും ഉത്തമയായ ഭാര്യയായും എല്ലാറ്റിനുമപ്പുറം ബഹുമുഖപ്രഗത്ഭരായ രണ്ട് മക്കള്‍ക്ക് ഇല്ലായ്മയില്‍ നിന്ന് ഉയിര് കൊടുത്ത മാതാവായും ചരിത്രത്തില്‍ പാദമുദ്ര പതിപ്പിച്ച ഉമ്മു സുലൈമിന്റെ കാലൊച്ചകള്‍ മുഴങ്ങിക്കേള്‍ക്കേണ്ടത് സ്വര്‍ഗത്തില്‍ തന്നെയാണല്ലോ.
Leave A Comment