തുനീഷ്യൻ മുൻ പ്രസിഡണ്ട് സൈനുൽ ആബിദീൻ ബിൻ അലി  വിടവാങ്ങി
തുനീഷ്യൻ മുൻ പ്രസിഡണ്ട് സൈനുൽ ആബിദീൻ ബിൻ അലി വിടവാങ്ങി ജിദ്ദ: അറബ് വസന്തത്തിന്റെ ഭാഗമായി തുണീസ്യയില്‍ അധികാരത്തില്‍ നിന്നുപുറത്താക്കപ്പെടുകയും സൗദിയില്‍ അഭയം പ്രാപിക്കുകയും ചെയ്ത ഭരണാധികാരി സൈനുല്‍ ആബിദീന്‍ ബിന്‍ അലി അന്തരിച്ചു. 83 വയസ്സായിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് സൗദി ആശുപത്രിയില്‍ മൂന്നുമാസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു സൈനുല്‍ ആബിദീന്‍ ബിന്‍ അലി. തുണീസ്യന്‍ വിദേശകാര്യമന്ത്രിയും സൈനുല്‍ ആബിദീന്‍ അലിയുടെ മരണം സ്ഥിരീകരിച്ചു. 2011ലാണ് സൈനുൽ ആബിദീന്‍ ബിന്‍ അലി തുണീസ്യയില്‍ നിന്നു പലായനം ചെയ്തത്. മുന്‍ സുരക്ഷാ മേധാവിയായിരുന്ന ബിന്‍ അലി 23 വര്‍ഷമാണ് തുണീസ്യയുടെ ഭരണം കൈയാളിയത്. 1987ല്‍ പ്രധാനമന്ത്രിയായിരിക്കെ ബിന്‍ അലി അധികാരം പിടിച്ചെടുക്കുകയും ആയുഷ്‌കാല പ്രസിഡന്റായി പ്രഖ്യാപിക്കുകയുമായിരുന്നു. പ്രസിഡന്റ് ഹബീബ് ബൂര്‍ഗ്വിബയ്ക്ക് അനാരോഗ്യം ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്തരമൊരു നടപടിയുണ്ടായത്. അധികാരത്തില്‍ കയറിയ ഉടന്‍ രാജ്യത്ത് ബിന്‍ അലിയുടെ സ്വേച്ഛാധിപത്യഭരണവും തുടങ്ങി. 2011ല്‍ തുണീസ്യന്‍ കോടതി ബിന്‍ അലിയെ 35 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. അഴിമതി മുതല്‍ പീഡനം വരെ തുടങ്ങുന്ന കുറ്റങ്ങള്‍ക്കായിരുന്നു ഇത്. 2012 സൈനിക കോടതിയും ബിന്‍ അലിയെ 20 വര്‍ഷം തടവിനു ശിക്ഷിച്ചു. കൊലപാതകവും കൊള്ളയടിയുമായിരുന്നു പട്ടാളക്കോടതിയുടെ ശിക്ഷയ്ക്ക് ആധാരം. 2010 ഡിസംബറില്‍ ടുണീഷ്യയിലെ ഒരു പച്ചക്കറി വ്യാപാരി സ്വയം ജീവനൊടുക്കിയതിനെ തുടര്‍ന്നായിരുന്നു തുണീസ്യയില്‍ ബിന്‍ അലിക്കെതിരേ പ്രക്ഷോഭം ഉടലെടുത്തത്. പ്രതിഷേധം രൂക്ഷമാവുകയും 2011 ജനുവരിയില്‍ ബിന്‍ അലി സൗദി അറേബ്യയിലേക്ക് വിമാനമാര്‍ഗം രക്ഷപ്പെടുകയുമായിരുന്നു. തുനീഷ്യയിൽ പിന്നീട് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടക്കുകയും പുതിയ സർക്കാർ അധികാരത്തിൽ വരികയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter