അറഫാ പ്രസംഗം: സാമൂഹിക നിര്‍മിതിയുടെ ഫിലോസഫി
ഇരുപത്തിമൂന്നു വര്‍ഷത്തെ പ്രവാചകത്വ ദൗത്യനിര്‍വഹണത്തിനിടയില്‍ മുഹമ്മദ് നബി(സ്വ) നിര്‍വഹിച്ചത് ആകെ ഒരൊറ്റ ഹജ്ജാണ്. ഹജ്ജ് കര്‍മം നിര്‍ബന്ധമാക്കപ്പെട്ടതിന്റെ രണ്ടാം വര്‍ഷത്തിലായിരുന്നു അത്. അഥവാ, ഹിജ്‌റ 10ാം വര്‍ഷം. പ്രവാചകരുടെ ആദ്യത്തെതും അവസാനത്തേതുമായിരുന്ന ആ ഹജ്ജാണ് ചരിത്രത്തില്‍ ഹജ്ജതുല്‍ വിദാ എന്നറിയപ്പെടുന്നത്. അഥവാ, വിടപറയലിന്റെ ഹജ്ജ്.
പ്രസ്തുത ഹജ്ജില്‍ തിരുമേനി (സ)യുടെ ചലന-നിശ്ചലാവസ്ഥകള്‍ വളരെ കൃത്യവും വ്യക്തവുമായി ഹദീസിന്റെയും ചരിത്രത്തിന്റെയും ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇത്തരം രേഖകളെ ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വളരെ ആഴത്തില്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ചരിത്രപരവും സമൂഹശാസ്ത്രപരവുമായി ഇനിയും ഏറെ പഠനങ്ങളും വിശകലനങ്ങളും തേടിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഹജ്ജതുല്‍ വിദാ. മനുഷ്യാവകാശം, സാമൂഹിക നീതി, മതജീവിതം, വ്യക്തിസ്വാതന്ത്ര്യം, രാഷ്ട്രീയ ദര്‍ശനം, തുടങ്ങി നിരവധി മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളില്‍ ഹജ്ജതുല്‍ വിദാ വിഷയീഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നത് ഇവിടെ പ്രസ്താവ്യവുമാണ്.
ഹജ്ജതുല്‍ വിദാഇനെ കേവലമൊരു അനുഷ്ഠാന കര്‍മം എന്ന തലത്തില്‍നിന്നു മാറ്റി, പുതുതായി നടന്നുകൊണ്ടിരിക്കുന്ന ഇത്തരം അന്വേഷണങ്ങളുടെ പശ്ചാതലത്തില്‍ ഒരു വിശകലനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അഥവാ, തിരുമേനി (സ)യുടെ ആ ഒരൊറ്റ ഹജ്ജ് മാനവ രാശിക്കു നല്‍കുന്ന പാഠങ്ങള്‍ എന്തെല്ലാമാണ് എന്നതാണിവിടെ പരിശോധനയ്‌ക്കെടുക്കുന്ന വിഷയം. എന്നാല്‍, പ്രസ്തുത ഹജ്ജില്‍ നബി(സ) നടത്തിയ ചരിത്രപ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ മാത്രമേ ഇവിടെ പരിഗണിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നത് ഈ ഒരു ചെറു പ്രബന്ധത്തിന്റെ ഒരു പരിമിതിയാണ് എന്ന് ആദ്യമേ ഉണര്‍ത്തട്ടെ.
ഹജ്ജതുല്‍ വിദാ
ഹജ്ജതുല്‍ വിദാ ഒരു ഹജ്ജ് മാത്രമായിരുന്നില്ല, അതൊരു സമാപന സമ്മേളനമായിരുന്നു. തന്റെ സംഭവബഹുലമായ ജീവിതത്തിനിടയ്ക്ക്, പവാചകര്‍(സ) അഭിസംബോധനം ചെയ്ത ഏറ്റവും വലിയ ജനസഞ്ചയ സംഗമവും അതുതന്നെയായിരുന്നു. എണ്ണത്തിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഏതാണ്ട് ഒന്നേകാല്‍ ലക്ഷം ജനങ്ങള്‍ ഇസ്‌ലാമിലെ രണ്ടാമത്തേതു കൂടിയായിരുന്ന പ്രസ്തുത ഹജ്ജിനു സംബന്ധിച്ചിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരുപക്ഷേ, ഇസ്‌ലാമിലെ ആദ്യത്തെ ഹജ്ജിനു നേതൃത്വം നല്‍കാന്‍ ഹസ്‌റത് അബൂബക്ര്‍(റ)വിനെ ഏല്‍പ്പിച്ചു പ്രവാചകര്‍ തിരുമേനി(സ്വ) ഒരു വര്‍ഷവും കൂടി കാത്തിരുന്നത് ഇത്തരമൊരു മഹാ സംഗമത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിനു വേണ്ടിയായിരിക്കണം. ഇസ്‌ലാമിക സന്ദേശം എത്തിയിരുന്നിടങ്ങളിലൊക്കെയും പ്രവാചകരുടെ ഹജ്ജിനെ കുറിച്ച വിശേഷങ്ങള്‍ എത്തേണ്ടിയിരുന്നു. അവ കൃത്യമായി എത്തുകയും ചെയ്തുവെന്നാണ് ഹജ്ജതുല്‍ വിദാഇല്‍ പങ്കെടുത്ത വിശ്വാസികളുടെ എണ്ണം സൂചിപ്പിക്കുന്നത്. ദുല്‍ഖഅ്ദ 26നു മക്കയിലേക്കു തിരിച്ച നബി തിരുമേനിയെ മദീനയില്‍നിന്ന് അനുഗമിക്കാന്‍ ഏകദേശം 90,000 പേര്‍ എത്തിയിരുന്നു. വിശാലമായ അറേബ്യയുടെ മറ്റു പ്രദേശങ്ങളില്‍ നിന്നു ഹജ്ജിനെത്തിയവര്‍ ഏതാണ്ട് 30,000 വരുമെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇനിയൊരു ഹജ്ജിനോ ഇതു പോലൊരു സംഗമത്തിനോ താന്‍ ബാക്കിയുണ്ടായിരിക്കുകയില്ലെന്നു നബിതിരുമേനിക്കു വിവരം ലഭിച്ചിരിക്കണം. ഹജ്ജതുല്‍ വിദാഇല്‍ തടിച്ചു കൂടിയ ജനങ്ങള്‍ക്ക് നബിതിരുമേനി നല്‍കിയത് മരണം മുന്നില്‍ കാണുന്നയാള്‍ അടുത്ത ബന്ധുക്കള്‍ക്കും മറ്റും നല്‍കുന്നതുപോലുള്ളൊരു വസിയ്യത്തായിരുന്നു. കാരണം, താന്‍ പ്രബോധനം ചെയ്തിരുന്ന ആശയാദര്‍ശങ്ങളുടെ നിലനില്‍പ്പ് ഉറപ്പുവരുത്തണമായിരുന്നു അവര്‍ക്ക്. തന്റെ വിളിക്ക് ഉത്തരം നല്‍കി ലക്ഷ്യബോധമുള്ളൊരു സമൂഹസൃഷ്ടിക്കു തയ്യാറായ തന്റെ സഹകാരികളോടും അനുചര വൃന്ദത്തോടും അവസാനമായി ഒന്നു യാത്രപറയണമായിരുന്നു.
അതെ, ഹജ്ജതുല്‍ വിദാ, ഒരു വിടപറച്ചിലായിരുന്നു. കര്‍മനിരതമായ തന്റെ ഭൗതിക ജീവിതം അവസാനിക്കുകയാണെന്നു തന്റെ അനുയായി വൃന്ദത്തെ അറിയിച്ചു പാരത്രിക ലോകത്തേക്കുള്ള വിടവാങ്ങലായിരുന്നുവത്. അഥവാ, പവാചകത്വ ദൗത്യപൂര്‍ത്തീകരണത്തിന്റെ വിളംബരപ്പെടുത്തലായിരുന്നു ഹജ്ജതുല്‍ വിദാ. മാനവ രാശിക്കു താന്‍ നല്‍കാന്‍ ഉദ്ദേശിച്ച മൂല്യസംഹിതകളുടെ, ധര്‍മനിഷ്ഠമായൊരു സാമൂഹിക ജീവിത വ്യവസ്ഥയുടെ പരിപൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനമായിരുന്നുവത്. മറ്റൊരര്‍ഥത്തില്‍, ദേശ-ഭാഷാ-വര്‍ഗ-വര്‍ണ വ്യത്യാസങ്ങളില്ലാതെ മനുഷ്യരെ എല്ലാവരെയും ദൈവ നീതിക്കു മുമ്പില്‍ തുല്യരായി വിഭാവനം ചെയ്യുന്ന സാര്‍വകാലികവും സാര്‍വ ജനീനവുമായൊരു ഭരണഘടനയുടെ പ്രഖ്യാപനമാണ് ഹജ്ജതുല്‍ വിദാഇലെ പ്രസംഗത്തിലൂടെ നബി തിരുമേനി നിര്‍വഹിച്ചത്.
ഹജ്ജ് വേളയില്‍ ഒന്നിലധികം തവണ നബി തിരുമേനി ജനങ്ങളെ അഭിസംബോധനം ചെയ്തിട്ടുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍, ദൂല്‍ഹിജ്ജ ഒമ്പതിന് രാവിലെ മിനായില്‍നിന്ന് അറഫയിലേക്കു പുറപ്പെട്ട പ്രവാചകര്‍ അവിടെ വച്ചു നടത്തിയ പ്രസംഗമാണ് ഇവയില്‍ ഏറ്റവും സുപ്രധാനമായി വിടവാങ്ങല്‍ പ്രസംഗമെന്ന പേരില്‍ ചരിത്രത്തില്‍ അടയാളപ്പെട്ടുകിടക്കുന്നതും.
'''ഓ! ജനങ്ങളേ'''എന്ന് അഭിസംബോധനം ചെയ്തു തുടങ്ങിയ ആ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
''ഞാന്‍ പറയുന്നത് നിങ്ങള്‍ സസൂക്ഷ്മം ശ്രവിക്കുക. ഒരുപക്ഷേ, ഈ വര്‍ഷത്തിനു ശേഷം ഞാന്‍ നിങ്ങളെ കണ്ടില്ലെന്നു വന്നേക്കാം. അതുകൊണ്ട് ശ്രദ്ധാപൂര്‍വം ഞാന്‍ പറയുന്നത് കേള്‍ക്കുകയും ഇവിടെ സന്നിഹിതരായവര്‍ അസന്നിഹിതര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യണം.''
നിങ്ങളുടെ ഈ ദിവസവും ഈ മാസവും ഈ പട്ടണവും ഏതു പ്രകാരം പവിത്രമാക്കപ്പെട്ടുവോ അതു പോലെ ഓരോ വിശ്വാസിയുടെയും ജീവനും സ്വത്തും പവിത്രമായി നിങ്ങള്‍ ഗണിക്കണം. വിശ്വസ്തമായി നിങ്ങളെ ഏല്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ അതിന്റെ അവകാശികളായ ഉടമകള്‍ക്കു തിരിച്ചേല്‍പ്പിക്കുന്നതില്‍ നിങ്ങള്‍ വീഴ്ച വരുത്തരുത്; നിങ്ങള്‍ ആരെയും ബുദ്ധിമുട്ടിക്കരുത്. എങ്കില്‍, ഒരാളും നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തുകയില്ല.' '
ഓര്‍ക്കുക, നിങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ നാഥനെ കണ്ടുമുട്ടുകയും അവന്‍ നിങ്ങളുടെ പ്രവൃത്തികളുടെ കണക്കു ബോധിപ്പിക്കുകയും ചെയ്യും.'
'പലിശ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. ആയതിനാല്‍, പലിശയുമായി ബന്ധപ്പെട്ട എന്തെങ്കിലും ബാധ്യതകള്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവ പരിത്യജിച്ചുകൊള്ളട്ടെ. നിങ്ങള്‍ ആരിലും അസമത്വം അടിച്ചേല്‍പ്പിക്കരുത്. നിങ്ങള്‍ ആരില്‍ നിന്നും വിവേചനമോ അസമത്വമോ അനുഭവിക്കുകയും ചെയ്യരുത്. ഇനി ഒരിക്കലും പലിശ നിലനില്‍ക്കരുതെന്നാണ് അല്ലാഹുവിന്റെ കല്‍പ്പന. തുടക്കമായി, അബ്ബാസുബ്‌നു അബ്ദില്‍ മുത്വലിബിന്റെ കടക്കാര്‍ക്കുള്ള മുഴുവന്‍ പലിശയും ഒഴിവാക്കപ്പെട്ടതായി ഞാനറിയിച്ചുകൊള്ളുന്നു.'
ഓ! ജനങ്ങളേ, സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ പേടിക്കുക. അല്ലാഹുവിനെ മുന്‍നിര്‍ത്തിയാണു നിങ്ങള്‍ അവരെ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ കല്‍പ്പന പ്രകാരമാണ് നിങ്ങള്‍ക്ക് അവരെ അനുവദനീയമായ ഇണകളാക്കപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ക്ക് അവരോടുള്ള ഉത്തരവാദിത്തം പോലെ അവര്‍ക്ക് നിങ്ങളോടും ഉത്തരവാദിത്തങ്ങളുണ്ട്. നിങ്ങളുടെ കിടപ്പറകളുടെ ചാരിതാര്‍ഥ്യം കാക്കേണ്ട ഉത്തരവാദിത്തവും കൂടിയുണ്ട് അവര്‍ക്ക്. പവിത്രമായ നിങ്ങളുടെ ദാമ്പത്യ ബന്ധം പാലിക്കപ്പെടുന്ന കാലത്തോളം ഭാര്യമാരോട് സ്‌നേഹത്തോടെയും കരുണയോടെയും പെരുമാറേണ്ട ഉത്തരവാദിത്തമുണ്ട് നിങ്ങള്‍ക്ക്. മാന്യമായ രീതിയില്‍ ഭക്ഷണവും വസ്ത്രവും ലഭിക്കുന്നതിനും ഭാര്യക്ക് അവകാശമുണ്ട്.'
ഓ! ജനങ്ങളേ, ഞാന്‍ പറയുന്നത് നിങ്ങള്‍ പുര്‍ണശ്രദ്ധയോടെ ശ്രവിക്കുക. നിങ്ങള്‍ അല്ലാഹുവിനു മാത്രം ആരാധിക്കുക - ദിനേന അഞ്ചു നേരം നിസ്‌കരിക്കുകയും റമദാന്‍ മാസം നോമ്പനുഷ്ഠിക്കുകയും ചെയ്യുക. നിങ്ങളുടെ സമ്പത്തിന് സകാത്ത് നല്‍കുകയും സാധിക്കുമെങ്കില്‍ ഹജ്ജ് നിര്‍വഹിക്കുകയും ചെയ്യുക.'
മനുഷ്യരെല്ലാവരും ആദമില്‍ (അ) നിന്നും ഹവ്വയില്‍ നിന്നും സൃഷ്ടിക്കപ്പെട്ടവരാണ്. ഒരു അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ യാതൊരു ഔന്നത്യവും ഇല്ല. അതുപോലെ, കറുത്തവനെക്കാള്‍ വെളുത്തവനോ, വെളുത്തവനെക്കാള്‍ കറുത്തവനോ യാതൊരു സ്ഥാനവുമില്ല. ആര്‍ക്കെങ്കിലും മറ്റാരെക്കാളും വല്ല ഔന്നത്യവുമുണ്ടെങ്കില്‍ അത് ഭക്തിയുടെയും സല്‍പ്രവൃത്തിയുടെയും അടിസ്ഥാനത്തിലാണ്.'
'അറിയുക, ഓരോ മുസ്‌ലിമും മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. എന്നാല്‍, താല്‍പര്യപൂര്‍വം സൗജന്യമായി നല്‍കുന്നതല്ലാത്തതൊന്നും ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിന്റെ സ്വത്തില്‍നിന്ന് അനുവദനീയമല്ല.'
ഖുര്‍ആന്‍ അനുസരിച്ചു ഭരിക്കുന്ന കാലത്തോളം നിങ്ങളുടെ ഭരണാധികാരികളെ നിങ്ങള്‍ അനുസരിക്കണം-കറുത്ത വര്‍ഗക്കാരനാണു നിങ്ങളുടെ ഭരണാധികാരിയെങ്കിലും.'
നിങ്ങള്‍ നിങ്ങള്‍ക്കെതിരേ തന്നെ അനീതി കാണിക്കരുത്. നിങ്ങളെല്ലാവരും ഒരുനാള്‍ അല്ലാഹുവിനെ കണ്ടുമുട്ടുക തന്നെ ചെയ്യുമെന്നും അന്നു നിങ്ങളുടെ ചെയ്തികള്‍ക്കെല്ലാം മറുപടിപറയേണ്ടിവരുമെന്നും ഓര്‍ക്കുക. അതുകൊണ്ട്, നിങ്ങള്‍ അതീവ ജാഗ്രതയുള്ളവരാവണം. എന്റെ ശേഷം ആരുംതന്നെ ഈ സത്യമാര്‍ഗത്തില്‍നിന്നു വഴിതെറ്റി സഞ്ചരിക്കരുത്'
എന്റെ ശേഷം ഇനി ഒരു പ്രവാചകന്‍ വരാനില്ല. പുതിയ ഒരു വിശ്വാസ ദര്‍ശനവും ഇനി അവതരിക്കാനില്ല. ആയതിനാല്‍, ജനങ്ങളേ, ഞാന്‍ പറയുന്നത് ശ്രദ്ധിക്കുകയും എന്റെ വാക്കുകള്‍ മനസ്സിലാക്കുകയും ചെയ്തുകൊള്‍ക. ഞാനിതാ നിങ്ങള്‍ക്ക് രണ്ടു കാര്യങ്ങള്‍ ഉപേക്ഷിച്ചുപോവുന്നു-വിശുദ്ധ ഖൂര്‍ആനും എന്റെ ജീവിതമാതൃകയും. ഇതു രണ്ടും നിങ്ങള്‍ പിന്‍പറ്റുന്ന കാലത്തോളം നിങ്ങള്‍ക്ക് മാര്‍ഗഭ്രംശം സംഭവിക്കുകയില്ല.'
'എന്നെ ശ്രവിച്ചുകൊണ്ടിരിക്കുന്നവര്‍ എന്റെ വാക്കുകള്‍ മറ്റുള്ളവരിലേക്കും അവര്‍ മറ്റുള്ളവരിലേക്കും എത്തിച്ചുകൊടുത്തുകൊള്ളട്ടെ. ഒരു പക്ഷേ, എന്നെ കേള്‍ക്കാത്തവര്‍ നേരിട്ടു കേട്ടുകൊണ്ടിരിക്കുന്നവരെക്കാള്‍ എന്റെ വാക്കുകള്‍ കൂടുതല്‍ മനസ്സിലാക്കുന്നവരായേക്കാം.'
'നാഥാ, നീ സാക്ഷിയാവുക; ഞാനിതാ നീ ഏല്‍പ്പിച്ച സന്ദേശങ്ങള്‍ നിന്റെ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്തിരിക്കുന്നു.'
'ഓ! ജനങ്ങളേ, നിങ്ങള്‍ പറയുക അല്ലാഹുവിന്റെ സന്ദേശം ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തന്നില്ലെയോ?'.
അവിടെ തടിച്ചു കൂടിയിരുന്ന ജനങ്ങള്‍ ഒന്നടങ്കം പ്രതിവചിച്ചു: ' ''അല്ലാഹുമ്മ നഅം'' - അതെ' ഒരു ഇടിനാദം പോലെ ആ ധ്വനി അറഫാ പര്‍വതത്തിന്റെ താഴ്‌വാരത്തിലൂടെ ചുറ്റും കൊണ്ടു.
ശേഷം, ചൂണ്ടുവിരലുയര്‍ത്തി പ്രവാചകര്‍ ആവര്‍ത്തിച്ചു: ''അല്ലാഹ്, നീ സാക്ഷിനില്‍ക്കുക: നിന്റെ ജനങ്ങള്‍ക്കു നിന്റെ സന്ദേശം ഞാനെത്തിച്ചു കഴിഞ്ഞിരിക്കുന്നു.'''
വിടവാങ്ങല്‍ പ്രസംഗത്തിലെ സന്ദേശങ്ങള്‍
പ്രവാചകരുടെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ, അത്രയ്ക്കു കൃത്യമല്ലെങ്കിലും ഒരു നേര്‍ വിവര്‍ത്തനമാണു മുകളില്‍ കൊടുത്തിരിക്കുന്നത്. പ്രസംഗത്തിലെ ഓരോ വാക്യവും സ്വയം വിശദീകരിക്കുന്ന തരത്തിലാണ്-വളരെ വ്യക്തവും സാര സമ്പൂര്‍ണവുമായ പദപ്രയോഗങ്ങള്‍. വ്യക്തി, സമൂഹം, കുടുംബം, വിശ്വാസം, മതാനുഷ്ഠാനം, രാഷ്ട്രീയം, സാമ്പത്തികം, നീതിന്യായം തുടങ്ങി ഈ പ്രസംഗത്തില്‍ നബിതിരുമേനി സ്പര്‍ശിക്കാത്ത വിഷയങ്ങളില്ല.
അതെ, ഇസ്‌ലാം സമ്പൂര്‍ണമാക്കപ്പെട്ടിരിക്കുന്നുവെന്നു വിളംബരപ്പെടുത്തലായിരുന്നുവല്ലോ ഹജ്ജതുല്‍ വിദാഇലെ പ്രസംഗം. മനുഷ്യനു ജീവിക്കാനാവശ്യമായ മാര്‍ഗരേഖകളായാണ് പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരുന്നത്. ഖുര്‍ആനിന്റെ പ്രസ്തുത ജീവിതമാതൃക അവതരിപ്പിക്കുകയായിരുന്നു കഴിഞ്ഞ 23 വര്‍ഷക്കാലം പ്രവാചകര്‍ ചെയ്തുകൊണ്ടിരുന്നത്. ഇനി ഒരു പ്രവാചകനോ ഒരു ഗ്രന്ഥമോ വരാനില്ലാത്തവിധം ആ ദൗത്യനിര്‍വഹണം തിരുമേനി(സ) നിര്‍വഹിച്ചിരിക്കുന്നു. പഴുതുകളില്ലാത്തവിധം സമ്പൂര്‍ണമാക്കപ്പെട്ട ആ ജീവിത രേഖയ്ക്ക,് അഥവാ സാര്‍വ കാലികപ്രസക്തമായ ഭരണഘടനയുടെ ഉള്ളടക്കം തന്നെയാണ് പ്രസംഗത്തിന്റെ ആദ്യം മുതല്‍ ഒടുക്കം വരെ അടിവരയിടപ്പെടുന്നത്.
പ്രസംഗത്തില്‍ ഉപയോഗിച്ച അഭിസംബോധന രീതി തന്നെ വ്യത്യസ്തമായിരുന്നു. 'സത്യവിശ്വാസികളേ,' അല്ലെങ്കില്‍, മുസ്‌ലിംകളേ എന്നതിനു പകരം 'ജനങ്ങളേ' എന്നാണു പ്രയോഗിച്ചിരിക്കുന്നത്. അഥവാ, താന്‍ നല്‍കാന്‍ പോവുന്ന സന്ദേശങ്ങള്‍ അഭിസംബോധനം ചെയ്യുന്നത് മുഴുവന്‍ മാനവരാശിയേയുമാണെന്നു വ്യക്തമാക്കപ്പെട്ടിരിക്കുന്നു. തുടര്‍
ന്നുള്ള ഭാഗങ്ങളില്‍ പ്രതിപാദിക്കപ്പെട്ട ആശയങ്ങളെ, വേണമെങ്കില്‍ ഇങ്ങനെ സംഗ്രഹിക്കാം:
1) ജീവനും സ്വത്തിനുമുള്ള വില
2) മതപ്രബോധനത്തിനുള്ള ബാധ്യത
3) പ്രവൃത്തികളിലും വ്യവഹാരങ്ങളിലും ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്തബോധം
4) പരോപകാര പ്രതിബദ്ധത
5) സാമ്പത്തിക ചുഷണത്തിനെതിരേയുള്ള മുന്നറിയിപ്പ്
6)സാമൂഹിക സമത്വ സങ്കല്‍പ്പം
7) സ്ത്രീ-പുരുഷ ബന്ധങ്ങളിലെ പവിത്രത
8) ആരാധനാകര്‍മങ്ങളുടെ സ്ഥാനവും പ്രാധാന്യവും
9) മതം-മതേതരമെന്ന സങ്കല്‍പ്പത്തിന്റ അസാംഗത്യം
10) ഇസ്‌ലാമിന്റെ ദര്‍ശനത്തിന്റെ സാര്‍വകാലികത
മുകളില്‍ കൊടുത്തിരിക്കുന്ന ഓരോ വിഷയവത്തിന്റെയും വിശദീകരണം ഈ പ്രബന്ധത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ല. അതിനാല്‍, സമകാലിക സാമൂഹിക ജീവിത ദര്‍ശനങ്ങളുമായി ഇവ എങ്ങനെ സംവദിക്കുന്നു എന്ന ഒരൊറ്റ ചോദ്യത്തെ അഭിമുഖീകരിക്കാനാണ് ഇവിടെ ഉദ്യേശിക്കുന്നത്. അഥവാ, പ്രവാചകരുടെ വിടവാങ്ങല്‍ പ്രസംഗം സമകാലിക പ്രത്യയ ശാസ്ത്രങ്ങള്‍ അഭിമുഖീകരിക്കുന്ന ആശയ പ്രതിസന്ധികളുടെ പശ്ചാതലത്തില്‍ എങ്ങനെ നോക്കിക്കാണാമെന്ന്.
1. സിദ്ധാന്തവും പ്രയോഗവും
നബിതിരുമേനിയുടെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ സമയവും സന്ദര്‍ഭവും തന്നെ അതു വിഭാവനം ചെയ്യുന്ന ആശയ സംഹിതകളുടെ പ്രസക്തിയും പ്രായോഗികതയും വിളിച്ചോതുന്നതാണ്. അഥവാ, നീണ്ട 23 സംവത്സരക്കാലം മനുഷ്യ ജീവിതത്തിലെ സ്വകാര്യ-പൊതു മണ്ഡലങ്ങളിലെ സ്ഥൂലവും മൂര്‍ത്തവുമായ ഓരോ സന്ദര്‍ഭങ്ങള്‍ക്കും ജീവിത മാതൃകകള്‍ സൃഷ്ടിക്കുകയും അത്തരം മാതൃകകളിലേക്ക് അറേബ്യന്‍ ജനതയെ വഴിനടത്തുകയും ചെയ്തതിനു ശേഷമാണ് പ്രവാചകര്‍ തന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മറ്റൊരര്‍ഥത്തില്‍, താന്‍ പ്രതിനിധാനം ചെയ്തിരുന്ന ജീവിത ദര്‍ശനത്തിലെ ആധാര ശിലകളായ മൂല്യസങ്കല്‍പ്പങ്ങളിലോരോന്നും വ്യക്തികളില്‍ സന്നിവേശിപ്പിച്ചു താന്‍ വിഭാവനം ചെയ്തിരുന്ന സമൂഹസൃഷ്ടി സാധ്യമാക്കിയതിനു ശേഷമാണ് തിരുമേനി(സ) ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥയുടെ പൂര്‍ത്തീകരണം അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, അറഫയില്‍ മുഴങ്ങിക്കേട്ട 'അല്ലാഹുമ്മ നഅം'' ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥയിലെ സിദ്ധാന്തങ്ങളും പ്രയോഗവും തമ്മിലുള്ള തുലനാവസ്ഥയെ സാക്ഷ്യപ്പെടുത്തലാകുന്നുവെന്നു കാണാന്‍ പ്രയാസമില്ല. അഥവാ, ഇതര പ്രത്യയ ശാസ്ത്ര സ്ഥാപകര്‍ ചെയ്യുന്നതുപോലെ, സമൂഹത്തെ സംബന്ധിച്ച സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച് സ്വപ്നലോകം പണിയുകയായിരുന്നില്ല പ്രവാചകര്‍. വിഭാവനകളും യാഥാര്‍ഥ്യങ്ങളും തമ്മില്‍ അന്തരങ്ങളില്ലാത്തവിധം ഒരു സമൂഹത്തെ സൃഷ്ടിച്ച് ലോകത്തിനു വേണ്ട സിദ്ധാന്തങ്ങള്‍ക്ക് വെളിച്ചം കാണിക്കുകയായിരുന്നു.
2. വ്യക്തിയും സമൂഹവും
സമകാലിക സാമൂഹിക ദര്‍ശനങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നാധിഷ്ഠിത വിഷയമാണ് വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം. ബര്‍ഗസ്സന്‍, നീഷെ പോലുള്ള സൈദ്ധാന്തികര്‍ മുന്നോട്ടുവച്ച വ്യക്തിവാദത്തിന്റെയും കമ്മ്യൂണിസവും ഫാഷിസവുമൊക്കെ പ്രതിനിധാനം ചെയ്യുന്ന സാമൂഹികവാദത്തിന്റെയും ഇടയ്ക്ക് ആശയക്കുഴപ്പത്തിലായിരുന്നു കുറേകാലമായി പാശ്ചാത്യ സമൂഹം.
ഇന്നും ഈ പ്രഹേളിക വേണ്ടതുപോലെ കൈകാര്യം ചെയ്യാന്‍ ആധുനിക ദര്‍ശനങ്ങളായി അവതരിപ്പിക്കപ്പെടുന്ന സിദ്ധാന്തങ്ങള്‍ക്കക്കായിട്ടില്ല.
വ്യക്തിയൗന്നത്യ വാദത്തിലൂന്നി നിലവില്‍വന്ന മുതലാളിത്ത വ്യവസ്ഥയും വ്യക്തികള്‍ ജനിച്ചുവീഴുന്ന സാമൂഹിക സാഹചര്യങ്ങളാണ് ഒരാളുടെ വ്യക്തിത്വവും ജീവിതബോധവും രൂപപ്പെടുത്തുന്നതെന്നും അതിനാല്‍ വ്യക്തിയെക്കാള്‍ സമൂഹത്തിനാണു പ്രാധാന്യമെന്നും സിദ്ധാന്തിച്ച കമ്മ്യൂണിസവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്നാണ് ആഗോള തലത്തില്‍ മനുഷ്യസമൂഹം നേരിടുന്ന പ്രശ്‌നങ്ങളും നിലവിലുള്ള അസ്വസ്ഥതകളും ജനിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധിക്കുള്ള പരിഹാരമാണു പ്രവാചകരുടെ 'ഹജ്ജതുല്‍ വിദാ' പ്രസംഗത്തിലെ പ്രസക്തമായ മറ്റൊരു ആശയ തലം. ഓരോ വ്യക്തിയുടെയും സ്വത്തിനും ജീവനും വേണ്ട വിലകല്‍പ്പിക്കുകയും സ്വന്തം ചലന-നിശ്ചലനാവസ്ഥകളില്‍ ഉത്തരവാദിത്തബോധമുള്ളവരാക്കിയും വ്യക്തിത്വത്തിനു പരമാവധി പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നു. 'ഓരോ വ്യക്തിയും അല്ലാഹുവിനെ കണ്ടുമുട്ടുന്നവനും ചെയ്തുപോയ പ്രവൃത്തികളുടെ കണക്കു ബോധിപ്പിക്കപ്പെടുന്നവനുമാകുന്നു'വെന്നത് ഈ ആശയത്തിന് അടിവരയിടുകയും ചെയ്യുന്നു.
എന്നാല്‍ സാമൂഹിക നന്മയെ ബലികഴിച്ചു സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ നേടാനുള്ള വ്യക്തിയുടെ കാഴ്ചപ്പാട് നിരാകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്, മറ്റുള്ളവനു പ്രയാസമുണ്ടാക്കുന്ന ഒരു കാര്യവും വിശ്വാസികളില്‍നിന്നു സംഭവിച്ചുകൂടാ, വിശ്വസിച്ചേല്‍പ്പിച്ച സ്വത്തുക്കള്‍ തിരിച്ചേല്‍പ്പിക്കുക, സത്യവിശ്വാസത്തിന്റെ ദര്‍ശനങ്ങളും ആശയ സംഹിതകളും കേട്ടവര്‍ കേള്‍ക്കാത്തവര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരിക്കണം തുടങ്ങിയ പരാമര്‍ശങ്ങളിലൂടെയും പ്രവാചകര്‍ വ്യക്തമാക്കുന്ന വിഷയവും സാമൂഹിക ബോധത്തിന്റെ പ്രാധാന്യമാണ്. അല്ലാഹുവിനോടുള്ള കടപ്പാടുകള്‍ പോലെത്തന്നെ പ്രധാനമാണ് സഹജീവികളോടുള്ള കടപ്പാടുകളെന്നു പ്രവാചകര്‍ പഠിപ്പിച്ചിട്ടുണ്ട്. അഥവാ, വ്യക്തിസ്വാതന്ത്യവും സാമൂഹിക ബാധ്യതകളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധങ്ങള്‍ സ്ഥാപിച്ചാണ് അവയ്ക്കിടയില്‍ പ്രത്യക്ഷ്യത്തില്‍ തോന്നുന്ന സംഘട്ടനങ്ങളെ നിരര്‍ഥകമാക്കാന്‍ പ്രവാചകര്‍ തിരുമേനി (സ്വ)ജനങ്ങളെ പരിശീലിപ്പിച്ചത്.
3. മതവും മതേതരവും
പ്രവാചകരുടെ(സ)വിടവാങ്ങല്‍ പ്രസംഗത്തെ മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന മറ്റൊരു സന്ദേശമാണ് മതവും മതേതരവും എന്നു വിഭജിക്കപ്പെടുന്ന തലങ്ങള്‍ തമ്മിലുള്ള ബന്ധം. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന കൂട്ടത്തില്‍ അതുപോലൊരു കാര്യമായാണ് ആരാധനാകര്‍മങ്ങളെ തിരുമേനി(സ) അവതരിപ്പിച്ചിരിക്കുന്നത്. അഥവാ, ഇസ്‌ലാമിക ദൃഷ്ട്യാ ആരാധനാ കര്‍മങ്ങള്‍ പോലെത്തന്നെ പ്രധാനമാണ് രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപാടുകള്‍.
എന്നല്ല, അത്തരം വ്യവഹാരങ്ങളൊക്കെയും ആരാധന എന്ന ആശയസാകല്യത്തില്‍ വരുന്നതുമാണെന്നാണ് ഇസ്‌ലാമിക വിഭാവന. അഥവാ കാര്യങ്ങളെ മതപരമെന്നും മതേതരമെന്നും തരം തിരിക്കുന്നത് പ്രവാചകര്‍ നിരാകരിച്ചിരിക്കുന്നു. മാത്രവുമല്ല, ഭൗതികവും ആത്മികവുമായ ലോകങ്ങള്‍ വിരുദ്ധങ്ങളല്ല, മറിച്ച് തുടര്‍ച്ചകളാണെന്നും തിരുമേനി ഒരിക്കല്‍കൂടി അറഫയില്‍ വച്ച് മാനവ രാശിയെ ഓര്‍മപ്പെടുത്തുന്നു. മതേതരമെന്നു വേര്‍തിരിക്കപ്പെടുന്ന കാര്യങ്ങളില്‍ മതബോധവും മൂല്യചിന്തകളുമുണ്ടാവുമ്പോഴേ സാമൂഹിക നീതി സ്ഥാപിക്കാനാവൂ എന്നുമാണ് ഇത്രയുംകാലം പ്രവാചകര്‍ വാക്കുകളിലൂടെയും ജീവിതത്തിലൂടെയും കാണിച്ചുകൊണ്ടിരുന്നത് എന്നും ഒരിക്കല്‍ കൂടി ഹജ്ജതുല്‍ വിദാഇല്‍ വിളംബരം നടത്തപ്പെടുകയുണ്ടായി.
പൊതു മണ്ഡലങ്ങളില്‍ നിന്നു മതത്തെ മാറ്റിനിര്‍ത്തി മതേതരവല്‍ക്കരിക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ സാമൂഹിക ദുരന്തങ്ങളാണ് മിക്ക സമകാലിക പ്രശ്‌നങ്ങളുടെയും മുഖ്യ കാരണം എന്നു കണ്ടെത്താനാവും. ഇത്തരം ശ്രമങ്ങളുടെ ഫലമായി സംഭവിച്ചതു കേവല ഭൗതിക വാദത്തിന്റെയും അഥവാ സുഖഭോഗ സദാചാര ശാസ്ത്രത്തിന്റെയും വളര്‍ച്ചയായിരുന്നുവല്ലോ. ഇവ വ്യക്തികള്‍ക്കും രാഷ്ട്രങ്ങള്‍ക്കുമിടയിലെ അപകടകരമായ മാത്സര്യങ്ങള്‍ക്കും ദേശങ്ങള്‍ക്കും വംശങ്ങള്‍ക്കുമിടയിലെ വിനാശകരമായ വൈരങ്ങള്‍ക്കും എങ്ങനെയൊക്കെ വഴിവച്ചിട്ടുണ്ടെന്ന് സമകാലിക ലോകത്തിനു നന്നായി അറിയും.
4. മനുഷ്യാവകാശങ്ങളും ലിംഗസമത്വവും
പ്രവാചകര്‍(സ) തന്റെ അവസാന പ്രസംഗത്തിലും ഊന്നിപ്പറയാന്‍ ശ്രമിച്ച സുപ്രധാനമായ കാര്യമാണ് സാമൂഹിക സമത്വം. അല്ലാഹുവിന്റെ മൂമ്പില്‍ മനുഷ്യരെല്ലാവരും തുല്യരാണെന്നും ദേശ-ഭാഷാ-വര്‍ഗ-വര്‍ണ സത്വങ്ങള്‍ക്ക് ഇസ്‌ലാമിക ദൃഷ്ട്യാ യാതൊരു പരിഗണനയുമില്ലെന്നും വളരെ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നു. മാത്രവുമല്ല, മുകളില്‍ പറഞ്ഞതു പ്രകാരമുള്ള സ്വകാര്യതകള്‍ക്കു വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും ഒരാളും മറ്റൊരാളുടെ അവകാശത്തെ ഹനിക്കരുതെന്നും പ്രവാചകര്‍ ഒരിക്കല്‍ കൂടി മാനവരാശിയോട് ആവശ്യപ്പെടുന്നു. മനുഷ്യാവകാശങ്ങളുടെ ഇത്രയും വ്യക്തവും സമഗ്രവുമായ പ്രഖ്യാപനം ലോകചരിത്രത്തില്‍ ആദ്യമായിരുന്നു.
ആധുനിക സാമൂഹിക ദര്‍ശനങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു സങ്കീര്‍ണ വിഷയമാണ് സ്ത്രീകളുടെ അവകാശങ്ങളെയും ലിംഗസമത്വത്തെയും സംബന്ധിച്ച ആലോചനകള്‍.
ഇവിടെ പലപ്പോഴും പ്രവാചകരുടെ സ്ത്രീ-പുരുഷ സങ്കല്‍പ്പങ്ങളും അവകാശങ്ങളിലെ വ്യത്യാസങ്ങളും പലര്‍ക്കും ഇന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. യഥാര്‍ഥത്തില്‍, സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പോലുമുള്ള അവകാശം നിഷേധിച്ചിരുന്ന ഒരു സമൂഹത്തിനു മുന്നില്‍ നിന്നാണ് പുരുഷന്മാര്‍ക്കുള്ള അവകാശങ്ങളൊക്കെയും സ്ത്രീകള്‍ക്കുമുണ്ട് എന്നു നബി തിരുമേനി പറഞ്ഞത് എന്നതു പോലും തമസ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ലിംഗസമത്വമെന്ന പ്രശ്‌നത്തെ എത്ര പ്രായോഗികമായാണ് പ്രവാചകര്‍ കൈകാര്യം ചെയ്തതെന്നു പരിശോധിക്കാതെയാണു പല വിമര്‍ശനങ്ങളുമെന്നു കാണാന്‍ പ്രയാസമില്ല.
എന്നാല്‍, പ്രവാചകര്‍ അവതരിപ്പിച്ച സാമൂഹിക ദര്‍ശനം, ആധുനിക പാശ്ചാത്യ ചിന്തകള്‍ മുന്നോട്ടുവക്കുന്ന സമത്വ സങ്കല്‍പ്പങ്ങളില്‍നിന്നല്ല പുരുഷനെയും സ്ത്രീയെയും നോക്കിക്കാണുന്നത് എന്നു തിരിച്ചറിയപ്പെടേണ്ടതുമുണ്ട്. ഇസ്‌ലാമിക ദൃഷ്ട്യാ, സ്ത്രീയുടെയും പുരുഷന്റെയും സാമൂഹിക ഭാഗധേയം പാരസ്പര്യത്തിന്റേതാണ്; മാത്സര്യത്തിന്റേതല്ല. ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്ഠാന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലോ സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തങ്ങളിലോ സ്ത്രീയും പുരുഷനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. എന്നാല്‍, ഭൗതിക പരിഗണനകളാല്‍, അഥവാ, ജൈവികവും മനഃശാസ്ത്രപരവുമായ പൗരുഷത്തിന്റെയും സ്‌ത്രൈണതയുടെയും മുഴുവന്‍ ശക്തികളും ഉപയോഗപ്പെടുത്തപ്പെടാവുന്ന രീതിയിലായിരിക്കണം സാമൂഹിക ഉത്തരവാദിത്തങ്ങള്‍ വിഭജിക്കപ്പെടേണ്ടതെന്നും പ്രവാചകര്‍ അനുശാസിക്കുന്നു. പുരുഷന്‍ കുടുംബത്തിന്റെ സുരക്ഷിതത്വവും സാമ്പത്തികാവശ്യങ്ങളും നിറവേറ്റുമ്പോള്‍ സ്ത്രീ കുടുംബത്തിന്റെ ആഭ്യന്തര കാര്യങ്ങളും കുട്ടികളുടെ സംരക്ഷണവും പരിപാലനവും നടത്തേണ്ടവളാണ്. ഇവിടെ പുരുഷന്റെ ഉത്തരവാദിത്തങ്ങള്‍ സ്ത്രീകളുടേതിനെക്കാള്‍ ഉയര്‍ന്നതോ അല്ലെങ്കില്‍ സ്ത്രീകളുടെ സാമൂഹിക ബാധ്യതകള്‍ പുരുഷന്മാരുടേതിനെക്കാള്‍ തരം താഴ്ന്നതോ ആയി കാണാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. മറിച്ച്, ഒന്ന് മറ്റൊന്നിന്റെ പരിപൂര്‍ത്തീകരണമാവുന്നു.
സമാധാനപൂര്‍ണവും സൗഹാര്‍ദപരവുമായ സാമൂഹിക നിലനില്‍പ്പിനാണ് വൈയക്തികമായ താല്‍പര്യങ്ങളെക്കാള്‍ മുന്‍ഗണന നല്‍കപ്പെടേണ്ടതെന്നും സമ്പത്തും അധികാരവും സാമൂഹിക ഉത്തരവാദിത്തങ്ങളാണെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതിനാല്‍, പുരുഷന്മാര്‍ വഹിക്കുന്ന സാമൂഹിക സ്ഥാനങ്ങളും നിര്‍ഹിക്കുന്ന ഉത്തരവാദിത്തങ്ങളും സ്തീകളും ഏറ്റെടുക്കണമെന്ന വാദം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ധാര്‍മികതയും മാനവിക മൂല്യങ്ങളും വരുംതലമുറയില്‍ വളര്‍ത്താനുതകുന്ന സാമൂഹിക പരസ്ഥിതി നല്‍കുന്നതായിരിക്കണം കുടുംബമെന്നാണു പ്രവാചകര്‍ സമര്‍പ്പിച്ച സാമൂഹിക ദര്‍ശനത്തിന്റെ കാഴ്ചപ്പാട്. അതു സാധ്യമാവണമെങ്കില്‍ ലൈംഗികതയും സ്ത്രീ-പുരുഷ ബന്ധവും പവിത്രമായി സംരക്ഷിക്കപ്പെട്ടേ തീരൂ. അതുകൊണ്ടാണ് തന്റെ അവസാന പ്രസംഗത്തിലും സ്ത്രീയുടെ അവകാശങ്ങളെ കുറിച്ചും പുരുഷനും സ്ത്രീയും പരസ്പരം മാനിക്കേണ്ട ഉത്തരവാദിത്തങ്ങളും അവകാശങ്ങളെ സംബന്ധിച്ച് ഓര്‍മപ്പെടുത്താന്‍ പ്രവാചകര്‍ മറക്കാതിരുന്നത്.
Leave A Comment