പെരുന്നാള്‍ നമസ്‌കാരത്തിന് സൗകര്യമൊരുക്കി ക്ഷേത്ര ഭാരവാഹികള്‍

കേരളത്തെ പ്രളയ ജലം മുക്കിയപ്പോള്‍ തകര്‍ന്ന് തരിപ്പണമായ കൊച്ചുകടവ് മഹല്ലിലെ വിശ്വാസികള്‍ക്ക് പെരുന്നാള്‍ നമസ്‌കാരത്തിന് സൗകര്യമൊരുക്കി എരവത്തൂര്‍ പുറപ്പിള്ളിക്കാവ് രക്തേശ്വരി ക്ഷേത്ര ഭാരവാഹികള്‍ മതമൈത്രിയുടെ പ്രതീകമായി. കൊച്ചുകടവ് മഹല്ല് ജുമുഅത്ത് പള്ളിയിലേക്കുള്ള എല്ലാ വഴികളും വെള്ളത്തില്‍ മുങ്ങിയതിനാലാണ് എരവത്തൂര്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭജനഹാള്‍ ഈദ് നമസ്‌കാരത്തിനായി ഒരുക്കിയത്. നൂറുകണക്കിന് വിശ്വാസികള്‍ ഈദ് ഗാഹായി മാറിയ ഭജനഹാളിലേക്ക് എത്തിച്ചേര്‍ന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് മഹല്ല് ഖത്തീബ് ജസീര്‍ ദാരിമി നേതൃത്വം നല്‍കി.

നമസ്‌കാരാനന്തരം പ്രളയ ബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും പരസ്പരമുള്ള ആലിംഗനവും മറ്റും നടന്നു. എസ് എന്‍ ഡി പി യൂണിയന്‍ ഭാരവാഹി പി കെ സാബു, മഹല്ല് പ്രസിഡന്റ് പി എ കരീം, എസ് ഡി പി ഐ കൊടുങ്ങല്ലൂര്‍ മണ്ഡലം ഖജാന്‍ജി അബ്ദുള്‍ ജലീല്‍, കരീം മൗലവി തുടങ്ങിയവര്‍ ഈദാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. മഹാദുരന്തത്തിന്റ് പശ്ചാത്തലത്തില്‍ ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ബലിയര്‍പ്പണവും ബന്ധുവീടുകളിലേക്കുള്ള സന്ദര്‍ശനവും ഒഴിവാക്കി. ബലിയര്‍പ്പണത്തിനടക്കമുള്ള നൂറുകണക്കിന് കന്നുകാലികളും ആടുകളുമാണ് പ്രളയ ജലത്തിന്റെ കുത്തൊഴുക്കിലകപ്പെട്ടത്. പാടശേഖരങ്ങളുടെ നടുക്കായുള്ള തുരുത്തില്‍ സ്ഥിതി ചെയ്യുന്ന ജുമുഅത്ത് പള്ളിയിലേക്കുള്ള മൂന്ന് റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കൊടുങ്ങല്ലൂര്‍എരവത്തൂര്‍നെടുമ്പാശേരി എയര്‍പ്പോര്‍ട്ട് റോഡില്‍ നിന്നുമുള്ള എളുപ്പമുള്ളതും അല്‍പ്പം ദൂരം കൂടിയതുമായ രണ്ട് വഴികളും കനാല്‍ റോഡില്‍ നിന്നുമുള്ള റോഡും ഇപ്പോഴും വെള്ളത്തിലാണ്. ത്യശ്ശൂര്‍ ജില്ലയുടെ തെക്കേ അറ്റത്തെ എറണാകുളം ജില്ലയുടെ അതിര്‍ത്തി ഗ്രാമമാണു കൊച്ചുകടവ്. കൊച്ചുകടവും പ്രദേശങ്ങളും വെള്ളത്തിനടിയിലായപ്പോള്‍ പ്രദേശവാസികള്‍ കുടിയേറിയത് അടുത്തുള്ള ഗ്രാമമായ എരവത്തൂരിലെ സ്‌കൂളിലും പുറപ്പിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രത്തിന്റെ ഹാളിലുമാണ് . വെള്ളമിറങ്ങാത്തതിനാല്‍ ഇന്ന് പെരുന്നാള്‍ നമസ്‌ക്കാരത്തിനും കൊച്ചുകടവ് നിവാസികള്‍ക്ക് തങ്ങളുടെ പള്ളി ഉപയോഗിക്കാനായില്ല. അങ്ങനെയാണു രക്തേശ്വരി ക്ഷേത്രത്തിന്റെ ഹാള്‍ ഈദ്ഗാഹായി മാറിയത്.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter