ഇസ്തിഹാളത്ത്
ഒരു സ്ത്രീയുടെ പതിവ് മാസത്തില്‍ ആദ്യത്തെ അഞ്ചു ദിവസം ആര്‍ത്തവവും ബാക്കി ശുദ്ധിയുമാണ്. പിന്നീട് ഈ ക്രമം തെറ്റി. അഥവാ ആദ്യ അഞ്ചു ദിവസം ചുവപ്പു നിറത്തിലും തുടര്‍ന്ന് അഞ്ചു ദിവസം കറുപ്പു നിറത്തിലും രക്തം കണ്ടു. പിന്നെയും ചുവപ്പു തന്നെ തുടര്‍ന്നു. എന്നാല്‍ കറുപ്പു രക്തം പുറപ്പെട്ട ദിവസം ഹൈളും ചുവപ്പു രക്തം കണ്ട ദിവസം ശുദ്ധിയുമാകുന്നു. ആദത്ത് (പതിവ്) ഇവിടെ സ്വീകാര്യമല്ല. ശക്തിയില്ലാത്ത രക്തം പതിനഞ്ചു ദിവസത്തില്‍ കവിഞ്ഞു. പിന്നീട് ശക്തിയുള്ള രക്തം ഒരു ദിവസത്തില്‍ കുറയാതെയും പതിനഞ്ചു ദിവസത്തില്‍ അധികരിക്കാതെയും പുറപ്പെട്ടു. എന്നാല്‍ ശക്തിയുള്ളത് ഹൈളും ശക്തിയില്ലാത്തത് ശുദ്ധിയുമാകുന്നു. (ഖല്‍യൂബി 1/103) പക്ഷേ, പതിവിന്റെയും തിരിച്ചറിവിന്റെയും ഇടയില്‍ ചുരുങ്ങിയ ശുദ്ധി (പതിനഞ്ചു ദിവസം) വരാതിരിക്കുമ്പോഴാണീ നിയമം ബാധകമാവുന്നത്. കുറഞ്ഞ ശുദ്ധിയുടെ സമയം ഇടക്കു വന്നാല്‍ പതിവ് ദിവസങ്ങളില്‍ കണ്ട രക്തവും വകതിരിവില്‍ കാണുന്ന രക്തവും ആര്‍ത്തവമാണെന്ന് വെക്കാനേ നിര്‍വാഹമുള്ളൂ. ഒരു സ്ത്രീക്ക് ഓരോ മാസത്തിന്റെയും ആദ്യത്തിലും ആദ്യത്തെ അഞ്ചു ദിവസം പതിവായി രക്തം സ്രവിക്കാറുണ്ട്. പിന്നീട് ക്രമം തെറ്റി. ഇപ്പോള്‍ മാസം ഒന്നു മുതല്‍ ഇരുപത്തഞ്ചു ദിവസം വരെ ചുവപ്പും അഞ്ചു ദിവസം കറുപ്പും തുടര്‍ന്ന് ചുവപ്പും കണ്ടാല്‍ പതിവ് പരിഗണിച്ച് ആദ്യത്തെ അഞ്ചു ദിവസം ആര്‍ത്തവവും തിരിച്ചറിവ് പരിഗണിച്ച് കറുപ്പു രക്തം കണ്ട അഞ്ചു ദിവസം മറ്റൊരു ആര്‍ത്തവവുമാണ്. (തുഹ്ഫ 1/406)
നാലാം വിഭാഗം: മുഅ്താദതുന്‍ ഗയ്‌റു മുമയ്യിസത്ത് മുമ്പ് ആര്‍ത്തവവും ശുദ്ധിയും പതിവുള്ളവളാണ്. പക്ഷേ, ശക്തമായ രക്തവും അശക്തമായ രക്തവും വേര്‍ത്തിരിച്ചറിയാന്‍ കഴിയുന്നില്ല. അതേ അവസരം പതിവ് പ്രകാരമുള്ള ആര്‍ത്തവത്തിന്റെ കണക്കും സമയവും ഓര്‍മയുണ്ട്താനും. എങ്കില്‍ അവളുടെ ആര്‍ത്തവ രക്തത്തെയും ശുദ്ധി കാലത്തെയും രോഗ രക്തത്തില്‍നിന്ന് വേര്‍ത്തിരിക്കാന്‍ മുമ്പത്തെ (പതിവ്) അനുഭവത്തെയാണ് അവലംബിക്കേണ്ടത്. ഉദാഹരണമായി, കഴിഞ്ഞ തവണ ആറു ദിവസം ഹൈളുണ്ടായ സ്ത്രീ ഇവിടെയും ആറു ദിവസം ഹൈളുകാരിയാണെന്നു വെക്കണം. ബാക്കി സമയം ശുദ്ധിയാണെന്നും വെക്കണം. ആ ആറ് കഴിഞ്ഞതു മുതല്‍ നിസ്‌കാരവും മറ്റു കാര്യങ്ങളും ശുദ്ധിയുള്ളവളെപ്പോലെ ഈ സ്ത്രീയും തുടരണം .പതിവുകാരിയാവണമെങ്കില്‍ രക്തസ്രാവത്തിന്റെ മുമ്പ് ഒരു പ്രാവശ്യം ആര്‍ത്തവം ഉണ്ടായിലും മതി.  ഒന്നില്‍ കൂടുതല്‍ തവണ ആര്‍ത്തവം ഉണ്ടായവളാണെങ്കില്‍ 'ബ്ലീഡിംഗിന്റെ തൊട്ടു മുമ്പത്തെ പതിവാണ് അവലംബിക്കേണ്ടത്. ക്രമം തെറ്റി രക്തം സ്രവിക്കുന്നവള്‍ മുന്‍പതിവ് പരിഗണിക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പതിവിനപ്പുറം രക്തം തുടരുമ്പോള്‍ ആര്‍ത്തവത്തിന്റെ പരമാവധി ദിവസമായ പതിനഞ്ചു ദിവസം വരെ ആര്‍ത്തവം കൊണ്ട് നിഷിദ്ധമായ കാര്യങ്ങള്‍ വര്‍ജ്ജിക്കണം. അതിനിടയ്ക്ക് രക്തം മുറിയാന്‍ സാധ്യതയുള്ളതു കൊണ്ടാണ് ഇത് വേണ്ടിവരുന്നത്. പതിനഞ്ചു ദിവസം കഴിയുംമുമ്പ് രക്തം നിലച്ചാല്‍ പതിവില്‍ കവിഞ്ഞ ബാക്കി കൂടി ആര്‍ത്തവമാണെന്നു വെക്കണം. (തുഹ്ഫ 1/404)
രക്തം പതിനഞ്ചു ദിവസം വിട്ടുകടന്നാല്‍ തൊട്ടു മുമ്പു കഴിഞ്ഞ ആര്‍ത്തവ ദിവസങ്ങള്‍ ആര്‍ത്തവമായും ശുദ്ധികാലം ശുദ്ധിയായും ഗണിക്ക പ്പെടും. ഒരു ദിവസം ഹൈളും പതിനഞ്ചു ദിവസം ശുദ്ധിയും പതിവുള്ള സ്ത്രീക്ക് പ്രസ്തുത പതിനാറു ദിവസത്തില്‍നിന്നും ഒരു ദിവസം ആര്‍ത്തവമായും ബാക്കി ദിനങ്ങള്‍ ശുദ്ധിയായും ഗണിക്കണം. അതുപോലെ പതിനഞ്ചു ദിവസം ആര്‍ത്തവവും പതിനഞ്ചു ദിവസം ശുദ്ധിയും പതിവുള്ളവളാണെങ്കില്‍ ആദ്യത്തെ പതിനഞ്ചു ദിവസം ആര്‍ത്തവവും ബാക്കി ദിവസങ്ങള്‍ ശുദ്ധിയായും കണക്കാക്കണം.(ശറഹുല്‍ മുഅദ്ദബ് 2/416) ഇമാം ശഫിഈ(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ''ഉമ്മുസലമ(റ) പറയുന്നു: നബി(സ)യുടെ കാലത്ത് ഒരു സ്ത്രീക്ക് രക്തസ്രാവമുണ്ടായി. ഇവള്‍ക്കു വേണ്ടി ഞാന്‍ നബിയോട് വിവരമന്വേഷിച്ചു. നബി(സ) പറഞ്ഞു: ഇപ്പോഴത്തെ അവസ്ഥയുടെ മുമ്പ് കഴിഞ്ഞ മാസം ഉണ്ടായ ഹൈളിന്റെയും ശുദ്ധിയുടെയും മൊത്തം സംഖ്യ അവള്‍ നോക്കട്ടെ. കഴിഞ്ഞ ആര്‍ത്തവത്തിന്റെ ദിവസങ്ങള്‍ എത്രയാണോ അത്ര ദിവസം ഈ മാസവും അവള്‍ നിസ്‌കാരം ഉപേക്ഷിക്കുകയും അതിനുശേഷം കുളിച്ച് വസ്ത്രം ധരിച്ച് നിസ്‌കാരം ആരംഭിക്കുകയും ചെയ്യുക.'' (മുഗ്‌നി 1/115)
അഞ്ചാം വിഭാഗം: മുതഹയ്യിറ മുമ്പ് പതിവായി ആര്‍ത്തവവും ശുദ്ധിയും ഉണ്ടാവുകയും പിന്നീട് ക്രമാധീതമായി രക്തം കാണുകയും ആര്‍ത്തവ രക്തവും അല്ലാത്തതും തിരിച്ചറിയാന്‍ സാധിക്കലോടുകൂടെ  മുന്‍ ഹൈള് രക്തത്തിന്റെ തുടക്ക സമയമോ അതിന്റെ കണക്കോ ഓര്‍മ്മയില്ലാതിരിക്കുകയും ചെയ്യുന്നവള്‍. തുടര്‍ച്ചയായി രക്തം വന്നു കൊണ്ടിരിക്കുകയും മുന്‍ ഹൈളിന്റെയും ശുദ്ധിയുടെയും കാലം തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന ഈ സ്ത്രീ ഏതു സമയത്തും ഹൈളുകാരിയാവാന്‍ സാധ്യതയുള്ളതുകൊണ്ട് സുക്ഷ്മത പാലിക്കല്‍ നിര്‍ബന്ധമാണ്. നിസ്‌കാരം, നോമ്പ്, വിവാഹ മോചനം മുതലായവയെ അപേക്ഷിച്ച് ഋതുമതിയല്ലാത്തവളുടെയും ഖുര്‍ആന്‍ പാരായണം, ഭര്‍ത്താവുമായി മുട്ടുപൊക്കിളിന്റെ ഇടയില്‍ സുഖമെടുക്കല്‍, മുസ്ഹഫു തൊടല്‍ എന്നിവയില്‍ ഋതുമതിയുടെ വിധിയാണവള്‍ക്കു ബാധകം. ഏതവസരത്തിലും അവളുടെ ഹൈള് അവസാനിച്ച് ശുദ്ധിയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ഓരോ ഫര്‍ള് നിസ്‌കാരത്തിനും സമയമായ ശേഷം കുളിക്കല്‍ നിര്‍ബന്ധമാണ്. തൊട്ടു മുമ്പ് ഹൈളുണ്ടായിരുന്നപ്പോള്‍ അതവസാനിച്ച സമയം കൃത്യമായി അറിവുണ്ടെങ്കില്‍ സൂര്യാസ്തമയം ഉദാഹരണമായെടുക്കാം. എല്ലാ ദിവസവും അസ്തമിച്ച ഉടനെ കുളിച്ചിട്ടായിരിക്കണം മഗ്‌രിബ് നിസ്‌കരിക്കുന്നത്. മറ്റു നിസ്‌കാരങ്ങള്‍ക്കു വേണ്ടിയെല്ലാം യോനി കഴുകി ശുദ്ധിയാക്കി വെച്ചുകെട്ടി വുളൂഅ് ചെയ്താല്‍ മതി. അസ്തമയ സമയത്ത് ആര്‍ത്തവം അവസാനിക്കാന്‍ സാധ്യതയുള്ളതു കൊണ്ടാണിത്. മറ്റു സമയത്തൊന്നും ആ സാധ്യതയില്ലല്ലോ. (ബുജൈരിമി 1/141) റമളാന്‍ നോമ്പ് മുഴുവനും അനുഷ്ഠിക്കലും ഇവള്‍ക്കു നിര്‍ബന്ധം തന്നെ. പുറമെ, ഒരു മാസം കൂടി അവള്‍ വ്രതം അനുഷ്ഠിക്കണം. കാരണം, ഓരോ മുപ്പതു ദിവസം നോമ്പനുഷ്ഠിക്കുമ്പോഴും പതിനാലു ദിവസത്തെ വ്രതം ഓരോ മാസത്തിലും അവള്‍ക്കു കിട്ടും. കാരണം, ഓരോ മാസത്തിലും പരമാവധി (പതിനഞ്ചു ദിവസം) ആര്‍ത്തവ മുണ്ടാകാന്‍ സാധ്യതയുണ്ടല്ലോ. ഒരു പകലില്‍ ആര്‍ത്തവം തുടങ്ങുകയും മറ്റൊരു പകലില്‍ അത് അവസാനിക്കുകയും ചെയ്യാനും സാധ്യതയുണ്ട്. അപ്പോള്‍ ഓരോ മാസത്തില്‍നിന്നും പതിനാറ് നോമ്പ് നിഷ്ഫലമാവും. രണ്ടാം മാസം തുടരെ നോമ്പനുഷ്ഠിച്ചാല്‍ ഇരുപത്തിയെട്ടു ദിവസത്തെ നോമ്പ് കിട്ടും. ബാക്കി രണ്ടു ദിവസത്തെ നോമ്പു പൂര്‍ത്തിയാക്കാന്‍ മൂന്നാം മാസത്തിലെ ആദ്യത്തെ പതിനെട്ടു ദിവസത്തില്‍നിന്ന് ആറു ദിവസം അനുഷ്ഠിച്ചാല്‍ മതിയാവും. മാസാരംഭത്തിലെ മൂന്നു ദിവസം നോമ്പെടുക്കുക. പിന്നീട് പന്ത്രണ്ടു ദിവസം നോമ്പ് ഒഴിവാക്കുക.
ആറാം വിഭാഗം: മുതഹയ്യിറത്തുന്‍ ഫില്‍ അദദ് സാധാരണ ആര്‍ത്തവം ആരംഭിക്കാറുള്ള സമയം ഓര്‍മയുള്ളതോടു കൂടി ദിവസത്തിന്റെ എണ്ണം മറക്കുകയും ചെയ്തവള്‍. ഉദാഹരണം: ഒരു സ്ത്രീക്ക് മാസം ഒന്നിനാണ് ആര്‍ത്തവം തുടങ്ങിയത് എന്ന് ഉറപ്പുണ്ട്. പക്ഷേ, എത്ര ദിവസം വരെയാണ് ഉണ്ടാവാറുള്ളത് എന്ന് ഓര്‍മയില്ല. എങ്കില്‍ മാസം ഒന്ന് ആര്‍ത്തവ ദിവസവും പതിനഞ്ചിന്റെ ശേഷമുള്ള രണ്ടാം പകുതി ശുദ്ധി ഘട്ടവുമാണ്. അതിന്റെ ഇട ദിവസങ്ങള്‍ ആര്‍ത്തവം , ശുദ്ധി, രക്തം മുറിയല്‍ എന്നിവയെല്ലാം ഹിതമുള്ള ദിവസങ്ങളാകയാല്‍ ആാരാധനകളുടെ കാര്യത്തില്‍ ഋതുമതിയല്ലാ ത്തവളും ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വിഷയത്തില്‍ ആര്‍ത്തവ കാരിയുമായിട്ടാണ് അവള്‍ വര്‍ത്തിക്കേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter