ത്വരീഖതുകളില്‍ ശരീഅത് പോലും ഇല്ലാതാവുമ്പോള്‍
ചെറുപ്പത്തിലേ പഠിച്ച ഹദീസുകളിലൊന്നില്‍, കപടവിശ്വാസത്തിന്റെ അടയാളങ്ങളിലൊന്നായി പഠിച്ചത് പ്രതിയോഗിയാവുമ്പോള്‍ പുലഭ്യം പറയും (واذا خاصم فجر) എന്നതായിരുന്നു. ഇത് കൊണ്ടുള്ള ഉദ്ദേശ്യമെന്തെന്ന് പലപ്പോഴും ആലോചിച്ചുപോയിരുന്നു. പ്രതിപക്ഷബഹുമാനമില്ലാതെ അസഭ്യമായ രീതിയിലുള്ള തര്‍ക്കങ്ങളാകുമെന്നാണ് അന്നൊക്കെ മനസ്സിലാക്കിയിരുന്നത്. എന്നാല്‍, മുതിര്‍ന്ന് സമൂഹത്തിലെ ഗ്രൂപ്പ്-സംഘടനാ-പാര്‍ട്ടി തര്‍ക്കവിതര്‍ക്കങ്ങള്‍ കണ്ടപ്പോഴാണ് ഇതിന്റെ അര്‍ത്ഥ തലങ്ങള്‍ കൂടുതല്‍ മനസ്സിലായത്.
ഇന്നലെ വരെ ഉറ്റ സുഹൃത്തായും ആത്മ മിത്രമായും കൂടെ നടന്നവര്‍, എന്തെങ്കിലും കാരണങ്ങളാല്‍ വഴി പിരിയുന്നതോടെ, പിന്നീടുള്ള സംസാരങ്ങളും പ്രതികരണങ്ങളുമെല്ലാം, ഇന്നലെ വരെ പറഞ്ഞതും ചെയ്തതുമെല്ലാം വെറും അഭിനയമായിരുന്നു എന്ന് തോന്നിക്കുന്ന രീതിയിലായിപ്പോവുന്നത് പലപ്പോഴും നാം കാണുന്നതാണ്. അഥവാ, ഇന്നലെ വരെ അദ്ദേഹത്തോട് പെരുമാറിയതും അദ്ദേഹത്തെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞതുമെല്ലാം കാപട്യമായിരുന്നു എന്നര്‍ത്ഥം.
യൂസുഫ് സുല്‍താന്റെ വിയോഗത്തെ തുടര്‍ന്ന്, പിളര്‍ന്നുപോയ ആലുവാ ത്വരീഖതുകാര്‍ പരസ്പരം നടത്തുന്ന (അതും ഏതൊരാള്‍ക്കും കാണാനും കേള്‍ക്കാനും സാധിക്കും വിധമുള്ള സോഷ്യല്‍ മീഡിയയില്‍) പരാമര്‍ശങ്ങളും അങ്ങോട്ടുമിങ്ങോട്ടും നടത്തുന്ന ആരോപണ-പ്രത്യാരോപണങ്ങളും കണ്ടപ്പോഴാണ് ഈ ഹദീസ് ഭാഗം വീണ്ടും ഓര്‍മ്മയിലേക്ക് വന്നത്.
ഇന്നലെ വരെ മുറബ്ബിയായ ശൈഖും അനേകം കറാമതുകളുടെ ഉടമയുമെന്നൊക്കെ പ്രകീര്‍ത്തിച്ചവര്‍, കൈയ്യും കാലും മുത്തി വണങ്ങിയവര്‍, ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഒന്നിനും കൊള്ളാത്തവനെന്നും ത്വരീഖത് പോയിട്ട് ശരീഅത് പോലും ഇല്ലാത്ത, ഭൌതിക താല്‍പര്യത്തിന് വേണ്ടി മാത്രം നില കൊള്ളുന്നവനെന്നും വിളിക്കുന്നത് അതേ ആളുകളെ കുറിച്ച് തന്നെയാണ്. അത്കൊണ്ടും മതിയാവാതെ, കേട്ടാല്‍ അറക്കുന്ന തെറിപ്രോയഗങ്ങളും അസഭ്യവര്‍ഷങ്ങളും നടത്തുകയും ചെയ്യുന്നു.
ഈ നടത്തുന്നവരിലധികവും, ഹദീസുകളുടെ പ്രബല ഗ്രന്ഥങ്ങളായ സ്വിഹാഹുസ്സിത്തയും അതിനപ്പുറവുമെല്ലാം പഠിച്ചവരും പലവുരു കണ്ണോടിച്ചവരും പഠിപ്പിച്ചവരുമാണെന്നതാണ് അതിലും വലിയ സങ്കടം.
ഈ ത്വരീഖത് ശരിയല്ലെന്ന് ഉസ്താദുമാര്‍ കാര്യകാരണങ്ങള്‍ നിരത്തി വിധി പറഞ്ഞപ്പോഴും ഇതേ രീതിയിലുള്ള പ്രത്യാക്രമണ രീതി തന്നെയായിരുന്നു അതിന്റെ അനുയായികള്‍ സ്വന്തം ഗുരുനാഥന്മാര്‍ക്കെതിരെ പോലും പ്രയോഗിച്ചത്. അവ കണ്ട ഒരു സാധാരണക്കാരന്റെ പ്രതികരണം ഇന്നും ഇടക്കിടെ ഓര്‍ത്തു പോവാറുണ്ട്, ത്വരീഖതുകാരുടെ പ്രതികരണം ശരീഅത് പോലുമില്ലാത്തവരേക്കാള്‍ മോശമായല്ലോ എന്നായിരുന്നു അത്. ശൈഖിനെ എതിര്‍ക്കുന്നവരെ (അവര്‍ സ്വന്തം ഗുരുനാഥന്‍ ആയാല്‍ പോലും) നേരിടാന്‍ ഏത് രീതിയും സ്വീകരിക്കാമെന്നതായിരുന്നു അന്ന് അവര്‍ അതിന് പറഞ്ഞിരുന്ന ന്യായം.
എന്നാല്‍ ഇന്ന് സ്വന്തം ശൈഖിനെ, സ്വന്തം ശൈഖിന്റെ ഖലീഫയെ, എല്ലാ തര്‍ബിയതും ലഭിച്ച സതീര്‍ത്ഥ്യരെ (ഇന്നലെ വരെ പറഞ്ഞത് പ്രകാരം) ഇത്തരത്തില്‍ എതിര്‍ക്കാന്‍ എന്ത് ന്യായമാണാവോ ഇവര്‍ക്കുള്ളത്.
അതിലുപരി, ഈ പരസ്പര എതിര്‍പ്പിലൂടെ, ഇരുവിഭാഗവും സമ്മതിക്കുന്ന ഒരു പൊതു ഘടകം (ഉസഘ എന്ന് വിളിക്കാം) കൂടി അവിടെ രൂപപ്പെടുന്നുണ്ട്. ഇരു വിഭാഗവും ഒരു പോലെ ഇപ്പോഴും അംഗീകരിക്കുന്ന, മരണപ്പെട്ടുപോയ ശൈഖിന്റെ തര്‍ബിയത് പൂര്‍ണ്ണമല്ലെന്നതാണ് അത്. മരണം വരെ ശൈഖിന്റെ കൂടെ നിന്ന് എല്ലാ തര്‍ബിയതും ലഭിച്ച് ഖിലാഫത് വരെ ലഭിച്ചവര്‍, ശൈഖിന്റെ വിയോഗാനന്തരം തെമ്മാടികളും കൊള്ലരുതാത്തവരുമായി മാറുന്നത് തര്‍ബിയതിന്റെ അപൂര്‍ണ്ണതയല്ലേ സൂചിപ്പിക്കുന്നത്.
ഏതായാലും, ശത്രുക്കളെ പോലും സ്നേഹിക്കുകയെന്ന അടിസ്ഥാന തത്വത്തില്‍ ഉരുവം പ്രാപിക്കേണ്ട ത്വരീഖ് എന്ന ആശയം ഈ തരത്തിലേക്ക് വഴുതിപ്പോവുന്നതില്‍ സങ്കടപ്പെടുകയല്ലാതെ വേറെ വഴിയില്ല. നാഥന്‍ എല്ലാവര്‍ക്കും സല്‍ബുദ്ധി നല്‍കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
Leave A Comment