കശ്മീർ തിഹാർ ജയിൽ പോലെ: കേന്ദ്രസർക്കാരിനെതിരെ മുഹമ്മദ് യൂസഫ് തരിഗാമി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കശ്മീരിലെ നടപടികളെ തുറന്നു കാണിച്ച് സി.പി.എം നേതാവ് മുഹമ്മദ്‌ യൂസഫ്‌ തരിഗാമി രംഗത്തെത്തി. സുപ്രീംകോടതി അനുമതി നൽകിയതിനെ തുടർന്ന് എയിംസിലെ ചികിത്സാർഥം ഡൽഹിയിൽ എത്തിയ തരിഗാമി സി.പി. എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തെ ഭരണഘടനയും നിയമങ്ങളും ബാധകമല്ലാത്ത പ്രദേശമായി ജമ്മു കശ്മീർ മാറിയെന്ന്‌ 80 ദിവസമായി ഈ സ്ഥിതി തുടർന്നിട്ടും എന്തുകൊണ്ടാണ് പ്രതിഷേധമുയരാത്തത് എന്ന ചോദ്യത്തോട് ‘‘തിഹാർ ജയിലിൽ നിങ്ങൾക്ക്‌ എത്രപ്രാവശ്യം പ്രതിഷേധിക്കാൻ കഴിയും’’ എന്നാണ്‌ തരിഗാമി തിരിച്ചു ചോദിച്ചത്. ഞാൻ സ്വതന്ത്രനാണെന്നാണ്‌ സർക്കാരും സുപ്രീം കോടതിയും വ്യക്തമാക്കിയത്‌. എന്നാൽ കശ്‌മീരിൽ മടങ്ങിയെത്തിയാൽ സുരക്ഷസേനയുടെ നിയന്ത്രണത്തിലാകും. വീടിന്‌ പുറത്തുപോകാൻ കഴിയില്ല. സന്ദർശകരെയും അനുവദിക്കുന്നില്ല. എനിക്കെതിരെ കേസൊന്നും നിലവിലില്ല. ബി.ജെ.പി ഒഴികെയുള്ള എല്ലാ പാർട്ടികളുടെയും നേതാക്കളുടെയും പ്രവർത്തകരുടെയും സ്ഥിതി ഇതാണ്‌. മുൻ മുഖ്യമന്ത്രിമാർപോലും തടവിൽ. ബ്ലോക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടും ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികൾക്ക് പ്രവർത്തനസ്വാതന്ത്ര്യമില്ലെന്നും തരിഗാമി വിശദീകരിച്ചു. എല്ലാ ജനാധിപത്യവിശ്വാസികളും കശ്‌മീർ ജനതയ്ക്കുവേണ്ടി ശബ്‌ദമുയർത്താനാഹ്വാനം ചെയ്ത തരിഗാമി 370-ാം വകുപ്പിനെക്കുറിച്ച്‌ ആർ.എസ്‌.എസ്‌ പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ വിശ്വസിക്കുന്ന അവസ്ഥ ദുഃഖകരമാണെന്നും പ്രതികരിച്ചു. നിലവിലെ സ്ഥിതി തുടർന്നാൽ രാജ്യം കനത്ത വില നൽകേണ്ടി വരുമെന്നാണ്‌ പറയാനുള്ളത്‌. കശ്‌മീരിനോട്‌ ഇപ്പോൾ ചെയ്‌തത്‌ നാളെ രാജ്യത്തെ ഏതു സംസ്ഥാനത്തോടും ചെയ്യാം. കേന്ദ്രത്തിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി കശ്മീർ സന്ദർശിച്ച് യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് മനസിലാക്കണമെന്ന് മാധ്യമങ്ങളോട് തരിഗാമി ആവശ്യപ്പെട്ടു. “സർക്കാർ സബ്കാ സാത്ത്, സബ്ബ വികാസ്, സബ്ക വിശ്വാസ് എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. വിശ്വാസത്തിന്റെ പുതിയ ലാബോറട്ടറിയാണ് കശ്മീരെന്നും തരിഗാമി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter