ബാബരി ഭൂമി: തിരഞ്ഞെടുപ്പിന് മുമ്പ് വിധിയുണ്ടാകില്ല
ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ കേസില്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് വിധിയുണ്ടാകില്ല. ഇത്തരമൊരു രാഷ്ട്രീയസാധ്യതയെക്കുറിച്ച് പലരും സംശയം ഉന്നയിക്കുന്നുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ഇനിയും കേസിനെ കുറേക്കാലം നീട്ടിക്കൊണ്ടുപോകാനാണ് സാധ്യത.
നിലവില്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. അടുത്ത മാസം 2ന് ദീപക് മിശ്ര വിരമിക്കും. പിന്നീട് ചീഫ്ജസ്റ്റിസായി വരുന്ന രഞ്ജന്‍ ഗൊഗോയിയായിരിക്കും കേസ് പരിഗണിക്കുക. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച അലഹബാദ് ഹൈക്കോടതി ലഖ്നോ ബെഞ്ചിന്റെ വിധിക്കെതിരായ അപ്പീലിലുള്ള കേസിന്റെ വാദം ഇപ്പോഴും തുടങ്ങിയിട്ടില്ല. അതിനാല്‍, വിരമിക്കുന്നതിനു മുമ്പ് ദീപക് മിശ്രയ്ക്ക് വിധി പറയാന്‍ കഴിയില്ല.
പള്ളി ഇസ്ലാമില്‍ അനിവാര്യതയല്ലെന്ന 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ സുപ്രിംകോടതി പരാമര്‍ശം സംബന്ധിച്ച പരിശോധനയാണ് ഇതുവരെ കോടതിയില്‍ നടന്നത്. അതിനു ബാബരി ഭൂമിത്തര്‍ക്കവുമായി നേരിട്ട് ബന്ധമില്ല. കേസിന്റെ ഉപഭാഗം മാത്രമാണത്. ഈ കേസില്‍ കഴിഞ്ഞ ജൂലൈ 20 മുതല്‍ കോടതിവിധി റിസര്‍വ് ചെയ്തിരിക്കുകയാണ്. വിരമിക്കും മുമ്പ് ദീപക് മിശ്ര ഈ ഭാഗത്തിന്റെ വിധി പറഞ്ഞേക്കും. 1994ലെ പരാമര്‍ശം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിശോധനയ്ക്ക് വിടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അത് കോടതി അംഗീകരിച്ചാല്‍ പുതിയ ചീഫ്ജസ്റ്റിസ് സ്ഥാനമേറ്റെടുത്ത ശേഷമായിരിക്കും അഞ്ചംഗ ബെഞ്ചിനെ നിയമിക്കുക.
1994ലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലുള്ള വിധി കേസിനെ നേരിട്ട് ബാധിക്കുന്നതല്ലെങ്കിലും കേസിന്റെ ഭാഗമായതുകൊണ്ട് സുപ്രധാനമാണെന്നു കേസില്‍ മുസ്ലിം പക്ഷത്തുനിന്ന് കേസ് നടത്തുന്ന അഭിഭാഷകന്‍ സഫര്‍യാബ് ജീലാനി പറഞ്ഞു. കേസില്‍ സുപ്രിംകോടതിയില്‍ നിന്ന് എന്തെങ്കിലും തീരുമാനം വരാന്‍ ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും എടുക്കുമെന്ന് ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ ഹരിശങ്കര്‍ ജയിന്‍ പറഞ്ഞു. ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ വാദം തുടങ്ങിയിട്ടില്ല. 1994ലെ പരാമര്‍ശം സംബന്ധിച്ച കേസില്‍ ആദ്യം വിധി പറയട്ടെ. അതിനു ശേഷമേ മറ്റു കാര്യങ്ങളില്‍ പുരോഗതിയുണ്ടാകൂ എന്നും ജയിന്‍ പറഞ്ഞു.
എത്രയും പെട്ടെന്ന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങണമെന്ന ആവശ്യമാണ് ഹിന്ദുത്വ സംഘടനകള്‍ ഉന്നയിക്കുന്നത്. ഡല്‍ഹിയില്‍ നടത്തിയ പരിപാടിയില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയാകട്ടെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്ര വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഓര്‍ഡിനന്‍സിലൂടെയോ നിയമനിര്‍മാണത്തിലൂടെയോ ക്ഷേത്രനിര്‍മാണത്തിനുള്ള സാധ്യതയാണ് പിന്നീടുള്ളത്.
Leave A Comment