കുട്ടികളുടെ പ്രവാചകന്‍
സ്വഹാബി പ്രമുഖനായ അബ്ദുല്ലാഹ്ബിന്‍ശദ്ദാദ് (റ) പറയുന്നു, ഒരിക്കല്‍ പ്രവാചകര്‍ (സ്വ) നിസ്കരിക്കാനായി പള്ളിയിലേക്ക് വന്നു. പേരക്കുട്ടിയായ ഹസന്‍(റ)വിനെയും കൈയ്യിലെടുത്തായിരുന്നു തങ്ങളുടെ വരവ്. സമയമായപ്പോള്‍ കുട്ടിയെ താഴെ വെച്ച് പ്രവാചകര്‍ ഇമാമായി നിസ്കാരം തുടങ്ങി. സൂറതുകളും റുകൂഉം കഴിഞ്ഞ് സുജൂദിലേക്ക് പോയി. ഏറെനേരം കഴിഞ്ഞിട്ടും സുജൂദില്‍നിന്ന് ഉയരുന്നില്ല. എന്ത് സംഭവിച്ചുഎന്നറിയാന്‍ ഞാന്‍ തലപൊക്കി നോക്കി. കുട്ടി പ്രവാചകരുടെ മുതുകില്‍ കയറിയിരിക്കുന്നു. ഞാന്‍ സുജൂദിലേക്ക് തന്നെ തിരിച്ചുപോയി. നിസ്കാരം കഴിഞ്ഞ ശേഷം ആളുകള്‍ ചോദിച്ചു, നബിയേ, അങ്ങ് സാധാരണത്തേക്കാളേറെ ഇന്ന് ഏറെ നേരം സുജൂദില്‍ കിടന്നല്ലോ. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമെന്നോ അല്ലെങ്കില്‍ വഹയ് അവതരിച്ചിരിക്കുമെന്നോ ഞങ്ങള്‍ കരുതുന്നു. ഇത് കേട്ട പ്രവാചകര്‍ പറഞ്ഞു, അത് രണ്ടുമല്ല ഉണ്ടായത്. മറിച്ച്, എന്റെ ഈ കൊച്ചുമോന്‍ എന്റെ മേലെ കയറിയിരുന്നു, അവന്‍ സ്വയം ഇറങ്ങുന്നതിന് മുമ്പ് ഇറക്കിവെക്കാന്‍ എനിക്ക് മനസ്സ് തോന്നിയില്ല. (മുസ്നദ് അഹ്മദ്)
നോക്കൂ, ഇതര ചിന്തകളൊന്നും തന്നെ കടന്നുവരുന്നത് പോലും അനുവദിക്കപ്പെടാത്ത നിസ്കാരമെന്ന അതിമഹത്തായ ആരാധനക്കിടയിലാണ് ഇത് സംഭവിക്കുന്നത്. പ്രവാചകര്‍ക്ക് കുട്ടികളോടുള്ള സ്നേഹം എത്രമാത്രം ഉണ്ടായിരുന്നെന്ന് ഇതില്‍നിന്ന് തന്നെ മനസ്സിലാക്കാമല്ലോ.
അനസ്(റ)വിന്റെ സഹോദരനായ അബൂഉമൈറിന്റെ സംഭവവും ചരിത്രം ഓര്‍ത്തുവെക്കുന്നു. കൊച്ചുകുട്ടിയായിരുന്ന അബൂഉമൈറിന് ഒരു കിളിയുണ്ടായിരുന്നു. നുഗൈര്‍ എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. പ്രവാചകര്‍ അബൂഉമൈറിനെ കാണുമ്പോഴെല്ലാം നുഗൈറിന്റെ വിശേഷം തിരക്കുമായിരുന്നു. ഒരു ദിവസം പ്രവാചകര്‍ നടക്കുന്ന വഴിയില്‍ അബൂഉമൈറിനെ കണ്ടു. അവന്‍റെ മുഖത്ത് എന്തോ വിഷമമുള്ള പോലെ പ്രവാചകര്‍ക്ക് തോന്നി. അവിടുന്ന് ചോദിച്ചു, അബൂഉമൈര്‍, എന്തൊക്കെയുണ്ട് നുഗൈറിന്റെ വിശേഷം. അബൂഉമൈര്‍ സങ്കടത്തോടെ പറഞ്ഞു, റസൂലേ, നുഗൈര്‍ മരിച്ചുപോയി. അബൂഉമൈറിന്റെ സങ്കടവും മാനസികാവസ്ഥയും പ്രവാചകര്‍ മനസ്സിലാക്കി. അല്‍പനേരം, കിളിയുടെ വേര്‍പാടില്‍ ആശ്വസിപ്പിച്ച് കൊണ്ട് അബൂഉമൈറിനോടൊപ്പം ചെലവഴിച്ചു. അബൂഉമൈറിന് എന്തെന്നില്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.
നോക്കൂ, പ്രബോധനപ്രവര്‍ത്തനങ്ങളും യുദ്ധചര്‍ച്ചകളുമെല്ലാം സഗൌരവം നടത്തുന്ന അതേ പ്രവാചകര്‍(സ്വ)യാണ് ഒരു കൊച്ചുകുട്ടിയുടെ കൊച്ചുകൊച്ചുപ്രശ്നങ്ങള്‍ക്ക് കാതോര്‍ക്കുന്നതും ആവശ്യമായ സമയം അവരോടൊപ്പം ചെലവഴിക്കുന്നതും.
ബദ്ര്‍യുദ്ധത്തിന് സന്നദ്ധരായി നില്‍ക്കുന്ന വേളയില്‍, തന്റെ അനുയായികളുടെ പിടിയില്‍പെട്ട ശത്രുപക്ഷത്തിലെ രണ്ട് കുട്ടികളോട് പ്രവാചകര്‍ ഏറെ സ്നേഹത്തോടെയും വാല്‍സല്യത്തോടെയും പെരുമാറിയത് ധര്‍മ്മയുദ്ധത്തിനൊരു പൂര്‍ണ്ണനിര്‍വ്വചനം എന്ന ലേഖനത്തില്‍ നാം വിശദമാക്കിയതാണ്. ശത്രുവിന്റെതാണെങ്കില്‍പോലും കുട്ടികളെ കുട്ടികളായി കാണാന്‍ പ്രവാചകര്‍ക്ക് എപ്പോഴും സാധിച്ചിരുന്നുവെന്നും അവരോട് വാല്‍സല്യത്തോടെ മാത്രമേ പെരുമാറാനായിരുന്നുള്ളുവെന്നും കാണിക്കുന്നതാണ് പ്രസ്തുത സംഭവം. ചെറിയവരോട് കരുണ കാണിക്കുകയും വലിയവരോട് ആദരവ് കാണിക്കുകകയും ചെയ്യാത്തവര്‍ നമ്മില്‍ പെട്ടവനല്ലെന്ന് പ്രഖ്യാപിച്ച പ്രവാചകര്‍ക്ക് അങ്ങനെ അനുവര്‍ത്തിക്കാനേ സാധിക്കുകയുമുള്ളൂ.
എന്നാല്‍ കേവലം സ്നേഹം മാത്രം ചൊരിഞ്ഞ് കുട്ടികളെ വഴികേടിലാക്കാനും പ്രവാചകര്‍ തയ്യാറായിരുന്നില്ല. അവരില്‍ തെറ്റുകള്‍ കാണുമ്പോള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഉചിതമായ രീതിയില്‍ അത് തിരുത്താനും പ്രവാചകര്‍ ശ്രദ്ധിച്ചിരുന്നു. അതാണല്ലോ ഫലപ്രദമായ രക്ഷാകര്‍തൃത്വം. ഉമര്‍ബിന്‍അബീസലമ കൊച്ചുകുട്ടിയായിരുന്നപ്പോള്‍ പ്രവാചകരോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണത്തളികയില്‍ അങ്ങുമിങ്ങും കുട്ടിയുടെ കൈനീങ്ങുന്നത് കണ്ടപ്പോള്‍ സ്നേഹമസൃണമായ ഭാഷയില്‍ ഇങ്ങനെ ഉപദേശിച്ചു, കുട്ടീ, (ഭക്ഷണം കഴിക്കുമ്പോള്‍) ബിസ്മി ചൊല്ലുക, വലത്തേകൈ കൊണ്ട് കഴിക്കുക, അടുത്തുള്ളതില്‍നിന്ന് കഴിക്കുക. ശേഷം വളര്‍ന്ന് വലുതായ ശേഷവും ഉമര്‍ബിന്‍അബീസലമ പറയുന്നു, പിന്നീടങ്ങോട്ട് ജീവിതത്തിലുടനീളം അതായിരുന്നു എന്റെ ഭക്ഷണരീതിയും ശീലവും.
ഒരിക്കല്‍ സകാതിന്റെ സ്വത്തുവകകള്‍ മദീനയിലെ പള്ളിയിലേക്ക് കൊണ്ടുവരപ്പെട്ടു. ഈത്തപ്പഴവും മറ്റു ഫലങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. കൊച്ചുമകനായ ഹസന്‍(റ)വിനോടൊപ്പം പ്രവാചകര്‍ അങ്ങോട്ട് വന്നു. വിതരണം ചെയ്യേണ്ടതിനെകുറിച്ച് പ്രവാചകര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കയാണ്. അപ്പോഴാണ്, കൂട്ടത്തില്‍നിന്ന് ഒരു ഈത്തപ്പഴമെടുത്ത് ഹസന്‍(റ) കഴിക്കുന്നത് പ്രവാചകരുടെ കണ്ണില്‍പെട്ടത്. ഉടനെ, പ്രവാചകര്‍ കുട്ടിയുടെ വായില്‍ കൈയ്യിട്ട് അത് പുറത്തേക്കെടുത്തു. എന്നിട്ട് പറഞ്ഞു, ഇത് സകാതിന്റെ സ്വത്താണ്. ഇത് ഉപോയഗിക്കല്‍ എനിക്കോ എന്റെ കുടുംബത്തിനോ അനുവദനീയമല്ല.
നോക്കൂ, കൊച്ചുകുട്ടിയല്ലേ എന്ന് കരുതി ആ തെറ്റിന് കൂട്ട് നില്‍ക്കാന്‍ പ്രവാചകര്‍ തയ്യാറായിരുന്നില്ല. കാരണം, അത് ദുശ്ശീലങ്ങളുടെ തുടക്കമായേക്കാം, അതിലുപരി സമൂഹത്തിന് അതിലൂടെ പ്രവാചകര്‍ പകര്‍ന്നുനല്‍കിയത് വ്യക്തിവിശുദ്ധിയുടെയും അതിലുപരി രക്ഷിതാവിന്റെ ഉത്തരവാദിത്തബോധത്തിന്റെയും വലിയ സന്ദേശം കൂടിയാണ്.
ചുരുക്കത്തില്‍ പ്രവാചകരുടെ അമൂല്യമായ സമയത്തിന്റെ നല്ലൊരു ഭാഗം കുട്ടികള്‍ക്കായി അനുവദിക്കപ്പെട്ടിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. കുട്ടികളോടൊപ്പം ആന കളിക്കാനും മറ്റു കളിചിരികളിലേര്‍പ്പെടാനും പ്രത്യേകം ശ്രദ്ധിക്കുകയും കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയിലും സമയം കണ്ടെത്തുകയും ചെയ്ത പ്രവാചകനെ ആ നിലയില്‍ വീക്ഷിക്കുമ്പോള്‍ കുട്ടികളുടെ കൂടി പ്രവാചകനാണെന്ന് പറയാതെ വയ്യ.
Leave A Comment