മമ്പുറം തങ്ങള്‍: അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിയ ഖുഥ്ബുസ്സമാന്‍

 മമ്പുറം തങ്ങളെയോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്ന നാമം ഖുതുബുസ്സമാന്‍ എന്നതാണ്. ഖുതുബ് എന്നാല്‍ അച്ചുതണ്ട് എന്നും സമാന്‍ എന്നാല്‍ കാലം എന്നുമാണര്‍ഥം. അതായത് ഒരു കാലഘട്ടത്തെ ആധ്യാത്മിക ലോകത്തെ അച്ചുതണ്ടായിരുന്നു ബഹുമാനപ്പെട്ട തങ്ങളെന്ന് താത്പര്യം. സ്വൂഫികളിലെ ഏറ്റവും ഉന്നതസ്ഥാനമാണ് ഖുതുബ് എന്ന് ചേര്‍ത്ത് വായിക്കുമ്പോള്‍ മമ്പുറം തങ്ങളെന്ന ആധ്യാത്മിക നായകനെ ഒരു മുഖവുര ആവശ്യമില്ലാത്തവിധം നമുക്ക് ബോധ്യമാവുന്നു. ഒരേസമയം ആത്മീയനായകനായും പോരാളിയായും മമ്പുറം തങ്ങള്‍ വായിക്കപ്പെടുന്നുണ്ട്. മമ്പുറം തങ്ങളിലെ പോരാളിയെ വായിക്കുന്നതിന് മുമ്പ് അന്നത്തെ സവിശേഷ സാഹചര്യം ഒരാവര്‍ത്തി വായിക്കേണ്ടതുണ്ട്. 

കൊളോണിയല്‍ ഭരണകൂടത്തിന്റെ സാംസ്‌കാരിക കടന്നുകയറ്റവും കൊള്ളയടിയും ഒരുഭാഗത്ത് സജീവമാവുകയും മറുഭാഗത്ത് ജാതിവ്യവസ്ഥയുടേയും നാട്ടുരാജാക്കന്മാരുടേയും കീഴില്‍ ജീവിതം തുലക്കാന്‍ വിധിക്കപ്പെട്ട കര്‍ഷകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇസ്ലാമിന്റെ വിമോചന പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച് മമ്പുറം തങ്ങള്‍ മുന്നോട്ട് വരുന്നത്.

ഹിജ്‌റ വര്‍ഷം 1166 (എ.ഡി 783)ല്‍ ഹളര്‍മൗതിലെ തരീം എന്ന പ്രദേശത്തായിരുന്നു മമ്പുറം തങ്ങളുടെ ജനനം. മുഹമ്മദ്ബ്‌നു സഹല്‍ മൗലദ്ദവീല പിതാവും ഫാത്വിമ ജിഫ്രി മാതാവുമാണ്. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ ഇഹലോക വാസം വെടിഞ്ഞിരുന്നു, ശേഷം പരിപാലിച്ചിരുന്നത് പിതൃസഹോദരി സയ്യിദ ഹാമിദ ബീവിയായിരുന്നു. 8ാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ തങ്ങള്‍ 17 വയസ്സാകുമ്പോഴേക്കും മതവിദ്യയില്‍ ഏറെ അവഗാഹം നേടിയിരുന്നു. 

ഹിജ്‌റ 1183 റമദാന്‍ മാസത്തില്‍ തന്റെ 17ാം വയസ്സിലായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്‍ കേരളത്തിലേക്ക് പുറപ്പെടുന്നത്. കോഴിക്കോട് കുറച്ച്കാലം താമസമാക്കിയ തങ്ങള്‍ പിന്നീട് മമ്പുറത്ത് സ്ഥിരതാമസമാക്കി. തങ്ങളുടെ സാന്നിധ്യം നാടുനീളെ വാഴ്ത്തപ്പെടുകയും ക്രമേണെ പൊതുജനശ്രദ്ധ മമ്പുറത്തേക്ക് ആകര്‍ഷിക്കാനും തുടങ്ങി. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി നീതിയുടെ പക്ഷം ചേര്‍ന്ന് സംസാരിക്കാനും മുതലാളിമാരുടേയും ജന്മിമാരുടേയും മുന്നില്‍ തലകുനിക്കാതെ അവകാശങ്ങള്‍ ചോദിക്കാനും മുന്നോട്ട്‌വന്ന തങ്ങള്‍ വളരെപെട്ടെന്ന് തന്നെ ജനമനസ്സുകളില്‍ വീരപുരുഷ പരിവേഷം നേടിത്തുടങ്ങി. തങ്ങളുടെ വ്യക്തിജീവിതവും സ്വഭാവവൈശിഷ്ട്യവും കണ്ട് ദിനംപ്രതി ആളുകള്‍ ഇസ്ലാമിലേക്ക് ആകൃഷ്ഠരായി. ബ്രിട്ടീഷുകാരുടെയും ജന്മിമാരുടേയും ആധിപത്യത്തില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ ഒരു രക്ഷകനെത്തിയ പ്രതീതിയായിരുന്നു ജനങ്ങള്‍ അന്നനുഭവിച്ചിരുന്നത്.  

അതേസമയം, മതസൗഹാര്‍ദ്ദത്തിന്റെ വെള്ളിവെളിച്ചത്തിന്റെ നേര്‍രേഖകള്‍ തങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വരച്ച്കാണിച്ചു. തങ്ങളെ കാണാന്‍ ഒരുപാട് ഹൈന്ദവ സഹോദരങ്ങള്‍ നിരന്തരം മമ്പുറത്തെത്താറുണ്ടായിരുന്നു. പലരും അവരുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിരുന്നത് തങ്ങളുടെ സാന്നിധ്യത്തില്‍ വെച്ചായിരുന്നു. മമ്പുറം തങ്ങളുടെ സുപ്രധാന കാര്യസ്ഥന്മാരിലൊരാള്‍ കോന്തുനായരായിരുന്നുവെന്നത് തങ്ങളുടെ മതസൗഹാര്‍ദ്ദ പരിസരം എത്രമാത്രം സുന്ദരമായിരുന്നുവെന്ന് വരച്ച്കാണിക്കുന്നു.

ഇനി സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ മമ്പുറം തങ്ങളുടെ ഇടം നമുക്കന്വേഷിക്കാം. ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി ചെറുത്ത്‌നിന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് മമ്പുറം തങ്ങള്‍. തന്റെ ശിഷ്യന്മാരായ ഉണ്ണിമൂസ, അത്തന്‍കുരിക്കള്‍, ചെമ്പന്‍ പോക്കര്‍ തുടങ്ങിയവര്‍ക്ക് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടവീര്യം പകര്‍ന്നത് തങ്ങളായിരുന്നു. മമ്പുറം തങ്ങളുടെ പോരാട്ടവീര്യവും ജനസ്വാധീനവും തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സൈന്യം തങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പലഘട്ടങ്ങളിലായി ശ്രമിച്ചിരുന്നു. എന്നാല്‍ അത് വേണ്ടത് പോലെ വിജയം കണ്ടില്ല. ഒടുവില്‍ തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ബ്രിട്ടീഷ് സൈന്യം തീരുമാനിച്ചെങ്കിലും ഇത്രയും ജനസ്വാധീനമുള്ള ഒരുനേതാവിനെ അറസ്റ്റ് ചെയ്താല്‍ അത് മുസ്‌ലിം പോരാളികളിലുണ്ടാക്കുന്ന വീര്യവും ആവേഷവും തിരിച്ചറിഞ്ഞ സൈന്യം അതില്‍ നിന്ന് പിന്മാറുകയായിരുന്നു.

പ്രമുഖ ചരിത്രകാരനായ ഡോ.സി.കെ കരീം പറയുന്നതിങ്ങനെയാണ് 'ഉണ്ണിമൂസ മൂപ്പന്‍, അത്തന്‍ കുരിക്കള്‍, ചെമ്പന്‍പോക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന രക്തരൂക്ഷിത ഇംഗ്ലീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ അവര്‍ക്ക് ഉത്തേജനവും ഉപദേശവും സയ്യിദവര്‍കള്‍ നല്‍കി എന്നാണ് ബ്രിട്ടീഷുകാര്‍ വിശ്വസിച്ചിരുന്നത്. ഇവരില്‍ അത്തന്‍കുരിക്കള്‍ തിരൂരങ്ങാടിയില്‍ ചെന്ന് തങ്ങളെ സ്ഥിരം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1801-1802 വര്‍ഷങ്ങളില്‍ തന്നെ സയ്യിദ് അലവി തങ്ങളെക്കൂടി അറസ്റ്റ് ചെയ്യാന്‍ ആലോചന നടന്നിരുന്നു. മലബാറിലെ തെക്കും വടക്കും മാപ്പിള നേതാക്കളുടെയും പഴശ്ശിരാജയുടേയും സംഘടിത ശക്തികളെ അഭിമൂഖീകരിച്ചുകൊണ്ടിരിക്കുന്ന സന്ദിഗ്ധ ഘട്ടത്തില്‍ ലോകാദരണീയനായ അലവി തങ്ങളെക്കൂടി അറസ്റ്റ് ചെയ്താലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ആലോചിച്ച് തല്‍ക്കാലം അനങ്ങാതിരിക്കുകയായിരുന്നു അധികാരികള്‍. (കേരള മുസ്ലിം ഡയറക്ടറി-സി.കെ കരീം)

അത്തന്‍കുരിക്കളുടെ കൊലപാതകത്തെത്തുടര്‍ന്ന് മാപ്പിള പോരാളികള്‍ നടത്തിയ മുന്നേറ്റം ബ്രിട്ടീഷുകാരെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു. മുസ്ലിംകളുടെ ആവേശത്തിന്റെ ഉറവിടം മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയും കോഴിക്കോട്ടേക്ക് വിളിപ്പിക്കുകയും ചെയ്തു. അനിസ്‌ലാമികമായ വ്യവസ്ഥയെ വഴിപ്പെടുന്നത് ദൈവികമല്ലെന്ന് മനസ്സിലാക്കിയ തങ്ങള്‍ സ്വമേധയാ ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കില്ലെന്നും വേണമെങ്കില്‍ ബലം പ്രയോഗിച്ച് അധീനപ്പെടുത്താമെന്നും ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. തങ്ങളുടെ ആത്മീയ വീര്യത്തിന്റെയും ചങ്കൂറ്റത്തിന്റെയും മുന്നില്‍ പകച്ചുനിന്ന ബ്രിട്ടീഷുകാര്‍ തങ്ങളെ വെറുതെവിടുകയായിരുന്നു. 

സൈഫുല്‍ ബത്താര്‍

സൈഫുല്‍ ബത്താര്‍ എന്ന കൃതിയുടെ രചയിതാവിനെപ്പറ്റി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മമ്പുറം തങ്ങള്‍ക്കോ മകന്‍ സയ്യിദ് ഫദലിനോ അതുമായി ബന്ധമുണ്ടെന്നതില്‍ ആര്‍ക്കും യാതൊരു അഭിപ്രായഭിന്നതയുമില്ല. മമ്പുറം തങ്ങള്‍ എന്ന് ഇരുവര്‍ക്കും ഒരേപോലെ പ്രയോഗിച്ചിരുന്നതിനാല്‍ പുസ്തകത്തിന്റെ കര്‍തൃത്വവുമായി സയ്യിദ് ഫദ്‌ലിനെയും മനസ്സിലാക്കപ്പെടുന്നു. അതല്ല, അദ്ദേഹത്തിന്റെ ഫത് വകള്‍ അബ്ദുല്‍ ബാരി എന്ന പണ്ഡിതന്‍ സമാഹരിച്ചതാണെന്നും അനുമാനിക്കുന്നു.

ഏതായിരുന്നാലും ബ്രിട്ടീഷുകാര്‍ക്കെതിരെ മുസ്‌ലിംകളെല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ശത്രുവിന്റെ പക്ഷത്ത് നില്‍ക്കുന്നവന്‍ ഇസ്‌ലാമിന്റെ പക്ഷത്തല്ലെന്നും പ്രഖ്യാപിക്കുന്ന കൃതി  മാപ്പിള പോരാളികളില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരം ശക്തിപ്പെടുത്തിയിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. 'അല്ലാഹുവിനെയും റസൂലിനെയും സത്യവിശ്വാസികളെയും ഒഴിവാക്കി സത്യവിരോധികളെ ആശ്രയിക്കുകയും പിന്തുടരുകയും ചെയ്യുന്നവര്‍ക്കെതിരെയുള്ള മൂര്‍ച്ചയുള്ള വാള്‍' എന്നതാണ് സൈഫുല്‍ ബത്താര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കൃതിയുടെ പൂര്‍ണ്ണ നാമം. ബ്രിട്ടീഷുകാര്‍ക്കെതിരെ മുസ്‌ലിംകളുടെ സമീപനം സുവ്യക്തമാക്കുന്ന കൃതിയുടെ അപകടം മനസ്സിലാക്കിയ ബ്രിട്ടീഷുകര്‍ ഗ്രന്ഥം നിരോധിക്കുകയുണ്ടായി.  

ചേരൂര്‍ കലാപത്തില്‍ മുസ്‌ലിം പോരാളികള്‍ക്ക് ധൈര്യം പകര്‍ന്നത് പ്രസ്തുത കൃതിയായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. മുട്ടിച്ചിറ കലാപത്തിലും ചേരൂര്‍ കലാപത്തിലും തങ്ങളവര്‍കള്‍ക്ക് നേരിട്ടുള്ള പങ്കാളിത്തമുണ്ടായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ തങ്ങളവര്‍കള്‍ക്ക് നേരിട്ടുള്ള പങ്കാളിത്തമില്ല എന്നും മറിച്ച് പോരാളികള്‍ക്ക് ആശിര്‍വാദം നല്‍കുക മാത്രമാണ് ചെയ്തത് എന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്. ചേരൂര്‍ കലാപത്തിലേറ്റ കാലിലെ മുറിവാണ് തങ്ങളുടെ മരണ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഹിജ്‌റ 1260 മുഹറം 7 (ക്രി.1844)നായിരുന്നു മാപ്പിള സമൂഹത്തിന്റെ ആത്മീയ പോരാട്ട വീര്യം മണ്‍മറഞ്ഞത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter