മിസ്റ്റർ സുക്കർബർഗ് ആരോടും വിദ്വേഷമരുതെന്ന'.എബ്രഹാം ലിങ്കന്റെ ആദർശമാണ് നിങ്ങളെ നയിക്കേണ്ടത്
ഇന്ത്യയിൽ ബിജെപി നേതാവ് നടത്തിയ വംശീയ വിദ്വേഷ പോസ്റ്റിൽ ഫേസ്ബുക്ക് നടപടിയെടുക്കാത്തതിൽ ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് വാഷിംഗ്ടൺ ഡിസിയിലെ സെന്റർ ഫോർ പ്ലൂലരിലസം പ്രസിഡന്റ് മൈക്ക് ഗൂസ് എഴുതിയ കത്ത്

"ഇന്ത്യയിൽ ഫേസ്ബുക്കിന്റെ പ്രഖ്യാപിത നയങ്ങളിലുണ്ടായ വ്യതിചലനം ശ്രദ്ധയിൽ പെടുത്താനാണ് ഞങ്ങൾ താങ്കളെ ബന്ധപ്പെടുന്നത്. ഇന്ത്യയിലെ നിങ്ങളുടെ പ്രധാന ജീവനക്കാരിൽ ഒരാളായ അൻകി ദാസ് തന്റെ രാഷ്ട്രീയമായ പ്രാമുഖ്യം മുൻനിർത്തി ചില രാഷ്ട്രീയക്കാരുടെ വിദ്വേഷ പ്രസ്താവനകൾക്കെതിരെ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. ഇത് നിങ്ങളുടെ സ്ഥാപനത്തിന്റെ യശസ്സിന് കളങ്കം തീർക്കുന്നതാണ്.

മിസ്റ്റർ സുക്കർബർഗ്, 'ആരോടും വിദ്വേഷമരുതെന്ന'.എബ്രഹാം ലിങ്കൺ മുന്നോട്ടുവെച്ച ആദർശം താങ്കളും താങ്കളുടെ സ്ഥാപനത്തിലെ ജീവനക്കാരും നെഞ്ചേറ്റണം. അങ്ങനെ ചെയ്താൽ നിങ്ങൾ ഒരിക്കലും തിന്മയുടെ ഉപാസകരായി മാറില്ല.

ഈ നിലപാട് മുഖമുദ്രയാക്കുകയാണെങ്കിൽ നീതിയും നന്മയും എല്ലായിടത്തും പരക്കുകയും പരസ്പര പോരാട്ടങ്ങളും അന്യ വിദ്വേഷവും അവസാനിക്കും. താഴെപറയുന്ന നിർദ്ദേശങ്ങൾ താങ്കൾ പ്രത്യേകമായി പരിഗണിക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ ജീവനക്കാരുടെ തലതിരിഞ്ഞ പ്രവർത്തികൾ താങ്കൾക്ക് ദോഷകരമായി ബാധിക്കാതിരിക്കാൻ ഇതുവഴി സാധിക്കും.

1. എല്ലാ തരം ജനങ്ങളെയും ഉൾക്കൊള്ളാനാവുന്ന ആളുകളെ മാത്രം സ്ഥാപനത്തിന്റെ ഭാഗമാക്കുക. അവരുടെ രാഷ്ട്രീയം സ്ഥാപനത്തിന്റെ നയങ്ങളിൽ കൂട്ടിക്കലർത്താതിരിക്കുക. ഇത് സാധ്യമാക്കാൻ നിങ്ങളുടെ നിലവിലെ ജീവനക്കാരോട് അവരുടെ സാമൂഹിക തലത്തിലുള്ള ഇടപെടലിന്റെ സാക്ഷ്യം സമർപ്പിക്കാൻ ആവശ്യപ്പെടുക കൂടി വേണം. ഒരു മുസ്‌ലിം ജീവനക്കാരനോട് ഹിന്ദു, ക്രിസ്ത്യൻ, സിഖ് സമുദായത്തിൽ നിന്നുള്ളവരുടെ സാക്ഷ്യവും ഹിന്ദു ജീവനക്കാരനോട് മുസ്‌ലിം, ക്രിസ്ത്യൻ, സിഖ് ജീവനക്കാരുടെ സാക്ഷ്യപ്പെടുത്തലും സമർപ്പിക്കാൻ ആവശ്യപ്പെടുക.

2. നിങ്ങളുടെ സ്ഥാപനത്തിലെ മോശം വ്യക്തികളെ ജോലിയിൽ നിന്ന് അടിയന്തിരമായി പിരിച്ചു വിടുക ഒരിക്കൽ എന്നെ സന്ദർശിച്ച ഒരു ഒരു ഡോക്ടർ പറഞ്ഞു. മുസ്‌ലിംകൾ, കറുത്തവർഗക്കാർ, ക്രിസ്ത്യാനികൾ, ജൂതന്മാർ എന്നിവർക്കെതിരെ എന്റെ മാതാപിതാക്കൾ എന്നിൽ ആഴത്തിൽ വെറുപ്പ് കുത്തി വെച്ചിരുന്നു. ഞാൻ കേട്ടതെല്ലാം തീർത്തും തെറ്റാണെന്നാണ് അവരുമായുള്ള സഹവാസം എന്നെ ബോധ്യപ്പെടുത്തിയത്.

നമുക്ക് ഒരു വിഭാഗം ആളുകളോട് മുൻവിദ്വേഷമുണ്ടെങ്കിൽ അത് നമ്മുടെ ജോലിയെ പ്രതികൂലമായി ബാധിക്കും. സഹപ്രവർത്തകരെ കുറിച്ച് വിഷലിപ്തമായ ചിന്തകൾ വെച്ചുപുലർത്തുന്നവർക്ക് അവരുമായി ഊഷ്മള ബന്ധം സ്ഥാപിക്കാനാവില്ല. അതിനാൽ അവരെ വിശ്വസിക്കാതിരിക്കാനും എല്ലാ കാര്യങ്ങളും അവരോട് പങ്കുവെക്കാതിരിക്കാനും ശ്രമിക്കും. അങ്ങനെ ചെയ്യുന്നത് വഴി ജോലിയിൽ പൂർണ്ണമായ ഉത്തരവാദിത്തം കാണിക്കാനോ തൊഴിലുടമയോടുള്ള ബാധ്യത പൂർണമായി നിറവേറ്റാനോ സാധിക്കുകയില്ല. ഉള്ളിലുള്ള വെറുപ്പ് കാരണമായി കുടുംബത്തിനോടൊപ്പമുള്ള ജീവിതവും സന്തോഷകരമായി മുന്നോട്ടു പോവില്ല. വിഷം കുത്തി വെക്കപ്പെട്ട ഇത്തരം ജീവനക്കാരെ ജോലിക്ക് വെക്കാൻ താങ്കൾ തയ്യാറാകില്ലെന്ന് വിശ്വസിക്കാനാണ് ഏതൊരാൾക്കുമിഷ്ടം.

3. ജീവനക്കാരുടെ റിക്കാർഡ്സ് ശേഖരിച്ചു വെക്കുക. നിങ്ങളുടെ ജീവനക്കാരുടെ ഫേസ്ബുക്ക് ട്വിറ്റർ ഇൻസ്റ്റഗ്രാം, വാട്സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളുടെ റെക്കോർഡുകൾ സമർപ്പിക്കാൻ ആവശ്യപ്പെടുക. ഒരു വർഷത്തേക്കെങ്കിലും അത് സൂക്ഷിക്കുക. മറ്റെല്ലാ സ്ഥാപനങ്ങളിലും പോലെ നിയമ വ്യവസ്ഥയും സുരക്ഷയും സമൂഹത്തിനിടയിൽ ഇഴയടുപ്പവുമുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കാൻ ഫേസ്ബുക്കിനും താൽപര്യമുണ്ടാകും.

ശരിയായ ജീവനക്കാരെ തെരഞ്ഞെടുക്കുക വഴി ഉന്നത തലത്തിലേക്ക് വളരുന്ന മികച്ച കോർപ്പറേറ്റ് ലീഡറാവാൻ താങ്കൾക്ക് സാധിക്കും. തെരഞ്ഞെടുക്കപ്പെട്ട ഈ ജീവനക്കാർക്ക് നിങ്ങളുടെ സ്ഥാപനത്തെ ഉയർച്ചയിലേക്ക് നയിക്കാനും ദുഷ്കരമായ സാഹചര്യങ്ങളിൽ പോലും വിജയക്കൊടി നാട്ടാനും സാധിക്കും. സ്നേഹത്തോടെ,

മൈക്ക് ഗൂസ്

പ്രസിഡന്റ്, സെന്റർ ഫോർ പ്ലൂലരിലസം, വാഷിംഗ്ടൺ ഡിസി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter