ഭിന്നലിംഗവിഭാഗങ്ങളും ഇസ്‌ലാമിക വിചാരവും

മൂന്നാം ലിംഗപദവിയും അവര്‍ അനുഭവിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘര്‍ഷങ്ങളും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് മൂന്നാംലിംഗപദവി അനുവദിക്കുവാനുള്ള നിയമപരമായ നടപടികളും ഭരണപരമായ നീക്കങ്ങളും ത്വരിതഗതിയിലാണ്. ഖുന്‍സകള്‍ എന്ന് അറിയപ്പെടുന്ന ഭിന്നലിംഗവിഭാഗങ്ങളുടെ സാമൂഹിക ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുമണ്ഡലത്തില്‍ ഇപ്പോള്‍ സജീവമാവാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് പരശ്ശതം വര്‍ഷങ്ങള്‍ക്കു മുമ്പേ ഇസ്‌ലാം ചിട്ടപ്പെടുത്തിയെടുത്ത ഖുന്‍സകളെക്കുറിച്ചുള്ള സാമൂഹിക വീക്ഷണങ്ങള്‍ക്കുള്ള അംഗീകാരപത്രമാണ്. മൃദുലത എന്ന അര്‍ഥത്തില്‍ വരുന്ന ഖനസ് എന്ന ക്രിയാധാതുവില്‍ നിന്നാണ് ഖുന്‍സ എന്ന നാമരൂപത്തിന്റെ നിഷ്പത്തി. ശാരീരികവും മാനസികവുമായ ചില ദുര്‍ബലതകളും അപൂര്‍ണതകളുമാണ് സ്ത്രീ-പുരുഷമെന്ന വര്‍ഗവൃത്തത്തില്‍ നിന്നും വ്യതിചലിച്ച് ഖുന്‍സ എന്ന ഒരു പുതിയ വര്‍ഗനാമത്തിലൂടെ ഇവര്‍ സംബോധന ചെയ്യപ്പെടാന്‍ കാരണം. 

ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും ഖുന്‍സക്ക് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ നല്‍കുന്ന നിര്‍വചനങ്ങള്‍ ഉദ്ദേശം ഒരേ ദിശയിലാണ്. ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്‌നു ഹജറുല്‍ ഹൈത്തമി ഖുന്‍സകളെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

 'സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങളുള്ളവരാണ് ഖുന്‍സകള്‍, ചിലപ്പോള്‍ പക്ഷികളില്‍ കാണപ്പെടുംവിധമുള്ള വിസര്‍ജ്യഭാഗങ്ങള്‍ മാത്രവുമുണ്ടാവാം. ആണ്‍ പെണ്‍വര്‍ഗങ്ങളില്‍ ഏത് ഗണത്തില്‍ പെടുമെന്ന് പൂര്‍ണ വ്യക്തതയില്ലാത്തിടത്തോളം, ഉപ്പ, ഉമ്മ, ഭാര്യ, ഭര്‍ത്താവ് തുടങ്ങിയ വേഷങ്ങള്‍ അവര്‍ക്ക് അചിന്ത്യമാണ്'.( തുഹ്ഫ, 426-6). ഇമാം നവവി (റ) ഖുന്‍സകളെ രണ്ടായി തിരിക്കുന്നത് കാണാം, 'സ്ത്രീ-പുരുഷ ലൈംഗികാവയവങ്ങളുള്ളതോടൊപ്പം പ്രത്യക്ഷ്യത്തില്‍ ഏതെങ്കിലും ഒരു ലിംഗത്തോട് സാമ്യമുള്ളവയാണ് അതില്‍ ഒന്ന്. സ്ത്രീയുടേയും പുരുഷന്റെയും ലൈംഗിക അവയവങ്ങള്‍ തീരെയില്ലാതെ, പക്ഷികളില്‍ കാണുംവിധമുള്ള വിസര്‍ജ്യഭാഗങ്ങള്‍ ഉള്ളവയാണ് രണ്ടാമത്തേത്. ഇതില്‍ ആദ്യവിഭാഗത്തെ മൂന്നാമതൊരു ലിംഗവര്‍ഗമല്ലാതെ സത്രീയോ പുരുഷനോ ആയാണ് നാം ഗണിക്കുന്നത്. ഹനഫി മദ്ഹബിലെ പണ്ഡിതന്‍മാരെ പോലെയുള്ളവര്‍ തദ്വിഷയത്തില്‍ ഏകാഭിപ്രായക്കാരാണ്. പ്രായപൂര്‍ത്തിയെത്തുന്നതിനു മുമ്പ് സത്രീയോ പുരുഷനോ ആണെന്ന് പ്രകൃത്യാ വകതിരിയുകയോ, അല്ലെങ്കില്‍ അതിനുശേഷം ആര്‍ത്തവം, ശുക്ലം എന്നിവയിലൂടെ വ്യക്തമാവുകയോ ചെയ്യുന്നത് വരെ രണ്ടാമത്തെ ഇനത്തില്‍ പെടുന്നവയുടെ നിയമം  വ്യക്തമാവില്ല' (മജ്മൂഅ്, നവവി 53-2).

ഖുന്‍സകളുടെ ഇസ്‌ലാമിക വായന

ലോകാന്ത്യം വരെയുള്ള മനുഷ്യ ജീവിതത്തിന്റെ സുസ്ഥിരതക്ക് വേണ്ടി അവതരിച്ച ദൈവിക മതമായ വിശുദ്ധ ഇസ്‌ലാം മനുഷ്യരെ സംബോധന ചെയ്യുന്നത് സത്രീ-പുരുഷന്‍ എന്നീ രണ്ട് സംജ്ഞകളിലൂടെയാണ്. അവരുടെ ശാരീരിക പ്രകൃതിക്ക് അനുഗുണവും സാമൂഹിക ജീവിതത്തിന് അനുപൂരകവുമാണ് ഇസ്‌ലാമിലെ നിയമാവലികളും വിധിനിര്‍ണയങ്ങളും. ഖുന്‍സ എന്ന ഒരു സ്വത്വത്തോട്  വിചാരപൂര്‍വം പ്രതികരിച്ച ആദ്യമതമാണ് ഇസ്‌ലാം. ഇസ്‌ലാമേതര മതങ്ങളിലും മറ്റു മനുഷ്യനിര്‍മിത പ്രത്യേയങ്ങളിലുമുള്ള ഭിന്നലിംഗചിന്തകള്‍ തീര്‍ത്തും ശൂന്യമാണ്. ഭിന്നലിംഗക്കാര്‍ പിശാചിന്റെ പ്രതിപുരുഷരും സത്വജന്മങ്ങളുമായി കരുതപ്പെട്ടിരുന്ന കാലത്ത,് അവരും മനുഷ്യവിഭാഗത്തിലെ സത്രീ-പുരുഷ ലിംഗവൃത്തത്തിന്റെ പരിധിയില്‍ വരുന്നവരാണെന്ന് പറഞ്ഞ ഇസ്‌ലാം വൈയക്തികവും സാമൂഹികവുമായ അവരുടെ ചലന-നിശ്ചലനങ്ങള്‍ക്ക് വ്യക്തമായ നിയമവഴികള്‍ നിര്‍ദേശിക്കുകയും ചെയ്തു. സത്രീ-പുരുഷന്‍ എന്നതാണ് ഇസ്‌ലാമിലെ അടിസ്ഥാന ലിംഗസങ്കല്‍പം.  സ്ത്രീയും പുരുഷനുമല്ലാത്ത പുതിയൊരു ലിംഗകല്‍പന ഇസ്‌ലാമിക ദൃഷ്ട്യാ നിരര്‍ഥകമാണ്. വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിലെ ലിംഗ വര്‍ഗീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും നല്‍കുന്നു( സൂറ-49). ഭിന്നലിംഗവിഭാഗത്തെ മൂന്നാംലിംഗമായി കരുതാതെ അവരിലെ ശാരീരിക പ്രകൃതം പരിഗണിച്ച് മുഖ്യധാരാ ലിംഗ വര്‍ഗങ്ങളായ സത്രീയോടും പുരുഷനോടും ചേര്‍ക്കണമെന്നാണ് ഇസ്‌ലാമിക വീക്ഷണം. സാമൂഹികവും ശാസ്ത്രീയവുമായ നിരവധി മൂല്യങ്ങള്‍ സംവഹിക്കുന്നതാണ് ഇസ്‌ലാമിലെ ഈ ലിംഗ കല്‍പന. ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു വിഭാഗത്തെ ഒരു പ്രത്യേക ഗണത്തില്‍പ്പെടുത്തി സത്രീ-പുരുഷ വൃത്തത്തിന് പുറത്ത് നിര്‍ത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന അതീവ ഗുരുതരമായ സാമൂഹിക പ്രതിസന്ധിക്കുള്ള പരിഹാരമാണ് ഇസ്‌ലാമിലെ ഈ ലിംഗസങ്കല്‍പം.

ആദ്യകാലത്ത് അനുഭവങ്ങളും പരിശോധനകളുമാണ് ഭിന്നലിംഗസംബന്ധിയായ നിയമ വിശകലനങ്ങള്‍ക്ക് അക്കാലത്തെ കര്‍മശാസ്ത്രപണ്ഡിതര്‍ അവലംബിച്ചത്. ബാഹ്യപ്രകൃതിയിലെ ചില അടയാളങ്ങളും ലിംഗാവയവ വിന്യാസത്തിലെ വ്യത്യസ്തതയുമാണ് ലിംഗപരമായ വര്‍ഗീകരണത്തിനു പണ്ഡിതര്‍ പരിഗണിക്കുന്നത്. 

ഭിന്നലിംഗവിഭാഗങ്ങള്‍

ഖുന്‍സകള്‍ രണ്ട് ഇനമാണെന്നതില്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ ഏകോപിതരാണ്. ലൈംഗികാവയവങ്ങള്‍ ഗോപ്യമായവരെന്നാണ് ജീവശാസ്ത്രം ഭിന്നലിംഗവിഭാഗത്തിനു നല്‍കുന്ന നിര്‍വചനം. ഇതില്‍ ബാഹ്യവും ആന്തരികവുമായ ലിംഗാവയവങ്ങള്‍ ഉള്‍പ്പെടും. ഖുന്‍സകള്‍ വിവിധ ഇനങ്ങളുണ്ട്. സത്രീയുടേയും പുരുഷന്റെയും അവയവങ്ങളോടൊപ്പം അവയില്‍ ഏതെങ്കിലും ഒന്നിനോട് പ്രകടമായ സാമ്യത പുലര്‍ത്തുന്നവയെയാണ് പ്രകടഭിന്നലിംഗവിഭാഗം(ഖുന്‍സ ഗൈറുമുശ്കില്‍) എന്ന് പറയുന്നത്. ലൈംഗിക സ്വത്വം പൂര്‍ണമായും തിരിച്ചറിയാനാവുന്ന വ്യക്തമായ അടയാളങ്ങളുള്ളവരാണിവര്‍. സാധാരണ ജനനത്തോടെയോ പ്രായപൂര്‍ത്തിയോടെയോ തന്നെ ഇത് തിരിച്ചറിയാനാവുന്നതാണ്. ജൈവികഘടനയിലും സൃഷ്ടിപ്പിലും അല്‍പം സ്‌ത്രൈണതയുള്ള പുരുഷനോ അല്‍പം പൗരുഷ ഭാവത്തോടെയുള്ള സ്ത്രീയോ ആണിവര്‍. ഏത് ലിംഗത്തോടാണ് അവര്‍ക്ക് കൂടുതല്‍ ആഭിമുഖ്യമുള്ളത് ആ ലിംഗവര്‍ഗമായാണ് ഇവര്‍ പരിഗണിക്കപ്പെടുക. ജനനസമയത്ത് പുരുഷന്റെ ലൈംഗികാവയവത്തോടാണ് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നതെങ്കില്‍ ആണായും സ്ത്രീയുടേതിനോടാണെങ്കില്‍ സത്രീയായും കരുതണം. രണ്ടിനോടും തുല്യസാമ്യത പുലര്‍ത്തുന്നതാണെങ്കില്‍ അവകളില്‍ ആദ്യം മൂത്രം വരുന്നതും പിന്നെ കൂടുതല്‍ മൂത്രംവരുന്ന ലിംഗവും ലിംഗനിര്‍ണയത്തിനായി പരിഗണിക്കാവുന്നതാണ്.

സ്ത്രീപുരുഷ ലിംഗങ്ങളുണ്ടാവുകയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനാവാതിരിക്കുകയും ചെയ്യുന്നവരെയാണ് ഗോപ്യഭിന്നലിംഗ വിഭാഗം(ഖുന്‍സ മുശ്കില്‍) എന്ന് പറയുന്നത്. രണ്ട് അവയവങ്ങളിലൂടെയും ഒരേ സമയം തുല്യ അളവില്‍ മൂത്രമൊഴിക്കുക, ശാരീരിക, മാനസിക ഘടനയില്‍  രണ്ട് ലിംഗങ്ങളില്‍ ഏതിനോടും കൂടുതല്‍ സാമ്യമില്ലാതിരിക്കുക, സ്ത്രീ-പുരുഷ ലിംഗാവയവങ്ങള്‍ പരസ്പരം തുല്യമാവുക എന്നിവയാണ് ഖുന്‍സ മുശ്കിലിന്റെ അടയാളങ്ങള്‍.  

ഗോപ്യഭിന്നലിംഗ വിഭാഗത്തെ, രണ്ട് ലൈംഗികാവയവങ്ങളും ഉള്ളവര്‍, രണ്ടാളുടെയും ലൈംഗികാവയവങ്ങള്‍ ഇല്ലാതിരിക്കുകയും വിസര്‍ജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരു ദ്വാരം മാത്രമുള്ളവര്‍ എന്നിങ്ങനെ രണ്ടായി തിരിക്കാം. അവയവങ്ങളില്ലാതെ ദ്വാരത്തിലൂടെ വിസര്‍ജ്യാവശ്യങ്ങള്‍ സാധിക്കുന്ന വിഭാഗത്തെ തന്നെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഭാഗത്തിലൂടെ  സാധിക്കുന്നവര്‍, ചര്‍ദ്ദിയിലൂടെയോ മറ്റോ സാധിക്കുന്നവര്‍, പൊക്കിളിലൂടെ സാധിക്കുന്നവര്‍ എന്നിങ്ങനെ വീണ്ടും വേര്‍തിരിക്കാം.

ലിംഗനിര്‍ണയം

ആര്‍ത്തവം, ശുക്ലസ്രാവം തുടങ്ങിയവ പ്രകടമാവുന്നതിനു മുമ്പ് മൂത്രം വരുന്ന അവയവമേതെന്നു പരിഗണിച്ചാണ് ഭിന്നലിംഗ വിഭാഗങ്ങളുടെ ലിംഗനിര്‍ണയം നടത്തുന്നത്. പുരുഷന്റെ ലിംഗത്തിലൂടെയാണ് മൂത്രമൊഴിക്കുന്നതെങ്കില്‍ ആണായും പെണ്ണിന്റെ അവയവത്തിലൂടെയാണെങ്കില്‍ സത്രീയായും മനസ്സിലാക്കണം. ജനനസമയത്ത് ലിംഗനിര്‍ണയം നടത്താനുള്ള വഴിയും ഇതാണ്. രണ്ട് അവയവങ്ങളിലൂടെയും മൂത്രം വരുന്നുണ്ടെങ്കില്‍ ആദ്യം ഏതിലൂടെയാണ് ഒഴിക്കുന്നതെന്ന് പരിഗണിക്കണം. രണ്ടിലൂടെയും തുല്യ അളവില്‍ വരുന്നതിനെക്കുറിച്ച് കര്‍മശാസ്ത്ര പണ്ഡിതര്‍ക്കു വ്യത്യസ്ഥ വീക്ഷങ്ങളാണുള്ളത്. ഏതെങ്കിലും ഒരു അവയവത്തിലൂടെയുള്ള മൂത്രസ്രാവത്തിന്റെ അളവിലുള്ള വ്യത്യാസം തീരെ പരിഗണിക്കേണ്ടന്നാണ് ഇമാം ശാഫി(റ), അബൂഹനീഫ(റ) തുടങ്ങിയവര്‍ പറയുന്നത് ( അല്‍-മുഗ്‌നി. ഇബിന്‍ ഖുദാമ-7-115). മൂത്രത്തിന്റെ അളവിലെ കുറവും കൂടുതലും അവയവങ്ങളെ ആശ്രയിച്ചാണുള്ളത്. പുരുഷന്മാരേക്കാള്‍ അല്‍പം വിസ്തൃതമാവും സത്രീകളുടെ അവയവമെന്നാണ്  ഇവരുടെ ന്യായീകരണം. ഏത് അവയവത്തില്‍ നിന്നാണ് ആദ്യം വരുന്നതെന്ന് തിരിച്ചറിയാത്ത ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അളവില്‍ ഏതിലൂടെയാണ് വരുന്നതെന്ന് പരിഗണിക്കപ്പെടണമെന്നാണ് മാലികി, ഹമ്പലി തുടങ്ങിയ മദ്ഹബുകളുടെ പക്ഷം. ഹനഫി പണ്ഡിതന്‍മാരായ അബൂയൂസുഫ്, മുഹമ്മദ് തുടങ്ങിയവരും ഇതേ വാദഗതിക്കാരാണ്( ശറഹുല്‍ കബീര്‍  / ഇബിന്‍ ഖുദാമ 149-7). ഏതെങ്കിലും ഒരു അവയവത്തിലൂടെ മൂത്രം അധികം വരുന്നുണ്ടെങ്കില്‍ ആ അവയവത്തിന് പ്രാധാന്യമുണ്ടെന്ന പോലെതന്നെ മൂത്രത്തിന്റെ അളവിലുള്ള വ്യത്യസവും ലിംഗനിര്‍ണയത്തില്‍ പ്രതിഫലിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ലിംഗ നിര്‍ണയത്തില്‍ മൂത്രത്തിലെ അളവിന് തീരെ പരിഗണനയില്ലെന്ന ശാഫി ഇമാമിന്റെ അഭിപ്രായമാണ് യുക്തിയോട് കൂടുതല്‍ യോജിക്കുന്നതും ശാസ്ത്രീയ നിരീക്ഷണങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതും. ചെറുപ്രായത്തില്‍ ലിംഗ നിര്‍ണയം നടത്താന്‍ ദുഷ്‌കരമായ ഭിന്നലിംഗവിഭാഗക്കാരുടെ ലിംഗ നിര്‍ണയത്തെ കുറിച്ച് പണ്ഡിതന്‍മാര്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. രണ്ട് അവയവങ്ങളിലൂടെയും തുല്യ അളവില്‍ മൂത്രം വരിക, സമയ നിഷ്ഠയിലും അളവിലും രണ്ടും തുല്യമാവുക  തുടങ്ങിയവ മൂലം ചെറുപ്രായത്തിലെ ലിംഗ നിര്‍ണയം അസാധ്യമായാല്‍ പ്രായപൂര്‍ത്തിയെത്തുന്നത് വരെ കാത്തിരിക്കണമെന്നാണ് പണ്ഡിതന്‍മാര്‍ പറയുന്നത്(മജ്മൂഅ:് നവവി, 55-2).

ആര്‍ത്തവം, ശുക്ല സ്രാവം, ഗര്‍ഭം, സ്ത്രീ പ്രാപ്യം, പ്രസവം, ശരീര പ്രകൃതിയിലും പെരുമാറ്റരീതിയിലുമുള്ള പ്രകടമായ പൗരുഷ ഭാവം, സത്രീകളില്‍ കാണപ്പെടുന്ന നേരിയ ലൈംഗിക ചോദന, സ്‌ത്രൈണത തുടങ്ങിയവയാണ് ഭിന്നലിംഗവിഭാഗക്കാരുടെ പ്രായപൂര്‍ത്തിയെ ദ്യോതിപ്പിക്കുന്ന അടയാളങ്ങള്‍. വാരിയെല്ലുകളിലെ എണ്ണത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍, മിതവും അമിതവുമായ സ്തന വളര്‍ച്ചയിലെ വലിപ്പ വ്യത്യാസം, പാല്‍ ചുരത്തല്‍, ഏതെങ്കിലും ഒരു ലിംഗവര്‍ഗത്തോടുള്ള പ്രത്യേക പ്രതിപത്തി തുടങ്ങിയവ പ്രായപൂര്‍ത്തിയുടെ അടയാളമായി ഗണിക്കപ്പെടുന്നുവെങ്കിലും ചില പണ്ഡിതന്‍മാര്‍ അതില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ട്. 

കര്‍മശാസത്ര നിയമങ്ങള്‍

സത്രീ-പുരുഷ ലിംഗവിഭാഗങ്ങളെ പരിഗണിച്ചാണ് ഇസ്‌ലാമിലെ കര്‍മശാസ്ത്ര നിയമ വ്യവസ്ഥകളിലധികവും. ഭിന്നലിംഗവിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ സൂക്ഷമതയേതോ അത് സ്വീകരിക്കുക എന്നതാണ് ശരീഅത്തിന്റെ മാനം. കര്‍മശാസത്ര ഗ്രന്ഥങ്ങളില്‍ ഖുന്‍സ എന്ന നിരുപാധിക പ്രതിപാദ്യം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഖുന്‍സ മുശ്കിലാണ്. ഖുന്‍സ സംബന്ധിയായ അധിക വിഷയങ്ങളിലും ഫിഖ്ഹീ പണ്ഡിതന്‍മാര്‍ അഭിപ്രായ ഐക്യത്തിലാണെങ്കിലും ചില വിഷയങ്ങളില്‍ ചെറു ഭിന്നതകളുണ്ട്. സൂക്ഷ്മത, ഗുണപരം, കൂടുതല്‍ അനുകൂലമാവുക തുടങ്ങിയവയാണ് ഖുന്‍സകളുടെ നിയമരൂപീകരണത്തില്‍ പണ്ഡിതര്‍ പുലര്‍ത്തുന്ന പൊതുമാനദണ്ഡങ്ങള്‍. ഇസ്‌ലാമിലെ ഭിന്നലിംഗ വിഭാഗനിയമങ്ങള്‍ രണ്ട് വിധത്തിലാണ്. ഖുന്‍സ എന്ന സ്വത്വത്തെ പരിഗണിച്ചും, ആണ്‍-പെണ്‍ എന്ന അടിസ്ഥാന ലിംഗഗണത്തില്‍ ഉള്‍പെടുത്തിയുള്ള നിയമനിര്‍മാണവുമാണ് അവ.

ഖുന്‍സയെ ഖുന്‍സയായി പരിഗണിച്ചുള്ള നിയമങ്ങള്‍ നിരവധിയുണ്ട്. പുരുഷന്‍മാര്‍ക്ക് വേണ്ടി ഇമാമത്ത് നില്‍ക്കല്‍, ജുമുഅ നിസ്‌കാരം, ഖുതുബ നിര്‍വഹണം തുടങ്ങിയവ ഖുന്‍സകളില്‍ നിന്ന് സ്വീകാര്യമല്ല(മജ്മൂഅ്- 60-2) നിസ്‌കാരത്തില്‍ സ്ത്രീകളെ പോലെ  ഉറക്കെ ഓതല്‍ ഖുന്‍സകള്‍ക്ക് സുന്നത്തില്ല. (മുഗ്‌നി. 18-106) ബാങ്ക്, ഇഖാമത്ത്  തുടങ്ങിയവയില്‍ ശബ്ദം ഉയര്‍ത്തല്‍ അനുവദനീയമല്ല.(മജ്മൂഅ്. (60-2). ഖുന്‍സ പുരുഷനാവാന്‍ സാധ്യതയുള്ളതിനാല്‍ താടി വടിക്കല്‍ അനുവദനീയമല്ല; സത്രീയാവാന്‍ സാധ്യതയുള്ളതിനാല്‍ താടിയുടെ  അകം കഴുകല്‍ നിര്‍ബന്ധവുമാവും(മജ്മൂഅ് (50-2) രണ്ടാലൊരു അവയവത്തിലൂടെ വല്ലതും പുറത്ത് വരിക, ലിംഗാവയങ്ങളേതെങ്കിലുമൊന്ന് സ്പര്‍ശിക്കുക, ഒരേ സമയം സത്രീയും പുരുഷനും അവനെ സ്പര്‍ശിക്കുക, തുടങ്ങിയ കാരണങ്ങളിലൂടെയാണ് ഖുന്‍സകളുടെ വുദൂ മുറിയുന്നത്.  ഏതെങ്കിലും ഒരു അവയവത്തില്‍ നിന്നും ആര്‍ത്തവം ഉണ്ടായാല്‍ അവളെ പ്രായപൂര്‍ത്തിയെത്തിയ പെണ്ണായി പരിഗണിക്കപ്പെടും. പുരുഷനാവാന്‍ സാധ്യതയുള്ളതിനാല്‍ ആര്‍ത്തവം കൊണ്ട് നിഷിദ്ധമായ കാര്യങ്ങള്‍ അവര്‍ക്ക് ഹറാമാവില്ല. സത്രീയാവാന്‍ സാധ്യതയുള്ളതിനാല്‍ ശരീരം മുഴുവനും മറക്കല്‍ അവര്‍ക്ക് നിര്‍ബന്ധമാവും; എന്നാല്‍ പുരുഷനാവാന്‍ സാധ്യതയുള്ളതിനാല്‍ പുരുഷന്റെ ഔറത്ത് മറച്ചുള്ള നിസ്‌കാരം സാധുവാകും. (മജ്മൂഅ്. 51-2) ഹജ്ജ് വേളയില്‍ തലയും മുഖവും ഒരേ സമയവും മറച്ചാല്‍ മാത്രമേ ഫിദ്‌യ നിര്‍ബന്ധമാവുകയുള്ളു(മജ്മൂഅ്. 53-2)

ആണ്‍-പെണ്‍ നിയമങ്ങളില്‍ നിന്നും ഭിന്നമായവ 

ഭിന്നലിംഗ വിഭാഗങ്ങളുടെ ജൈവികവും ശാരീരികവുമായ ദൗര്‍ബല്യം പരിഗണിച്ച് ഖുന്‍സകളുടെ വിവാഹം ഇസ്‌ലാമിലെ വൈവാഹിക നിയമ പ്രകാരം സാധുവാകില്ല(മവാഹിബുല്‍ മുഹ്താജ്161-9). അവരിലെ ശാരീരിക പരിമിതികളും മാനസിക ചാഞ്ചല്യവും മൂലം ഉണ്ടായേക്കാവുന്ന ദൂര്യവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് തടയിടുകയെന്നതാണ് ഇസ്‌ലാമിക വീക്ഷണത്തിന്റെ കാതല്‍. ജീവിതാനുഭവങ്ങളും പുതിയകാല ശാസ്ത്രീയ നിരീക്ഷണങ്ങളും ഭിന്നലിംഗക്കാരുടെ വൈവാഹിക ജീവിതം അത്ര അഭിലഷണീയമാവില്ല എന്ന് ദ്യോതിപ്പിക്കുന്നുണ്ട്. സത്രീയും പുരുഷനും ആവാന്‍ സാധ്യതയുള്ളതിനാല്‍ ഖുന്‍സകളുമായുള്ള സംസര്‍ഗത്തിലും സമീപനത്തിലും ശരീഅത്ത് കര്‍ക്കശമായ നിലപാട് പുലര്‍ത്തുന്നുണ്ട്. പരസ്ത്രീകളുടെയും അന്യപുരുഷന്‍മാരുടെയും ഗണത്തില്‍ പെടുന്നതിനാല്‍ അവരോടുള്ള സഹസഞ്ചാരവും അനാവശ്യ സ്പര്‍ശവും അനുവദനീയമല്ല. ഖുന്‍സകളുടെ മരണാനന്തരക്രിയകളില്‍ പോലും ശരീഅത്ത് ഈ വൈചാത്യം സൂക്ഷിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പ് മരണപ്പെട്ട ഖുന്‍സയെ കുളിപ്പിക്കേണ്ടതില്ലെന്നും പകരം തയമ്മും ചെയ്താല്‍ മതിയെന്നുമാണ് പണ്ഡിതന്‍മാര്‍ പറയുന്നത്(മജ്മൂഅ്52-2). ഖുന്‍സകളുടെ ശാരീരികപരിമിതികള്‍ പരിഗണിച്ച്, ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ അവര്‍ക്ക് വ്യത്യസ്ഥമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ട്. അവര്‍ ചേലാകര്‍മം ചെയ്യേണ്ടതില്ല(അശ്ബാഹു വ നളാഇര്‍ 224, 2)കല്ല് കൊണ്ടുള്ള ശുചീകരണം സാധുവാകില്ല(തുഹ്ഫത്തുല്‍ മുഹ്താജ് 2-248), സ്വര്‍ണം, വെള്ളി തുടങ്ങിയവ ഉപയോഗ്യമല്ല (ഹാശിയ ബുജൈരിമി 6-273)എന്നിങ്ങനെ നീളുന്നു അവ. ഇസ്‌ലാമിക കര്‍മശാസത്ര പ്രകാരം ഭിന്നലിംഗക്കാര്‍ മിക്കവിഷയങ്ങളിലും പുരുഷന്മാരുടെ നിയമത്തോടാണ് ചേര്‍ന്നു നില്‍ക്കുന്നത്; സ്വര്‍ണം, പട്ട് തുടങ്ങിയവയുടെ ഉപയോഗത്തില്‍ പുരുഷ നിയമമാണ് ഖുന്‍സക്കു ബാധകമാവുക. സത്രീ ഇമാമായി നില്‍ക്കുകയാണെങ്കില്‍ മഅ്മൂമായി നില്‍ക്കുന്ന ഭിന്നലിംഗ വിഭാഗക്കാര്‍ സ്ത്രീകളുടെ സ്വഫില്‍ നിന്നും അല്‍പം മുന്‍ വശത്തേക്ക് തെറ്റി നില്‍ക്കുകും ചെയ്യണം. 

ചുരുക്കത്തില്‍ സ്വാഭാവിക സാമൂഹിക നിയമങ്ങളില്‍ നിന്നു ഖുന്‍സകളെ മാറ്റിനിര്‍ത്തി പുതിയ നിയമനിര്‍മാണം നടത്താതെ ഇസ്‌ലാം അവരെ സ്വാഭാവിക ലിംഗവിഭാഗങ്ങളിലേക്കു ഒരു പരിധിവരെ ചേര്‍ത്തുനിര്‍ത്തുകയാണ്.  പൊതുവേ ഇസ്‌ലാമിക നിയമങ്ങളില്‍ പുലര്‍ത്തേണ്ട സൂക്ഷമതയുടെ ഭാഗമായി സ്വാഭാവികലിംഗവിഭാഗങ്ങളോട് യാതൊരുവിധേനയും ചേര്‍ന്നു നില്‍ക്കാത്തവര്‍ക്കു മതത്തിനകത്ത് അവര്‍ക്കുള്ള പരിമിതികള്‍ മാനിച്ചുകൊണ്ട്  പ്രത്യേകമായി വൈയക്തിക നിയമങ്ങള്‍ നിഷ്‌കര്‍ശിക്കുകയുമാണ് ഇസ്‌ലാം ചെയ്യുന്നത്. 

*ഖുന്‍സ എന്ന അറബി പദം മലയാളഭാഷയില്‍ ഭിന്നലിംഗവിഭാഗത്തെ സൂചിപ്പിക്കുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter