സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷിക സമ്മേളനത്തിന് തുടക്കമായി
കൊല്ലം∙ വിശ്വശാന്തിക്കു മതവിദ്യ എന്ന സന്ദേശം ഉയർത്തി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യാപക സംഘടന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60–ാം വാർഷിക സമ്മേളനം കൊല്ലം ആശ്രാമം മൈതാനിയിൽ ഇന്നു തുടങ്ങും. ഇതിനു മുന്നോടിയായി ഇന്നലെ വൊളന്റിയർ പരേഡും ആത്മീയ മജ്‌ലിസും നടന്നു. ഒരു വർഷമായി ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തിവരുന്ന വിവിധ പദ്ധതികളുടെ സമാപനമായാണു മഹാ സമ്മേളനം. അറുപതാം വാർഷിക സ്മരണ ഉണർത്തി ഇന്നു വൈകിട്ടു 3.15ന് 60 പതാകകൾ 60 പേർ ഒരുമിച്ച് വായിലേക്കുയർത്തും. 4ന് സമ്മേളനം കർണാടക സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മൗലാന മുഫ്തി ഷരീഫുൽ ഇസ്‌ലാം ഉദ്ഘാടനം ചെയ്യും. സുവനീർ പ്രകാശനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും. 6.45ന് അവബോധം ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും. 28നു 2 വേദികളിലായി പഠന ക്യാംപ് ആരംഭിക്കും. ഇന്നലെ സന്ധ്യയ്ക്ക് നടന്ന മജ്‌ലിസുന്നൂർ ആത്മീയ സദസ്സിനു മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി. ആലപ്പുഴ ഹദായത്തുല്ല തങ്ങളുടെ പ്രാർഥനയോടെയായിരുന്നു തുടക്കം. പൗരത്വ നിയമം സംബന്ധിച്ച് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തി. ഹസൻ സഖാഫി പൂക്കോട്ടൂർ, ഹൈദർ മുസല്യാർ, ഏലംകുളം ബാപ്പു മുസല്യാർ, ഷറഫുദീൻ തങ്ങൾ എറണാകുളം, അബ്ദുല്ല തങ്ങൾ, പൂക്കോയ തങ്ങൾ എന്നിവർ പ്രസംഗിച്ചു. സമ്മേളനം 29നു സമാപിക്കും. സമാപന സമ്മേളനത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ലക്ഷം അധ്യാപകരടക്കം10 ലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter