ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിനിധികളെ നിയോഗിച്ച് യു.എസ്
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് റിട്ടയേഡ് ജനറല്‍ ഉള്‍പ്പെടെ രണ്ട് പ്രത്യേക പ്രതിനിധികളെ അമേരിക്ക നിയോഗിച്ചു. റിട്ടയേഡ് ജനറലും മുന്‍ മിഡില്‍ ഈസ്റ്റ് നയതന്ത്രപ്രതിനിധിയുമായ ആന്റണി സിന്നി, മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ടീം ലെന്റര്‍കിങ് എന്നിവരെ ഖത്തറുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനാണ് നിയോഗിച്ചത്. ബന്ധപ്പെട്ട രാജ്യങ്ങളുടെ മേല്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തി പരിഹാരം വേഗത്തിലാക്കുന്നതിനാണ് ഇവരെ നിയോഗിച്ചതെന്ന് ടില്ലേഴ്‌സന്‍ പറഞ്ഞു. ടെലഫോണ്‍ സംഭാഷണത്തിന് പരിമിതികളുണ്ടെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി നേരിട്ടുള്ള ഇടപെടല്‍ സാധ്യമാക്കുന്നതിന് ഇവരെ നിയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറൈന്‍ ജനറലായിരുന്ന 73കാരനായ സിന്നി നേരത്തേ മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സേനയ്ക്ക് നേതൃത്വം നല്‍കിയിരുന്നയാളാണ്. സൈനിക സേവനത്തിന് ശേഷം ഇസ്രാഈലിലെയും ഫലസ്തീനിലെയും പ്രത്യേക പ്രതിനിധിയായും ജോലി ചെയ്തിരുന്നു.
അതേ സമയം, ഭീകരതയ്ക്ക് ഫണ്ട് ലഭിക്കുന്നത് തടയിടുന്നതിന് അമേരിക്കയുമായി ഒപ്പിട്ട ധാരണാപത്രം നടപ്പാക്കുന്നതില്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ടില്ലേഴ്‌സന്‍ പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധി മേഖലയെ അസ്ഥിരപ്പെടുത്തുകയും ജി.സി.സി രാജ്യങ്ങളുടെ ഐക്യം തകര്‍ക്കുകയും ചെയ്യുമെന്നതിനാലാണ് അമേരിക്ക പരിഹാര ശ്രമം തുടരുന്നതെന്ന് ടില്ലേഴ്‌സന്‍ വാഷിങ്ടണില്‍ പറഞ്ഞു.
പ്രതിസന്ധിയുടെ തുടക്കം മുതല്‍ മധ്യസ്ഥതയ്ക്ക് പിന്തുണ നല്‍കുന്ന അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിലപാടിനെ ടില്ലേഴ്‌സന്‍ പ്രശംസിച്ചു. എല്ലാവരുമായും നിരന്തരം ബന്ധപ്പെട്ട് പരിഹാരം ശ്രമം തുടരും. നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെടണമെങ്കില്‍ എല്ലാവരും കാര്യമായ വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ബന്ധപ്പെട്ട കക്ഷികളെ പ്രേരിപ്പിക്കുന്നതിനും സമ്മര്‍ദ്ദം ചെലുത്തുന്നതിനും വേണ്ടിയാണ് രണ്ട് പ്രതിനിധികളെ നിയോഗിച്ചത്. മുഖാമുഖമുള്ള ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.