ഉമ്മു സലമ (റ)

പ്രവാചകരുടെ സുപ്രധാന പത്‌നികളിലൊരാളാണ് ഉമ്മു സലമ (റ). ഖുറൈശിലെ ബനൂ മഖ്‌സൂം ഗോത്രത്തില്‍ ജനിച്ചു. അബൂ ഉമയ്യയാണ് പിതാവ്. ആതിക ബിന്‍ത് ആമിര്‍ മാതാവും. അബ്ദുല്ല ബിന്‍ അബ്ദില്‍ അസദ് എന്ന അബൂ സലമയുമായായിരുന്നു പ്രഥമ വിവാഹം. ഇസ്‌ലാം കടന്നുവന്നതോടെ ഇരുവരും  വിശ്വസിച്ചു. പ്രവാചകരോടൊപ്പം ചേര്‍ന്നു. ഇസ്‌ലാമിലെ പ്രഥമ പലായന സംഘം അബ്‌സീനിയയിലേക്ക് യാത്രയായപ്പോള്‍ കൂട്ടത്തിലെ നാല് ദമ്പതികളില്‍ ഒന്നായി ഇവരുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഇസ്‌ലാമിനു വേണ്ടി ഹിജ്‌റ നിര്‍വ്വഹിച്ച ആദ്യ വനിത എന്ന ബഹുമതി ഇവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്.


ഇസ്‌ലാമിന്റെ തുടക്ക കാലമായതുകൊണ്ടുതന്നെ തുടര്‍ന്നങ്ങോട്ട് വളരെ ക്ലേശങ്ങള്‍ തരണം ചെയ്തുകൊണ്ടായിരുന്നു ഈ ദമ്പതികളുടെ ജീവിതം. ബദ്‌റും ഉഹ്ദും കടന്നുവന്നു. ഉഹ്ദില്‍ അബൂസലമ അതി ശക്തമായിതന്നെ പോരാടി. അദ്ദേഹത്തിന്റെ ധൈര്യവും സ്ഥൈര്യവും പ്രവാചകനെ ഏറെ സന്തോഷിപ്പിച്ചു. അശൂറ യുദ്ധത്തിനു പോയപ്പോള്‍ മദീനയില്‍ പ്രവാചകന്‍ പ്രതിനിധിയായി നിര്‍ത്തിയത് അദ്ദേഹത്തെയായിരുന്നു. ബനൂ അസദിനെ ഉന്നംവെച്ചു പുറപ്പെട്ട സൈന്യത്തിന്റെ നേതൃത്വവും പ്രവാചകന്‍ അബൂസലമയെത്തന്നെ ചുമതലപ്പെടുത്തി. പക്ഷെ, ഈ ഏറ്റുമുട്ടലില്‍ മഹാനവര്‍കള്‍ക്കു സാരമായി പരിക്കേല്‍ക്കുകയും ശയ്യാവലംബിയായിത്തീരുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കകം അദ്ദേഹം മരണപ്പെടുകയും ചെയ്തു.


ഉമ്മുസലമയെ സംബന്ധിച്ചിടത്തോളം വളരെ ദു:ഖകരമായ ഒരു സംഗതിയായിരുന്നു ഇത്. ഇസ്‌ലാമിന്റെ തുടക്കകാലംമുതല്‍തന്നെ തന്റെ എല്ലാമെല്ലാമായിരുന്ന പ്രിയ ഭര്‍ത്താവിന്റെ വേര്‍പാട് അവരില്‍ വല്ലാത്ത ആഘാതമേല്‍പ്പിച്ചു. നാല് കുഞ്ഞുങ്ങളുടെ അനാഥത്വമായിരുന്നു വലിയ വേദന. ഭര്‍ത്താവിന്റെ വിയോഗാനന്തരം സന്താന ശിക്ഷണത്തിലായി മഹതി തന്റെ ജീവിതം കഴിച്ചുകൂട്ടി. അതിനിടെ അബൂബക്ര്‍ സ്വിദ്ധീഖും ഉമറുല്‍ ഫാറൂഖും അവരോട് വാവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും അവര്‍ സമ്മതിച്ചില്ല. ‘എനിക്കു ശേഷം ഉമ്മു സലമക്ക് നീ എന്നെക്കാള്‍ നല്ല ഒരു ഭര്‍ത്താവിനെ നല്‍കേണമേ’ എന്ന അബൂ സലമയുടെ പ്രാര്‍ത്ഥനയാണ് നിരന്തരം അവരുടെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നത്. ഒടുവില്‍ അതുതന്നെ സംഭവിച്ചു. ഉമ്മു സലമ പ്രവാചകരുമായി വിവാഹിതയായി.


ഉമ്മു സലമയെ സംബന്ധിച്ചിടത്തോളം തന്റെ മാനസിക വേദനകള്‍ക്ക് ശമനം ലഭിക്കാന്‍ ഇതുതന്നേ  മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ തന്റെ ജീവിതം ശീലിച്ചെടുത്ത അവര്‍ തന്റെ ശിഷ്ടകാലം  പ്രവാചകരോടൊത്ത് കഴിച്ചുകൂട്ടി. തീര്‍ത്തും പൂര്‍വ്വോപരി മാതൃകാപരമായിരുന്നു ഈ ദാമ്പത്യജീവിതം. ലോകാനുഗ്രഹിയായ പുണ്യപൂമേനിയുടെ വീട്ടില്‍ മഹതി അനുസരണയോടെ ജീവിച്ചു.
പ്രവാചകരോടൊന്നിച്ച് കുറേ കാലം ജീവിക്കാനും അനവധി ഹദീസുകള്‍ നിവേദനം ചെയ്യാനും മഹതിക്ക് കഴിഞ്ഞിട്ടുണ്ട്. ആഇശാ ബീവി കഴിഞ്ഞാല്‍ വിജ്ഞാനത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍  ഉമ്മുസലമ തന്നെയായിരുന്നു. സ്വഹാബികല്‍ സംശയനിവാരണത്തിന് മഹതിയെയും സമീപ്പിക്കാറുണ്ടായിരുന്നു. ഹിജ്‌റ 61 ല്‍ മഹതി ലോകത്തോട് വിടപറഞ്ഞു. അന്ന് അവര്‍ക്ക് 84 വയസ്സായിരുന്നു.    പ്രവാചക പത്‌നിമാരില്‍ ഏറ്റവും അവസാനം മരണമടഞ്ഞത് മഹതിയായിരുന്നു. ജന്നത്തുല്‍ ബഖീഇല്‍ തന്നെയാണ് ഖബറ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter