തിരുനബിയുടെ ഭവനം
പ്രവാചകത്വത്തിന്റെ പതിമൂന്നാം കൊല്ലം റബീഉല്‍ അവ്വല്‍ മാസത്തിലാണ് നബി(സ) മദീനയിലെത്തിയത്. മദീനയുടെ തെക്കേ അതിര്‍ത്തിയില്‍ ഖുബാ പ്രദേശത്ത് ബനൂ അംറുബ്‌നുഔഫിന്റെ ഏരിയയിലാണ് നബി(സ) ആദ്യമായി ചെന്നത്. അന്ന് തിങ്കളാഴ്ച ദിനമായിരുന്നു. റബീഉല്‍ അവ്വല്‍ 12 - 14 ദിവസങ്ങള്‍ ഖുബാഇല്‍ താമസിച്ച പ്രവാചകന്‍ അവിടെ ഒരു പള്ളിക്ക് തറകെട്ടി. അതാണ് മസ്ജിദുല്‍ ഖുബാ. ഖുബാഇല്‍ നബി(സ) താമസിച്ച ദിവസങ്ങളെല്ലാം പ്രസ്തുത പള്ളിയിലായിരുന്നു നിസ്‌കാരം നടത്തിയത്. പിന്നീട് നബി(സ) അവിടെനിന്നും പുറപ്പെട്ടു. അന്ന് വെള്ളിയാഴ്ച ദിവസമായിരുന്നു.
ബനൂസലാമുബ്‌നു ഔഫ് താമസിക്കുന്ന പ്രദേശത്തെത്തിയപ്പോള്‍ അവിടെ ഇറങ്ങി അവര്‍ നിസ്‌കരിച്ചിരുന്ന സ്ഥലത്തുവെച്ചു ജുമുഅയും നിസ്‌കരിച്ചു. നബി(സ) ആദ്യമായി നിര്‍വ്വഹിച്ച ജുമുഅ. അതാണ് മസ്ജിദുല്‍ ജുമുഅ. ആ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനുശേഷം വീണ്ടും നബി(സ) യാത്ര തുടര്‍ന്നു. പ്രവാചകനെ ആശീര്‍വദിക്കാനും, മംഗളം നേരാനും വഴിവക്കുകളില്‍ ജനങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. പ്രവാചകാഗമനം അവര്‍ക്കെല്ലാം ആഹ്ലാദമായിരുന്നു. ദഫ്ഫ് മുട്ടിയും, പ്രകീര്‍ത്തനങ്ങള്‍ ആലപിച്ചും പ്രവാചകനെ അവര്‍ സ്വീകരിച്ചു. ആ സുദിനങ്ങള്‍ അവരുടെ ജീവിതത്തിലെ ഒരനര്‍ഘ നിമിഷങ്ങളായിത്തന്നെ നിലനിന്നു. 'സനിയ്യത്തുല്‍ വദാഇലൂടെ പൂര്‍ണ ചന്ദ്രന്‍ ഞങ്ങള്‍ക്കുദിച്ചുവന്നിരിക്കുന്നു. അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുന്നവരുള്ള കാലമത്രയും ഞങ്ങള്‍ക്ക് നന്ദിചെയ്യല്‍ കടപ്പെട്ടിരിക്കുന്നു. ഞങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകരേ, അനുസരിക്കപ്പെടേണ്ട കാര്യവുമായി താങ്കള്‍ വന്നിരിക്കുന്നു.' നബി(സ)യെ സ്വീകരിച്ചാനയിച്ചപ്പോള്‍ അവര്‍ ചൊല്ലിയ പദ്യശകലങ്ങള്‍ ഇന്നും മുസ്‌ലിം മനസ്സുകളില്‍ ആനന്ദം വിടര്‍ത്തുന്നു. നബി(സ)യുടെ മാതൃകുടുംബാംഗങ്ങളായ ബനൂനജ്ജാര്‍ ഗോത്രക്കാരുടെ അകമ്പടിയോടെ മദീനയിലേക്കു നടന്നുനീങ്ങിയ പ്രവാചകന്‍ അബൂ അയ്യൂബുല്‍ അന്‍സാരി(റ)യുടെ മുറ്റത്തെത്തിയപ്പോള്‍ നിസ്‌കാരത്തിനു സമയമായിരുന്നു.
അബൂ അയ്യൂബിന്റെ വീടിന്റെ തെക്കു പടിഞ്ഞാറു വശത്തായി സ്ഥിതിചെയ്തിരുന്ന അസ്അറുബ്‌നു സുദാറയുടെ മേല്‍നോട്ടത്തിലുണ്ടായിരുന്ന സഹ്‌ല്, സുഹൈല്‍ എന്നീ അനാഥകുട്ടികളുടെ ഈത്തപ്പഴക്കുളത്തില്‍ നബി(സ)യുടെ ഒട്ടകം മുട്ടുകുത്തുകയും അവിടെ ഇറങ്ങി നിസ്‌കാരം നിര്‍വ്വഹിക്കുകയും ചെയ്തു. പ്രസ്തുത സ്ഥലത്ത് ഒട്ടകം മുട്ടുകുത്തിയപ്പോള്‍ നബി(സ) പറഞ്ഞു: ഇതാണ് അല്ലാഹു വേണ്ടുകവെച്ചാല്‍ താമസസ്ഥലം.
പിന്നീട് നബി(സ) ആ രണ്ടു അനാഥക്കുട്ടികളെയും വിളിച്ചുവരുത്തി അവരുടെ ഈ സ്ഥലം വില്‍ക്കാനാവശ്യപ്പെട്ടു. പക്ഷേ, പ്രവാചകനു വിലക്കു നല്‍കാതെ അതിനെ സംഭാവന നല്‍കാനായിരുന്നു അവര്‍ ആഗ്രഹിച്ചത്. എങ്കിലും നബി(സ) അത് കൂട്ടാക്കിയില്ല. വില കൊടുത്ത് വാങ്ങാന്‍ തന്നെ പ്രവാചകന്‍ തീരുമാനിച്ചു. ഒടുവില്‍ പ്രസ്തുത സ്ഥലം നബി(സ) വിലക്കെടുത്തു. അവിടെ പള്ളി നിര്‍മ്മിക്കാന്‍ ആജ്ഞാപിച്ചു. പ്രവാചക കല്പനയനുസരിച്ച് പള്ളി നിര്‍മ്മാണത്തില്‍ സ്വഹാബികള്‍ ജാഗ്രതരായി. നബി(സ)യുടെ കല്പനപ്രകാരം അവിടെ ഉണ്ടായിരുന്ന മുശ്‌രിക്കുകളുടെ ഖബറുകളെല്ലാം പൊളിച്ചുനീക്കി. ഈത്തപ്പനകള്‍ മുറിച്ചുമാറ്റി. കുഴികള്‍ തട്ടിനിരത്തി. നബി(സ)യും അവരോടൊപ്പം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. അതിശക്തവും മനോഹരവുമായ രീതിയല്‍ തന്നെ ഈ പള്ളി നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് സ്വഹാബിമാര്‍ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും നബി(സ) പറഞ്ഞു: മരക്കഷ്ണങ്ങളും മരത്തിന്റെ കൊമ്പുകളും ചേര്‍ത്ത മൂസാ(അ)ന്റെ പന്തല്‍പോലോത്ത ഒരു പന്തലും മൂസാ(അ)ന്റെ കൂടാരം പോലോത്ത ഒരു കൂടാരവും എനിക്കു നിങ്ങള്‍ നിര്‍മ്മിച്ചുതരിക. അവര്‍ ചോദിച്ചു: എന്താണ് മൂസാ(അ)ന്റെ കൂടാരം? നബി(സ) പറഞ്ഞു: അദ്ദേഹം അതിനുള്ളില്‍ നിന്നാല്‍ മേല്‍ക്കൂരയില്‍ തല മുട്ടുമായിരുന്നു. ആര്‍ഭാടമില്ലാത്ത അത്യാവശ്യരീതിയിലുള്ള ഒരു പള്ളി നിര്‍മ്മിക്കാനുള്ള പ്രവാചക കല്‍പന ശിരസാവഹിച്ചുകൊണ്ട് ജോലിയില്‍ നിരതരായ സ്വഹാബികള്‍ക്ക് പ്രവാചക സാന്നിധ്യം ആവേശംപകര്‍ന്നു. അന്ത്യനാളു വരെയും മനുഷ്യമനസ്സുകള്‍ക്ക് സന്മാര്‍ഗ്ഗത്തിന്റെ കിരണങ്ങളെത്തിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആധികാരിക പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ആനന്ദമായി. പള്ളിനിര്‍മ്മാണം തകൃതിയായി നടന്നുകൊണ്ടിരിക്കെ യമാമയില്‍ നിന്നു ബനൂ ഹനീഫ ഗോത്രക്കാരനായ ത്വല്‍ഖ്ബ്‌നു അലി(റ) കടന്നുവന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിപുണനായ അദ്ദേഹം പ്രവാചകനും ജോലിയിലേര്‍പ്പെടുന്നതു കണ്ട് ഉടന്‍ ഒട്ടും ആലോചിക്കാതെ അദ്ദേഹം മണ്ണ് കിളച്ചുകൂട്ടാന്‍ തുടങ്ങി. നബി(സ) അദ്ദേഹത്തെ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ അസാമാന്യപാഠവം പ്രവാചകനെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തെ നബി(സ) പ്രശംസിച്ചു: 'ഈ ഹനഫീ മണ്‍പണിക്കാരന്‍ തന്നെ. ഈ യമാമക്കാരനു മണ്ണു നിങ്ങള്‍ അടുപ്പിച്ചുകൊടുക്കുക. അദ്ദേഹം നിങ്ങളില്‍ കഴിവുള്ളവനും ശക്തനുമാണ്.' 70 മുഴം നീളവും 60 മുഴം വീതിയും ഉള്ള പള്ളിയാണ് അന്ന് നബി(സ) പണിതീര്‍ത്തത്.
വിജ്ഞാനത്തിന്റെ കേന്ദ്രം. ദേവിക സന്ദേശങ്ങള്‍ ഇറക്കപ്പെട്ട മഹത്തായ സ്ഥാനം. മനുഷ്യമനസ്സുകള്‍ക്ക് സത്യവശ്വാസത്തിന്റെ പ്രകാശം എത്തിക്കാനുള്ള പ്രകാശകേന്ദ്രം. സത്യവിശ്വാസികളുടെ ആശാകേന്ദ്രവും ആവേശവും എല്ലാമായി മസ്ജിദുന്നബവി പ്രവാചക പള്ളി ഉയര്‍ന്നുവന്നു. ഹിജ്‌റ വര്‍ഷാദ്യത്തില്‍ തന്നെയായിരുന്നു ഈ സംഭവം. പള്ളി നിര്‍മ്മാണം പൂര്‍ത്തിയായതോടെ നബി(സ) സ്വന്തമായി ഒരു വീടുനിര്‍മ്മിക്കാന്‍ തുടങ്ങി. നബി(സ) മദീനയില്‍ വരുമ്പോള്‍ രണ്ടു ഭാര്യമാരുണ്ടായിരുന്നെങ്കിലും ഒന്ന് മാത്രമാണ് നബി(സ)യോടൊപ്പം താമസിച്ചിരുന്നത്. സൗദ(റ)യും ആയിശ(റ)യുമായിരുന്നു അവര്‍. ഖദീജ(റ) വഫാത്തായതിനു ശേഷം പ്രവാചകത്വത്തിന്റെ 10-ാം കൊല്ലം മക്കയില്‍വെച്ചുതന്നെ സൗദ(റ)യെ നബി(സ) കല്യാണം ചെയ്യുകയും ഒരുമിച്ചു ജീവിച്ചുവരികയുമായിരുന്നു. പ്രവാചകത്വത്തിന്റെ പതിമൂന്നാം വര്‍ഷാരംഭത്തിലാണ് ആയിശ(റ)യെ നബി(സ) കല്യാണം ചെയ്തത്. കല്യാണത്തിനുശേഷം പത്തു മാസം കഴിഞ്ഞപ്പോള്‍ നബി(സ) മദീനയിലേക്ക് ഹിജ്‌റ പോയി. വിവാഹസമയം പ്രായപൂര്‍ത്തിയാവാത്ത ബാലികയായിരുന്നു ആയിശ(റ). കേവലം ആറു വയസ്സ് പ്രായമായിരുന്ന മഹതി സ്വന്തം മാതാപിതാക്കളോടൊപ്പം തന്നെയായിരുന്നു ജീവിച്ചിരുന്നത്. അവരോടൊപ്പം തന്നെയാണ് മദീനയില്‍ വന്നതും. മദീനയില്‍ എത്തി രണ്ടു കൊല്ലം പിന്നെയും മാതാപിതാക്കളൊന്നിച്ചാണ് ആയിശ(റ) താമസിച്ചത്. നബി(സ) സ്വന്തം വീടു നിര്‍മ്മിക്കുന്നത് വരെ സൗദ(റ)യുമൊന്നിച്ചു അബൂ അയ്യൂബുല്‍ അന്‍സാരി(റ)യുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഉദ്ദേശ്യം ഒരു വര്‍ഷത്തോളം അബൂ അയ്യൂബ്(റ)ന്റെ വീട്ടില്‍ നബി(സ)യും കുടുംബവും താമസിച്ചുപോന്നു. പള്ളി നിര്‍മ്മാണം കഴിഞ്ഞു പള്ളിയോടുചേര്‍ന്ന് കിഴക്കുവശത്തായി നബി(സ) രണ്ടു ഭാര്യമാര്‍ക്കും ഓരോ വീടുകള്‍ പണിതു. പ്രസ്തുത ഇരു ഭവനങ്ങളും പള്ളിയുടെ രൂപാകൃതിയില്‍ തന്നെയാണ് നിര്‍മ്മിക്കപ്പെട്ടത്. അഥവാ ഇഷ്ടികയുടെ ചുമരും ഈത്തപ്പനമട്ടലുകളുടെ മേല്‍കൂരയും. ഈ രണ്ടു വീടുകളില്‍ പള്ളിയോട് ചേര്‍ന്നത് ആയിശാ(റ)ക്കും അതിനു പിന്നില്‍ (കിഴക്കുവശത്ത്) ചേര്‍ന്നു തന്നെ സൗദ (റ)ക്കുമായിരുന്നു വീടുണ്ടാക്കിയത്.
സൗദ(റ)വീട്ടില്‍ താമസം തുടങ്ങുമ്പോഴും ആയിശ(റ) വീട്ടില്‍ താമസിച്ചു തുടങ്ങിയിട്ടില്ല. ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ചരിത്രപ്രസിദ്ധമായ ബദര്‍ യുദ്ധം കഴിഞ്ഞു നബി(സ) തിരിച്ചെത്തിയതിനു ശേഷം ശവ്വാല്‍ മാസത്തിലാണ് ആയിശ(റ)യെ നബി(സ) പ്രസ്തുത വീട്ടിലേക്ക് കൂട്ടിയത്. അന്ന് ആയിശ(റ)ക്ക് പ്രായപൂര്‍ത്തിയായിരുന്നു. ഒമ്പത് വയസ്സാണ് അന്ന് മഹതിയുടെ പ്രായം. പിന്നീട് നബി(സ) വിവാഹം ചെയ്ത ഓരോ ഭാര്യമാര്‍ക്കും അതാതു സമയങ്ങളില്‍ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുകയായിരുന്നു. ഹിജ്‌റ മൂന്നാം കൊല്ലം ഹഫ്‌സ്വ(റ)യെയും നാലാം കൊല്ലം ഉമ്മുസലമ(റ)യെയും അഞ്ചാം കൊല്ലം സൈനബ(റ)യെയും ആറാം കൊല്ലം ജുവൈരിയ്യ(റ)യെയും, ഉമ്മു ഹബീബ(റ)യെയും ഏഴാം കൊല്ലം സ്വഫിയ്യ(റ)യെയും മൈമൂന(റ) എന്നിവരെയും വിവാഹം ചെയ്യുകയുണ്ടായി. അവരുടെ വീടുകളും പള്ളിയുടെ കിഴക്കും വടക്കും ഭാഗങ്ങളിലായിരുന്നു നിര്‍മ്മിക്കപ്പെട്ടത്. ഹുജൂറാത്ത് റൂമുകള്‍ എന്നാണിവകള്‍ക്ക് ഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ടത്. കാരണം ,അധികം വിശാലമായതോ കൂടുതല്‍ റൂമുകളും സൗകര്യങ്ങളും ഉള്ളതോ ആയിരുന്നില്ല അവകള്‍.
മിക്ക വീടുകള്‍ക്കും ഉറങ്ങാനുള്ള ഒരു റൂമ് മാത്രമാണുണ്ടായിരുന്നത്. ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള വീടിന്റെ പുറത്ത് പലരുടേതും കൂടിയായിരുന്നു. പ്രവാചകരുടെ ജീവിതകാലത്ത് ഇവിടങ്ങളിലായിരുന്നു ദൈവിക സന്ദേശങ്ങളുമായി മലാഇക്കത്തുകളുടെ സന്ദര്‍ശനവും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടെ സ്വീകരണവും സ്വഹാബിമാരുടെ വിദ്യാഭ്യാസവും, അനുയായികളുടെ ആശയ വിനിമയവും, ഭാര്യമാരുടെ സംഗമവും എല്ലാം നടന്നിരുന്നത്. അവയെല്ലാം ലോകജനതക്ക് മുഴുവന്‍ മാതൃകായോഗ്യവും എക്കാലത്തും പ്രായോഗികവുമായി ഇന്നും നിലനില്‍ക്കുന്നു.
Leave A Comment