കശ്മീർ കേന്ദ്രഭരണ പ്രദേശമായി തുടരുന്നിടത്തോളം തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഒമര്‍ അബ്ദുല്ല
ശ്രീനഗര്‍: ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത നടപടിക്ക് ഒരു വർഷം തികയാനിരിക്കെ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വീണ്ടും വിമർശനവുമായി മുന്‍ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമര്‍ അബ്ദുല്ല രംഗത്തെത്തി.

കേന്ദ്രഭരണ പ്രദേശമായി തുടരുന്നിടത്തോളം കാലം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഒമര്‍ അബ്ദുല്ല തുറന്നടിച്ചു. കശ്മീരിലെ ജനങ്ങളെ ശിക്ഷിക്കാനും അപമാനിക്കാനുമല്ലാതെ, സംസ്ഥാനത്തിന്‍റെ സ്വയംഭരണാവകാശ പദവി റദ്ദു ചെയ്തു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ എക്സ്പ്രസിന് വേണ്ടിയെഴുതിയ ദീര്‍ഘമായ ലേഖനത്തിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ കൂടിയായ ഒമര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

മതപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് സർക്കാർ തീരുമാനമെങ്കില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായ ലേ, കാര്‍ഗില്‍ ജില്ലകള്‍ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലാണ് ഉള്‍പ്പെടുന്നതെന്നും ഇതില്‍ കാര്‍ഗിലിലെ ജനങ്ങള്‍‌ ജമ്മു കാശ്മീരില്‍ നിന്ന് വിഭജിക്കപ്പെടാനുള്ള തീരുമാനത്തെ ശക്തമായി തന്നെ എതിര്‍ത്തിരുന്നുവെന്നും എന്നാൽ ഇക്കാര്യം അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. ആര്‍ട്ടിക്കിള്‍ 370, 35 (A) റദ്ദാക്കാനുള്ള ബിജെപി സര്‍ക്കാര്‍ നീക്കത്തില്‍ അതിശയം ഒന്നും തോന്നിയിരുന്നില്ലെങ്കിലും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനമാണ് തന്നെ ഞെട്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കരുത്തുറ്റ ഒരു നിയമസഭയെ ആറ് വര്‍ഷത്തോളം നയിച്ച തനിക്ക് നിലവിലെ വികലമാക്കപ്പെട്ട അസംബ്ലിയില്‍ അംഗമാകാന്‍ ഒരിക്കലും കഴിയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ ഒമര്‍ പാര്‍ട്ടിയെ കരുത്തുറ്റതാക്കാനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാശ്മീരില്‍ ഉണ്ടായ അനീതികള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter