അഫ്ഘാനില്‍ ആരാണ് പുതുവര്‍ഷത്തെ ഭയക്കുന്നത്?

images (5)സംഘര്‍ഷങ്ങളുടെ മുപ്പത്തിയഞ്ചാം വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌ അഫ്‌ഗാനിസ്ഥാന്‍. നാല്‍പതിലധികം രാഷ്‌ട്രങ്ങള്‍ സൈനികവും സൈനികേതരവുമായ സഹായങ്ങള്‍ നല്‍കിക്കൊണ്ടിരിക്കെ തന്നെ, താലിബാന്‍ വിരുദ്ധ പോരാട്ടത്തില്‍ വിദേശ രാഷ്ട്രങ്ങള്‍ നടത്തുന്ന നേരിട്ടുള്ള ഇടപെടലുകള്‍ കൊണ്ട്‌ വേറിട്ടു നില്‍ക്കുന്നതാണ്‌ 2001-ന്‌ ശേഷമുളള പോരാട്ടങ്ങള്‍.ശീത സമര കാലത്ത് വാഷിംഗ്ടണിലും ടെഹ്റാനിലും ഇസ്‍ലാമാബാദിലും ഇരിക്കുന്നവര്‍ നിയന്ത്രിക്കന്ന ഗൂഢ നീക്കങ്ങളാണ്‌ മധ്യേഷ്യയില്‍ നടന്നിരുന്നത്. എന്നാല്‍ ഇപ്പോഴുള്ള സംഘര്‍ഷങ്ങളില്‍ മധ്യേഷ്യയിലെ വിദേശ സാന്നിധ്യം മറച്ചു വെക്കാനുള്ള ചെറിയ ശ്രമം പോലും ആരും നടത്തുന്നില്ല.

പാശ്ചാത്യ മാധ്യമങ്ങളെ വിശ്വസിക്കാമെങ്കില്‍ കാബൂളിലും വാഷിങ്‌ടണ്ണിലുമുള്ള അധികാര ദല്ലാളന്‍മാര്‍ക്കിടയില്‍ വഷളായിക്കിടക്കുന്ന നയതന്ത്ര ബന്ധത്തിനു മേലായിരിക്കും വരുംദിവസങ്ങളില്‍ എല്ലാ കണ്ണുകളും. എന്നാല്‍ 2014-ന്‌ പാശ്ചാത്യ മാധ്യമങ്ങള്‍ അമിത ശ്രദ്ധ നല്‍കുന്നതില്‍ അഫ്‌ഘാന്‍ പ്രസിഡണ്ട്‌ ഹമീദ്‌ കര്‍സായി അസ്വസ്ഥനാണ്. പുതിയ വര്‍ഷത്തെ കുറിച്ച്‌ മാധ്യമങ്ങള്‍ മനക്കോട്ട പണിയുകയാണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. അഫ്‌ഗാന്‍ തല്‌സ്ഥാനമായ കാബൂളില്‍ നടന്നു വരുന്ന വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ശ്രദ്ധിച്ചാല്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്ന പ്രകാരമുള്ള പുതുവര്‍ഷത്തെയല്ല അഫ്‌ഘാനികള്‍ പ്രതീക്ഷിക്കുന്നതെന്ന്‌ വ്യക്തം.

``ബോംബ്‌ സ്‌ഫോടനങ്ങളും വെടിയൊച്ചകളും നിറഞ്ഞ മുപ്പത്‌ വര്‍ഷങ്ങളെ അതിജീവിച്ച ഞാന്‍ എന്തിന്‌ 2014-നെ ഭയക്കണം'' കാബൂള്‍ നിവാസിയായ ദിലാവര്‍ ചോദിക്കുന്നു. ജന്മ നാടായ ബാമിയാന്‍ വിട്ടതിന് ശേഷം അറുപതിലധികം വര്‍ഷമായി തലസ്ഥാനത്താണ് ദിലാവറിന്‍റെ താമസം.

പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനിടയില്‍ ആയുസ്സു നീട്ടിയെടുക്കാന്‍ ശ്രമിക്കുക എന്നതിലപ്പുറം മറ്റു വലിയ ലക്ഷ്യങ്ങളൊന്നും ശരാശരി അഫ്‌ഘാനിയുടെ ജീവിതത്തിനില്ല എന്ന വികാരമാണ്‌ ജലാലാബാദില്‍ നിന്ന്‌ കാബൂളിലേക്ക്‌ മാറിത്താമസിച്ച സെയ്‌ദ്‌ മുഹമ്മദിന്റെ വാക്കുകളില്‍ നിറയുന്നത്. ``2014-ന്‌ എന്താണിത്ര വലിയ പ്രത്യേകത? ആകാശം ഇടിഞ്ഞു വീഴാന്‍ പോവുകയാണോ?'' പാശ്ചാത്യ മാധ്യമങ്ങള്‍ പ്രവചിക്കുന്ന  ദുരന്തത്തെ അത്ര കണ്ട്‌ ഭയമില്ല സെയ്‌ദിന്.

കാബൂളിലെ തിങ്ങിവിങ്ങുന്ന തെരുവുകളില്‍ ടാക്‌സിയോടിക്കുന്ന ഇയാള്‍ രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയുടെ ശരിയായ ഉദാഹരണമാണ്. വിദേശ സൈനിക കോണ്ടാക്‌ടുകളിലും മറ്റുമായി മൂന്നര ലക്ഷം അഫ്‌ഘാനികള്‍ ജോലിയെടുക്കുന്നുണ്ടെങ്കിലും രാജ്യത്തെ തൊഴില്ലായ്‌മ ഇപ്പോഴും രണ്ടക്കമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാബൂളില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ബിസിനസിലെ വന്‍വീഴ്‌ചകളെ കുറിച്ച്‌ അവിടെയുള്ള വ്യവസായികള്‍ നിരന്തരം ആശങ്കപ്പെടുന്നുണ്ട്.

ജനങ്ങളുടെ കയ്യിലാണ്‌ രാഷ്‌ട്രത്തിന്റെ ഭാവിയെന്നാണ്‌ സെയ്‌ദ്‌ അഹമ്മദിന്റെ പക്ഷം.

''മറ്റേതൊരു വര്‍ഷത്തേയും പോലെയാണ് 2014-ഉം. വെറുതെയെന്തിന്‌ ഈ വര്‍ഷത്തെ ഭയപ്പെടണം? നിങ്ങള്‍ക്ക്‌ ഈമാനുണ്ടെങ്കില്‍ അത്തരം ഭയപ്പെടലിന്റെ ആവശ്യം തീരെയില്ല.''

''നിലവിലെ നേതൃത്വത്തെ വിശ്വസത്തിലെടുക്കാനാവാത്ത ഒരു രാഷ്‌ട്രത്തിലുള്ളവര്‍ക്ക് ജനങ്ങളെയും  ദൈവത്തെയും വിശ്വസിക്കുകയല്ലാതെ മറ്റു വഴിയില്ല. എനിക്ക്‌ രാഷ്‌ട്രീയക്കാരെ വിശ്വാസമില്ല. ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കാതെ ഈ രാഷ്‌ട്ര നേതാക്കളില്‍ വിശ്വസിച്ചിരിക്കുകയാണെങ്കില്‍ പുതുവര്‍ഷത്തെ എനിക്ക്‌ ഭയപ്പെടേണ്ടി വരും.''

കാബൂള്‍ നിവാസിയായ ഹിദായത്തുല്ലയും രാഷ്‌ട്രീയത്തിലുള്ള വിശ്വാസമില്ലായ്‌മ ഊന്നിപ്പറയുന്നു. ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പുതുവര്‍ഷം എന്നത്‌ അത്ര വലിയ കാര്യമല്ല. 2014-നെ കുറിച്ചുള്ള അനാവശ്യ ആശങ്കകള്‍ അവസാനിപ്പിക്കാന്‍ സമയമായിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.

ദേശീയ ബജറ്റിന്‍റെ 64% വിദേശ സഹായമായി ലഭിക്കുന്ന രാജ്യമാണ്‌ അഫ്‌ഘാന്‍. അവിടെ അമേരിക്കയും ആ രാജ്യവും തമ്മിലുണ്ടാക്കിയ ഉഭയ കക്ഷി സുരക്ഷാ ഉടമ്പടിയെ (ബി.എസ്‌.എ) ചുറ്റിപ്പറ്റിയാണ് ഹിദായത്തുള്ളയെ പോലുള്ളവരുടെ ആശങ്ക.

''അങ്ങനെ ഒപ്പ്‌ വെച്ചിട്ടില്ലെങ്കില്‍, എന്നെ നിങ്ങള്‍ക്ക്‌ വിശ്വസിക്കാം, ഈ രാജ്യത്ത്‌ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടും. നമ്മുടെ പാര്‍ലമെന്റ്‌ വരെ യുദ്ധക്കൊതിയന്‍മാരാല്‍ നിബിഢമാണ്. ദിവസവും അവര്‍ പരസ്‌പരം വെല്ലുവിളിക്കുകയും ബോട്ടിലുകള്‍ എറിയുകയും ചെയ്യുന്നു.''

കഴിഞ്ഞ മാസം ലോക പത്രമാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ പ്രസിഡണ്ട്‌ കര്‍സായി നിറഞ്ഞു നിന്നിരുന്നു. അഫ്‌ഘാനിലെ വിദേശ സൈനികര്‍ക്ക്‌ പിന്‍വാങ്ങാനുള്ള അവസാന തിയ്യതിയായ 2014 ഡിസംബറിന്‌ ശേഷം രാജ്യത്ത്‌ തങ്ങുന്ന അമേരിക്കന്‍ സൈനികര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളുടെ വിഷയത്തില്‍ അദ്ദേഹം സ്വരം മാറ്റിയപ്പോഴായിരുന്നു അത്‌. രണ്ടായിരത്തിലധികം പ്രതിനിധികള്‍ ഒരുമിച്ചു കൂടിയ ലോയര്‍ജിദ ഗ്രാന്‍റ് അസംബ്ലിയില്‍ ഭൂരിപക്ഷം പേരും 2013 അവസാനിക്കുന്നതിന്‌ മുമ്പ്‌ തന്നെ ബി.എസ്‌.എ യില്‍ ഒപ്പുവെക്കാന്‍ പ്രസിഡണ്ടിനോട്‌ ആവശ്യപ്പെട്ടിരുന്നു. കര്‍സായിയുടെ പെട്ടെന്നുള്ള നിലപാടു മാറ്റം അന്താരാഷ്‌ട്ര തലത്തില്‍ വലിയ ബഹളത്തിന്‌ കാരണമായിട്ടും അദ്ദേഹം ഈ കരാറില്‍ ഒപ്പുവെക്കുമെന്നു തന്നെയായിരുന്നു പല അഫ്‌ഘാനികളും പ്രതീക്ഷിച്ചിരുന്നത്‌.

``യു.എസ്‌ അത്ര പെട്ടെന്നൊന്നും ഇവിടം ഉപേക്ഷിച്ച്‌ പോവില്ല. സൈനിക സൈനികേതര സംരംഭങ്ങളില്‍ അവര്‍ ധാരാളം നിക്ഷേപം നടത്തിയിട്ടുണ്ട്.'' റസ്റ്റോറന്റ്‌ നടത്തിപ്പുകാരനായ സയ്യിദ്‌ അന്‍വര്‍ പറയുന്നു.

യു.എസ്‌ അഫ്‌ഘാന്‍ വിട്ടാലും ആ വിടവിലേക്ക്‌ മറ്റു പലരും വന്നിറങ്ങുമെന്നാണ്‌ ഷഹ്‌രി ന്യൂ റസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയ അബ്‌ദുല്‍ വഹാബിന്റെ അഭിപ്രായം. ഇന്ത്യയും ചൈനയുമെല്ലാം ഇവിടത്തെ സാധ്യതകളെ ചൂഷണം ചെയ്യാന്‍ എത്തിച്ചേരും. പരലക്ഷം കോടികള്‍ വില മതിക്കുന്ന രാജ്യത്തെ 1400 ഖനന പ്രദേശങ്ങളെ ചൂണ്ടിക്കാട്ടി വഹാബ്‌ പറയുന്നു.

രാജ്യത്തിന്റെ വിശാലമായ വിഭവ ശേഖരം ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെന്നത്‌ ശരി തന്നെ. എന്നാല്‍ ഖനന പ്രക്രിയയില്‍ രാജ്യത്തിന്‌ ഇനിയുമേറെ മുന്നോട്ട്‌ പോവാനുണ്ട്‌.

വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ട അഫ്‌ഘാന്‍ ജനതയിലാണ്‌ ഈ രാജ്യത്തിന്റെ ഭാവി എന്ന്‌ സ്‌ത്രീ പക്ഷ പ്രവര്‍ത്തകയായ വസ്‌മ ഫ്രോഗ്‌ പറയുന്നു. ``കമ്മൂണിസ്റ്റ്‌ വിപ്ലവവും (1979) സോവിയറ്റ്‌ പിന്മാറ്റവും (1989) താലിബാന്‍ ഭരണവും(1996) വിദേശ അധിനിവേശവും (2001) അതിജീവിച്ചവരാണ്‌ ഞങ്ങള്. പിന്നെയെന്ത്‌ 2014?''

ജില്ലയിലെ മുന്‍നിര ഗായകന്മാരിലൊരാളായ ഖാസിം ഫൗസന്‍ജിയും ഈ അഭിപ്രായത്തോട്‌ യോജിക്കുന്നു.

''2014 ഞങ്ങളെ കീഴ്‌മേല്‍ മറിക്കുകയില്ല. പ്രക്ഷുബ്‌ധമായൊരു സാഹചര്യത്തിലാണ്‌ ഇക്കാലമത്രയും ഞങ്ങള്‍ ജീവിച്ചത്‌. എന്നാലും മുന്നോട്ടുള്ള വഴി ദുര്‍ഘടമാണ്‌''

download (1)സാമ്പത്തിക അനിശ്ചിതാവസ്ഥയും പുതിയ സാംസ്‌കാരിക പരിവര്‍ത്തനങ്ങളും രാഷ്‌ട്രിയ പ്രതിസന്ധിയും അഫ്‌ഘാനിസ്ഥാനെ വരിഞ്ഞു മുറുക്കുകയാണ്‌. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോവാനുള്ള മാര്‍ഗത്തെ കുറിച്ച്‌ പൗരന്മാര്‍ ബോധവാന്‍മാരാവുക മാത്രമാണ്‌ ഇതിനുള്ള പോംവഴി.

''കയ്യിലുള്ളത്‌ നഷ്‌ടപ്പെടാതെ സംരക്ഷിക്കക എന്നതാണ്‌ ഏറ്റവും സുപ്രധാനമായ കാര്യം. കാരണം ഇതിനകം തന്നെ ആവശ്യമായതിലേറെ ചോരയും വിയര്‍പ്പും ഞങ്ങള്‍ ഒഴുക്കിയിരിക്കുന്നു. വര്‍ഷങ്ങള്‍ യുദ്ധം ചെയ്‌ത്‌ എല്ലാവരും ക്ഷീണിച്ചു പോയിരിക്കുന്നു.''

-അലി എം ലത്വീഫി (ബ്ലോഗ്സ്.അല്‍ജസീറ.കോം)

-വിവ: നസീം എടവണ്ണപ്പാറ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter