സൗദ ബീവി: അനുഗ്രഹങ്ങളുടെ മാതാവ്

''സൗദാ(റ) വളരെ അപൂര്‍വമായി മാത്രമേ ദേഷ്യപ്പെടാറൊള്ളൂ. സൗദാ(റ)യെക്കാള്‍ ഞാന്‍ പ്രകീര്‍ത്തിക്കുകയും ആദരിക്കുകയും അസൂയവയ്ക്കുകയും ചെയ്ത ഒരാളുമുണ്ടാവുകയില്ല.'' (ഹദീസ്) സൗദാ ബീവി(റ)യെ പ്രകീര്‍ത്തിച്ച് ആഇശ(റ) പറഞ്ഞ വാക്കുകളാണിത്. ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ പ്രവാചക പത്‌നിയായിരുന്നു സൗദാ ബിന്‍ത് സംഅ(റ). മുസ്‌ലിമായതിന്റെ പേരില്‍ ഒരുപാട് ത്യാഗം സഹിക്കേണ്ടിവന്ന സൗദാ ബീവി(റ)ക്ക് മുഅ്മിനീങ്ങളുടെ മാതാവാകാനുള്ള ഭാഗ്യം വരെ ലഭിച്ചു. സ്വഭാവഗുണത്തിലും വ്യക്തി വിശുദ്ധിയിലും മുസ്‌ലിം സ്ത്രീകള്‍ക്ക് എന്നും മാതൃകയാണവര്‍. പ്രഥമ പത്‌നി ബീവി ഖദീജ(റ)യുടെ വിയോഗത്തിനു ശേഷം നബി(സ്വ) വിവാഹം ചെയ്ത ആദ്യ സ്ത്രീയാണ് സൗദാബീവി(റ). ഖദീജ ബീവി(റ)യെ പോലെ തന്നെ സൗദാബീവിയും വിധവയായിരുന്നു. പിതൃപുത്രന്‍ സക്‌റാന്‍(റ)വായിരുന്നു മഹതിയെ ആദ്യം വിവാഹം ചെയ്തത്. മക്കയിലെ സ്ഥിര താമസക്കാരായിരുന്നു അവര്‍. നബി(സ്വ)യുടെ ഉപദേശത്തില്‍ ആകൃഷ്ടയായാണ് സൗദാബീവി(റ) ഇസ്‌ലാം സ്വീകരിച്ചത്. അവിശ്വാസിയായ ഭര്‍ത്താവ് പോലും അറിയാതെ രഹസ്യമായി അവര്‍ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചു. എങ്കിലും ഭര്‍ത്താവിന് ഇസ്‌ലാമിനെ മനസ്സിലാക്കിക്കൊടുക്കാനുള്ള ഒരു അവസരവും അവര്‍ പാഴാക്കിയില്ല. ക്രമേണ ഭര്‍ത്താവില്‍ അനുകൂല ചിന്താഗതികള്‍ ഉടലെടുക്കുകയും താമസിയാതെ തന്നെ അദ്ദേഹം സത്യമതത്തില്‍ അണിചേരുകയും ചെയ്തു. സൗദാബീവിയുടെ ത്യാഗ ജീവിതത്തിന്റെ പ്രതിഫലനമായിരുന്നു അത്. ദമ്പതികള്‍ മുസ്‌ലിം പക്ഷത്ത് ചേര്‍ന്നു എന്ന വാര്‍ത്ത പരസ്യമായപ്പോള്‍ ഖുറൈശി ഗോത്രം മുഴുവനും അവര്‍ക്കെതിരേ തിരിഞ്ഞു.

പിന്നീടങ്ങോട്ട് പീഡന പരമ്പരകള്‍ തന്നെയായിരുന്നു. അങ്ങാടിയില്‍ അവര്‍ക്കുനേരെ കല്ലെറിഞ്ഞും അസഭ്യം പറഞ്ഞും ശത്രുക്കള്‍ ആനന്ദം കണ്ടെത്തി. വീട് അക്രമിക്കുകയും ചെയ്തു. സൗദാ ബീവി(റ)യുടെ ഭര്‍ത്താവ് സക്‌റാന്‍(റ) വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ ആരോ എറിഞ്ഞ അമ്പ് പരിശുദ്ധ താളുകളെ കീറിക്കളഞ്ഞു. ജനങ്ങളുടെ ശല്യം സഹിക്കാനാവാതെ അവര്‍ രണ്ടുപേരും പ്രവാചക സന്നിധിയില്‍ എത്തിയപ്പോള്‍ ക്ഷമ കൈക്കൊള്ളാനായിരുന്നു നബി(സ്വ) അവരോട് ഉപദേശിച്ചത്. ഖുറൈശികളുടെ ശത്രുത പൂര്‍വാധികം ശക്തിപ്രാപിച്ചപ്പോള്‍ തന്റെ അനുചരരോട് അബ്‌സീനിയായിലേക്ക് പലായനം ചെയ്യാന്‍ നബി(സ്വ) ആവശ്യപ്പെട്ടു. സൗദാബീവി(റ)യും ഭര്‍ത്താവുമടക്കം പതിനൊന്ന് പുരുഷന്‍മാരും നാലു സ്ത്രീകളും മക്കയില്‍നിന്ന് യാത്രതിരിച്ചു. അബ്‌സീനിയായിലെ താമസത്തിനിടയില്‍ ഭര്‍ത്താവിന് രോഗം പിടിപെടുകയും അവിടെവച്ച് വഫാത്താവുകയും ചെയ്തു. അതേസമയം തന്നെ മക്കയിലെ കരുത്തന്മാരായിരുന്ന ഹംസ(റ)വും ഉമര്‍(റ)വും സത്യവിശ്വാസം പുല്‍കിയത് ഇസ്‌ലാമിന് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ കാരണമായി. അതുകാരണം മക്കാ മുസ്‌ലിംകളോടുള്ള ശത്രുത കുറഞ്ഞെന്നറിഞ്ഞപ്പോള്‍ അബ്‌സീനിയായില്‍ നിന്നു മക്കയിലേക്ക് മടങ്ങിയ മുസ്‌ലിംകള്‍ക്കൊപ്പം സൗദാബീവി(റ)യും ഉണ്ടായിരുന്നു.

ശേഷം പിതാവ് സംഅ(റ)യോടൊപ്പം താമസമാക്കി. പ്രസന്നവതിയായ സൗദാബീവി(റ) അനുകമ്പയുടയവരും സദാചാര നിഷ്ഠയുമായിരുന്നു. മഹതിയുടെ ഇത്തരം സ്വഭാവഗുണങ്ങള്‍ ഖുറൈശി സ്ത്രീകളില്‍ നിന്നും അവരെ വ്യത്യസ്ഥയാക്കി. രണ്ടുവര്‍ഷക്കാലം സൗദാബീവി(റ) വിധവയായി കഴിഞ്ഞുകൂടി. ഭര്‍ത്താവിന്റെ വഫാത്തിനു ശേഷം ഇളം പ്രായക്കാരായ മകനെയും വയോധികനായ പിതാവിനെയും പരിചരിക്കേണ്ട ബാധ്യത ബീവിക്കായിരുന്നു. അക്കാരണത്താല്‍ അവരുടെ ജീവിതം ഏറെ ക്ലേശം നിറഞ്ഞതായി. ഇത്തരം സാഹചര്യങ്ങള്‍ അവരെ വിവാഹം ചെയ്യാന്‍ നബി(സ്വ)യെ പ്രേരിപ്പിക്കുകയും ഖൗല(റ) മുഖേന വിവാഹാന്വേഷണം നടത്തുകയും നബി(സ്വ) അതു സമ്മതിക്കുകയുമുണ്ടായി. പ്രവാചകത്വ പ്രഖ്യാപനത്തിന്റെ 10ാം വര്‍ഷത്തില്‍ നബി(സ്വ)യുമായുള്ള അവരുടെ വിവാഹം നടന്നു. ബീവി ഖദീജ(റ) വഫാത്തായി മൂന്നു വര്‍ഷത്തിനു ശേഷമായിരുന്നു അത്. പുനര്‍ വിവാഹവേളയില്‍ സൗദാബീവി(റ)ക്ക് ഏകദേശം അമ്പത് വയസ്സിനെക്കാള്‍ കുറയില്ലെന്ന് ചരിത്രകാരന്‍മാര്‍ ഏകോപിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹാനന്തരം മൂന്നു വര്‍ഷത്തോളം അവര്‍ മക്കയില്‍ താമസിച്ചു.

പിന്നീടാണ് ചരിത്രത്തിലെ തുല്ല്യതയില്ലാത്ത 'ഹിജ്‌റ'യുടെ പിറവി. ഹിജ്‌റയെ തുടര്‍ന്നുള്ള കാലം റസൂല്‍(സ്വ) മദീനയില്‍ സ്ഥിരതാമസമാക്കി. മസ്ജിദുന്നബവി നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ അബൂഅയ്യൂബുല്‍ അന്‍സാരിയുടെ വീട്ടില്‍ നബി(സ്വ)യും സൗദാബീവി(റ)യും അതിഥികളായി താമസിച്ചു. പള്ളിനിര്‍മാണത്തെ തുടര്‍ന്ന് അവര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ ഭൂമിയിലേക്ക് അവര്‍ താമസം മാറ്റി. പ്രവാചക പത്‌നിമാരില്‍ ഏറ്റവും നീളം കൂടിയവരായിരുന്നു സൗദാബീവി(റ). തടിച്ച ശരീരവും മഹതിയുടെ പ്രത്യേകതയാണ്. ''സൗദാബീവി(റ)യെ ഒരിക്കല്‍ കണ്ടാല്‍ എന്നെന്നേക്കും തിരിച്ചറിയും'' എന്ന് ആഇശ(റ) പറഞ്ഞതായി നിവേദനമുണ്ട്. ഇസ്‌ലാമിന്റെ തുടക്കത്തില്‍ നബി(സ്വ)യുടെ ഭാര്യമാര്‍ക്ക് യാതൊരു വിലക്കുമുണ്ടായിരുന്നില്ല. നബി(സ്വ)ക്ക് ഇലാഹീ വെളിപാട് ഉണ്ടായതിനെ തുടര്‍ന്ന് 'ഈ ഉത്തരവിന് ശേഷം നിങ്ങളാരും വീട്ടില്‍ നിന്നു പുറത്തിറങ്ങരുതെന്ന്' തിരുദൂതര്‍(സ്വ) ആവശ്യപ്പെട്ടു. റസൂല്‍(സ്വ)യുടെ വഫാത്തിനുശേഷവും ഈ ഉത്തരവ് വളരെ കര്‍ശനമായിത്തന്നെ സൗദാ ബീവി(റ) നടപ്പില്‍ വരുത്തി. മറ്റു പത്‌നിമാര്‍ ഹജ്ജ് നിര്‍വഹിച്ചപ്പോള്‍ അതിനുപോലും ബീവി തയ്യാറായില്ല. സൗദാബീവി(റ) എപ്പോഴും ഇങ്ങനെ പറയാറുണ്ടായിരുന്നു:

''ഞാന്‍ ഒരിക്കല്‍ ഹജ്ജും ഉംറയും നിര്‍വഹിച്ചിട്ടുണ്ട്. ഇനി അല്ലാഹുവിന്റെ കല്‍പ്പന അനുസരിച്ച് വീട്ടില്‍ ഏകാന്തയായി കഴിഞ്ഞുകൂടുകയാണ്.'' നബി(സ്വ) അവസാനത്തെ ഹജ്ജ് നിര്‍വഹിക്കുന്ന അവസരത്തില്‍ സൗദാബീവി(റ)യെ വളരെയധികം ശ്രദ്ധിച്ചിരുന്നു. വലിയ ശരീര പ്രകൃതി കാരണം നടക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി തിരക്കില്‍ പെടാതിരിക്കാന്‍ പ്രത്യേക ഇളവുകള്‍ നല്‍കിയിരുന്നു. കരുണാര്‍ദ്ര മനസ്സിനുടമയായിരുന്നു അവര്‍. തന്റെ സമ്പത്തും മറ്റും പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ അവര്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഉമര്‍(റ)വിന്റെ കാലത്തെ സംഭവം ഇതിന് ഉത്തമ ഉദാഹരണമാണ്. ഒരിക്കല്‍ ഉമര്‍(റ) ഒരു ബാഗ് ദിര്‍ഹമുമായി ഒരു ദൂതനെ സൗദാബീവി(റ)യിലേക്ക് അയച്ചു. ''ഉമര്‍(റ) എനിക്ക് ഈത്തപ്പഴം കൊടുത്തയച്ചതാണോ?'' ബീവി ദൂതനോട് ആരാഞ്ഞു. ''അല്ല, മഹതീ, ഇത് ഈത്തപ്പഴങ്ങളല്ല ദിര്‍ഹമുകളാണ്''-ദൂതന്‍ പ്രതികരിച്ചു. ''ഓ ഇത്തപ്പഴമാണെങ്കില്‍ എനിക്ക് വളരെ ഉപകരിക്കുമായിരുന്നു; ഭക്ഷണമായും ഉപയോഗിക്കാമായിരുന്നു.

ഈ ദിര്‍ഹമുകളെ കൊണ്ട് എനിക്കെന്താണാവശ്യം? ഇതു പറഞ്ഞ് ദിര്‍ഹമുകള്‍ മുഴുവന്‍ ആവശ്യക്കാര്‍ക്കും അശരണര്‍ക്കും സൗദാബീവി(റ) വീതിച്ചു നല്‍കി. സൗദാബീവി(റ) സാമ്പത്തിക സഹായത്തിന് ഒരിക്കലും ബൈത്തുല്‍ മാലിനെ ആശ്രയിച്ചിരുന്നില്ല. മൃഗങ്ങളുടെ തോല്‍ ഊറക്കിട്ടും അവയുടെ കേടുപാട് തീര്‍ത്തും അവര്‍ ഉപജീവനമാര്‍ഗം കണ്ടെത്തി.

നബി(സ്വ)യും സൗദാബീവി(റ)യും 13 വര്‍ഷം സംതൃപ്ത വൈവാഹിക ജീവിതം നയിച്ചു. പ്രവാചകന്റെ വഫാത്തിനു ശേഷം 10 വര്‍ഷം മഹതി ജീവിച്ചു. ഹിജ്‌റ 22ന് ഉമര്‍(റ)ന്റെ കാലത്താണ് സൗദാബീവി(റ) വഫാത്താവുന്നത്. മദീനയില്‍ തന്നെയാണ് അവരുടെയും ഖബറിടം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter