സഫ, മര്‍വ: സഅ്‌യിന്റെ ചരിത്രവും കര്‍മശാസ്ത്രവും

വിശ്വാസികള്‍ക്കു ചിരപരിചിതമായ രണ്ടു പദങ്ങളാണ് സ്വഫയും മര്‍വയും. ഇസ്‌ലാമിക ചരിത്രത്തില്‍ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ളതാണ് കഅ്ബാ ശരീഫിനു സമീപം സ്ഥിതിചെയ്യുന്ന ഈ രണ്ടു പര്‍വ്വതങ്ങള്‍. തന്റെ പുത്രന്റെ ദാഹശമനത്തിന് വെള്ളമന്വേഷിച്ച് മഹതി ഹാജറ(റ) ഇവരണ്ടിനുമിടയില്‍ ഓടിയതാണ് ഈ മഹാ സവിശേഷതയ്ക്ക് നിമിത്തം. ഈ ദീപ്ത സ്മരണ നിലനിര്‍ത്താന്‍ ഇവ രണ്ടിനുമിടയിലെ പ്രയാണം അല്ലാഹു ഇബാദത്തായി നിശ്ചയിച്ചു. അതില്ലാത്തവന്റെ ഹജ്ജ് സ്വീകാര്യമല്ല.
ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധി സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഈ രണ്ടു പുണ്യ പര്‍വതങ്ങളെക്കുറിച്ച് ഹ്രസ്വമായി വിവരിക്കുകയാണിവിടെ.

സ്വഫ
കഅ്ബയില്‍നിന്ന് 130 മീറ്റര്‍ അകലെ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ പര്‍വതമാണിത്. സഅ്‌യിനു തുടക്കം കുറിക്കേണ്ടത് ഇവിടെനിന്നാണ്. നബി(സ) തങ്ങള്‍ തന്റെ ദൗത്യം പരസ്യപ്പെടുത്തിയത് ഈ പര്‍വത മുകളില്‍നിന്നാണെണു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഖുറൈശി പ്രമുഖരെ വിളിച്ചുവരുത്തി തന്റെ ദൗത്യം അറിയിച്ചതും കേട്ടപ്പോള്‍ അബൂലഹബ് ദേഷ്യത്തോടെ നബി (സ)യോട് കയര്‍ത്ത് സംസാരിച്ചതും അനന്തരം സൂറത്തു മസദ് അവതരിച്ചതുമായ ചരിത്രം സുവിദിതമാണല്ലോ.
മക്ക ജയിച്ചടക്കാന്‍ പുറപ്പെട്ട ഖാലിദുബ്‌നില്‍ വലീദി(റ)ന്റെ നേതൃത്വത്തിലുളള സൈന്യത്തോട് മക്കയുടെ താഴ്ഭാഗത്തിലൂടെ വന്ന് സഫയില്‍ സംഘടിക്കാനാണ് പ്രവാചകര്‍(സ) തങ്ങള്‍ ആജ്ഞാപിച്ചത്. വിജയംവരിച്ച ശേഷം കഅ്ബ ത്വവാഫ് ചെയ്ത നബി(സ) തങ്ങള്‍ നേരെ സ്വഫയിലെത്തി. അനന്തരം കഅ്ബയിലേക്കു തിരിഞ്ഞ് കൈ ഉയര്‍ത്തി അല്ലാഹുവിനെ സ്തുതിക്കുകയും ദുആ നടത്തുകയും ചെയ്തു. ഖിയാമത്ത് നാളിനു മുന്നോടിയായി ദാബ്ബതുല്‍ അര്‍ള് എന്ന മൃഗം പുറപ്പെടുക സ്വഫയില്‍നിന്നായിരിക്കുമെന്ന് ഒരു പറ്റം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. (താരീഖു മക്ക, പേജ് : 7982 )

മര്‍വ
കഅ്ബയില്‍നിന്ന് ഏകദേശം 300 മീറ്റര്‍ അകലെ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന ഒരു പര്‍വതമാണിത്. മക്കയിലെ പ്രസിദ്ധമായ ഖുഅയ്ഖിആന്‍ പര്‍വതത്തിന്റെ ഭാഗമാണിത്. വെളുത്ത കല്ലുകള്‍ പാകിയ പ്രകൃതിയായിരുന്നതു കൊണ്ടാണ് മര്‍വയെന്ന പേര്‍ ലഭിച്ചത്. സ്വഫയില്‍നിന്ന് ഇവിടെ  എത്തുമ്പോഴാണ് സഅ്‌യിന്റെ ഒരു തവണ പൂര്‍ത്തിയാകുന്നത്. സ്വഫയും മര്‍വയും രണ്ടുപര്‍വതങ്ങളാണെങ്കിലും അതിന്റെ തനിമ ഇന്നു നിലവിലില്ല. ആധുനിക പരിഷ്‌കരണങ്ങള്‍ വഴി മാര്‍ബിള്‍ പ്രതലമുള്‍പ്പെടുന്ന ശീതീകരിച്ച സ്ഥലത്തിലൂടെയാണിന്ന് സഅ്‌യ് നടക്കുന്നത്.

പ്രമാണങ്ങളില്‍
ഹജ്ജിന്റെയും ഉംറയുടെയും റുക്‌നുകളിലൊന്നായ സഅ്‌യ് ഖുര്‍ആനിലും നിരവധി ഹദീസുകളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ''നിശ്ചയം സഫയും മര്‍വയും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്. അതിനാല്‍ ഹജ്ജ് ചെയ്യുന്നവരോ ഉംറ ചെയ്യുന്നവരോ അവയ്ക്കിടയില്‍ സഅ്‌യ് ചെയ്യുന്നത് കുറ്റകരമല്ല.''(അല്‍ ബഖറ : 158) 
ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം പണ്ഡിതന്‍മാര്‍ വിവരിക്കുന്നത് ഇപ്രകാരമാണ്  ജാഹിലിയ്യാ കാലത്ത് ഇസാഫ് എന്നയാളും നാഇല എന്ന പെണ്ണും കഅ്ബയില്‍ വച്ച് വ്യഭിചരിച്ചു. അപ്പോള്‍ ഇവരെ കല്ലുകളായി മറിക്കപ്പെട്ടു. ജനങ്ങള്‍ പാഠമുള്‍ക്കൊള്ളാന്‍ ഇസാഫിനെ സ്വഫയിലും നാഇലയെ മര്‍വയിലും നാട്ടിവയ്ക്കപ്പെട്ടു. കാലം കുറേ കഴിഞ്ഞപ്പോള്‍ വിവരംകെട്ട സമൂഹം ഈ രണ്ടു കല്ലുകളെയും ആരാധിക്കാന്‍ തുടങ്ങി. ബിംബാരാധനയുടെ ഭാഗമായി ഈ രണ്ടു പ്രതിഷ്ഠകള്‍ക്കിടയില്‍ അവര്‍ പ്രദിക്ഷണം നടത്തി. ഇവ രണ്ടിനെയും തൊട്ടു തടവിയായിരുന്നു  അവര്‍ സഅ്‌യ് നടത്തിയിരുന്നത്. മക്ക ഇസ്‌ലാമിന് അധീനപ്പെട്ടപ്പോള്‍ ഈ രണ്ടു കല്ലുകളും വലിച്ചെറിയപ്പെട്ടു. എങ്കിലും ഹജ്ജിന്റെ ഭാഗമായ സഅ്‌യ് ചെയ്യുന്നതില്‍നിന്ന് പഴയ ചിന്തകള്‍ അവര്‍ക്ക് വൈമനസ്യമുണ്ടാക്കി. ഈ പ്രത്യേക സാഹചര്യത്തിലാണ് ഉപര്യുക്ത ആയത്തിറങ്ങിയത്. (ബൈളാവി) നബി(സ) പറയുന്നു: ''ജനങ്ങളേ, നിങ്ങള്‍ സ്വഫാ മര്‍വയ്ക്കിടയില്‍ സഅ്‌യ് നടത്തുക. കാരണം അത് നിങ്ങളുടെ മേല്‍ ഫര്‍ളാക്കപ്പെട്ടിരിക്കുന്നു.'' (ദാറഖുത്വ്‌നി) സഅ്‌യ് ഹജ്ജിന്റെ റുക്‌നുകളിലൊന്നായി ശാഫിഈ മദ്ഹബ് പറയുന്നത് ഈ ഹദീസിന്റെ വെളിച്ചത്തിലാണ്.
സഅ്‌യിന്റെ നിയമവും രൂപവും
ഖുദൂമിന്റെയോ ഇളാഫത്തിന്റെയോ ത്വവാഫിന് ശേഷം നിര്‍വഹിക്കേണ്ട ഹജ്ജിന്റെ ഒരവിഭാജ്യ ഘടകമാണ് സഅ്‌യ്. നബി(സ) തങ്ങള്‍ ത്വവാഫിന്റെ രണ്ടു റക്അത്ത് സുന്നത്ത് നിസ്‌കരിച്ച ശേഷം ഹജറുല്‍ അസ്‌വദ് ചുംബിച്ച് ബാബുസ്സ്വഫയുടെ കവാടത്തിലൂടെ മസ്അയില്‍ പ്രവേശിച്ചതായി ഹദീസിന്റെ ഗ്രന്ഥങ്ങളിലുണ്ട്. സ്വഫയില്‍ കയറി കഅ്ബയെ അഭിമുഖീകരിച്ച് തക്ബീര്‍ ചൊല്ലലും ദുആ ചെയ്യലും നബി(സ)യുടെ ചര്യയായതിനാല്‍ പ്രത്യേകം സുന്നത്താണ്. 
ഏഴു പ്രാവശ്യമാണ് സഅ്‌യ്. സ്വഫയില്‍നിന്ന് മര്‍വയിലേക്കുള്ള നടത്തം ഒരു തവണയും തിരിച്ച് മര്‍വയില്‍നിന്ന് സ്വഫയിലേക്കുള്ള മടക്കം മറ്റൊരു തവണയുമാണ്. സ്ത്രീകള്‍ എല്ലാ സ്ഥലത്തും നടക്കലാണ് സുന്നത്തെങ്കില്‍ പുരുഷന്‍മാര്‍ പ്രത്യേകം അടയാളപ്പെടുത്തിയ ഭാഗത്തു വേഗത കൂട്ടല്‍ സുന്നത്താണ്. 

സഅ്‌യിന്റെ നിര്‍ബന്ധങ്ങള്‍ നാലെണ്ണമാണ്.
1. സ്വഫയില്‍നിന്ന് മര്‍വ വരെ സഅ്‌യ് നടത്തുക. അല്‍പ്പ സ്ഥലമെങ്കിലും ഉപേക്ഷിച്ചാല്‍ സഅ്‌യ് ശരിയാവുകയില്ല.
2. തര്‍ത്തീബ് അഥവാ സ്വഫയില്‍നിന്നു തുടങ്ങി മര്‍വയില്‍ അവസാനിപ്പിക്കുക.
3. ഏഴെണ്ണം പൂര്‍ത്തിയാക്കല്‍. എണ്ണത്തില്‍ സംശയിച്ചാല്‍ കുറഞ്ഞതു കൊണ്ട് പിടിച്ച് പൂര്‍ത്തിയാക്കണം.
4. ഖുദൂമിന്റെയോ ഇഫാളത്തിന്റെയോ ത്വവാഫിനു  ശേമാവുക. 
ഖുദൂമിന്റെ ത്വവാഫിനു ശേഷം സഅ്‌യ് ചെയ്തവന്‍ ഇഫാളത്തിന്റെ ത്വവാഫിനു ശേഷം വീണ്ടും ചെയ്യല്‍ സുന്നത്തില്ല, മറിച്ച് കറാഹത്താണ്. കാരണം, സഅ്‌യ് ത്വവാഫ് പോലെ ആവര്‍ത്തനം പുണ്യമായ ഒരു ഇബാദത്തല്ല.
സഅ്‌യിന് വുളൂഅ് നിര്‍ബന്ധമില്ലെങ്കിലും സുന്നത്താണ്. രോഗം, വാര്‍ധക്യം തുടങ്ങിയ ബുദ്ധിമുട്ടുകളില്ലെങ്കില്‍ നടന്നു തന്നെ ചെയ്യലാണ് ശ്രേഷ്ഠം. ഏഴു പ്രാവശ്യം തുടര്‍ച്ചയായി ചെയ്യുന്നതാണ് സുന്നത്തായ രീതി. ജമാഅത്ത് നിസ്‌കാരം പോലെയുളള കാരണങ്ങള്‍ക്കു വേണ്ടി തുടര്‍ച്ച മുറിഞ്ഞാല്‍ ശേഷം ബാക്കിയുള്ളത് പൂര്‍ത്തിയാക്കിയാല്‍ മതി. എങ്കിലും ആവശ്യമില്ലാത്ത സംസാരത്തിനു വേണ്ടി നടത്തം മുറിക്കല്‍ കറാഹത്താണ്.

മസ്അ (സഅ്‌യിന്റെ സ്ഥലം)
സ്വഫയുടെയും മര്‍വയുടെയും ഇടയിലുളള സ്ഥലത്തിനാണ് മസ്അ എന്നു പറയുന്നത്. നബി(സ) യുടെയും ഇബ്‌റാഹീം നബി(അ) യുടെയും ഹാജറ(റ)യുടെയും ലക്ഷക്കണക്കിന് സ്വഹാബിമാരുടെയും പാദസ്പര്‍ശനമേറ്റ മണ്ണാണിത്. 
മസ്അയുടെ നീളം 394 മീറ്ററും വീതി 20 മീറ്ററുമാണ്. ആദ്യകാലത്ത്  വളവുകളും തിരിവുകളും ഇറക്കവും കയറ്റവും നിറഞ്ഞ പ്രദേശമായിരുന്നു ഇത്. പുരാതന കാലത്ത് മക്കയിലെ മാര്‍ക്കറ്റിന്റെ മധ്യഭാഗത്തായിരുന്നു ഈ സ്ഥലം. പതിമൂന്നര നൂറ്റാണ്ടോളം യാതൊരു മാറ്റവും കൂടാതെ ഇതിന്റെ തനിമ നിലനിന്നിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ അല്‍പ്പാല്‍പ്പമായി നടന്ന പരിഷ്‌കാരങ്ങള്‍ വഴിയാണ് നിലവിലുള്ള അവസ്ഥ സംജാതമായത്. ഭൂമിക്കടിയില്‍ ഒരു നിലയും മുകളില്‍ നാലു നിലകളുമായി അഞ്ച് തട്ടുകളടങ്ങിയതാണ് ഇന്നത്തെ മസ്അ. പുരുഷന്‍മാര്‍ വേഗത കൂട്ടേണ്ട സ്ഥലം അടുത്ത കാലം വരെ പച്ച തൂണുകള്‍ വേര്‍തിരിച്ചിരുന്നതെങ്കില്‍ പച്ച ലൈറ്റുകള്‍ കൊണ്ടാണ് ഇന്ന് 
ആ ഭാഗം അടയാള പ്പെടുത്തിയിരിക്കുന്നത്.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter