നിസ്‌കാരത്തില്‍ വസ്ത്രം മടക്കിവെക്കുന്നതിന്റെ വിധി

നിസ്‌കാരത്തില്‍ വസ്ത്രം മടക്കിവെക്കുന്നതിന്റെ വിധി


റുകൂഅ്, സുജൂദ് എന്നിവയിലെ സുന്നത്തുകളില്‍ സ്ത്രീയും പുരുഷനും ഒരുപോലെയല്ല, വ്യത്യാസമുണ്ട്. ഇവ രണ്ടിലും പുരുഷന്മാര്‍ രണ്ടു കൈമുട്ടുകളെ രണ്ടു പാര്‍ശ്വങ്ങളില്‍ നിന്നും വയറിനെ ഇരു തുടകളില്‍നിന്നും അകറ്റി പിടിക്കണം. സ്ത്രീ അവ ചേര്‍ത്തുവെക്കലാണു സുന്നത്ത്. നപുംസകവും സ്ത്രീയെപ്പോലെ തന്നെ ഈ വിധിയില്‍.
രണ്ടു ഉള്ളന്‍കൈകള്‍ കാ മുട്ടുകളില്‍ എത്തും വിധം കുനിയലാണു റുകൂഅ്. വിരലുകള്‍ മുട്ടുകാല്‍ എത്തുംവിധം കുനിഞ്ഞാല്‍ പോര. റുകൂഅ്, ഇഅ്ദിതാല്‍, സുജൂദ് എന്നിങ്ങനെയുള്ള നിസ്‌കാരത്തിന്റെ ഫര്‍ളുകള്‍ ചെയ്യുമ്പോള്‍ പ്രത്യേക നിയ്യത്ത് ആവശ്യമില്ല. അതേസമയം, അവയല്ലാത്തതു കരുതാനും പാടില്ല. ഉദാ: ഒരാള്‍ ഓത്തിന്റെ സുജൂദിനു വേണ്ടി കുനിഞ്ഞു. റുകൂഇന്റെ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ആ കുനിഞ്ഞതിനെ റുകൂഅ് ആക്കി. എങ്കില്‍ പറ്റില്ല. കാരണം, ഈ കുനിയല്‍ കൊണ്ടു ഓത്തിന്റെ സുജൂദാണു കരുതിയത്. അതിനെയാണവന്‍ റുകൂഅ് ആക്കിയത്.
റുകൂഇലും സുജൂദിലും ഉള്ള ചുരുങ്ങിയ ദിക്ര്‍ ഒരു തവണയാണ്. പരിപൂര്‍ണ്ണതയില്‍ ചുരുങ്ങിയത് മൂന്നു തവണ. റുകൂഇലും സുജൂദിലും ഉള്ള ദിക്‌റില്‍ അളീം, അഅ്‌ലാ എന്ന മാറ്റം മാത്രമാണല്ലോ ഉള്ളത്. അതില്‍ അര്‍ത്ഥമാറ്റമില്ല. അത്യുന്നതനായ എന്റെ രക്ഷിതാവിനെ സ്തുതിക്കലോടുകൂടി അവന്റെ പരിശുദ്ധി ഞാന്‍ വാഴ്ത്തുന്നു എന്നാണു അര്‍ത്ഥം.
റുകൂഅ്, ഇഅ്തിദാല്‍, സുജൂദ്, രണ്ടു സുജൂദിന്റെ ഇടയിലെ ഇരുത്തം എന്നിവയില്‍ അനക്കം അടങ്ങണം. പലരും ശ്രദ്ധിക്കാത്ത കാര്യമാണിത്. ഒരു ഫര്‍ളില്‍ നിന്നു മറ്റൊന്നിലേക്ക് നീങ്ങിയാല്‍ രണ്ടും തമ്മില്‍ വേര്‍തിരിയുംവിധം അവയവങ്ങള്‍ നിശ്ചലമാവലാണു അടക്കംഅനങ്ങുക എന്നതിന്റെ വിവക്ഷ.
നിസ്‌കാരത്തില്‍ ആവശ്യം കൂടാതെ വസ്ത്രവും മുടിയും ചുരുട്ടിവെക്കല്‍ കറാഹത്താണ്. മുടി ചുരുട്ടിവെക്കല്‍ കറാഹത്തുള്ളത് പുരുഷന്മാര്‍ക്കാണ്. സ്ത്രീകള്‍ക്കില്ല. അവര്‍ക്ക് മുടി മൊടഞ്ഞു കൊണ്ടുതന്നെ നിസ്‌കരിക്കാം. അതില്‍ കറാഹത്തില്ല. ഷര്‍ട്ടിന്റെ കോളര്‍ മടക്കിവെക്കുന്നതു വസ്ത്രം മടക്കിവെക്കുന്നതില്‍ പെടില്ല. അതുപോലെത്തന്നെ പാന്റിന്റെ അടിഭാഗം ഞെരിയാണിയുടെ താഴോട്ടു ഇറങ്ങുന്നത് തടയേണ്ട ആവശ്യത്തിനുവേണ്ടി മടക്കിവെയ്ക്കുന്നതും കറാഹത്തില്ല (ശര്‍വാനി. 2/162)
ഏഴു അവയവത്തിന്റെ മേലിലാവണം സുജൂദ്. നെറ്റി, രണ്ടു കാല്‍മുട്ട്, രണ്ടു ഉള്ളന്‍കൈ, രണ്ടു കാല്‍വിരലുകളുടെ പള്ള എന്നിവയാണവ. മൂക്ക് സുജൂദിന്റെ വേളയില്‍ നിലത്തുവെക്കല്‍ സുന്നത്തുണ്ട്. നെറ്റിയും മൂക്കും ഒരുമിച്ചാണു വെക്കേണ്ടത്.
നെറ്റിയില്‍ മുടിയുണ്ടാവരുത്. അവന്റെ അനക്കം കൊണ്ടു അനങ്ങുന്ന വസ്തുവിന്റെ മേല്‍ സുജൂദ് ചെയ്താല്‍ സ്വഹീഹാവില്ല. തലപ്പാവ്, തൊപ്പി, ടവ്വല്‍ എന്നിവ കൊണ്ടു തലമറക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം. മുഖമക്കന ധരിച്ചു നിസ്‌കരിക്കല്‍ നിര്‍ബന്ധമാണല്ലോ. സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം തല മുഴുവനും മറക്കുകയും നെറ്റി വെളിവാക്കുകയും വേണ്ടത് അവര്‍ക്കാണല്ലോ. അവരുടെ തലയില്‍ നിന്നും ഒരു മുടി വെളിവായാല്‍ തന്നെ നിസ്‌കാരം ബാത്വിലായി.
സുജൂദ് ചെയ്യുമ്പോള്‍ അവയവങ്ങള്‍ വെക്കേണ്ട രൂപം ഇങ്ങനെ: ആദ്യം രണ്ടു മുട്ടു വെക്കുക, പിന്നെ ചുമലിന്റെ നേരെ രണ്ടു ഉള്ളന്‍ കൈ, ശേഷം നെറ്റിയും മൂക്കും ഒരുമിച്ച്.
കാലിന്റെ വിരലുകളുടെ പള്ളയില്‍ നിന്നു സാധിക്കുന്നത്ര ഭൂമിയില്‍ വെക്കുക. ഓരോ വിരലിന്റെ പള്ള മാത്രം വെച്ചാലും സുജൂദ് സാധുവാകും. സുജൂദിന്റെ സമയത്ത് നെറ്റിയില്‍ ഭാരം കൊടുക്കല്‍ നിര്‍ബന്ധവും മറ്റു സുജൂദിന്റെ അവയവങ്ങളില്‍ ഭാരം നല്‍കല്‍ സുന്നത്തുമാണ്.
പുരുഷന്‍ കാല്‍മുട്ടും അല്ലാത്ത സുജൂദിന്റെ അവയവങ്ങള്‍ (എന്നാല്‍ നെറ്റിയില്‍ നിന്ന് അല്‍പം മാത്രം വെളിവാക്കല്‍ നിര്‍ബന്ധമാണ്.) വെളിവാക്കലും സ്ത്രീപുരുഷഭേദമന്യെ സുജൂദില്‍ കണ്ണു തുറക്കലും സുന്നത്താണ്. ഉള്ളന്‍കൈ ഭൂമിയില്‍ വെച്ച് കയ്യിന്റെ മറ്റു ഭാഗങ്ങള്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തി പിടിക്കണം. തനിച്ചു നിസ്‌കരിക്കുന്നവനു സുജൂദില്‍ ദിക്‌റുകള്‍ വര്‍ദ്ദിപ്പിക്കാം. അതു സുന്നത്താണ്. അല്ലാഹുവിന്റെ സാമീപ്യം ലഭിക്കാന്‍ ഏറ്റവും നല്ലത് സുജൂദാണ്. എന്നാല്‍, കാരണം കൂടാതെ സുജൂദ് നിഷിദ്ധവുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter