സവര്‍ണ ദേശീയതയും സംഘ്പരിവാര്‍ അജണ്ടകളും

ഫാഷിസത്തിന്റെ ഏറ്റവും വലിയ ഉന്നം ഹൈന്ദവതയാണ്. ഹിന്ദു പരിസരങ്ങളെ ഉപയോഗപ്പെടുത്തിയാണ് അത് ഇന്ത്യയില്‍ വേര് നേടാന്‍ ശ്രമിച്ചത്. ഇവിടത്തെ ജാതീയ തരംതിരിവുകളെ കൃത്യമായി ഉപയോഗിക്കുകയും ഇവിടെ അടിഞ്ഞുകിടക്കുന്ന ജാതീയ ചിന്തകളെ പ്രഫുല്ലമാക്കുകയും ചെയ്തുകൊണ്ട് ഇന്ത്യന്‍ ഫാഷിസം രംഗത്ത് വന്നു.  രാജ്യം വളരണമെന്ന് പറയുമ്പോഴും സവര്‍ണ വരേണ്യതയെ മാത്രം ഉയര്‍ത്തിക്കാട്ടി ഗോള്‍വാള്‍ക്കറിനെപ്പോലുള്ളവര്‍ രംഗത്തുവന്നു. ഇതോടെ ഹൈന്ദവ ഫാഷിസം രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

അതുകൊണ്ടാണ് സവര്‍ണ ദേശീയതയെ വളര്‍ത്തിക്കൊണ്ടുവരാന്‍ സംഘ്പരിവാര്‍ ഇന്നും ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. 

ഫാഷിസത്തിന്റെ അടിവേര് അന്വേഷിച്ചു പോയാല്‍ ഏതൊരാളും എത്തിപ്പെടുന്നത് ഹിറ്റലറിന്റെ സ്വര്‍ഗ്ഗ രാജ്യമായ ജര്‍മനിയിലേക്കായിരിക്കും. എന്നാല്‍, ഹിറ്റലര്‍ പോലും ഫാഷിസം കടമെടുത്തത് ഇന്ത്യയില്‍ നിന്നാണെന്നാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കണ്ടെത്തല്‍. ഫാഷിസം ഉപയോഗിച്ചിരുന്ന സ്വാസ്തിക് ചിഹ്നം ആദ്യമേ ഇവിടെയുണ്ടായിരുന്നുവെന്നും അതാണ് പിന്നീട് ജര്‍മനിയിലേക്ക് പോയതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ അള്ളിപ്പിടിച്ചിരുന്ന ജാതീയ തരംതിരിവുകളുടെ പശ്ചാത്തലത്തില്‍നിന്നാവണം ഇങ്ങനെയൊരു വായന. 

ഏതായാലും ഇവിടെ ഒരുകാര്യം വ്യക്തമാണ്; ഇന്ത്യന്‍ ചരിത്രത്തിലെ ഫാഷിസത്തിന്റെ കടന്നുവരവിന് മതംമാറ്റവുമായി അനിഷേധ്യമായ ബന്ധമുണ്ട്.

ഇന്ത്യയിലെ ജാതീയതയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ആദ്യ കാലങ്ങളില്‍ അധസ്ഥിത വിഭാഗം കണ്ടെത്തിയ വഴിയായിരുന്നു മതംമാറ്റം. പില്‍കാലത്ത് അത് സ്വയമിഷ്ടപ്രകാരവും പഠനത്തിന് ശേഷവുമായി മാറി. രാജ്യം ബ്രാഹ്മണ വലയത്തില്‍ അകപ്പെട്ടപ്പോള്‍ അവരില്‍നിന്നേല്‍ക്കുന്ന പ്രഹരങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ജനം കണ്ട പരിഹാരമായിരുന്നു അത്. ബ്രാഹ്മണര്‍ വിശ്വസിച്ചു വന്നിരുന്ന ആഴത്തിലെ വിശ്വാസം ദൈവം പോലും ബ്രാഹ്മണര്‍ക്കതീതമാണെന്നാണ്. 

അത് ഇങ്ങനെ സംഗ്രഹിക്കാം: 'നാം ദൈവത്തിനധീനം, ദൈവം മന്ത്രത്തിനധീനം, മന്ത്രം ബ്രാഹ്മണര്‍ക്കധീനം.' അത് കൊണ്ട് ബ്രാഹ്മണന്ട ആരാധ്യ വസ്തുവാണ്. ഇത്തരത്തിലുള്ള മേല്‍ക്കോഴ്മയിലധിഷ്ഠിതമായ വിശ്വാസമാണ് അധസ്ഥിത വിഭാഗത്തിനോടുള്ള ക്രൂരത രാജ്യത്ത് വര്‍ധിപ്പിച്ചത്. ഇതിന്റെ തീവ്രത അറിയണമെങ്കില്‍ അയ്യങ്കാളിയുടെ കാലത്തേക്ക് തന്നെ പോവേണ്ടി വരും.

ഇന്ത്യന്‍ ചരിത്രത്തില്‍ സ്ത്രീകള്‍ക്ക് വസ്ത്രം ധരിക്കാനും മാറ് മറക്കാനുമുള്ള വ്യക്തമായ സ്വാതന്ത്ര്യം വരുന്നത് ടിപ്പു സുല്‍ത്താന്റെ കാലത്തായിരുന്നു. വിദ്യഭ്യാസ മേഖലയില്‍ മാറ്റം വരുന്നത് അയ്യങ്കാളിയുടെ കാലത്തും. അയ്യങ്കാളി ഒരുപാട് സമരങ്ങള്‍ ചെയ്താണ് അധസ്ഥിത വിഭാഗത്തിന്റെ വിദ്യഭ്യാസ അവകാശം നേടിയെടുത്തത്. ഈ കാലഘട്ടത്തിലാണ് ബ്രാഹ്മണര്‍ പഠിക്കുന്ന വിദ്യാലയത്തിലേക്ക് കീഴ് ജാതിക്കാരിയായ ഒരു വിദ്യാര്‍ത്ഥി കയറിയതിന്റെ പേരില്‍ ആ സ്‌കൂള്‍ തന്നെ അഗ്‌നിക്കിരയാക്കിയത്. ഒരേ ദൈവത്തിനെ ആരാധിക്കുന്ന വിഭാഗങ്ങളാണ് ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നോര്‍ക്കുമ്പോഴാണ് ഈ വൈരുദ്ധ്യാതിഷ്ടിത ദുര്‍വാശ്ശിയുടെ ഭീകരത നമ്മളറിയുന്നത്!

ഒരു മതത്തില്‍ നിലകൊള്ളുന്ന ജാതീയത മതവര്‍ഗീയതയെക്കാളും വിഷമുള്ളതായാണ് കരുതപ്പെടാറുള്ളത്. അന്യ മതസ്ഥനെ ഉള്‍ക്കൊണ്ടാലും കീഴ്ജാതിക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത കുടുസ്സായ ഒരു ചിന്താഗതി. ഉത്തര്‍ പ്രദേശില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ദലിത് അധിക്രമങ്ങള്‍ അവിടന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന മതപ്രശ്‌നങ്ങളെക്കാളും ഗുരുതരമായിരുന്നു. കുഞ്ഞുങ്ങളെ പോലും പച്ചക്ക് അഗ്നിക്കിരിയാക്കുന്ന നീചമായ രംഗങ്ങള്‍ ചാനലുകളിലൂടെ രാജ്യം മുഴുവനും ദര്‍ശിച്ചതാണ്. ജാതീയത തുടച്ചു മാറ്റിയാല്‍ മാത്രമേ മതത്തില്‍ ഐക്യമുണ്ടാവുകയുള്ളൂ. അവിടെയാണ് രാഷ്ട്ര സേവാ സംഘവും ബ്രാഹ്മണരും തമ്മിലുള്ള കലഹം ആരംഭിക്കുന്നത്. അധസ്ഥിത വിഭാഗത്തേയും കൂട്ടി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന ലക്ഷ്യം ഔദ്യോഗികമായി തന്നെ പല ഹിന്ദു സംഘടനകളും പ്രഖ്യാപിച്ചിരുന്നു. പക്ഷേ, സവര്‍ണ്ണ ചിന്താഗതിക്കാരായ ബ്രാഹ്മണര്‍ അതിനോട് തെല്ലും യോജിച്ചില്ല എന്നു മാത്രമല്ല എതിര്‍ക്കുകയും ചെയ്തു.

വൈചാരികതയെക്കാള്‍ വൈകാരികതക്ക് മുന്‍ഗണന നല്‍കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉരുത്തിരിയുന്നത്. ഒന്നിച്ചിരുന്നാല്‍ കിട്ടുന്ന പവിഴത്തേക്കാളും മേന്മ ഭിന്നിച്ച് നില്‍ക്കുമ്പോള്‍ കിട്ടുന്ന താത്കാലിക സുഖമാണെന്ന ചിന്തയാണ് സവര്‍ണ്ണ വിഭാഗത്തിന്റെ ന്യൂനത. അവിടെ നഷ്ടപ്പെടുന്നത് മതസൗഹാര്‍ദവും രൂപപ്പെടുന്നത് മതഭിന്നതയും. ഈ വൈകാരികത തന്നെയാണ് ഏത് മതത്തിന്റെ നാശവും. ഇതിനോട് പ്രതികരിക്കേണ്ടതെങ്ങനെയെന്ന കാര്യത്തിലാണ് പലര്‍ക്കും വീഴ്ച്ച സംഭവിക്കാറുള്ളത്. വൈകാരിക പ്രക്ഷോഭങ്ങളും പ്രതിസന്ധികളും സമൂഹത്തിന്റെ മുന്നിലേക്ക് കടന്ന് വരുമ്പോള്‍ വൈചാരികതയോട് മാത്രം പ്രതികരിക്കുക. അവിടെ നെഗറ്റീവും പോസിറ്റീവും തമ്മിലുള്ള ഒരു ആകര്‍ഷണീയത വരും. നമ്മുടെ സമൂഹത്തിന് പോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ വൈചാരിക ബോധം വീണ്ടെടുക്കേണ്ടതുണ്ട്. അത് വലിയൊരു വിപത്തിനും പരിസമാപ്തിയാവും.

രാജ്യത്തെ വിവിധ മതവിശ്വാസത്തിന് കീഴില്‍ ജീവിക്കുന്നവര്‍ തങ്ങളുടെ പ്രാമാണിക ഗ്രന്ഥങ്ങള്‍ മനസ്സിലാക്കുന്നിടത്ത് വരുന്ന വീഴ്ച്ചകളാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രശ്‌നം. അപ്പോഴും മതവിശ്വാസത്തില്‍ ഭിന്നത വരും, സമുദായം വര്‍ഗീയ വാദികളായി ചിത്രീകരിക്കപ്പെടുകയും ചെയ്യും. ലോക ചരിത്രത്തിലേക്ക് കണ്ണോടിച്ചാലും ഈ പരമാര്‍ത്ഥം നമുക്ക് കാണാന്‍ സാധിക്കും. സുന്നീ ഭരണത്തിന് കീഴില്‍ കഴിഞ്ഞിരുന്ന തുര്‍ക്കിയെ നശിപ്പിക്കാന്‍ കച്ചക്കെട്ടിയിറങ്ങിയത് സലഫീ ആധിപത്യത്തില്‍ ജീവിച്ചിരുന്ന സൗദിയായിരുന്നു. ഇരു സമൂഹം ഒരേ മതവിശ്വാസത്തിന് കീഴില്‍ ജീവിക്കുമ്പോഴും സലഫികള്‍ ഖുര്‍ആന്‍ മനസ്സിലാക്കുന്നിടത്ത് വന്ന വീഴ്ച്ചയാണ് ഇതിന് കാരണം. ഇന്ത്യന്‍ ചരിത്രത്തില്‍ അഹിംസയുടെ ആയുധമെടുത്ത് സമൂഹത്തെ പടനയിച്ച രാഷ്ട്ര പിതാവ് ഗാന്ധിജിയും അദ്ദേഹത്തെ വെടിയുതിര്‍ത്ത  ഗോഡ്‌സേയും പഠിച്ചത് ഒരേ രാമായണമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. മുസ്ലിം സഹോദരനെ രക്ഷിക്കാന്‍ വേണ്ടി ജീവന്‍ പണയം വെക്കുന്ന രാജ്യത്തെ നല്ല ഹിന്ദുവും വര്‍ഗീയതയുടെ വിഷം ചീറ്റി സമൂഹത്തെ നശിപ്പിക്കാന്‍ കച്ചക്കെട്ടിയിറങ്ങുന്ന ഫാഷിസ്റ്റ് ചിന്താഗതിക്കാരും ഒരൊറ്റ മത വിശ്വാസത്തിന് കീഴില്‍ ജീവിക്കുന്നവരും ഒരേ പ്രാമാണിക ഗ്രന്ഥം വിശ്വസിക്കുന്നവരുമാണ്. 

ഒരു മതവിശ്വാസത്തിനനുസരിച്ച് ജീവിക്കുമ്പോള്‍ അതേ മതത്തിലെ ബാക്കിയുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്സും മറ്റു മതവിശ്വാസികളോട് പെരുമാറാനുള്ള സൗഹൃദ മനോഭാവവും ജനങ്ങളില്‍ എപ്പോള്‍ വളരുന്നുവോ അന്ന് രാജ്യം രക്ഷപ്പെടും. വൈകാരികതയ്ക്കപ്പുറം വൈചാരികതയാണ് വേണ്ടെതെന്ന ബോധം കൂടി വളരുമ്പോഴാണ് ഈ വിശാല മനസ്സും സൗഹൃദ മനോഭാവവു ഉണ്ടാവുന്നത് എന്നും മറക്കരുത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter