കശ്മീരിലെ നിയന്ത്രണങ്ങൾ  നീക്കണമെന്ന് സ്വീഡൻ
സ്റ്റോക്ക്ഹോം: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ പ്രതികരണവുമായി യൂറോപ്പ്യൻ രാജ്യമായ സ്വീഡൻ രംഗത്ത്. സ്വീഡിഷ് രാജാവും രാജ്ഞിയും മന്ത്രിമാരും ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് കശ്മീർ വിഷയത്തിൽ സ്വീഡൻ നിലപാട് വ്യക്തമാക്കിയത് . കശ്മീരിനു മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റണമെന്നും പ്രശ്‌നപരിഹാര ചർച്ചകളിൽ കശ്മീരി ജനതയെക്കൂടി ഉൾപ്പെടുത്തണമെന്നുമാണ് സ്വീഡിഷ് പാർലമെന്റായ റിക്‌സ്ഡാഗിൽ വിദേശമന്ത്രി ആനി ലിൻഡെ ആവശ്യപ്പെട്ടിരിക്കുന്നത്. "മനുഷ്യാവകാശങ്ങൾ മാനിക്കേണ്ടതിന്റെ ആവശ്യകത നമ്മൾ ഊന്നിപ്പറയുന്നു. കശ്മീരിൽ സ്ഥിതിഗതികൾ രൂക്ഷമാക്കുന്ന നടപടികൾ ഒഴിവാക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട ദീർഘകാലാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പരിഹാരത്തിൽ കശ്മീരി ജനതയെക്കൂടി ഉൾപ്പെടുത്തണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഭാഷണം പ്രധാനമാണ്. ജമ്മു കശ്മീരിനു മേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റാൻ സ്വീഡനും യൂറോപ്യൻ യൂണിയനും ഇന്ത്യയോട് ആവശ്യപ്പെടുകയാണ്. സ്വതന്ത്ര സഞ്ചാരവും ആശവനിമയവും പുനഃസ്ഥാപിക്കപ്പെടുക എന്നത് പ്രധാനമാണ്", അവർ പറഞ്ഞു. കേന്ദ്ര സർക്കാർ കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ എടുത്തുകളഞ്ഞതിനു തൊട്ടുപിന്നാലെ ഈ വിഷയത്തിൽ തങ്ങളുടെ ആശങ്ക സ്വീഡൻ വ്യക്തമാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter