ട്രംപിന്റെ സമാധാന കരാർ  ആസൂത്രിതമായ അനീതി മാത്രമാണ്
സംഘർഷത്തിലിരിക്കുന്ന രണ്ട് കക്ഷികളെയും വിശ്വാസത്തിൽ എടുത്തെങ്കിൽ മാത്രമേ ഏതൊരു സമാധാന ശ്രമവും വിജയത്തിൽ കലാശിക്കുകയുള്ളൂ. ഈ വസ്തുത പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഇസ്രായേൽ-ഫലസ്തീൻ സമാധാന കരാർ തീർത്തും പരാജയമാണെന്ന് പറയാൻ കഴിയും. കാരണം പൂർണ്ണമായും വാർത്ത ശ്രദ്ധനേടുന്നതിനുമുമ്പ് തന്നെ ഫലസ്തീൻ ഭരണകൂടം ഈ കരാർ തള്ളിക്കളഞ്ഞിരിക്കുകയാണ്. 2017 ൽ ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ട്രംപ് ഭരണകൂടത്തെ നിഷ്പക്ഷ മധ്യസ്ഥനായി ഫലസ്തീനികൾ വിശ്വസിക്കുന്നില്ലെന്നതാണ് പ്രധാന കാരണം. ട്രംപിന്റെ പുതിയ സമാധാന കരാറിലെ നിർദ്ദേശങ്ങൾ പരിശോധിച്ചാൽ ഫലസ്തീനികളുടെ ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്ന് സുതരാം വ്യക്തമാകും. ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ട്രംപ് മുൻകയ്യെടുത്തിരിക്കുന്നത്. എന്നാൽ ഇസ്രായേലിന്റെ പക്ഷം പിടിക്കുന്നതും ഫലസ്തീനികളുടെ അവകാശങ്ങൾ ഹനിക്കുന്നതുമായ നിർദ്ദേശങ്ങളാണ് കരാറിലുടനീളമുള്ളത്. പദ്ധതിപ്രകാരം ജോർദാൻ താഴ്‌വരകളും വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പ്രദേശങ്ങളും ഇസ്രായേലിന് ലഭിക്കും, ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായും കിഴക്കൻ ജെറുസലേമിനെ ഫലസ്തീന്റെ തലസ്ഥാനമായും അംഗീകരിക്കും, വെസ്റ്റ് ബാങ്കിലെ ചില സ്ഥലങ്ങൾ ഇസ്രായേലിന് നൽകാനും അതിന് പകരമായി തെക്ക് കിഴക്കൻ ഇസ്രായേലിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ഗാസയോട് ചേർത്ത് ഗാസയെ വലുതാക്കാനും കരാർ നിർദ്ദേശിക്കുന്നു. ഈ നിർദ്ദേശപ്രകാരം വെസ്റ്റ് ബാങ്കിലെ 30 ശതമാനം ഭൂമിയും ജെറുസലേമിന് വേണ്ടിയുള്ള അവകാശവാദവും അഭയാർഥികളുടെ തിരിച്ചുവരവിനുള്ള അവകാശവും ഫലസ്തീനികൾക്ക് എന്നന്നേക്കുമായി നഷ്ടപ്പെടും. പകരമായി അവർക്ക് ലഭിക്കുന്നത് നന്നേ ചുരുങ്ങിയ ബെസ്റ്റ് ബാങ്കും ഒരു തുരങ്കത്തിലൂടെ വെസ്റ്റ് ബാങ്കിലേക്ക് ബന്ധിപ്പിക്കുന്ന വികസിപ്പിച്ച് വലുതാക്കിയ ഗാസയും മാത്രമായിരിക്കും. ഫലസ്തീനി നേതാക്കൾ ദുർബലരാണെന്നത് യാഥാർഥ്യമാണ്. ഒരു കാലത്ത് അറേബ്യൻ രാഷ്ട്രങ്ങളിൽ നിന്ന് അവർക്ക് ലഭിച്ച പിന്തുണയും ഇപ്പോൾ കുറഞ്ഞു വരികയാണ്. അവരുടെ നേതൃത്വം ചിന്നഭിന്നമാവുകയും ചെയ്തിരിക്കുന്നു. ട്രംപ് വാഷിംഗ്ടണിൽ വെച്ച് ഈ സമാധാന കരാർ പ്രഖ്യാപിക്കുമ്പോൾ യുഎഇ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും അമേരിക്കയിൽ സന്നിഹിതരായിരുന്നു. കരാറിന് പിന്തുണ നൽകുന്ന നിലപാടാണ് ഈജിപ്ത് സ്വീകരിച്ചിരിക്കുന്നത്. അതേസമയം ആദ്യം ഫലസ്തീനി-ഇസ്രായേൽ ചർച്ചകൾ പുനരാരംഭിക്കണമെന്നാണ് സൗദി അറേബ്യ ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ ഈ ചർച്ചകൾ എന്ത് നിബന്ധനകൾ പ്രകാരമാണാവേണ്ടത്? വെസ്റ്റ്ബാങ്കിലെ കൂടുതൽ പ്രദേശങ്ങൾ ഇസ്രായേലിനു വിട്ടുനൽകാൻ ഫലസ്തീനികളോട് ആവശ്യപ്പെടുന്നത് തീർത്തും അനീതിയാണെന്നത് ആർക്കാണറിയാത്തത്. ജെറുസലേമിന്റെ പദവി, അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട അഭയാർഥികളുടെ തിരിച്ചുവരവിനുള്ള അവകാശം, ഇരുരാജ്യങ്ങളുടെയും അന്തിമ അതിർത്തി നിർണയം തുടങ്ങിയ വിഷയങ്ങൾ തീരുമാനിക്കപ്പെടേണ്ടത് ഇരുവിഭാഗത്തെയും വിശ്വാസത്തിലെടുത്തു കൊണ്ടുള്ള ചർച്ചകളിലൂടെയാണ്, അല്ലാതെ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന നയങ്ങളിലൂടെയല്ല. ഈ നിർദ്ദേശങ്ങൾ പ്രകാരം ഫലസ്തീൻ രാഷ്ട്രം നിലവിൽ വരണമെങ്കിൽ ഫലസ്തീൻ ഭരണകൂടം ഹമാസിനെയും ഇസ്‌ലാമിക ജിഹാദി സംഘങ്ങളെയും തുരത്തുകയും വേണം. വെസ്റ്റ് ബാങ്കിൽ മാത്രം ഭരണം നടത്തുന്ന ഫലസ്തീൻ ഭരണകൂടത്തിന് ഇത് തീർത്തും ക്ഷിപ്രസാധ്യമാണ്. മാത്രമല്ല കരാർ വിജയത്തിലെത്തണമെങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയോ ജയിലിലടക്കുകയോ ചെയ്തവരുടെ കുടുംബങ്ങൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കുകയും അന്താരാഷ്ട്രതലത്തിൽ ഇസ്രായേലിനെ എതിർക്കുന്ന നടപടികളിൽ നിന്ന് വിട്ടു നിൽക്കുകയും വേണം. പതിറ്റാണ്ടുകളായി ഇസ്രായേലിൻറെ അധിനിവേശത്തെ ചെറുത്തു നിന്ന് പോരാടുന്ന ഒരു ജനതയുടെ മുമ്പിൽ ഇത്തരം നിർദ്ദേശങ്ങൾ വെക്കാൻ ഒരു ഫലസ്തീനീ നേതാവിനും സാധ്യമാകില്ല. നീണ്ടുനിൽക്കുന്ന സമാധാനശ്രമങ്ങൾക്ക് വഴിയൊരുക്കുന്നതിനുപകരം കൂടുതൽ ഫലസ്തീനീ പ്രദേശങ്ങൾ ഇസ്രായേലിന് കീഴടക്കാൻ അവസരം നൽകുന്ന ഗൂഢ നീക്കങ്ങൾ മാത്രമേ ഈ കരാറിൽ തെളിഞ്ഞു കാണുന്നുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter