കര്‍മശാസ്ത്രത്തിലെ ശൈഖാനിയും ഇമാം റാഫിഈ (റ) യും

ശാഫിഈ കര്‍മശാസ്ത്രത്തിന്റെ പ്രയാണവഴിയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടമാണ് ഇമാം റാഫിഈ(റ)യും ഇമാം നവവി(റ)യും സജീവമാക്കിയ ഹിജ്‌റ ഏഴാം നൂറ്റാണ്ട്. ശാഫിഈ കര്‍മധാരയില്‍ പ്രഗത്ഭരായ നിരവധി പണ്ഡിതന്മാര്‍ കടന്നുവന്നിട്ടുണ്ടെങ്കിലും റാഫിഈ, നവവി എന്ന പണ്ഡിത ദ്വയത്തിന്റെ വാക്കുകള്‍ക്കും വിധികള്‍ക്കുമാണ് പില്‍ക്കാലത്ത് കര്‍മശാസ്ത്ര തീര്‍പ്പുകളില്‍ കൂടുതല്‍ പ്രാഥമ്യം നല്‍കിവന്നത്. മറ്റു പണ്ഡിതന്മാരുടെ നിലപാടുകളെക്കാള്‍ ശൈഖാനി എന്നറിയിപ്പെടുന്ന ഈ നായകദ്വയത്തിന്റെ നിലപാടുകള്‍ക്ക് ഇന്നും കര്‍ശാസ്ത്ര പ്രശ്‌ന പരിഹാരങ്ങളില്‍ പ്രഥമ പരിഗണന നല്‍കിവരുന്നു.

ശാഫിഈ ഫിഖ്ഹിലെ ശൈഖാനി പ്രഭാവത്തിന് തുടക്കം കുറിക്കുന്നത് ഇമാം റാഫിഈ (മ. ഹി. 623 / ക്രി. 1226) യുടെ വരവോടെയാണ്. ഹിജ്‌റ ആറാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ ഇറാനിലെ ഖസ്‌വീന്‍ എന്ന ഗ്രാമത്തിലാണ് അബ്ദുല്‍ കരീം ബ്‌നു മുഹമ്മദ് അബ്ദുല്‍ ഖാസിം റാഫിഈ(റ) എന്ന പണ്ഡിതന്‍ ജനിക്കുന്നത്. റാഫിഅ് ബ്‌നു ഖദീജ് എന്ന തന്റെ പിതാമഹനിലേക്കോ തിരുനബി(സ)യുടെ മൗലയായ റാഫിഇ(റ)വിലേക്കോ ചേര്‍ത്തിയാണ് ഇമാം റാഫിഈ(റ) ആ പേരില്‍ അറിയപ്പെടുന്നത്. ഖസ്‌വീനിലെ റാഫിആന്‍ എന്ന ദേശത്തേക്കു ചേര്‍ത്തിയാണ് അങ്ങനെ വിളിക്കുന്നതെന്നാണ് ഇമാം നവവി(റ)യുടെ പക്ഷം. 56

ഇമാം ഗസ്സാലി(റ) ചെയ്തുവെച്ച കര്‍മ്മശാസ്ത്ര വികാസങ്ങളുടെ ചുവട് പിടിച്ചുതന്നെയാണ് ഇമാം റാഫിഈ(റ)യും രംഗത്ത് വന്നത്. ശാഫിഈ കര്‍മശാസ്ത്രത്തില്‍ വലിയ പാണ്ഡിത്യമുള്ളതോടൊപ്പം തഫ്‌സീറും ഹദീസും സൂക്ഷ്മമായി കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടായിരുന്നു ഇമാം റാഫിഈ(റ)വിന്. തന്റെ സ്വദേശമായ ഖസ്‌വീനില്‍ തഫ്‌സീര്‍ ഹദീസ് അധ്യാപനത്തിന് മാത്രമായി പ്രത്യേക സദസ്സ് സംഘടിപ്പിച്ചിരുന്നു. അനറബി നാട്ടില്‍ ജനിച്ചെങ്കിലും അറബിഭാഷയിലും സാഹിത്യത്തിലും സവിശേഷ കഴിവുണ്ടായിരുന്നു ഇമാമിന്. എല്ലാ ജ്ഞാനങ്ങളും ഇമാം റാഫിഈ(റ)ല്‍ നിന്നും ആര്‍ക്കും സ്വായത്തമാക്കാന്‍ കഴിഞ്ഞിരുന്നു. ഇബ്‌നു സ്വലാഹ് (റ) പറയുന്നു: ''ഇമാം റാഫിഈ(റ)യെ പോലെ അനറബി നാട്ടില്‍ ഞാന്‍ ഒരാളെയും കണ്ടിട്ടില്ലെന്ന് എനിക്ക് തോന്നുന്നു.''വൈജ്ഞാനിക ലോകത്തെ വലിയ വിസ്മയമായി നില്‍ക്കുമ്പോഴും ആത്മീയാനുഭൂതി വേണ്ടുവോളം നുകര്‍ന്നവരാണവര്‍. മഹാന് വലിയ കറാമത്തുകളുണ്ടായിരുന്നുവെന്ന് ഇമാം നവവി(റ) പറയുന്നുണ്ട്.

ശാഫിഈ കര്‍മശാസ്ത്ര വളര്‍ച്ചയിലെ ഇമാം റാഫിഈ(റ)യുടെ ഭാഗധേയം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ നിന്നും സുതരാം വ്യക്തമാണ്. ഫിഖ്ഹിലെ ക്രമാനുഗതമായ ഗ്രന്ഥശ്രേണിയുടെ തുടര്‍ച്ചക്കായി ഇമാം ഗസ്സാലി(റ)യുടെ വജീസിനെയാണ് ഇമാം റാഫിഈ(റ) സമീപിച്ചത്. വജീസില്‍ രചനയുടെ പ്രധാന രണ്ടു രീതികളായ ഇഖ്തിസ്വാറും ശര്‍ഹും ഇമാം റാഫിഈ(റ) നിര്‍വ്വഹിച്ചിട്ടുണ്ട്. ഇമാം(റ) വജീസിനെ മുഹര്‍റര്‍ എന്ന പേരില്‍ സംക്ഷേപിക്കുകയും ചെറുതും വലുതുമായ രണ്ട് ശര്‍ഹുകള്‍ രചിക്കുകയും ചെയ്തു. ചെറിയ ശര്‍ഹിന് (ശര്‍ഹു സഗീര്‍) പേര് വെച്ചിട്ടില്ലെങ്കിലും വലിയ ശര്‍ഹിന് അസീസ് എന്നാണ് പേര്. ചില പണ്ഡിതന്മാര്‍, ഖുര്‍ആനിനല്ലാതെ അസീസ് എന്ന് നിരുപാധികം വിളിക്കുന്നത് സൂക്ഷ്മക്കുറവായി കണ്ടതിനാല്‍ അവര്‍ അസീസിന് പകരം ഫത്ഹുല്‍ അസീസ് എന്ന പേരിലാണ് പരാമര്‍ശിക്കുക. എന്നാല്‍ ഫത്ഹുല്‍ അസീസ് വ്യാപകമായി അറിയപ്പെടുന്നത് ശര്‍ഹു കബീര്‍ (വലിയ ശര്‍ഹ്) എന്ന പേരിലാണ്.

ഇമാമിന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥമാണിത്. ഇമാം റാഫിഈ(റ)യുടെ മഹത്വം മനസ്സിലാക്കാന്‍ ഫത്ഹുല്‍ അസീസ് മതിയെന്ന് ഇബ്‌നു സുബ്കി(റ) പറയുന്നുണ്ട്. ശര്‍ഹു കബീര്‍ എഴുതാനുള്ള കാരണം ഇമാം റാഫിഈ(റ) അതിന്റെ തുടക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇമാം പറയുന്നു: ''ഗസ്സാലി(റ)യുടെ വജീസ് വലിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതോടൊപ്പം വളരെ സംക്ഷിപ്തമായതിനാല്‍ രണ്ടു കാര്യങ്ങള്‍ ഇവിടെ ആവശ്യമായി വരുന്നുണ്ട്. ഒന്നുകില്‍ മറ്റു ഗ്രന്ഥങ്ങള്‍ അവലംബിക്കണം. അല്ലെങ്കില്‍ വജീസിന്റെ സങ്കീര്‍ണ്ണതയെ ലഘൂകരിക്കുന്ന ശര്‍ഹ് വേണം. എല്ലാവര്‍ക്കും എല്ലാ സമയത്തും ഗ്രന്ഥങ്ങളെ അവലംബിക്കുക സാധ്യമല്ലെന്നും പ്രസ്തുത ഗ്രന്ഥത്തെ മനസ്സിലാക്കാനുതകുന്ന ഒരു ശര്‍ഹിന്റെ സ്ഥാനത്ത് അതു നില്‍ക്കില്ലെന്നും എല്ലാവര്‍ക്കുമറിയാം. വജീസിലെ മസ്അലകളെ ഗ്രഹിപ്പിക്കുന്ന ഒരു ശര്‍ഹ് രചിക്കാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം അതാണ്.''57

എന്നാല്‍ മൂലകൃതിയില്‍ (വജീസ്) ഗസ്സാലി(റ) സ്വീകരിച്ച ചില രീതികളെ ഇമാം റാഫിഈ(റ) ശര്‍ഹില്‍ ഒഴിവാക്കിയിട്ടുണ്ട്. അഭിപ്രായ ഭിന്നതയുള്ള വാക്കുകളുടെ മുകളില്‍ അതാതു ഇമാമുകളുടെ പേരിനെ കുറിക്കുന്ന സൂചകങ്ങള്‍ നല്‍കുന്ന ഗസ്സാലി(റ)യുടെ ശൈലി ഇമാം റാഫിഈ(റ)യുടെ ശര്‍ഹു കബീറിന്റെ യഥാര്‍ത്ഥ നുസ്ഖയില്‍ കാണാനാവില്ല. അതിനു കാരണമായി പണ്ഡിതരുടെ അഭിപ്രായ ഭിന്നത വലിയ ലോകമാണെന്നും കേവലം സൂചനകള്‍ കൊണ്ട് അത് സാക്ഷാത്കരിക്കപ്പെടാനാവില്ലെന്നും ഇമാം റാഫിഈ(റ) ശര്‍ഹിന്റെ മുഖവുരയില്‍ പറയുന്നുണ്ട്.

വജീസിന്റെ ശര്‍ഹുകളില്‍ ലഭ്യമായ വളരെ ബൃഹത്തായ ശര്‍ഹാണ് ഇമാം റാഫിഈ(റ)യുടെ ശര്‍ഹ് കബീര്‍. പത്തിലേറെ വാള്യങ്ങളുള്ള ഈ ശര്‍ഹിനെ ഇമാം നവവി(റ) അടക്കം നിരവധി പണ്ഡിതന്മാര്‍ മുഖ്തസ്വറുകള്‍ രചിച്ചിട്ടുണ്ട്. റൗള എന്ന പേരിലാണ് ഇമാം നവവി(റ)യുടെ മുഖ്തസ്വര്‍ അറിയപ്പെടുന്നത്. ഇബ്‌നു ഹജര്‍ അസ്ഖലാനി(റ) ശര്‍ഹു കബീറിലെ ഹദീസുകളെ തഖ്‌രീജ് ചെയ്ത് തല്‍ഖീസ് എന്ന ഗ്രന്ഥമെഴുതിയിട്ടുണ്ട്. ശര്‍ഹു മുഹദ്ദബിന്റെ കൂടെ റാഫിഈ(റ)വിന്റെ ശര്‍ഹുകബീറും തല്‍ഖീസും അച്ചടിച്ചുവരുന്നുണ്ട്.

ഇമാം റാഫിഈ(റ)യുടെ പ്രസിദ്ധമായ മറ്റൊരു കര്‍മശാസ്ത്ര ഗ്രന്ഥമാണ് മുഹര്‍റര്‍. വജീസിനെ സംക്ഷേപിച്ചുണ്ടാക്കിയ രചനയാണിത്. അതിനാല്‍തന്നെ ചെറിയ ഗ്രന്ഥമാണ് മുഹര്‍റര്‍. ഇമാം നവവി(റ) മുഹര്‍ററിനെ മിന്‍ഹാജിലേക്ക് ചുരുക്കിയതോടെയാണ് മുഹര്‍റര്‍ കര്‍മ ശാസ്ത്ര പഠിതാക്കള്‍ക്കിടയില്‍ വലിയ പ്രസിദ്ധി നേടിയത്. എന്നാല്‍ കര്‍മ ശാസ്ത്രഗ്രന്ഥങ്ങള്‍ക്ക് പുറമെ ഇമാം റാഫിഈ(റ)ക്ക് ശര്‍ഹ് മുസ്തദ്ദുശ്ശാഫിഈ തദ്‌നീബ്, അമാലി തുടങ്ങിയ മറ്റു ജ്ഞാന ഗ്രന്ഥങ്ങളുമുണ്ട്. രചനയില്‍ സ്വതസിദ്ധമായ ശൈലി പ്രകടിപ്പിച്ച പണ്ഡിതനാണ് ഇമാം റാഫിഈ(റ). രചനയുമായി ബന്ധപ്പെട്ട പല അത്ഭുതങ്ങളും ഇമാമിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. രാത്രി രചന നിര്‍വ്വഹിച്ചുകൊണ്ടിരിക്കെ വിളക്കണഞ്ഞപ്പോള്‍ മരം പ്രകാശം നല്‍കിയെന്ന് ശംസുദ്ദീന്‍ ഇബ്‌നു നഖീബ് (റ) ഉദ്ധരിക്കുന്നുണ്ട്.

അധിക അസ്വ്ഹാബുകളും സ്വീകരിക്കുന്ന നിലപാടുകളെ ഇമാം റാഫിഈ(റ) സ്വഹീഹാക്കുകയുള്ളൂവെന്ന് പൊതുവായ ഒരു ധാരണയുണ്ട്. എന്നാല്‍, ഇത് തെറ്റായ ധാരണയാണെന്ന് തഖ്‌യുദ്ദീന്‍ സുബ്കി(റ) തന്റെ ത്വവാലിഇല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം പുത്രനായ താജുദ്ദീന്‍ബ്‌നു സുബ്കി(റ) ത്വബഖാത്തില്‍ പരാമര്‍ശിക്കുകയും അത്തരം ധാരണക്ക് അപവാദമായ റാഫിഈ(റ)വിന്റെ ചില നിലപാടുകള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തം ദീര്‍ഘമായ റുക്‌നോ ഹൃസ്വമായ റുക്‌നോ എന്ന ചര്‍ച്ചയില്‍ ദീര്‍ഘമായ റുക്‌നാണെന്നാണ് അധിക അസ്വ്ഹാബുകളുടെയും അഭിപ്രായമെങ്കിലും ഹൃസ്വമായ റുക്‌നാണെന്ന അഭിപ്രായത്തെയാണ് ഇമാം റാഫിഈ(റ) അസ്വഹ്ഹായി കാണുന്നത്. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ കാണാനാവും. 58

കര്‍മശാസ്ത്രത്തിന്റെ രണ്ടു ശൈലികളായി ഇമാം റാഫിഈ(റ)യും ഇമാം നവവി(റ)യും അറിയപ്പെടുമ്പോഴും അവര്‍ സമകാലികരായിരുന്നില്ല. ഇമാം റാഫിഈ(റ) വഫാത്തായി ഏകദേശം ഏഴ് വര്‍ഷം കഴിഞ്ഞാണ് ഇമാം നവവി(റ) ജനിക്കുന്നത്. ഏഴാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഹിജ്‌റ 623-ലാണ് ഇമാം റാഫിഈ(റ)യുടെ വഫാത്ത്. സ്വദേശമായ ഖസ്‌വീനില്‍ തന്നെയായിരുന്നു ആ മഹാ പണ്ഡിതന്റെ വിയോഗം. ഖസ്‌വീനിലെ മണ്ണ് തന്നെ ആ പവിത്രശരീരം ഏറ്റുവാങ്ങി. ഇബ്‌നു ഖല്ലികാന്‍(റ) പറയുന്നത് പ്രകാരം 66 വര്‍ഷത്തെ നീണ്ട കാലയളവില്‍ ശാഫിഈ കര്‍മശാസ്ത്രത്തിന്റെ വികാസപരിണാമങ്ങള്‍ക്ക് കാവലിരിക്കുകയായിരുന്നു ആ വലിയ പണ്ഡിതന്‍

റഫറന്‍സ് 56. ശദറാത്തുദ്ദഹബ് / ഇബ്‌നു ഇമാദ് ഹമ്പലി(റ), പേജ് 109, വാള്യം 5 57. ഫത്ഹുല്‍ അസീസ് (ശര്‍ഹു കബീര്‍) ഇമാം റാഫിഈ(റ), പേജ് 74, വാള്യം1 58. ത്വബഖാത്ത് / ഇബ്‌നു സുബ്കി (റ), പേജ് 406, 407, വാള്യം 4

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter