മഖാസിദിനെ സംരക്ഷിക്കുന്നതില്‍ വൈദ്യശാസ്ത്രത്തിന്റെ പങ്ക് ( ഭാഗം 9)
മനുഷ്യരുടെ നിലനില്‍പ്പിന്റെ രണ്ട് പ്രധാന കാരണങ്ങളാണ് ശരീഅത്തും വൈദ്യശാസ്ത്രവുമെന്ന് വളരെ വ്യക്തമാണ്. ആദ്യത്തേത് മനുഷ്യരില്‍ ഉത്തമ മാതൃകകളെ ഉള്‍പ്രവേശിപ്പിക്കുകയും അവരെ ചിട്ടയുള്ള ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമ്പോള്‍, രണ്ടാമത്തേത് ആരോഗ്യജീവിതം നയിക്കാനും വേദനയില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും മുക്തമാകാനും പ്രധാനപ്പെട്ടതാണ്. മഖാസിദിന്റെ വളര്‍ച്ചയിലും നിലനില്‍പ്പിലും വൈദ്യശാസ്ത്രത്തിന്റെ പങ്കെന്തെന്ന് നമുക്ക് നോക്കാം.
1. വിശ്വാസ സംരക്ഷണം
ഇസ്‍ലാമിന്റെ പഞ്ചസ്തംഭങ്ങളായ, ശഹാദത്ത് (ദൃഢവിശ്വാസത്തോടെ അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് നബി അവന്റെ ദൂതനാണെന്നും ഉറപ്പിച്ച് പറയുക), നിസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയവ പ്രാവര്‍ത്തികമാക്കാന്‍ മാനസികവും ശാരീരികവുമായ ആരോഗ്യം ആവശ്യമാണ്. മത വിശ്വാസത്തിനും അത് ആചരിക്കുന്നതിനും ആരോഗ്യം അത്യാവശ്യമാണെന്നാണ് ഇത് കാണിക്കുന്നത്.
അതോടൊപ്പം, മതത്തിന്റെ നിലനില്‍പ്പിന് അഭിവൃദ്ധി പകരുക, അതിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന കാര്യങ്ങളെ നീക്കം ചെയ്യുക എന്നീ രണ്ട് മാനങ്ങളിലൂടെ മതസംരക്ഷണം ഉറപ്പ് വരുത്താവുന്നതാണ്. ആദ്യ മാനം വിശ്വാസം, ആരാധന, ഇസ്‌ലാമിക നിയമത്തിനനുസൃതമായ വിധിനിര്‍ണ്ണയം, അറിവ് നേടല്‍, പ്രബോധനം എന്നീ വഴികളിലൂടെ ഉറപ്പ് വരുത്താവുന്നതും, രണ്ടാം മാനം അവിശ്വാസം, നിരീശ്വര വിശ്വാസം, ബഹുദൈവവിശ്വാസം എന്നിവ ഉപേക്ഷിച്ചും നിരോധിത കാര്യങ്ങള്‍ ഒഴിവാക്കിയും, തിന്മ വിലക്കിയും ദീനിലെ പുത്തനാശയങ്ങളെ പിഴുതെറിഞ്ഞും ദൈവപ്രീതിക്കായി കഠിനാദ്ധ്വാനം ചെയ്തും നിജപ്പെടുത്താവുന്നതാണ്. (ശാത്വിബി, ഹി.1402, 2: 27). മതിയായ ആരോഗ്യത്തോടെയല്ലാതെ ഒരു വിശ്വാസിക്ക് ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുക അസാധ്യമാണ്.
2. ജീവന്‍/മനുഷ്യശരീര സംരക്ഷണം
പ്രധാനമായും വൈദ്യശാസ്ത്രം, മനുഷ്യശരീരത്തെ അസുഖം വരാതെ സംരക്ഷിക്കാനും ആരോഗ്യം വീണ്ടെടുക്കാനുമുള്ളതാണ്. മരണത്തെ പ്രതിരോധിക്കാനോ നീട്ടിവെക്കാനോ മനുഷ്യര്‍ക്ക് കഴിയില്ല എന്നിരിക്കെ രോഗപ്രതിരോധത്തിനും ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുമായി അല്ലാഹു ചില കഴിവുകള്‍ മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്. മനുഷ്യര്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഒരുപാട് വാതിലുകളടച്ചാണ് ഇസ്‌ലാം മനുഷ്യജീവന് സുരക്ഷയൊരുക്കുന്നത്. പ്രതിരോധം, ചികിത്സ എന്നീ രണ്ട് മാര്‍ഗങ്ങളിലൂടെയാണ് മനുഷ്യ ശരീരത്തിലെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വൈദ്യശാസ്ത്രം പ്രധാന പങ്ക് വഹിക്കുന്നത്. ശരീരശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള വഴികളിലൂടെ വൈദ്യശാസ്ത്ര രംഗത്തെ പുരോഗതികള്‍ മനുഷ്യജീവിതം അനായാസകരമാക്കുന്നു.
3. ബുദ്ധി സംരക്ഷണം
ബുദ്ധിക്ക് സംഭവിക്കുന്ന സങ്കീര്‍ണ്ണതകളെ പരിചരിക്കാനും ബുദ്ധി നിലനിര്‍ത്തുന്നതിലും വൈദ്യചികിത്സക്ക് പ്രധാന പങ്കുണ്ട്. വൈദ്യചികിത്സയിലൂടെ മനശാസ്ത്രപരവും മാനസികവും ബുദ്ധിപരവുമായ അസുഖങ്ങള്‍ ചികിത്സിക്കപ്പെടുന്നു. വ്യത്യസ്ത തെറാപ്പികളിലൂടെ രോഗികളെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനും അവരുടെ മാനസികാവസ്ഥ സ്ഥിരപ്പെടുത്താനും സഹായകമാകുന്നു. ന്യൂറോസിസിനും സൈകോസിസിനുമുള്ള ചികിത്സ വളരെ പ്രധാനപ്പെട്ടതും അവ ജനങ്ങളുടെ ബൗദ്ധിക പ്രവര്‍ത്തനങ്ങളും വൈകാരിക ക്ഷമതയും വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം, മയക്കുമരുന്നിനും മദ്യത്തിനുമടിമപ്പെടുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ വൈദ്യശാസ്ത്രം ആധുനിക ലോകത്ത് നിരവധി ഫലപ്രദമായ ചികിത്സാരീതികള്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്.
4. സന്താനപരമ്പര/കുടുംബ സംരക്ഷണം
പ്രത്യുല്‍പാദനം മുതല്‍ പ്രസവാനന്തര ഘട്ടം വരെയുള്ള ഗര്‍ഭധാരണത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ സന്താനപരമ്പര സംരക്ഷണത്തിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രധാന പങ്കുണ്ട്. അതോടൊപ്പം, കുട്ടിയുടെയും അമ്മയുടെയും സുരക്ഷ ഉറപ്പുവരുത്താനും പ്രസവസമയത്ത് സംഭവിക്കുന്ന സങ്കീര്‍ണ്ണതകള്‍ കുറക്കാനുമുള്ള പുതിയ വൈദ്യോപകരണങ്ങള്‍ കണ്ടെത്തപ്പെട്ടിട്ടുണ്ട്.
5. സമ്പത്ത് സംരക്ഷണം
സമ്പാദ്യ സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം, ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ രാജ്യത്തിന്റെയോ വളര്‍ച്ച ആരോഗ്യമുള്ള ജനങ്ങളെ അടിസ്ഥാനമാക്കിയാണ്. അഥവാ ഒരു സമൂഹത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആരോഗ്യം നിര്‍ണായകമാണ്. അതോടൊപ്പം, ആരോഗ്യസംരക്ഷണ മേഖല ദശലക്ഷക്കണക്കിന് ആളുകളുടെ തൊഴിലുറവിടമാണ്, ഇത് വഴി വലിയ ലാഭം ഉണ്ടാക്കുന്നുവെന്നതും സംശയത്തിനിടയില്ലാത്തതാണ്.
അവലംബം-
1. യാസിര്‍ ഔദ, മഖാസിദുശരീഅ
2. ഇബ്‌റാഹിം ബിന്‍ മൂസ അശാത്വിബി, അല്‍ മുവാഫഖാത്ത്
3. അബൂ ബക്കര്‍ അല്‍ ബസ്സാര്‍, മുസ്‌നദുല്‍ ബസ്സാര്‍
4. ഇബ്‌നുല്‍ ഖയ്യിം ജൗസിയ്യ, ഇഅ്‌ലാമുല്‍ മുവഖിഈന്‍
5. ത്വാഹിര്‍ ബിന്‍ ആശൂര്‍, മഖാസിദു ശരീഅ
6. ഇബ്‌നു അബീ ഉസൈ്വബിയ, ഉയൂനുല്‍ അന്‍ബാഅ് ഫീ ത്വബഖാത്തില്‍ അത്വിബ്ബാഅ്
7. നൂറുദ്ദീന്‍ അല്‍ കാളിമി, അല്‍ ഇജ്തിഹാദുല്‍ മഖാസിദീ
8. ഉമര്‍ ഹസന്‍ കാസൂല്‍, Medical Ethics: Theories And Principles
9. Mohamed el-Tahir el-Mesawi, Maqasid al-Shariah and Human Socio-Ethical Order
Leave A Comment