ശ്രീലങ്ക

ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ തന്നെ ഇസ്ലാമെത്തിയ നാടാണ് ശ്രീലങ്ക. ആദ്യ പിതാവ് ആദം നബിയുടെ കാലടി പാദം എന്ന് കരുതുന്ന കീറൽ അനുഭവപ്പെട്ട മല കൊളംബോയിലാണ്. ഈ മല സന്ദർശിക്കാനും കച്ചവടത്തിനും വേണ്ടി അറബികൾ ശ്രീലങ്ക സന്ദർശിക്കാറുണ്ടായിരുന്നു. ഇസ്ലാം സ്വീകരിച്ച തമിഴരും മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് എത്തിയ മുസ്ലിംകളുമാണ് ഇസ്ലാം പ്രചാരണത്തിൽ പ്രധാന പങ്ക് വഹിച്ചത്. 

പോർച്ചുഗീസുകാരും ഡച്ചുകാരും ഭരണം നടത്തിയ ശ്രീലങ്കയിൽ ബ്രീട്ടീഷുകാരെത്തുന്നത് 1802 ലാണ്. തുടർന്നുണ്ടായ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾ അതിജീവിച്ച് കൊണ്ടാണ് ആ നാട്ടിലെ മുസ്ലിംകൾ ഇസ്ലാമിനെ നിലനിർത്തിയത്. 1948 ലാണ് ശ്രീലങ്കക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. തമിഴ് ഭൂരിപക്ഷ സ്ഥലത്ത് സ്വയംഭരണ പ്രവിശ്യക്ക് വേണ്ടി നടത്തിയ തമിഴ് ജനതയുടെ പോരാട്ടം ചരിത്രത്തെ മാറ്റിമറിച്ചു. മൂന്ന് ദശകങ്ങളോളം നീണ്ടുനിന്ന കലാപത്തിൽ നിരവധി പേർക്ക് ജീവഹാനി സംഭവിച്ചു. 2009 ൽ ഈ യുദ്ധം അവസാനിച്ചതോടെ, ഭൂരിപക്ഷ സിംഹള-ബുദ്ധ അക്രമത്തിന്റെ ലക്ഷ്യം മുസ്ലിംകളായിത്തീർന്നു.

വംശീയ ന്യൂനപക്ഷ വിഭാഗമായ ശ്രീലങ്കൻ മൂറുകൾ പ്രധാനമായും ഇസ്ലാം അനുയായികളാണ്. എട്ടാം നൂറ്റാണ്ട് മുതൽ ശ്രീലങ്കയിൽ സ്ഥിരതാമസമാക്കിയ അറേബ്യൻ കച്ചവടക്കാരാണ് ഇവരുടെ പൂർവ്വികർ എന്ന് കരുതുന്നു. 1658 നും 1796 നും ഇടയിൽ ദ്വീപിന്റെ ഡച്ച് കൊളോണിയൽ ഭരണകാലത്താണ് മലയന്മാർ ശ്രീലങ്കയിൽ താമസിക്കാൻ തുടങ്ങിയത്. ഇവർ മലേഷ്യൻ, ഇന്തോനേഷ്യൻ മുസ്ലിം വേരുകളുള്ളവരാണ്. ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിൽ നിന്നാണ് ബോഹ്‌റ സമൂഹം ആദ്യമായി ശ്രീലങ്കയിലെത്തിയത്. ഇവർ ഇന്ത്യൻ അടിസ്ഥാനമുള്ള മുസ്ലിംകളാണ്. ഇന്ന്, ശ്രീലങ്കയിലെ ഏറ്റവും വലിയ തേയില കയറ്റുമതി ബിസിനസുകളും കമ്പനികളും ബോറകൾക്കുണ്ട്. 

Also Read:അമേരിക്കന്‍ നാടുകളിലെ ഇസ്‍ലാം

പ്രശസ്ത ഇസ്ലാമിക അഭിഭാഷകനും വിദ്യാഭ്യാസ വിദഗ്ധനുമായ മുഹമ്മദ് കാസിം സിദ്ദി ലെബ്ബെയാണ് 1892 ൽ അൽ മദ്രസത്തുൽ സഹീറ സ്ഥാപിക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിലാണിത്. സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ ഏകീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് അദ്ദേഹം മുൻകയ്യെടുത്ത് കോളേജ് സ്ഥാപിക്കുന്നത്. മുസ്ലീം ആൺകുട്ടികളുടെ സ്കൂളായാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മുസ്‌ലിം നേതാക്കൾ മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ മനസ്സിലാക്കുകയും അവർ കൊളംബോയിൽ മാത്രമല്ല, കൗണ്ടി, ബഡുള്ള തുടങ്ങിയ സ്ഥലങ്ങളിലും സ്കൂളുകൾ സ്ഥാപിക്കാൻ ആരംഭിക്കുകയും ചെയ്തു. ശ്രീലങ്കയിലെ ഏറ്റവും വലിയ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് സാഹിറ കോളേജ്. മാത്രമല്ല ദേശീയ ടീമിനെ പ്രതിനിധീകരിച്ച് നിരവധി ഫുട്ബോൾ കളിക്കാരെ കോളേജ് സംഭാവന ചെയ്തിട്ടുണ്ട്. 

സാഹിറ കോളേജിൽ പഠിച്ച വിദ്യാർത്ഥികൾ ശ്രീലങ്കയിലെ പ്രഗത്ഭരുമായ പണ്ഡിതന്മാരായി വളർന്നു. അവർ യൂണിവേഴ്സിറ്റി പ്രൊഫസർമാരായിത്തീർന്നു. അറബി ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്ന ഒരേയൊരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു സാഹിറ കോളേജ്. അവിടെ നിന്ന് വിദ്യാർത്ഥികൾ വിദേശത്ത് പോയി അവിടെ അറബി ഭാഷയും ഇസ്ലാമിക പഠനവും കരസ്ഥമാക്കി. ഇത് ശ്രീലങ്കൻ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഇസ്ലാമിക പഠന വകുപ്പും അറബി വകുപ്പും സ്ഥാപിക്കപ്പെടാൻ കാരണമായി. ജാഫ്‌ന യൂണിവേഴ്‌സിറ്റി, ശ്രീലങ്കയിലെ ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി, കൊളംബോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ അറബി വകുപ്പുകൾ ആരംഭിച്ചു. ഇപ്പോൾ ഒലുവിലിലെ സൗത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ അറബി, ഇസ്ലാമിക് പഠനങ്ങളുടെ ഫാക്കൽറ്റി ഉണ്ട്. 

ശ്രീലങ്കയിലാകെ 1,669 മദ്രസ സ്‌കൂളുകളും 317 അറബി സ്‌കൂളുകളും മുസ്‌ലിം മത-സാംസ്കാരിക കാര്യ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇവിടെ മതം പഠിപ്പിക്കുക മാത്രമല്ല, ശാസ്ത്രം, ഗണിതം, നിയമം മുതലായവ മദ്രസയിൽ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ശ്രീലങ്കയിലെ മദ്രസ വിദ്യാഭ്യാസത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 

എന്നാൽ മറ്റു സമുദായങ്ങളിലെ വിദ്യാർത്ഥികൾ ഇംഗ്ലീഷ് സ്കൂളുകളെ പ്രയോജനപ്പെടുത്തുകയും സർക്കാർ ജോലികൾ നേടുകയും ചെയ്തു. ഇത് വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകൾ പിന്നോക്കാവസ്ഥയിലെത്താൻ കാരണമായി. ശ്രീലങ്കയിലെ മുസ്ലീം പണ്ഡിതന്മാർ ഈ കാര്യം ഗൗരവപരമായി ആലോചിക്കുകയും മദ്രസ്സാ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തു. 

Also Read:മലേഷ്യ

ന്യൂനപക്ഷ വിഭാഗത്തിന്റെ മതപരമായ കൂട്ടായ്മ രാജ്യത്തുണ്ട്. All Ceylon Jamiyyathul Ulama
ശ്രീലങ്കൻ മുസ്‌ലിം സമുദായത്തിന് മതപരവും സമുദായവുമായ നേതൃത്വം നൽകുന്ന മുസ്ലിം പണ്ഡിതരുടെ  പരമോന്നത സംഘടനയാണ്. 1924 ലാണ് സ്ഥാപിതമായത്. 25 ജില്ലകളിലായിസംഘടന സജീവമാണ്. സംഘടനയിലുള്ളവരിൽ ഭൂരിഭാഗവും ഡോക്ടറേറ്റ്, സ്പെഷ്യൽ ഡിഗ്രി, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡിഗ്രി നേടിയവരാണ്. ദീനിന്റെ ആശയം പ്രോത്സാഹിപ്പിക്കുക, സംരക്ഷിക്കുക, മുസ്‌ലിംകൾക്കിടയിൽ സമാധാനം നിലനിർത്തുക, സമുദായത്തിന്റെ സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക ക്ഷേമം വർദ്ധിപ്പിക്കുക എന്നിവ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. 

ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പേരിൽ വ്യാപകമായ മുസ്ലിം വേട്ട തുടരുകയാണ്. ബുര്‍ഖ നിരോധിച്ചു. ആയിരത്തിലധികം ഇസ്ലാമിക പാഠശാലകള്‍ അടച്ചുപൂട്ടാനും സർക്കാർ ഉത്തരവിറക്കിയിരുന്നു. 
അതിതീവ്രവായ ഭരണകൂട വേട്ടയാണ് ബുദ്ധമത ഭൂരിപക്ഷ ശ്രീലങ്കയില്‍ ഇപ്പോൾ മുസ്ലിംകള്‍ നേരിടുന്നത്.

ശ്രീലങ്കൻ ജനസംഖ്യയിലെ പത്ത് ശതമാനത്തോളം പേർ മാത്രമുള്ള മുസ്ലിംകൾ രണ്ടാമത്തെ വലിയ ന്യൂനപക്ഷ വിഭാഗമാണ്. തീവ്രബുദ്ധിസ്റ്റുകളുടെ അക്രമങ്ങൾക്ക് സർക്കാർ സഹായം നൽകുന്നത് രാജ്യവ്യാപക വിമർശനത്തിന് കാരണമായിരുന്നു. പ്രാദേശിക തലത്തിൽ ശ്രീലങ്കയിലെ മുസ്ലിംകൾ നേരിടുന്ന ഭീഷണി ഏറിക്കൊണ്ട് വരികയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter