ഇസ്‌ലാമിനെ  അവഹേളിക്കുന്ന നാടകം പിന്‍വലിച്ച് സ്‌കൂള്‍ അധികൃതര്‍

ഇസ്‌ലാം മതത്തെയും മുസ്‌ലിംകളെയും അവഹേളിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന കിത്താബ് എന്ന നാടകം വിവാദമായതിനെ തുടര്‍ന്ന് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിന്‍വലിച്ചു.ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നാടകം പിന്‍വലിക്കുകയാണെന്നും സ്‌കൂള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.


വാര്‍ത്താകുറിപ്പിന്റെ പൂര്‍ണരൂപം:

കോഴിക്കോട് റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഹൈസ്‌ക്കൂള്‍ മലയാള നാടക മത്സരത്തില്‍ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ''കിത്താബ് ' എന്ന നാടകം ഒന്നാംസ്ഥാനവും, എ - ഗ്രേഡും, മികച്ച നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കുകയുണ്ടായി. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അംഗീകാരം ഈ നാടകത്തിന് ലഭിച്ചതിനുശേഷമാണ് നാടകത്തെക്കുറിച്ച് ചില വിവാദങ്ങള്‍ ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഒരു വിഭാഗത്തെ മോശമായി അവതരിപ്പിക്കാനാണ് നാടകം ശ്രമിച്ചതെന്ന വിമര്‍ശനം വന്ന ഉടനെ തന്നെ, ഈ നാടകവുമായി ബന്ധപ്പെട്ടവരും സ്‌കൂള്‍ അധികൃതരും ഗൗരവതരമായ ചര്‍ച്ചയും, വിശകലനവും നടത്തുകയുണ്ടായി. നാടക അവതരണത്തില്‍ വന്ന ചില പരാമര്‍ശങ്ങളും, സന്ദര്‍ഭങ്ങളും ഒരു പ്രത്യേക വിഭാഗത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. എന്നാല്‍ ഇത് മനഃപൂര്‍വ്വം സംഭവിച്ചതല്ല എന്നും വിലയിരുത്തി.

ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട പൊതുബോധം എക്കാലത്തും നിലനിര്‍ത്തി വന്നിട്ടുള്ള ഈ വിദ്യാലയം തുടര്‍ന്നും അത് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. ആരെയെങ്കിലും വേദനിപ്പിച്ചോ, മനസ്സില്‍ മുറിവേല്‍പ്പിച്ചോ ഒരു കലാപ്രവര്‍ത്തനവും നടത്താന്‍ ഇന്നേവരെ ഈ വിദ്യാലയം ശ്രമിച്ചിട്ടില്ല. ജനാധിപത്യപരവും, മതനിരപേക്ഷവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുവിദ്യാലയ അന്തരീക്ഷത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സ്ഥാപനത്തിന് ഒട്ടും താല്പര്യമില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന് പോറലേല്‍പ്പിച്ചുകൊണ്ട് ''കിത്താബ് ' എന്ന നാടകം തുടര്‍ന്നവതരിപ്പിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നു.

കലോത്സവ നാടകവുമായി ഉണ്ടായ വിവാദത്തിന്റെ മറവില്‍ ഈ വിദ്യാലയം ഇന്നേവരെ നേടിയെടുത്ത മുഴുവന്‍ നേട്ടങ്ങളെയും ഇകഴ്ത്തിക്കാണിക്കാനും, ഇതിന്റെ വളര്‍ച്ചയെ തടയാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ചില തല്പരകക്ഷികള്‍ ഇതിനിടയില്‍ നടത്തുന്നതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. അത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു.

ഒരു വിദ്യാലയത്തിന്റെ യശസ്സിന് കോട്ടം തട്ടാതെയും, നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെയും, ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെയും, മതനിരപേക്ഷ ആശയത്തിലൂന്നി നിന്നും ഈ സ്ഥാപനത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണ ഞങ്ങള്‍ക്കു നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു

*പ്രിന്‍സിപ്പാള്‍ & ഹെഡ്മാസ്റ്റര്‍*
*മേമുണ്ട HSS*

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter