വെസ്റ്റ് ബാങ്കിലെ നിയമലംഘനങ്ങൾ അമേരിക്കൻ പിന്തുണ നേടുമ്പോൾ
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത കുടിയേറ്റങ്ങൾ നിയമലംഘനമല്ലെന്ന ട്രംപ് സർക്കാരിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര നിയമങ്ങളെയും പൊതു അഭിപ്രായങ്ങളെയും വെല്ലുവിളിക്കുക മാത്രമല്ല, മറിച്ച് ഇസ്രായേലിനും ഫലസ്തീനുമിടയിലുള്ള സമാധാന പ്രക്രിയയെ ഒന്നടങ്കം തകർക്കുയാണ് ചെയ്യുന്നത്. ജൂത രാഷ്ട്രത്തെ യാതൊരുപാധികളും കൂടാതെ പിന്തുണക്കുന്ന ട്രംപിന്റെ ഇസ്രായേൽ നയത്തിന്റെ നേർ ചിത്രം കൂടിയാണ് ഈ തീരുമാനം പുറത്തുകൊണ്ടുവരുന്നത്. അന്താരാഷ്ട്ര പരിരക്ഷയോടെ ജെറൂസലേമിനെ നിഷ്പക്ഷമായി നിലനിർത്തുകയെന്ന ഐക്യരാഷ്ട്രസഭയുടെ തീരുമാനം ലംഘിച്ചുകൊണ്ട് വിശുദ്ധ നഗരത്തെ ഇസ്രായേൽ തലസ്ഥാനമായി 2017 ഡിസംബറിൽ ട്രംപ് ഭരണകൂടം അംഗീകരിച്ചിരുന്നു. 1967 ൽ സിറിയയിൽ നിന്നും ഇസ്രായേൽ പിടിച്ചടക്കിയ ഗോലാൻ കുന്നുകൾ ഇസ്രായേലിന്റെ ഭാഗമായി ഈ വർഷം മാർച്ചിൽ അമേരിക്ക അംഗീകരിക്കുക കൂടി ചെയ്തു. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങൾക്ക് അംഗീകാരം നൽകുക വഴി കുടിയേറ്റ പ്രവിശ്യ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇസ്രായേലിന്റെ മതപരമായ അവകാശത്തിന് പിന്തുണ നൽകുക കൂടിയാണ് അമേരിക്ക ചെയ്തിട്ടുള്ളത്. അധികാരത്തിൽ തിരിച്ചെത്തിയാൽ കുടിയേറ്റ പ്രദേശങ്ങൾ രാജ്യത്തിന്റെ ഭാഗമാക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബർ തെരഞ്ഞെടുപ്പ് വാഗ്ദാനമായി നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. നെതന്യാഹുവിനും എതിരാളി ഗാന്റ്സിനും സർക്കാർ രൂപീകരിക്കാൻ സാധിക്കാതിരുന്നതിന് പിന്നാലെ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനിടയിലാണ് അമേരിക്കയുടെ പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി, യുഎൻ സുരക്ഷാസമിതി, അന്താരാഷ്ട്ര ക്രിമിനൽ കോടതി എന്നിവയെല്ലാം അംഗീകരിച്ച കാര്യമാണ് ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന കുടിയേറ്റം നിയമവിരുദ്ധമാണെന്ന വസ്തുത. നാലാം ജനീവ കൺവെൻഷൻ മുന്നോട്ടുവെക്കുന്ന നിയമപ്രകാരം ഒരു രാജ്യവും സ്വന്തം പൗരന്മാരെ രാജ്യത്തിന്റെ അതിർത്തിക്ക് പുറത്തേക്ക് അധിവസിപ്പിക്കരുതെന്നാണ്. എന്നാൽ പതിറ്റാണ്ടുകളായി ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്നത് ഈ നിയമത്തിന്റെ പൂർണ ലംഘനമാണ്. വെസ്റ്റ് ബാങ്കിൽ ഏറ്റവും ചുരുങ്ങിയത് നാല് ലക്ഷം ഇസ്രായേൽ കുടിയേറ്റക്കാരുണ്ടെന്നാണ് കണക്ക്. സുരക്ഷാ ആവശ്യങ്ങൾക്കായി ഇസ്രായേൽ പണിതുയർത്തിയ മതിലുകൾ വെസ്റ്റ് ബാങ്കിലെ അതിർത്തിക്ക് പുറത്തേക്ക് നീണ്ടു പോയിട്ടുണ്ട്. മാത്രമല്ല ഈ സ്ഥലങ്ങളിൽ ഇസ്രായേൽ സ്ഥാപിച്ച ചെക്ക് പോസ്റ്റുകൾ ഫലസ്തീനികൾക്ക് സ്വതന്ത്ര സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നുമുണ്ട്. 1965-ലെ അതിർത്തികൾ പ്രകാരമാണ് ദ്വിരാഷ്ട്ര പരിഹാരം ഫലസ്തീനികൾ മുന്നോട്ടുവെക്കുന്നത്. ഇത് പ്രകാരം കിഴക്കൻ ജറുസലേമാണ് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമാവേണ്ടത്. 1948ലെ യുദ്ധത്തിൽ ഫലസ്തീനിൽ നിന്ന് പാലായനം ചെയ്ത അഭയാർഥികളുടെ തിരിച്ചുവരവാണ് മറ്റൊരു തർക്കവിഷയം. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിൻറെ അതിർത്തിയാണ് മറ്റൊന്ന്. പടിപടിയായുള്ള അധിനിവേശത്തിലൂടെ വെസ്റ്റ് ബാങ്കിന്റെ വലിയൊരു ഭാഗം ഇസ്രായേൽ കൈവശമാക്കിയിട്ടുണ്ട്. നിയമവിരുദ്ധ കുടിയേറ്റം നിർത്തിവെക്കാൻ ഐക്യരാഷ്ട്രസഭ ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടും അത് ചെവിക്കൊള്ളാൻ ഇസ്രായേൽ തയ്യാറായിരുന്നില്ല. ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമലംഘനങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് ട്രംപ് ഭരണകൂടം പുതിയ നീക്കത്തിലൂടെ സ്വീകരിച്ചിട്ടുള്ളത്. അമേരിക്കൻ പിന്തുണയുടെ ബലത്തിൽ കുടിയേറ്റവുമായി ഇസ്രായേൽ ഇനിയും മുന്നോട്ട് പോവുകയാണെങ്കിൽ അത് ലോകമാഗ്രഹിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ശവക്കല്ലറയിൽ അവസാന ആണിയടിക്കലായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter