ബാബരി തകർത്ത കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
ലഖ്‌നോ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്‌നോവിലെ പ്രത്യേക കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. ഫോട്ടോകള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഴുവന്‍ പ്രതികളെയും ലക്‌നോ സിബിഐ കോടതി വെറുതെവിട്ടത്. ഇതോടെ 32 പ്രതികളും കുറ്റവിമുക്തരായിരിക്കുകയാണ്. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുള്ളത്.

പ്രതികള്‍ക്കെതിരേ തെളിവുകളില്ലെന്നും പള്ളി പൊളിച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ലെന്നും പ്രധാന പ്രതികള്‍ മസ്ജിദ് തകര്‍ക്കാനുള്ള ശ്രമം തടഞ്ഞുവെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു. പ്രധാന പ്രതികളായ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരായത്. മറ്റുള്ളവര്‍ നേരിട്ട് കോടതിയിലെത്തി. ഫോട്ടോകളും വീഡിയോകളും കൃത്രിമമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അക്രമം കാട്ടിയത് സാമൂഹിക വിരുദ്ധരാണെന്നും കോടതി ചൂണ്ടിക്കാട്ടി. 1528ല്‍ മുഗള്‍ ഭരണാധികാരി ബാബര്‍ നിര്‍മിച്ച ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് 1949 മുതലാണ് തുടര്‍ച്ചയായ പ്രശ്നങ്ങളുണ്ടാകുന്നത്.

1528ല്‍ മുഗൾ വംശ സ്ഥാപകനായ ബാബറിന്റെ നിര്‍ദേശ പ്രകാരം ജനറല്‍ മിര്‍ ബാഖിയാണ് ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് പണിതത്. ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് തകര്‍ത്താണ് പള്ളി പണിതതെന്നും രാമന്റെ ജന്മഭൂമിയാണിതെന്നും വാദം ഉയരുന്നത് വളരെ കാലത്തിന് ശേഷമാണ്. 1949 ഡിസംബറില്‍ പള്ളിക്കകത്ത് രാമ വിഗ്രഹം രഹസ്യമായി സംഘ് പരിവാർ ഒളിച്ച് സ്ഥാപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter