അറബ് ഭാഷ: വിശുദ്ധിയുടെ സാംസ്‌കാരിക ചിഹ്നം

''ഭാഷ'' മനുഷ്യസഹജമാണ്. കാലങ്ങളായുള്ള മനുഷ്യജീവിതത്തിന്റെ ഗതിവിഗതികളില്‍ ആശയസംവേദനത്തിനു വിവിധ മാര്‍ഗങ്ങള്‍ അവന്‍ അവലംബിച്ചു. തന്റെ ആവശ്യപൂര്‍ത്തീകരണിത്തിനായി മനുഷ്യന്‍ ഭാഷയെ ഒരു ഉപാധിയായി കണ്ടു. നാടൊട്ടുക്കും പരന്നുകിടന്ന മനുഷ്യവ്യാപാരങ്ങള്‍ അനന്തമായി കിടക്കുന്നു. അങ്ങനെ കാലാന്തരങ്ങള്‍ക്കിടയില്‍ ലോകം പല ഉത്ഥാനങ്ങള്‍ക്കും പതനങ്ങള്‍ക്കും സാക്ഷിയായി. അവയില്‍ പ്രധാനമായിരുന്നു സംസ്‌കാരങ്ങളും ഭാഷകളും. പക്ഷേ, ഈ പതനങ്ങള്‍ക്കിടയിലും പത്തരമാറ്റോടെ ലോകത്തിനു മുമ്പില്‍ അഭിമാനസ്തംഭമായി നിലകൊള്ളുകയാണ് അറബി ഭാഷയും ആ ഭാഷ കോര്‍ത്തിണക്കുന്ന സംസ്‌കാരങ്ങളും. ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അറബി ഭാഷയും സംസ്‌കാരവും അവന് അന്യമൊന്നുമല്ല. കേരള തീരമടക്കമുള്ള ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍ക്കെല്ലാം അറേബ്യയുമായി അഭേദ്യ ബന്ധമുണ്ടായിരുന്നു. പ്രാചീന കാലം തൊട്ട് 17ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ആധിപത്യമുറപ്പിക്കും വരെ അറേബ്യയുമായുള്ള വ്യാപാരബന്ധം മൂലം ഇന്ത്യ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒരുപാട് സാധനങ്ങള്‍ കയറ്റിയയച്ചു.അങ്ങനെ 18ാം നൂറ്റാണ്ടു വരെ ലോകത്തിന്റെ ആകെ വരുമാനത്തിന്റെ നാലിലൊന്നും ഇന്ത്യയുടെ സംഭാവനയായി. ഇനി കേരളത്തിലേക്കു വരാം,''മാഫീ മുശ്കിലും'',''മാശാ അല്ലയും'' ഒടുവില്‍ ''നിത്വാഖാത്തും'' മലയാളിയുടെ നാവിന്‍തുമ്പിലൂടെ ഒഴുകിയെത്തിയതിനു പിന്നില്‍ അറബി ഭാഷയിലും സംസ്‌കാരത്തിലുമുള്ള അവന്റെ അനല്‍പമായ പരിചയത്തെ വിളിച്ചറിയിക്കുന്നു. നൂറ്റാണ്ടുള്‍ക്കു മുമ്പ്, ഇസ്‌ലാമിന്റെ മഹിത ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ അറബികള്‍, പ്രബോധനത്തിനായി ഈ നാട്ടിലെ ഭാഷ പഠിച്ചെടുത്തു. ചരിത്രത്തിന്റെ മറ്റൊരു ദശാസന്ധിയില്‍, പട്ടിണിയും പരിവട്ടവും മാത്രം സര്‍വസാധാരണമായിരുന്ന ഒരു കാലത്തിന്റെ തീയും പുകയുമില്ലാത്ത അടുക്കളയില്‍ പുഞ്ചിരി വിടരുന്ന മുഖങ്ങള്‍ വിരിയാന്‍ അറബി ഭാഷ ഒരു കാരണമായി. അഥവാ ലോഞ്ചില്‍ പോയിത്തുടങ്ങിയ ഗള്‍ഫ് ജീവിതം വെറും മായ മാത്രമായിരിക്കുന്നു. അങ്ങനെ, ഒരേസമയം സംസ്‌കാര കൈമാറ്റങ്ങളുടെ വിളനിലമായി അറബി ഭാഷ. മതപ്രചാരണമായിരുന്നു അറബികളുടെ ഭാഷ പഠനത്തിന് പിന്നിലെങ്കില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടിന്റെ ഭാഗമായിട്ടായിരുന്നു മലയാളിയുടെ ഭാഷാ പഠനം. അഥവാ, ആവശ്യമായിരുന്നു ഇരുവരിലും കണ്ടുപിടിത്തത്തിന്റെ മാതാവെന്നു സാരം.

അറബി ഭാഷാ: സവിശേഷതകളുടെ അക്ഷയഖനി

സംസാരവും എഴുത്തുമൊക്കെയായി ഭാഷകള്‍ക്ക് പഞ്ഞമില്ലാത്ത കാലമാണിത്. ഓരോ ഭാഷയും അതിന്റേതായ തനിമയും പൈതൃകവും കാത്തുസൂക്ഷിക്കുന്നു. ഈ തനിമയില്‍ ഒരുപടി മുമ്പിലാണ് അറബി ഭാഷ. ശ്രേഷ്ഠഭാഷാ പദവി വരെ എത്തിപ്പിടിക്കാന്‍ മലയാളിയുടെ സ്വന്തം ഭാഷ പെടാപാട് പെട്ടപ്പോള്‍, ലോകം നെറുകയില്‍ വച്ച് ''ശ്രേഷ്ഠം'' എന്നു വിശേഷിപ്പിച്ച ഭാഷയാണ് അറബി. അതിനു പിന്നിലെ മുഖ്യകാരണം ഖുര്‍ആന്‍. ഖുര്‍ആന്‍ ഒരു മുസ്‌ലിമിന്റെ വേദഗ്രന്ഥം എന്നതിലപ്പുറം, അറബി സാഹിത്യത്തിലെ സാമ്രാട്ടുകളെ വെല്ലുവിളികളിലൂടെ വെള്ളം കുടിപ്പിച്ച അദ്വിതീയ സാഹിത്യ ഗ്രന്ഥം കൂടിയാണ്. ഒടുവില്‍, ആ അമാനുഷികതക്ക് മുന്നില്‍ അറബി സാഹിത്യത്തിന്റെ സുവര്‍ണ കാലം മുട്ടുകുത്തിയപ്പോള്‍ ഖുര്‍ആന്‍ അറബി ഭാഷയുടെ അവസാന വാക്കായി മാറുകയായിരുന്നു. ലോകത്ത് വലിയ പ്രചാരണം ചെയ്യപ്പെടുന്ന ബൈബിള്‍ പോലും അറബിക്കും ഖുര്‍ആനും മുന്നില്‍ കീഴടങ്ങുന്ന ഒരു രംഗമുണ്ട്. അഥവാ, യഥാര്‍ത്ഥത്തില്‍ ബൈബിള്‍ അവതരിച്ച ഭാഷ സുറിയാനിയാണെങ്കില്‍, ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ''ജയിംസ് ബൈബിള്‍'' പോലും ഇംഗ്ലീഷ് എന്ന ഇതര ഭാഷയിലാണ് ലഭ്യമാവുന്നത്. ആ തലത്തില്‍ വായന കേന്ദ്രീകരിക്കുമ്പോഴാണ് അറബി കൂടുതല്‍ അനശ്വരമാവുന്നത്. ഈയൊരു ഈയൊരു ആലചനക്കു പുറമേ, ഒരുപാട് പ്രത്യേകതകളും അറബി സ്വായത്തമാക്കിയിട്ടുണ്ട്. ഭാഷാ വിശാരദന്മാര്‍ വിശദീകരിച്ച അത്തരം പ്രത്യേകതകളില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു: 1) ഇഅ്‌റാബ് പദങ്ങളുടെ അവസാനം സാഹചര്യങ്ങള്‍ക്കനുസൃതമായി സംഭവിക്കുന്ന മാറ്റങ്ങളെ കുറിക്കുന്ന അറബി പദമാണിത്. ലോകത്ത് ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂന്നേ മൂന്നു ഭാഷയേ ഇന്നു നിലവിലുള്ളൂ. ജര്‍മന്‍ (അല്‍മാനിയ), അബ്‌സീനിയന്‍(ഹബ്ശി), അറബി എന്നിവയാണത്. അഥവാ, പുരാതന സംസ്‌കാരങ്ങളുടെ നഖചിത്രങ്ങള്‍ കോറിയിടുന്നതാണ് ഇത്തരം മാറ്റങ്ങള്‍ എന്നു സാരം. 2) കൃത്യമായ പദ-ഘടനാ വിന്യാസം ഓരോ പദത്തിനും അതിന്റേതായ അര്‍ത്ഥം സൂക്ഷിക്കുന്ന ഭാഷയാണ് അറബി.

പര്യായ-സമാന-പദങ്ങള്‍ക്കിടയില്‍ പോലും നേരിയ അര്‍ത്ഥവ്യത്യാസം സൂക്ഷിക്കുന്നു ആ ഭാഷ. മാത്രമല്ല, ആശയസംവേദനത്തില്‍ ഏറ്റവും സമ്പന്നമായ ഭാഷയാണ് അറബി. മനുഷ്യവികാരങ്ങളുടെ ഭിന്ന തലങ്ങള്‍ വ്യത്യസ്ത പദങ്ങളിലൂടെ അവതരിപ്പിക്കാനാവുന്നു എന്നതാണ് മറ്റൊരു മിടുക്ക്.''ഹുബ്ബ്'' (അനുരാഗം) എന്ന അറബി പദത്തിന് ഏതാണ്ട് പത്തോളം പദങ്ങള്‍ ഇന്നു ലഭ്യമാണ്. ഇതര ഭാഷകള്‍ ധാരാളം സ്ഥലമുപയോഗിച്ച് സ്ഫുരിപ്പിക്കുന്ന ആശയങ്ങള്‍ ഒന്നോ രണ്ടോ വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ അറബിക്കാവുന്നുവെന്നതും ഈ പദ വിന്യാസത്തിന്റെ ശേഷഫലമെന്നോണമാണ്. 3) അമാനുഷികതയും സംഗ്രഹവും (ഇഅ്ജാസും ഈജാസും) കവനസൗകുമാര്യത തുളുമ്പി നില്‍ക്കുന്ന ഭാഷയാണ് അറബി. ഒരുപാട് അലങ്കാരപദങ്ങളും മോടി കൂട്ടുന്ന പ്രയോഗങ്ങളും ഈ ഭാഷയുടെ പത്തരമാറ്റ് സൗന്ദര്യം നിലനിര്‍ത്തുന്നു. അഥവാ, അമാനുഷികതയും ചുരുക്കെഴുത്തിലൂടെ സംഗ്രഹവും സ്ഥാപിച്ചെടുക്കുന്നു. 4) വിപരീത-പര്യായ പദങ്ങള്‍ ഏതൊരു ഭാഷയെയും പോലെ വിപരീത പദങ്ങള്‍ അറബിയിലും കാണാന്‍ സാധിക്കും. മാത്രമല്ല, ഇതര ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി ഒരേ പദം തന്നെ രണ്ടു വിരുദ്ധ അര്‍ത്ഥങ്ങള്‍ സ്ഫുരിപ്പിക്കുന്നതും അറബിയുടെ പ്രത്യേകതയാണ്. ഉദാഹരണമായി ''ഖഅദ'' എന്ന അറബി പദത്തിനര്‍ത്ഥം ഇരിക്കുക എന്നാണ്. അതേ സമയം,''ഖാമ''(നില്‍ക്കുക) എന്ന നേര്‍ വിപരീതാര്‍ത്ഥവും ഇതിനുണ്ട്. 5) അര്‍ത്ഥങ്ങള്‍ അനവധി, പദം ഒന്ന് ഒരേ പദം തന്നെ സന്ദര്‍ഭങ്ങള്‍ക്കനുസൃതമായി വിവിധ അര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നത് അറബിയുടെ മറ്റൊരു സവിശേഷതയാണ്. ഉദാഹരണമായി: ''കണ്ണ്'' എന്ന് അര്‍ത്ഥം സാധാരണയായി കേള്‍ക്കുന്ന ''ഐന്‍'' എന്ന പദത്തിന് ഏതാണ്ട് 35ഓളം അര്‍ത്ഥമുണ്ട്. 6) അക്ഷര-പദ ഐക്യം (സജ്അ്) ഭാഷാ വിശാലതയെ കുറിക്കുന്നതാണ് അറബി പദ്യ സാഹിത്യത്തില്‍ സാധാരണയായി കാണപ്പെടുന്ന (സജ്അ്).

പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രമുപയോഗിച്ച് ഖുര്‍ആന്‍ തഫ്‌സീറുകള്‍ വിരചിക്കപ്പെട്ടതും, ഒരു അക്ഷരം തീരെ ഉപയോഗിക്കാതെ നീണ്ട പ്രസംഗങ്ങള്‍ അരങ്ങേറിയതും ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. 7) ഉച്ചാരണശുദ്ധിയും ശബ്ദമാധുര്യവും ശബ്ദത്തിന്റെ ഘനഗാംഭീര്യത്തിനും നൈര്‍മല്ല്യത്തിനും അനല്‍പമായ പങ്കുണ്ട് അറബിയില്‍. വാഗ്‌വൈഭവം കൈമുതലാക്കി ജനമനസ്സുകളെ അമ്മാനമാടിയ ''ഖുസ്സ് ബ്ന്‍ സാഇദ''ക്കടക്കം ഊര്‍ജം പകര്‍ന്നത് ഉച്ചാരണത്തിലെയും ശബ്ദത്തിലേയും നിമ്‌നോന്യതികളാണ്. 8) ശൈലികളും ചൊല്ലുകളും ദീര്‍ഘമായ ജീവിതാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഒരുപാട് പഴഞ്ചൊല്ലുകളാലും ശൈലികളാലും സമൃദ്ധമാണ് അറബി സാഹിത്യം. അറബിയില്‍ പ്രയോഗിക്കപ്പെടുന്ന ചൊല്ലുകള്‍ രണ്ടു വിധമാണ്. ഒന്ന്, യുക്ത്യാധിഷ്ഠിത പഴഞ്ചൊല്ലുകള്‍. അനേകം ഗുണപാഠങ്ങള്‍ സമ്മാനിക്കുന്ന ഈ ചൊല്ലുകളില്‍ ബഹുഭൂരിഭാഗവും ബി.സി. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലുഖ്മാനുല്‍ ഹക്കീം(റ)വിന്റെ സംഭാവനകളാണ്. രണ്ട്, സന്ദര്‍ഭാധിഷ്ഠിത ചൊല്ലുകള്‍. ഈ ചൊല്ലുകളുടെ പ്രചാരം നിലനിര്‍ത്താനായി ഈ ശൈലികള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരുപാട് ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. അവയില്‍ പ്രധാനമാണ് ഇമാം സമഖ്ശരിയുടെ ''അല്‍ മുസ്തഖ്‌സ''.

എഡ്വാര്‍ഡ് സൈദ് കണ്ട അറബി ഭാഷ

ഫലസ്തീനില്‍ ജനിച്ച പ്രമുഖ ആധുനിക ഇംഗ്ലീഷ് ഭാഷാ വിഷാരദനും എഴുത്തുകാരനും അമേരിക്കന്‍ ചിന്തകനുമാണ് എഡ്വാര്‍ഡ് സൈദ്. ജന്മം കൊണ്ട് ഫലസ്തീനിയായ അദ്ദേഹം അറബി ഭാഷയെ സംബന്ധിച്ച് അല്‍പന്മാരായ ഓറിയന്റലിസ്റ്റുകള്‍ പറഞ്ഞുപരത്തിയ ഒരുപാട് വാദങ്ങളുടെ മുനയൊടിക്കുന്നുണ്ട്. ഒരു ക്രിസ്ത്യാനിയായ അദ്ദേഹം ഇങ്ങനെ ചിന്തിച്ചതിനു പിന്നിലെ ചേതോവികാരം അറബികളോടൊത്തുള്ള അദ്ദേഹത്തിന്റെ ജീവിതം കൂടിയാണ്.അറബി ഭാഷയുടെ മാഹാത്മ്യങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനാവുന്ന പ്രബന്ധമാണ് ''ലിവിംഗ് ഇന്‍ അറബിക്''(അറബിയിലുള്ള ജീവിതം). ആ പ്രബന്ധം അടിസ്ഥാനപ്പെടുത്തിയുള്ള ചില സുപ്രധാന നിരീക്ഷണങ്ങളും സവിശേഷതകളും: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിം ജനസഞ്ചയത്തിന്റെ മതകീയ ഭാഷ എന്നതിനു പുറമേ, ഒരുപാട് രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷ കൂടിയാണത്. പക്ഷേ സംസാരഭാഷയെന്ന ചട്ടക്കൂടില്‍ ഒതുങ്ങാതെ, അനര്‍ഗളം നിര്‍ഗളിക്കുന്ന വാക്‌സമ്പന്നതയുടെ ഈറ്റില്ലം കൂടിയാണത്. അറബിയുടെ ശ്രേഷ്ഠരൂപത്തിന്റെ (ക്ലാസിക്കല്‍ അറബി) ദൃശ്യാവിഷ്‌കാരമാണ് 1970-'80 കാലഘട്ടങ്ങളില്‍ അറബ് രാജ്യങ്ങളില്‍ നടന്ന ഓയില്‍ വിപ്ലവത്തിന്റെ ബാക്കിപത്രമായി ജന്മമെടുത്ത അറബ് നാടകങ്ങള്‍. ഇത്തരം നാടകങ്ങള്‍ കൂടുതലായി പ്രചാരം നേടിയത് ഈജിപ്തിലായിരുന്നുവെങ്കിലും, ശേഷം മറ്റു അറബ്-മുസ്‌ലിം രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചു എന്നതാണ് ചരിത്രം

. അറബി ഭാഷയിലെ സാഹിതീയ ശാസ്ത്രത്തിനു (ബലാഗ) ഒരു സഹസ്രാബ്ദത്തിന്റെ കഥയുണ്ടു പറയാന്‍ എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അബ്ബാസി ഭരണകാലത്ത് ജീവിച്ചിരുന്ന ജാഹിള്, അബ്ദുല്‍ ഖാഹിര്‍ അല്‍ ജുര്‍ജാനി പോലെയുള്ള പണ്ഡിത കേസരികളാണ് അറബി സാഹിത്യ ശാസ്ത്രത്തിന് ജന്മം നല്‍കിയത്. മാത്രമല്ല, ലോകത്തെ ഇതര ഭാഷകളില്‍നിന്നു ഭിന്നമായി സംസാര ഭാഷയും (സ്‌പോക്കണ്‍) സാഹിത്യ ഭാഷയും (റിട്ടണ്‍) തമ്മില്‍ അഭേദ്യ ബന്ധം പുലര്‍ത്തുന്ന ഒരേയൊരു ഭാഷ അറബി മാത്രമാണ്. അതില്‍ മുഖ്യ പങ്ക് വഹിച്ചത് വിശുദ്ധ ഖുര്‍ആന്‍ ആണെന്ന ഭാഷ്യത്തെ അദ്ദേഹവും സ്ഥിരീകരിക്കുന്നു. പാശ്ചാത്യലോകത്ത് നിലവിലുള്ള ബഹുഭൂരിഭാഗം ഭാഷകളും വാമൊഴിയിലും വരമൊഴിയിലും അജഗജാന്തരം വ്യത്യാസപ്പെട്ടു കിടക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഭാഷകളെ സംബന്ധിച്ച ഏറ്റവും മികച്ച ആധുനിക ഗ്രന്ഥത്തിന്റെ കര്‍ത്താവ് ജാറോസ്‌ലാവിന്റെ നിരീക്ഷണത്തില്‍, ലോകത്തെ ഒരു സംസ്‌കാരത്തിനും അവകാശപ്പെടാനാവാത്തവിധം ഭാഷാ-കേന്ദ്രീയത (സെന്‍ട്രാലിറ്റി) നിലനിര്‍ത്തുന്ന ഭാഷയാണ് അറബി. അദ്ദേഹം വീണ്ടും പറയുന്നു: ''കൃത്യത, നിഷ്ഠ, ഘടന, സംവിധാനം എന്നിവയില്‍ ഒരു ഗണിതശാസ്ത്ര സൂത്രവാക്യം പോലെയാണ് അറബി. ആഭരണങ്ങളുടേതടക്കം വിവിധ രൂപങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുന്ന അറബി കാലിഗ്രാഫി ആ ഭാഷയ്ക്ക് കൂടുതല്‍ ചാരുതയേകുന്നുവെന്നതാണ് വസ്തുത. സംസാരഭാഷയില്‍ പരമാവധി ''ഭാഷാ മര്യാദ'(അദബുല്‍ ലുഗ) കാത്തു സൂക്ഷിക്കുന്ന ഭാഷയാണ് അറബി. തന്മൂലം, ഖുര്‍ആന്റെ പേര് പറയുമ്പോള്‍ ''അല്‍ കരീം'' (വിശുദ്ധം) തുടങ്ങിയ വിശേഷണങ്ങള്‍ 'നാട്ടുവര്‍ത്തമാനത്തില്‍' പോലും അറബികള്‍ ഉപയോഗിക്കുന്നു. മാത്രമല്ല, തിരുനബി(സ്വ)യുടെ നാമം കേള്‍ക്കേണ്ട താമസം സ്വലാത്ത് ചൊല്ലാനും അറബികള്‍ വിസ്മരിക്കാറില്ല.കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളില്‍ പോലും അറബികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വചകങ്ങളാണ് ''അല്‍ ഹംദുലില്ലാ,'' ''മാശാ അല്ലാ'' എന്നിവയെല്ലാം

. അറബി: പാശ്ചാത്യര്‍ തീര്‍ത്ത പുകമറകള്‍ മേല്‍ പരാമര്‍ശിക്കപ്പെട്ടതു പോലെ, ലോകത്ത് ഏറ്റവും സംസ്‌കാര സമ്പന്നവും പഴക്കം ചെന്നതുമായ ഭാഷയാണ് അറബി. ഇസ്‌ലാമോഫോബിയ, ധൈഷണിക പോരാട്ടം എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന ഇസ്‌ലാം വിരോധം അറബിയുടെ കാര്യത്തിലും പാശ്ചാത്യര്‍ കാണിച്ചു. ഈ കൈക്രിയകള്‍ക്ക് ആക്കം കൂട്ടാന്‍ കുരിശുയുദ്ധാനന്തരം യൂറോപ്യര്‍ രൂപം കൊടുത്തതായിരുന്നു 'ഓറിയന്റലിസം' പോലോത്ത പ്രത്യയശാസ്ത്രങ്ങള്‍. യഥാര്‍ത്ഥത്തില്‍ കുരിശുയുദ്ധത്തിലേറ്റ വമ്പന്‍ പരാജയവും മുസ്‌ലിം സമൂഹത്തിനു മതത്തോടും വിശ്വാസത്തോടുമുള്ള ആഭിമുഖ്യവുമായിരുന്നു ഇത്തരം പ്രസ്ഥാനങ്ങളുടെ ചാലകശക്തി. അങ്ങനെ, പാശ്ചാത്യ ലോകത്തെ പല കുബുദ്ധികളും ഇസ്‌ലാമിനെ വിമര്‍ശനബുദ്ധിയോടെ സമീപിക്കുകയും യാതൊരു സങ്കോചവുമില്ലാതെ ഇസ്‌ലാമിന്റെ തനത് ആശയങ്ങള്‍ വളച്ചൊടിക്കുകയും ചെയ്തു. ഖുര്‍ആന്‍ സൂക്തങ്ങള്‍ വക്രീകരിക്കപ്പെടുകയും പുണ്യറസൂല്‍(സ്വ) ദൈവമാണെന്നും വെറും നികൃഷ്ട ജീവിയാണെന്നുമൊക്കെയുള്ള കിംവദന്തികള്‍ യൂറോപ്പില്‍ അങ്ങാടിപ്പാട്ടായി. അറബി ഭാഷയെ സംബന്ധിച്ചിടത്തോളം അതൊരു പ്രാകൃതവും സംസ്‌കാരശൂന്യവുമാണെന്ന വാദങ്ങള്‍ കൂടുതല്‍ പ്രചരിക്കപ്പെട്ടു. അറബിക്കെതിരായി വന്ന ഈ വാദങ്ങളെല്ലാം സൈദ് കൃത്യമായി അവലോകനം ചെയതു മറുപടി പറയുന്നുണ്ട്. തന്റെ പ്രബന്ധത്തില്‍ അദ്ദേഹം പറയുന്നു: ''1940-50 കാലങ്ങളില്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രങ്ങളാണ് അറബി ഭാഷയെയും സംസ്‌കാരത്തെയും സംബന്ധിച്ച് കൂടുതല്‍ മിഥ്യാധാരണകള്‍ തീര്‍ത്തത്. അഥവാ, താടിയും തലപ്പാവും മാത്രം ധരിക്കുന്ന വില്ലന്മാര്‍ സാധാരണയായി. അങ്ങനെ അറബി ഒരു അസാംസ്‌കാരികതയുടെ പ്രതീകമായി അവതരിപ്പിക്കപ്പെട്ടു.

കൂടാതെ, അറബി ഭാഷയ്ക്ക് സംസാര രൂപം മാത്രമേ ഉള്ളൂവെന്നും സാഹിത്യരുചി തീരെയില്ലെന്നും തുടങ്ങി അബദ്ധജടിലമായ വാദങ്ങളും സ്വീകാര്യത നേടി. അങ്ങനെ അറബി വെറും പഴഞ്ചാക്കായി മാത്രം അവശേഷിച്ചു പാശ്ചാത്യ ലോകത്ത്. ഈ പ്രവണതയ്ക്ക് എരിവും പുളിവും പകരാന്‍ ചില മുസ്‌ലിം നാമധാരികളും തയ്യാറായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈല അഹ്മദ് എന്ന ഈജിപ്ഷ്യന്‍ വനിതയെയാണ് അദ്ദേഹം ഉദാഹരിക്കുന്നത്. ഈജിപ്തില്‍ ജനിച്ച് കാംബ്രിഡ്ജില്‍ പി എച്ച് ഡി ചെയ്ത് ലൈല ഇപ്പോള്‍ അമേരിക്കയിലെ ഹാര്‍ഡ്‌വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ഇസ്‌ലാം മത വിഭാഗ ലക്ചറാണ്. ശ്രേഷ്ഠ അറബി (ക്ലാസിക്കല്‍)യെക്കുറിച്ചുള്ള തന്റെ അജ്ഞത മൂലം അറബി ഭാഷയില്‍ വെറും സംസാരഭാഷ (സ്‌പോക്കണ്‍) മാത്രമെ എന്നവള്‍ തന്റെ ''എ ബോര്‍ഡര്‍ പാസേജ് ഫ്രം കൈറോ ടു അമേരിക്ക'' എന്ന പുസ്തകത്തില്‍ നിര്‍ലജ്ജം എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഈ വാദഗതികളെല്ലാം ശുദ്ധ മണ്ടത്തരങ്ങളാണെന്ന് സമര്‍ത്ഥിക്കുന്നതിനു പുറമെ, ഇവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ചേതോവികാരവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അറബികളോടൊത്തുള്ള ജീവിതവും സാമീപ്യവും നഷ്ടപ്പെട്ടുപോയതും അവരുടെ ഭാഷയെ സംബന്ധിച്ചുള്ള അപൂര്‍ണ ജ്ഞാനവുമാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം നിസ്സംശയം വിശദീകരിക്കുന്നു. മത്രമല്ല, ''ശുദ്ധ അറബി'' (ഫുസ്ഹ) സംസാരിക്കുന്നവരെ അറബികളെന്നും നേഞ്ചേറ്റുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വലിയ നേതാക്കള്‍ക്കു പോലും ജനസഞ്ചയത്തെ അഭിമുഖീകരിക്കുമ്പോള്‍ പിഴവു സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരാമര്‍ശിക്കുന്നു. ഈജിപ്തിലെ ജനനേതാവ് ജമാല്‍ അബ്ദുല്‍ നാസറും ഫലസ്തീന്‍ വിമോചന നായകന്‍ യാസര്‍ അറഫാത്തും ഇതിനു പ്രകട മാതൃകകളാണെന്ന് സൈദ് ചൂണ്ടിക്കാണിക്കുന്നു. അറബി ഭാഷ-സാഹിത്യത്തിനു നിശിത വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന മറ്റൊരു മേഖലയാണ് റിഫോര്‍മേഷന്‍-പരിഷ്‌കരണവാദം. ഈ വാദത്തിന്റെ കടയ്ക്കലില്‍ കത്തി വയ്ക്കുന്നതായിരുന്നു സൈദിന്റെ മറുപടികള്‍. ഒരു'റിഫോര്‍മേഷനു' അറബി സാഹിത്യം വിധേയമായിട്ടുണ്ട് എന്നതിനു വ്യക്തമായ തെളിവാണ് ''നഹ്ദ''(നവോത്ഥാന) കാലഘട്ടം.

സൈദ് പറയുന്നു: ''19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫതസ്തീന്‍, സിറിയ, ഈജിപ്ത്, ലബനാന്‍ എന്നീ രാജ്യങ്ങളില്‍ നാന്ദി കുറിച്ച വിപ്ലവ പരിഷ്‌കാരമാണ് ''ഇസ്തിഅ്‌റാബ്'' (അറബിവല്‍ക്കരണം). ഈ പരിഷ്‌കാരമാണ് യഥാര്‍ത്ഥത്തില്‍ നഹ്ദക്ക് ആക്കം കൂട്ടിയതും.ഏഴാം നൂറ്റാണ്ടിലെ ക്ലാസിക്കല്‍ അറബിയില്‍ ലഭ്യമല്ലാത്ത ഒരുപാട് വാക്കുകള്‍ക്ക് താരതമ്യത്തിലൂടെ (ഖിയാസ്) ജന്മം നല്‍കിയും വ്യാകരണ നിയമങ്ങള്‍ ലഘൂകരിച്ചുമൊക്കെയാണ് ഈ പരിഷ്‌കാരം നടപ്പിലായത്.''സോഷ്യലിസം'',''ഡമോക്രസി'' തുടങ്ങി പുതിയ വാക്കുകളടക്കം, ഇന്ന് നിലവിലുള്ള ഔദ്യോഗിക അറബി ഭാഷയുടെ ഏകദേശം 60% വാക്കുകളും നഹ്ദയുടെ സംഭാവനകളാണെന്നു ചുരുക്കം. 'അദബുല്‍ മഹ്ജര്‍'(പലായന സാഹിത്യം) പോലെയുള്ള മഹാ സാഹിത്യ പ്രസ്ഥാനങ്ങള്‍ക്കും ത്വാഹാ ഹുസൈന്‍, മുസ്തഫ ലുത്ഫി, അഹ്മദ് അമീന്‍, അറബി സാഹിത്യത്തിലെ ഏക നൊബേല്‍ ജേതാവ് നജീബ് മഹ്ഫൂസ് അടക്കം യശശരീരരായ സാഹിത്യ പ്രതിഭകള്‍ക്കും ജന്മം നല്‍കിയതും വളര്‍ത്തിയതും ഈ കാലഘട്ടമാണ്. ഈ കാലഘട്ടത്തെക്കുറിച്ചും പരിഷ്‌കാര പ്രവര്‍ത്തനങ്ങളെക്കുറിച്ചും എള്ളോളം അറിവില്ലാത്തതു കൊണ്ടാണ് ബര്‍ണാഡ് ലെവിസ് പോലോത്ത ഓറിയന്റലിസ്റ്റുകള്‍ അറബിയുടെ മേല്‍ കുതിരകയറുന്നതെന്നാണ് സൈദ് വ്യക്തമാക്കുന്നു. ചുരുക്കത്തില്‍, സമ്പന്നവും സമൃദ്ധവുമായ ഒരു ഭാഷയെ വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ചതു കൊണ്ട് മാത്രം തകര്‍ക്കാനാവില്ല. യു.എന്‍. അംഗീകരിച്ച പഞ്ച ഭാഷകളിലൊന്നായും കോടിക്കണക്കിനു വരുന്ന മുസ്‌ലിങ്ങളുടെ മതഭാഷയായും, ലക്ഷക്കണക്കിനു മുസ്‌ലിംകളുടെ സംസാരവും സംസ്‌കാരവുമായി അറബി പ്രശോഭിച്ചു നില്‍ക്കും. 14ാം രാവിലെ അഴകുള്ള ചന്ദ്രനെപ്പോലെ..... അതാണ് ഡിസംബര്‍ 18 ലോകത്തിനു നല്‍കുന്ന സന്ദേശവും.

അറബി: ഒരു ചുരുക്കെഴുത്ത്

25 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷ (ആഫ്രിക്കന്‍ അറബ് രാഷ്ട്രങ്ങളായ ഈജിപ്ത്, സുഡാന്‍ അടക്കം) 420 മില്ല്യണ്‍ ജനങ്ങള്‍ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു. ലോകത്തിലെ പ്രശസ്ത യൂനിവേഴ്‌സിറ്റികളിലെല്ലാം അറബി പാഠ്യവിഷയമാണ്. (ഉദാ: ഓക്‌സ്‌ഫോര്‍ഡ്, കാംബ്രിഡ്ജ് അവലംബം 1) താരീഖു-അദബില്ലുഗത്തില്‍ അറബിയ്യ 2) ലിവിംഗ് ഇന്‍ അറബിക്-എഡ്വാര്‍ഡ് സൈദ്. ബ്രിഡ്ജ്) @ അറബേതര രാജ്യങ്ങളിലെ ചാനലുകള്‍, റേഡിയോ നിലയങ്ങള്‍ വഴി അറബി സംപ്രേക്ഷണം ചെയ്യപ്പെടുന്നു. (ഉദാ:ബി.ബി.സി,വോയ്‌സ് ഓഫ് അമേരിക്ക) @അറബേതര രാഷ്ട്രങ്ങളില്‍ നിന്നും അറബി മാഗസിനുകള്‍ പുറത്തിറങ്ങുന്നു.(ഉദാ:അന്‍ബാഉ മോസ്‌കോ, റഷ്യ) @ എല്ലാ ശാസ്ത്ര-സാങ്കേതിക വിഷയങ്ങളെ സംബന്ധിച്ച അറബിയില്‍ ഇന്നു മാഗസിനുകള്‍ ലഭ്യമാണ്.(ഉദാ:അല്‍ തഖദ്ദമുല്‍ ഇല്‍മി, കുവൈത്ത്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter