തിരുമേനി; ഭാഷയുടെ ആശയങ്ങള്‍
ഹിജ്‌റ വര്‍ഷ പ്രകാരം 1486 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രവാചകപ്പിറവി. ക്രസ്‌താബ്‌ദം 571 ഏപ്രില്‍ 26ന്; തിങ്കളാഴ്‌ച. ക്രിസ്‌താബ്‌ദം 610 ആഗസ്‌ത് 10 ന് തിങ്കളാഴ്‌ച, 40 വയസ്സും 6 മാസവും 12 ദിവസവും പ്രായമുള്ളപ്പോള്‍ ആദ്യമായി ദിവ്യബോധമുണ്ടായി. നാമാരും നബി തിരുമേനിയെ ദര്‍ശിച്ചിട്ടില്ല (സ്വപ്‌നാനുഭവങ്ങള്‍ മാനദണ്ഡമല്ല). ആ സ്വരം കേട്ടിട്ടുമില്ല. ആയിരത്തി അഞ്ഞൂറോളം വയസ്സുള്ള ഒരാളും പൊതുസമൂഹത്തിന്റെ ഭാഗമായി ഇന്നുള്ളതായി അറിവില്ല. എന്നിട്ടും; അന്ത്യപ്രവാചകന്റെ കാലടി മുതല്‍ തലമുടി വരെ എങ്ങനെയായിരുന്നുവെന്നു ഇന്നും വായിക്കാനും, പഠിക്കാനും സാധിക്കുന്നുണ്ട്. ഉടയാടകളെക്കുറിച്ചും ചെരുപ്പിനെക്കുറിച്ചും നിറഭേദങ്ങളെക്കുറിച്ചും, സ്വദേശ-വിദേശാവസ്ഥകളിലെ ഭക്ഷണ-വസ്‌ത്ര-പാര്‍പ്പിടങ്ങളെ കുറിച്ചുമൊക്കെ കൃതികളുമുണ്ട്. ഇത് എന്താണ് ഉന്നയിക്കുന്നതും ധ്വനിപ്പിക്കുന്നതും? കാണാത്ത നബിയെ കാലങ്ങള്‍ക്ക് ശേഷം കണ്ടത് പോലെ. ശമാഇല്‍ എന്ന പ്രത്യേക പഠന മേഖലയുണ്ട് ഇസ്‌ലാമില്‍. പ്രവാചകന്റെ ശീലരീതികളും രുപചിത്രങ്ങളുമാണിതിലെ പ്രതിപാദ്യവിഷയം. ഇത് എന്തിന്റെ അടയാളമാണ്. പ്രവാചകന്റെ ചെരുപ്പിനെ കുറിച്ച് ഇസ്‌ലാമിക ലോകത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പെ കൃതികള്‍ പിറന്നിട്ടുണ്ട്; അല്‍ഫത്‌ഹുല്‍ മുത ആലീ ഫീ മദ്‌ഹിന്നിആല്‍. മറ്റൊരു ലോക നേതാവിന്റെ ചെരുപ്പിനെക്കുറിച്ചും കൃതികള്‍ പിറന്നതായി അറിയപ്പെട്ടിട്ടില്ല.
മൊണാലിസയെടെ പോലും ചിരിക്കപ്പുറത്തേക്ക് ആരാധകരുടെ ചിന്ത പോയിട്ടില്ല. കേവലം പ്രവാചകാധ്യാപനങ്ങള്‍ മാത്രമാണ് ചര്‍ച്ചയാവേണ്ടതെങ്കില്‍ ഉപര്യുക്ത പരമാര്‍ത്ഥങ്ങളെയെല്ലാം നാം ഏത് മണ്ണിലാണ് കുഴിച്ചുമൂടുക?മലയാളത്തിന്റെ മനോഹാരിത മുഴങ്ങുന്ന ഒരു വന്ദന നാമമാണ് തിരുമേനി എന്ന പദം. ശാരീരികാദരവിന്റെ അകസാരം ആ പദത്തിനകത്തുണ്ടെന്നത് വ്യക്തമാണ്. ഉന്നതമായ മാനസിക മൂല്യങ്ങളുടെ ഉടമസ്ഥനെക്കുറിച്ച് തിരുമനസ്സ് എന്ന് അഭിസംബോധന ചെയ്യാറുണ്ട്. മുഹമ്മദ് നബി (സ്വ) യെ കുറിച്ച് രണ്ടും യഥേഷ്‌ടത്തിന് ഉപയോഗിക്കുന്നതായി കാണാം. വിശിഷ്‌ടമായ മാനവിക ദര്‍ശനങ്ങളെക്കുറിച്ച് തിരുദര്‍ശനം എന്നും പറയാറുണ്ട്. തിരുവിതാംകൂറും തിരുകൊച്ചിയും തിരുമുള്‍ക്കാഴ്‌ച്ചയുമെല്ലാം തഥൈവ. അപ്പോള്‍ പിന്നെ നബി വിശകലനങ്ങളുടെ ഘട്ടങ്ങളില്‍ തിരു എന്ന് അധ്യാപനങ്ങളുടെ മുമ്പിലെ പറയാന്‍ പാടുള്ളൂ എന്ന നവീന ശാഠ്യങ്ങള്‍ ചില അസാംഗത്യങ്ങളെ ഉണര്‍ത്തുന്നുണ്ട്.
ചരിത്രത്തിന്റെ ഭാഗമായ ഒരു വ്യക്തിയെ വിലയിരുത്തുമ്പോള്‍ ആധാരമാക്കേണ്ട മാനദണ്ഡം പ്രസ്‌തുത വ്യക്തിയെ, ആ വ്യക്തിയുടെ സമകാലികരായ പൊതുസമൂഹം എങ്ങനെ ധരിച്ചു; മതിച്ചു എന്നൊക്കെയാണെന്നത് ചരിത്രകാരന്മാരുടെ ഏകാഭിപ്രായമാണ്. രാവും പകലും പങ്കിട്ട ജീവിതപങ്കാളി, മക്കള്‍, അനുയായികള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെയുള്ളവരുടെ വിലയിരുത്തലുകള്‍ക്കാണ് പ്രാധാന്യം. ഗാന്ധിജിയെ കുറിച്ച് സാമൂഹികമായി വിലയിരുത്താന്‍ വലംകൈയ്യായി ജീവിച്ച രാഷ്‌ട്രീയ സുഹൃത്തുക്കള്‍ക്കാണ് ഏറ്റവുമധികാരം.
ഗാന്ധിജിയെന്ന ജഢികവ്യക്തിയെകുറിച്ച് പറയാന്‍ ഏറ്റവുമധികാരം പത്‌നി കസ്‌തൂര്‍ബക്കാണ്; ഇതൊരു സുഗ്രാഹ്യലോജിക്കാണ്. ഒന്നരസഹസ്രാബ്‌ദമപ്പുറത്ത് ജീവിച്ച ഒരു വ്യക്തിയുടെ ദേഹം തിരുമേനിയാണോ, അതല്ല കേവല ദേഹമായ അദ്ദേഹമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഇന്നത്തെ സമൂഹത്തിന്റെ വീക്ഷണങ്ങള്‍ക്കല്ല, ഒന്നിച്ച് രാപ്പാര്‍ത്ത, ജീവിച്ചവര്‍ക്ക് തന്നെയാണ്. പ്രവാചക തിരുമേനി(സ്വ)യുടെ വ്യക്തിശുദ്ധിയെക്കുറിച്ച് പഠിച്ചശേഷം ഏറെ പുകഴ്‌ത്തിപ്പറഞ്ഞ മിസ്സിസ് ആനിബസന്റ് ഏറ്റവും പ്രാധാന്യത്തോടെ രേഖപ്പെടുത്തിയത് നബി കുടുംബം നബിയെ വിലയിരുത്തിയ മഹത് പൂര്‍ണ്ണമായ ചിത്രങ്ങളും ചിന്തയുമാണ്.
തുന്നുന്നതിനിടെ സൂചി വീണുപോയ പത്‌നി ആഇശ, എത്ര തപ്പിത്തെരഞ്ഞിട്ടും നിഷ്‌ഫലമായതിന്റെ ഖിന്നത്തോടെ നില്‍ക്കുമ്പോഴാണ് ഭര്‍ത്താവായ തിരുനബി വന്നണഞ്ഞത്. ആ ദേഹദീപ്‌തിയുടെ പ്രകാശത്തില്‍ നേരം വെളുക്കാത്ത നേരത്ത് ആയിശ സൂചി കണ്ടെടുത്തു. ഇത് പ്രാമാണിക രേഖയാണ്. ഉറങ്ങുന്ന നബിമേനിയില്‍ നിന്നും പൊടിഞ്ഞ വിയര്‍പ്പു കണങ്ങള്‍ ശേഖരിച്ച് പാത്രത്തിലാക്കിയ കുടുംബക്കാരി വേറൊരു രേഖയാണ്. ഹജ്ജിന് ഇഹ്‌റാമണിഞ്ഞ് നില്‍ക്കുന്ന പുണ്യ ദേഹത്തില്‍ ഞാന്‍ സുഗന്ധം പൂശിക്കൊടുത്തെന്നും ആ കൈവള്ള അപ്പോള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടുവെന്നും പത്‌നി ആഇശ മൊഴിഞ്ഞിട്ടുണ്ട്. തിരുമേനിയിലെ ചോരകുടിച്ച അനുയായിയും യുദ്ധഭൂമിയില്‍വെച്ച് പരിരംഭണമധ്യേ വിയര്‍പ്പ് നക്കി ഉത്തേജനം കണ്ടെത്തിയ അനുയായിയും നബികഥയിലുണ്ട്. പാത്രത്തില്‍ ഉമിനീരായപ്പോള്‍ ഉറവപൊട്ടിയതും, മുറിവുണങ്ങിയതും ചെങ്കണ്ണ് മാറിയതുമെല്ലാം പലതിലെ ചിലത് മാത്രം. നിഴലില്ലായിരുന്നുവെന്നും, ഈച്ച സമീപിക്കാറുണ്ടായിരുന്നില്ലെന്നും മുന്‍ ഭാഗത്തെന്നോണം പിന്‍ഭാഗവും കാണാന്‍ കഴിയുമായിരുന്നുവെന്നുമൊക്കെ നിവേദനങ്ങളുമുണ്ട്.
ഇവയിലധികവും ബുഖാരി, മുസ്‌ലിം, തുര്‍മുദി തുടങ്ങിയ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളിലെ രേഖകളുമാണ്. ഇതൊന്നും നിരീശ്വരവാദികള്‍ക്ക് ഒട്ടും മറുപടിയാകുന്നില്ല. പക്ഷെ കേവലം പ്രവാചകാധ്യാപനങ്ങള്‍ മാത്രമാണ് പ്രധാനം എന്ന് കമ്യൂണിസ്റ്റുകാര്‍ അവരുടെ സ്വാഭാവിക ഭാഷ്യത്തില്‍ പറയുമ്പോള്‍ അതിന് ദാര്‍ശനികമായി പിന്തുണകൊടുക്കുന്ന മുസ്‌ലിം സമുദായത്തിലെ സോളിഡാരിറ്റിക്കാരും സമാനവാദികളും ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ഇനി; ഏതൊരു ചരിത്രപുരുഷന്റെയും മൃതദേഹമോ, ചൈതന്യ ശരീരമോ ഒരു സവിശേഷതയുമര്‍ഹിക്കുന്നില്ല എന്നാണെങ്കില്‍, ലെനിന്റെയും ഹോചിമ്മിന്റെയും മൃതദേഹം ഇപ്പോഴും എന്തിന് ആദരവോടെ സൂക്ഷിക്കുന്നുവെന്നതിന് പിണറായി മറുപടി പറയണം.
ഡോ.എം.വി.പൈലി തന്റെ റഷ്യയിലെ കാഴ്‌ചകളും അനുഭവങ്ങളും എന്ന പുസ്‌തകത്തില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് മുമ്പ് അവിടുത്തുകാര്‍ പുണ്യ കര്‍മ്മമെന്നോണം ലെനിന്റെ ബോഡിവെയ്‌സ്റ്റ് കാണാന്‍ പോവുമായിരുന്നുവെന്ന് പറയുന്നുണ്ട്. പ്രവാചക ദേഹത്തെ അഗ്നി സ്‌പര്‍ശിക്കില്ല എന്നതിലെ അഗ്നിയെ നരകം എന്ന് വ്യാഖ്യാനിച്ച് അല്ലാമ ചമഞ്ഞ ഒ.അബ്‌ദുല്ല ഓതിയ കിതാബുകളിലൊന്നിലും ഉപര്യുക്ത സംഭവങ്ങള്‍ കണ്ടിട്ടില്ല. ഓതണം. ഓടിയാല്‍ പോര. മൗദൂദി സാഹിബിന്റെ പേന (ശേഷിപ്പ്) ദശലക്ഷക്കണക്കിന് രൂപക്ക് ലേലം ചെയ്‌തത് വലിയ സംഭവമാക്കിതന്നെയാണ് ഇപ്പോഴും ആവിഷ്‌ക്കരിക്കപ്പെടാറുള്ളത്. നബി തിരുമേനി (സ്വ)യുടെ അധ്യാപനങ്ങള്‍ക്ക് മാത്രമല്ല, തിരുദേഹത്തിനും അണിഞ്ഞ വസ്‌ത്രങ്ങള്‍ക്കും, പാദരക്ഷയ്‌ക്കുപോലും അനുയായികള്‍ അഗാധമായ ആദരവ് വകവെച്ചുകൊടുത്തിരുന്നു.
ഇത്തരം കാര്യങ്ങള്‍ അന്ധവിശ്വാസമാണെന്ന് നിരീശ്വരവാദികള്‍ക്ക് സ്വതന്ത്രാഭിപ്രായം പറയാം, മതത്തിലിടപെട്ടുകൊണ്ടു പറയുമ്പോള്‍ ഇസ്‌ലാമിക ചരിത്ര രേഖകള്‍ മാനിക്കുകകൂടി വേണമെന്ന് മാത്രം. പക്ഷെ, മതാനുയായികളില്‍ ചിലര്‍ ഇത്തരം പ്രവാചക സവിശേഷതകളെ മൗഢ്യജല്‍പനമെന്ന് പറഞ്ഞ് തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ അതിന്റെ ന്യയവും പ്രമാണവും വ്യക്തമാക്കണം. യുക്തിക്കു നിരക്കുന്നില്ലന്നെതോ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നതോ ദര്‍ശനസാധ്യമല്ലെന്നതോ ഒക്കെയാണ് നിരാകരണത്തിന്റെ നിര്‍ണ്ണയങ്ങള്‍ എങ്കില്‍ ഇസ്‌ലാമികമായ തൗഹീദ് തന്നെ തകര്‍ന്ന് പോകും. ഏകദൈവതം ദര്‍ശന സാധ്യമല്ല, മാലാഖമാരെ കുറിച്ചുള്ള ചിത്രീകരണങ്ങള്‍ എല്ലാവര്‍ക്കും യുക്തിഭദ്രമാകണമെന്നില്ല.
വിശ്വാസത്തിന്റെ ആധാരമായ പരലോക ജീവിതത്തിലെ സ്വിറാത് പാലവും ത്രാസുമൊക്കെ ചിലപ്പോള്‍ ഉള്‍ക്കൊള്ളാനാകാത്തതാവും. ഖബ്‌റിന്റെ ഇടുക്കത്തെകുറിച്ചും നരകത്തിലെ ആയിരം തലയുള്ള പാമ്പിനെകുറിച്ചും കൊളുത്തിവലിക്കുന്ന ചങ്ങലകളെ കുറിച്ചുമൊക്കെ ചിന്തിക്കുമ്പോള്‍ അന്ധവിശ്വാസമായി തോന്നും. പക്ഷെ, ഇത്തരം വസ്‌തുതകളെ സിസ്സങ്കോചം അംഗീകരിച്ചാല്‍ മാത്രമേ മുസ്‌ലിമാവുകയള്ളൂ. ചിലയര്‍ത്ഥങ്ങളില്‍ ചിന്തയും മതത്തിന് പണയപ്പെടുത്തേണ്ടവനാണ് മുസ്‌ലിം. യുഅ്‌മിനൂന ബില്‍ഗൈബി….. അദൃശ്യങ്ങളില്‍ വിശ്വസിക്കുന്ന എന്നാണ് ഖുര്‍ആനികമായ സത്യവിശ്വാസിവിലാസം. ഈ ശാസ്‌ത്രീയ യുഗത്തില്‍…. എന്നു തുടങ്ങുന്ന വിശകലന വിന്യാസവുമായി നടേപറഞ്ഞതിനെ കുറിച്ച് അടിക്കുറിപ്പെഴുതാന്‍ ദുര്‍വാശികാണിക്കുമ്പോള്‍ ആലോചനയും പഠനവും ഏകപക്ഷീയമാവരുതെന്നേ പറയാനുള്ളൂ.
ജന്മം മുതല്‍ക്കേ തിരുമേനിയായിരുന്നു അന്ത്യപ്രവാചകന്റേത്. നുബുവ്വതിന്റെ (പ്രവാചകത്വം) രേഖ മുദ്രാങ്കിതമായ ശരീരം, ആടിനെ മേച്ചു നടക്കുന്ന കാലത്തുതന്നെ മാലാഖമാരുടെ ഹൃദയശസ്‌ത്രക്രിയ, അനന്യമായ സൗന്ദര്യം തുടങ്ങിയ കാര്യങ്ങള്‍ നിസ്‌തര്‍ക്കിതമല്ലേ. അല്ലെങ്കിലും സൃഷ്‌ടാവിന്റെ വചനങ്ങള്‍ മാലാഖവഴി ഏറ്റെടുക്കുന്ന വിശുദ്ധ കൃത്യത്തില്‍ പങ്ക് വഹിച്ചത് പ്രവാചകന്റെ ആത്മാവ് മാത്രമല്ലല്ലോ. ദിവ്യബോധനഘട്ടത്തില്‍ അനിതരമായ ഭാരാധിക്യത്താല്‍ തിരുമേനിയെ താങ്ങാനാകാതെ ഒട്ടകം മുട്ടുകുത്തിപ്പോയതും അനുയായിയുടെ പാദം ഞെരിഞ്ഞമരുമെന്നയവസ്ഥ വന്നതുമൊക്കെ രേഖേബദ്ധമാണ്.
ലോകത്ത് ഏതെങ്കിലും നേതാവിന്റെ ദേഹചിത്ര-ശീലരീതികള്‍ സമാഹരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് മുഹമ്മദ് നബി (സ്വ)യുടേത് മാത്രമാണ്. അതെകുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവര്‍ പറയുന്നതിനെ ഏറ്റുപിടിക്കുമ്പോള്‍ വിശ്വാസം വിലോമമാവുന്നുണ്ടോ എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.്
ശമാഈല്‍ എന്ന പ്രത്യേക കൃതികള്‍തന്നെ ലോകത്തുണ്ട്, ധാരാളം. നാമാരും കണ്ണ്‌കൊണ്ട് കാണാത്ത അന്ത്യപ്രവാചകന്റെ കാലടി മുതല്‍ തലമുടി വരെ ഇന്നും അത്തരം കൃതികളിലൂടെ കണ്ടെത്താന്‍ കഴിയും. അനുയായികള്‍ക്കിടയിലെ ഒരു തര്‍ക്കം ശ്രദ്ധേയമാണ്. പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞതിന് ശേഷം ചിലര്‍ പറഞ്ഞതു താടിരോമങ്ങളില്‍ പതിനെട്ടെണ്ണമാണ് നരച്ചത്, ബാക്കി മുഴുവന്‍ കറുത്തതാണ്, ചിലര്‍ ഖണ്ഡിച്ചുകൊണ്ട് പറയുന്നു; അല്ല, പത്തൊമ്പതെണ്ണമാണ്, അല്ല; ഇരുപത്. പലപല അഭിപ്രായങ്ങള്‍. പ്രവാചകന്റെ അധ്യാപനങ്ങള്‍ മാത്രമാണ് ചര്‍ച്ചയാവേണ്ടത് എന്ന മഹത്തായ പാഠം ഇവരാരും അറിഞ്ഞുകാണില്ല. അല്ലേ. സ്വന്തം പിതാവിന്റെ താടിരോമത്തിലെ നരജര കണ്ടെത്താന്‍ പരിശോധകനായി വരുന്ന മകനെ നാം മനോരോഗി എന്നാണ് വിളിക്കുക. പക്ഷെ പ്രവാചകന്റേതാകുമ്പോള്‍ അയാള്‍ പ്രവാചക സ്‌നേഹിയാവുന്നു. കോഴിക്കോട്ടുണ്ടെന്ന് പറയപ്പെടുന്ന വ്യാജശേഷിപ്പിന്റെ ആന്റിതരംഗത്തില്‍ പ്പെട്ട് ഒലിച്ചുപോവാതെ ധിഷണയോടെ സോളിഡാരിറ്റി കാര്യങ്ങള്‍ കണ്ടെത്തണം. പണ്ട് മുതലേ അധ്യാപനപ്രേമികളായിരുന്നു, അനുഗ്രഹസിദ്ധി വിരോധികളുമായവരാണ് മുസ്‌ലിം രാഷ്‌ട്രീയ നേതൃത്വമെങ്കില്‍ തുര്‍ക്കിയിലും കാശ്‌മീരിലുമൊന്നും ശേഷിപ്പ് ചര്‍ച്ചയാവില്ലായിരുന്നു. അതും, മുസ്‌തഫാ കമാലിന്റെ സ്വന്തം തുര്‍ക്കിയില്‍.
ഇന്ത്യയുടെ പെരുമ നാവുള്ളവര്‍ക്കൊക്കെ അതിന്റെ നീളമനുസരിച്ച് എന്തും പറയാമെന്നതാണ്. അത് മതമാകട്ടെ, മതത്തിന്റെ പേരിലെ മദമാകട്ടെ; രാഷ്‌ട്രീയമോ, അരാഷ്‌ട്രീയമോ ആവട്ടെ. കുഴപ്പം പിടിച്ച വിഷയമേയല്ലയിവിടെ. കേശ വിവാദത്തെ സുന്നിയുടെ ഭരണിയില്‍ നിന്നും കേശസ്വകാര്യങ്ങളെ കാന്തപുരത്തിന്റെ ഭരണിയില്‍നിന്നും എടുത്തു പുറത്തിട്ടതിനു പിണറായിക്കു കൊടുക്കണം പാലും പാട്ടും. പക്ഷെ സഖാവിനറിയാത്ത ചില അറിവുകള്‍ ചരിത്രത്തിലുണ്ട്. ഇസ്‌ലാമിക വിരുദ്ധ ചേരിയുടെ പ്രഭാഷകനായിരുന്ന ഉര്‍വതുബിനു സുബൈര്‍ തിരുമേനി (സ്വ) യുടെ കൂടാരത്തിനടുത്തുചെന്നു, ഉള്ളില്‍ നടക്കുന്നത് നോക്കിക്കണ്ടത് പിന്നീട് പറയുന്നത് ശ്രദ്ധേയമാണ്. കിസ്‌റയുടെ കൊട്ടാരത്തിലും നേഗസിന്റെ രാജധാനിയിലും ഞാന്‍ പലവട്ടം പോയിട്ടുണ്ട്. പക്ഷെ, അവിടെയൊന്നും കാണാത്ത പരിവാര വന്ദനമാണ് ഞാന്‍ പ്രവാചകന്റെ അനുയായികള്‍ക്കിടയില്‍ കണ്ടത്. നബി (സ്വ) അംഗസ്‌നാനം ചെയ്യുമ്പോള്‍ ശരീരത്തിലൂടെ ഒലിച്ചിറങ്ങുന്ന അവശിഷ്‌ടജലം സ്വീകരിക്കാനായി അനുയായികള്‍ മത്സരിക്കുന്നു. തുപ്പുന്ന കഫം പോലും അനുയായികള്‍ കൈകളിലാക്കി അനുഗ്രഹത്തിനായ് മുഖലേപനം ചെയ്യുന്നു . ഈ സംഭവത്തെ തള്ളാനായി, സൈബര്‍ യുഗത്തിലെ മതമെന്ന തുടക്കത്തോടെ വേദം പറയാനായി ഓടിവരുംമുമ്പ് ഒന്നറിയണം. ആധുനിക ഇന്ത്യകണ്ട ഏറ്റവും വലിയ ഇസ്‌ലാമിക പണ്ഡിതനെന്നൊക്കെ വിലയിരുത്തപ്പെടുന്ന, അലിമിയാന്‍ പോലും അദ്ദേഹത്തിന്റെ ഖസസില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട് (കുട്ടികള്‍ക്ക് വായിച്ച് കൊടുക്കാനുള്ള പുസ്‌തകമാണ് എന്നതും ശ്രദ്ധേയമാണ്).
പ്രവാചകാനുയായികള്‍ ശ്രദ്ധിക്കേണ്ട ചില സന്നിഗ്‌താവസ്ഥകള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. പുണ്യ നബി (സ്വ)യെ കേവലം മറ്റ് പ്രത്യയശാസ്‌ത്രങ്ങളുടെ നേതാക്കളെപ്പോലെ ഒരു പ്രത്യയശാസ്‌ത്രത്തിന്റെ ഉപജ്ഞാതാവായി ചെറുതാക്കി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ പടിഞ്ഞാറന്‍ കൃതികളില്‍ പണ്ടു മുതലേ ഉണ്ട്. അതിന്റെ ദുസ്വാധീനങ്ങള്‍ ഇ-വായന വ്യാപകമായതോടെ ഇങ്ങോട്ടും അധിനിവേശം ചെയ്യുന്നുണ്ട്. അതൊരു തരം സാംസ്‌കാരിക സാമ്രാജ്യത്വം തന്നെയാണ്. മുഹമ്മീയ സങ്കല്‍പ്പത്തിന്റെ അനര്‍ഘത അവിടെവെച്ചില്ലാതാവുന്നു. ആ വ്യക്തിപ്രഭാവലയത്തില്‍ നിന്നും വായനക്കാരെ താത്വികമായ വരള്‍ച്ചയിലേക്ക് വലിച്ചെറിയുന്ന ഗൂഢാസൂത്രണങ്ങള്‍ ഓറിയന്റലിസ്റ്റ് തന്ത്രമാണ്.
പ്രവാചകനെക്കുറിച്ച് ശാരീര-ആത്മീയ മഹത്വങ്ങളുടെ സംഗമമെന്ന് സിദ്ധാന്തിക്കുമ്പോള്‍ മാത്രമേ പുണ്യപാഠങ്ങളുടെയും തിരുദര്‍ശനങ്ങളുടെയും സൗന്ദര്യ സൗകുമാര്യം പ്രാപിക്കാന്‍ കഴിയൂ. അല്ലെങ്കില്‍, ഗാന്ധിസവും, ഫാസിസവും, കമ്മ്യൂണിസവും പോലെയാകും ഇസ്‌ലാമിസവും. അവിടെ ആരാണ് വേട്ടക്കാര്‍?, ആരാണ് ഇരകള്‍? വിജയികള്‍ ആര് – പരാജിതരാര്? ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്. പ്രവാചകന്റെ നാമശ്രവണമാത്രയില്‍ സ്വലാത് (അനുഗ്രഹപ്രാര്‍ത്ഥന) ചൊല്ലല്‍ വിശ്വാസിക്കു നിര്‍ബന്ധമാണ്. സ്വലാതിന്റെ വചനത്തിലെ നാമവും സര്‍വ്വനാമവും സൂചിപ്പിക്കുന്ന കേന്ദ്രം അധ്യാപനങ്ങളും തത്വങ്ങളുമാണോ? – അതോ, ശരീരവും ആത്മാവുമടങ്ങിയ-വിശുദ്ധമുഹമ്മദ് എന്ന വ്യക്തിത്വമോ?
Leave A Comment