ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍

ഇപ്പോള്‍ എ.ആര്‍. നഗര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കോടുവായൂരിലെ ചെപ്പിയാലം ഗ്രാമത്തിലെ ചെറുചാലില്‍ അഹ്മദ് എന്നവരുടെ മകനായി ഹിജ്‌റ 1299 ലാണ് ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ ജനിച്ചത്. ചെപ്പിയാലം പള്ളിയുടെ അടുത്താണ് ജന്മവീട്. സ്വദേശത്തു വെച്ചുള്ള പ്രാഥമിക പഠനത്തിനു ശേഷം  തലക്കടത്തൂര്‍ ജുമാമസ്ജിദിലെ ദര്‍സില്‍ ചേര്‍ന്നു പഠനമാരംഭിച്ചു. സ്വദഖത്തുള്ള മുസ്‌ലിയാരുടെ പിതാവായ പോക്കര്‍ മുസ്‌ലിയാരായിരുന്നു മുദര്‍റിസ്. ശേഷം തിരൂരങ്ങാടി തറമ്മല്‍ പള്ളി ദര്‍സില്‍ ചേര്‍ന്നു. ചാലിലകത്ത്  കുഞ്ഞഹ്മദ്ഹാജി ആയിരുന്നു അവിടത്തെ ഗുരുനാഥന്‍. അദ്ദേഹം തിരൂരങ്ങോടി ദര്‍സ് ആരംഭിച്ചപ്പോള്‍ ഖുതുബിയും അദ്ദേഹത്തെ അനുഗമിച്ചു. പെരിങ്ങാടിയില്‍ നിന്ന് കുഞ്ഞഹമ്മദാജി പുളിക്കലിലേക്ക് മാറിയപ്പോള്‍ സ്മര്യപുരുഷനും ഗുരുവിനെ പിന്തുടര്‍ന്നു. പ്രസിദ്ധമായ ഖിബ്‌ല പ്രശ്‌നം ഉദ്ഭവിക്കുന്നത് പുളിക്കല്‍ വെച്ചാണ്. അക്കാലത്ത് വലിയ ഒച്ചപ്പാടുകളും, വാദപ്രതിവാദങ്ങളും അരങ്ങേറിയ ആ പ്രശ്‌നത്തില്‍ ഭൂരിഭാഗം പണ്ഡിതരും കുഞ്ഞഹമ്മദ് ഹാജിയുടെ പക്ഷത്തായിരുന്നു. ഈ പ്രശ്‌നത്തെ തുടര്‍ന്നു പുളിക്കലില്‍ നിന്നു മാറാന്‍ അദ്ദേഹം തീരുമാനിച്ചു.

അങ്ങിനെ ഖാന്‍ ബഹാദൂര്‍ കോയപ്പത്തൊടി മുഹമ്മദ്കുട്ടി അധികാരിയുടെയും, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാരുടെയും ക്ഷണ പ്രകാരം വാഴക്കാട് തന്‍മിയ്യത്തുല്‍ ഉലൂം അറബിക് കോളേജില്‍ അധ്യാപകനായി സ്ഥാനമേറ്റു. ഇന്ന് ദാറുല്‍ ഉലൂം എന്നാണ് ആ സ്ഥാപനത്തിന്റെ പേര് കൊയപ്പത്തൊടി അക്കാലത്ത് സ്ഥാപനത്തിന്റെ മാനേജറും, ചെറുശ്ശേരി പ്രധാന മുദര്‍റിസുമായിരുന്നു. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ അവിടെ വിദ്യാര്‍ത്ഥിയായി മൂന്നു കൊല്ലത്തോളം താമസിച്ച ശേഷം ഉസ്താദിന്റെ സമ്മതപ്രകാരം 1331-ല്‍ പാനൂരില്‍ ദര്‍സ് ആരംഭിച്ചു. പതിനഞ്ചു വര്‍ക്കാലം അവിടെ സ്തുത്യര്‍ഹമായ നിലയില്‍ സേവനം ചെയ്തു. പിന്നെ ദാറുല്‍ ഉലൂമില്‍ പ്രിന്‍സിപ്പലായി ചാര്‍ജ്ജെടുത്തു. 1345-ല്‍ ആയിരുന്നു അത്. ബൈത്തല അഹ്മദ്കുട്ടി മുസ്‌ലിയാര്‍, ചാലിയപ്പുറം വലിയ മമ്മദ്കുട്ടി മുസ്‌ലിയാര്‍ എന്നിവരായിരുന്ന അവിടത്തെ മറ്റു ഉസ്താദുമാര്‍. പിന്നീട് കുറച്ചുകാലം നാദാപുരത്തും, ശേഷം താനൂരിലും ദര്‍സ് നടത്തി. താനൂരില്‍ നിന്നും വിടപറഞ്ഞു, മുസ്‌ലിം സമൂഹത്തിന്റെ ദീനീ വിഷയത്തിലുള്ള പുരോഗതിക്കായി പൊതുപ്രവര്‍ത്തന ഗോദയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കുന്നതിലും, ദീനീ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതിലും വിലപ്പെട്ട സംഭാവനകളാണ് ഖുതുബി സമര്‍പ്പിച്ചത്. പെരിങ്ങാടിയില്‍ ഓതിത്താമസിക്കുന്ന കാലത്താണ് വിവാഹിതനായത്. ചൊക്ലി കാട്ടില്‍പീടികയില്‍ അഹ്മദ് മുസ്‌ലിയാരുടെ മകള്‍ മറിയം ആയിരുന്നു ഭാര്യ.

അതില്‍ മൂന്ന് ആണ്‍മക്കളും, അഞ്ചുപെണ്‍മക്കളുമുണ്ട്. പിന്നീട് പരപ്പനങ്ങാടി ചംബ കുഞ്ഞാലന്‍ എന്നവരുടെ മകള്‍ താത്തുമ്മയെ വിവാഹം ചെയ്തു. ആ ബന്ധത്തിലുണ്ടായ പുത്രനാണ് അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രൂപീകരണ കാലഘട്ടത്തില്‍ ഖുതുബിയായിരുന്നു അതിന്റെ മുഖ്യ കാര്യദര്‍ശി. സമസ്തയുടെ പലയോഗങ്ങളിലും അദ്ദേഹം ആദ്ധ്യക്ഷം വഹിച്ചിട്ടുണ്ട്. കര്‍മ്മശാസ്ത്രവിഷയത്തില്‍ പ്രതിഭാശാലിയായിരുന്ന ഖുതുബി നൂതനമായ അനേകം പ്രശ്‌നങ്ങള്‍ക്ക് ഫത്‌വ നല്‍കിയിട്ടുണ്ട്. നാദാപുരം കലന്തന്‍ മുസ്‌ലിയാര്‍, വാവൂര്‍ മീരാന്‍കുട്ടി മുസ്‌ലിയാര്‍, മൗലാനാ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കൈപ്പറ്റ വീരാന്‍കുട്ടി മുസ്‌ലിയാര്‍, വണ്ടൂര്‍ സ്വദഖത്തുള്ള മുസ്‌ലിയാര്‍, കടവത്തൂര്‍ പോക്കര്‍ മുസ്‌ലിയാര്‍, മേപ്പിലാശ്ശേരി മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, കൊല്ലോളി അബ്ദുള്‍ഖാദിര്‍ മുസ്‌ലിയാര്‍, നെടിയിരുപ്പ് മരക്കാര്‍ മുസ്‌ലിയാര്‍, കുനിങ്ങാടി കുഞ്ഞബ്ദുള്ള മുസ്‌ലിയാര്‍, കരീറ്റിപ്പറമ്പ് മോയിന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ മഹാരഥന്മാര്‍ ഖുതുബിയുടെ ശിഷ്യന്മാരില്‍പ്പെട്ടവരാണ്. ചൊക്ലിയിലെ സ്വവസതിയില്‍ ഹിജ്‌റ 1385-ല്‍ ശവ്വാല്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച രാവിലെയാണ് ആ പണ്ഡിത ജ്യോതിസ്സ് വഫാത്തായത്. വീട്ടിനടുത്ത് സ്വന്തമായി നിര്‍മ്മിച്ച പള്ളിയുടെ സമീപത്ത് അന്ത്യവിശ്രമം കൊള്ളുന്നു. കടമേരി അരീക്കല്‍ അബ്ദുള്‍ റഹ്മാന്‍ മുസ്‌ലിയാര്‍, കൊടുവായൂര്‍ സൈതലവിക്കോയ തങ്ങള്‍, അബ്ദുറഹ്മാന്‍ അസ്ഹരിതങ്ങള്‍ തുടങ്ങിയപണ്ഡിതന്മാര്‍ ആ മഹാനുഭാവനെക്കുറിച്ച് വിലാപകാവ്യങ്ങള്‍ എഴുതിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter