നബിയുടെ ഗൃഹോപകരണങ്ങള്‍
പുണ്യനബിയുടെ ഭവനം ആര്‍ഭാടപരമായിരുന്നില്ല. ആര്‍ഭാടം നിറഞ്ഞ ജീവിതത്തിലും നബി(സ)ക്ക് താല്പര്യമുണ്ടായിരുന്നില്ല. അങ്ങനെ ഒരാഗ്രഹം പ്രവാചകനുണ്ടെങ്കില്‍ അതു നിറവേറ്റാന്‍ സദാ സന്നദ്ധനായ രക്ഷിതാവ്! എന്ത് ത്യാഗം സഹിച്ചാലും തങ്ങളുടെ പ്രവാചകന്റെ സുഖത്തില്‍ സന്തോഷിക്കുന്ന അനുയായികള്‍! പക്ഷേ, ലളിതജീവിതം മാത്രം തിരഞ്ഞെടുത്ത ആ പ്രവാചകപ്രഭു(സ) ഒരിക്കല്‍ പറഞ്ഞു: മക്കയിലെ ബത്വഹാഅ് എന്ന പ്രദേശം എനിക്ക് സ്വര്‍ണ്ണമാക്കിത്തരാന്‍ എന്റെ രക്ഷിതാവ് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, ഞാന്‍ പറഞ്ഞു: ഇല്ല രക്ഷിതാവേ, ഒരു ദിവസം വിശന്നും ഒരു ദിവസം വിശപ്പടക്കിയും ജീവിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. വിശക്കുമ്പോള്‍ നിനക്കു ഞാന്‍ താഴ്മ ചെയ്യും. വിശപ്പടക്കുമ്പോള്‍ നിനക്കു ഞാന്‍ നന്ദിയും ചെയ്യും. (തുര്‍മുദി)
ഭരണസാരഥ്യം വഹിക്കുന്ന രാജാക്കന്മാര്‍, സമുദായനേതൃത്വം വഹിക്കുന്ന നേതാക്കള്‍, ജനപ്രതിനിധികള്‍, എന്തിനേറെ കേവലം ഒരു സാധാരണക്കാരന്‍ പോലും നൈമിഷിക ഭൗതിക ജീവിത സുഖത്തിനുവേണ്ടി സജ്ജീകരിച്ച വീട്ടുപകരണങ്ങളുടെ ശേഖരം കണ്ണഞ്ചിപ്പിക്കുന്നതാണല്ലോ? എന്നാല്‍, പ്രവാചക ശ്രേഷ്ഠന്‍ ഉറങ്ങാനുപയോഗിച്ചിരുന്ന കട്ടിലിനെക്കുറിച്ച് പ്രിയ പത്‌നി ആയിശ(റ) പറയുന്നത് ശ്രദ്ധിക്കൂ: ചിലപ്പോഴെല്ലാം നബി(സ) രാത്രി നിസ്‌കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ നബി(സ)യുടെയും ഖിബ്‌ലയുടെയും ഇടക്ക് കട്ടിലില്‍ കിടക്കുന്നുണ്ടാവും. എനിക്ക് വല്ല ആവശ്യങ്ങളും നേരിട്ടാല്‍ ഞാന്‍ പ്രവാചകനെ എന്റെ മുഖം കൊണ്ട് നേരിടുന്നത് മടിച്ചു കട്ടിലിന്റെ കാലിന്റെ ഭാഗത്തിലൂടെ കിഴിഞ്ഞിറങ്ങും. ആ കട്ടില്‍ ഉറങ്ങാന്‍ വളരെ സുഖകരമായിരുന്നില്ല. പക്ഷേ, നാടകള്‍ കൊണ്ട് മുടഞ്ഞതായിരുന്നു. (അഹ്മദ്)
ജുന്‍ദുബ്‌നു സുഫ്‌യാന്‍(റ) ഉദ്ധരിക്കുന്നു: ഒരു ദിവസം നബി(സ)യുടെ കൈ വിരലില്‍ ഈത്തപ്പനയുടെ ചെറിയ ഓല തട്ടി. വിരലില്‍ നിന്നും രക്തം ഒലിച്ചു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അത് രക്തം പൊട്ടിയ ഒരു വിരല്‍ മാത്രം. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണത് അനുഭവിച്ചിട്ടുള്ളത്. അനന്തരം നബി(സ)യെ എടുത്ത് നാട (ഈത്തപ്പനയുടെ പട്ടയില്‍നിന്ന് ചീന്തി എടുക്കുന്ന കയര്‍) കൊണ്ട് മുടഞ്ഞുണ്ടാക്കിയ തന്റെ സ്വന്തം കട്ടിലില്‍ കൊണ്ടുവന്നു കിടത്തി. നടു ഭാഗം മിനുസ്സമായ തോല്‍ ഘടിപ്പിച്ച ഒരു തലയിണയും വെച്ചുകൊടുത്തു. ഉടനെ ഉമര്‍(റ) തിരുസന്നിധിയിലേക്ക് കടന്നുവന്നു.
പ്രവാചകശരീരത്തില്‍ കട്ടിലിലെ കയര്‍ പാടുകള്‍ ഉണ്ടാക്കിയത് ഉമര്‍(റ)വിന്റെ ദൃഷ്ടിയില്‍ പെട്ടു. അപ്പോള്‍ ഉമര്‍(റ) കരഞ്ഞുപോയി. പ്രചാവകര്‍ ചോദിച്ചു: ഓ ഉമര്‍, നീ എന്തിനു കരയുന്നു? ഉമര്‍: ഓ, നബിയേ, കിസ്‌റാ ഖൈസ്വര്‍ ചക്രവര്‍ത്തിമാര്‍ നേര്‍ത്ത പട്ടു വസ്ത്രങ്ങള്‍ ധരിക്കുന്നവരാണെന്നും സ്വര്‍ണ്ണക്കട്ടിലുകളില്‍ ഇരിക്കുന്നവരാണെന്നും ഞാനോര്‍ത്തുപോയി. പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ക്ക് പാരത്രികവും അവര്‍ക്ക് ഭൗതികവും ഉണ്ടാവുന്നത് നിങ്ങളിഷ്ടപ്പെടുന്നില്ലേ? നബി(സ)യുടെ വീട്ടില്‍ ഊറക്കിടാത്ത വാസനയുള്ള ഒരു തോലു കണ്ടു. ഉമര്‍(റ) ചോദിച്ചു: നബിയേ, ഇതൊന്ന് പുറത്തേക്കുപേക്ഷിക്കാന്‍ പറഞ്ഞുകൂടെ? നബി(സ) പറഞ്ഞു: ഇല്ല. അത് കുടുബത്തിന്റെ സുഖഃ വസ്ത്രമാണ്. (ഇബ്‌നു സഅദ്) ആയിശ(റ) ഉദ്ധരിക്കുന്നു: മദ്യഭാഗം നേര്‍ത്തതായ തോലിന്റെ ഒരു വിരിപ്പായിരുന്നു നബി(സ)ക്കുണ്ടായിരുന്നത്. അപ്രകാരം രാത്രി ഉറങ്ങാനുള്ള തലയിണയും മദ്യഭാഗം നേര്‍ത്ത തോലിന്റെ തന്നെയായിരുന്നു. (അബൂദാവൂദ്)
നബി(സ) നിസ്‌കരിക്കാനുപയോഗിച്ചിരുന്ന മുസ്വല്ലയുടെയും ഇരിക്കാനുപയോഗിച്ചിരുന്ന പായയുടെയും രൂപങ്ങള്‍ മഹതി ആയിശ(റ) വിവരിക്കുന്നു. ഞങ്ങള്‍ക്കൊരു പായ ഉണ്ടായിരുന്നു. പകല്‍ ഞങ്ങളത് വിരിക്കും. രാത്രി ഞങ്ങളത് പുതക്കുകയും ചെയ്യും. (ബുഖാരി) മുഗൈറത്തുബ്‌നു ശുഉബ(റ) ഉദ്ധരിക്കുന്നു: നബി(സ)ക്ക് രോമമുള്ള ഒരു തോല്‍ ഉണ്ടായിരുന്നു. നബി(സ) നിസ്‌കരിക്കാന്‍ ഊറക്കിട്ട രോമമുള്ള തോല്‍ ഉണ്ടാവുന്നതിഷ്ടപ്പെട്ടിരുന്നു. (ഇബ്‌നു സഅദ്) ഗൃഹോപകരണങ്ങള്‍ കൊണ്ട് അഭിമാനിക്കുന്ന ആധുനിക മനുഷ്യന്‍ പ്രവാചക ജീവിതത്തിലെ ലളിത സ്വഭാവങ്ങള്‍ ഗ്രഹിക്കാന്‍ തയ്യാറായാല്‍ ധൂര്‍ത്തും അമിതവ്യയവും വര്‍ജ്ജിക്കാന്‍ കഴിയും.
പാരത്രിക സുഖങ്ങളെക്കുറിച്ചു ബോധവാനാവുന്ന ഒരു വ്യക്തിക്കും ഒരു സമൂഹത്തിനും തങ്ങള്‍ക്ക് രക്ഷിതാവ് ഔദാര്യമായി നല്‍കിയ സമ്പത്ത് ധൂര്‍ത്തടിക്കാനും ദുരുപയോഗം ചെയ്യാനും കഴിയില്ല. സമൂഹത്തില്‍ പെരുകിവന്ന ധനദുരുപയോഗങ്ങളുടെ ഒരു പ്രധാന ഭാഗമാണ് ഗൃഹോപകരണങ്ങളിലെ അമിത ആര്‍ത്തി. ആവശ്യമുള്ളതും ഇല്ലാത്തതുമായ വിവിധതരം വസ്തുക്കളുടെ ഒരു ശേഖരം തന്നെ അധികവീടുകളിലും കാണാം. ജീവിതത്തില്‍ ഒരിക്കല്‍പോലും ഉപയോഗിക്കേണ്ടിവന്നിട്ടില്ലാത്ത വസ്തുക്കള്‍ വരെ അക്കൂട്ടത്തിലുണ്ടാവും. ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിച്ചു ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കള്‍ വേറെയും. നബി(സ) പറയുന്നു: ഒരു വിരിപ്പ് ആണിനും ഒന്ന് പെണ്ണിനും ഒന്ന് അതിഥിക്കും. നാലാമത്തേത് പിശാചിനുമുള്ളതുമാണ്. (അബൂദാവൂദ്) തീര്‍ച്ചയായും അല്ലാഹുവിന്റെ റസൂലില്‍ നിങ്ങള്‍ക്ക് സുന്ദരമായ മാതൃകയുണ്ട്. (വിശുദ്ധ ഖുര്‍ആന്‍)
നബി(സ)യുടെ വീട്ടില്‍ അഥിതികള്‍ക്ക് ഭക്ഷണം നല്‍കാറുണ്ടായിരുന്ന ഒരു പാത്രത്തെക്കുറിച്ച് മഹാനായ അബ്ദുല്ലാഹിബ്‌നു ഖുസുര്‍(റ) വിവരിക്കുന്നു: നബി(സ)ക്ക് ശര്‍ഗാഅ് എന്ന പേരില്‍ ഒരു തളികയുണ്ടായിരുന്നു. നാലാളുകള്‍ കൂടിയാണതിനെ പൊന്തിക്കാറുള്ളത്. ജനങ്ങള്‍ നേരം പുലര്‍ന്നു ളുഹാ നിസ്‌കാരം കഴിഞ്ഞാല്‍ ആ തളികയില്‍ റൊട്ടി കൊണ്ടുവരപ്പെടും. അപ്പോള്‍ അവരതിനു വട്ടമിട്ടിരിക്കും. ഒരിക്കല്‍ ആളുകള്‍ വര്‍ദ്ധിച്ചപ്പോള്‍ നബി(സ) മുട്ടുകുത്തിയിരുന്നു. ഉടനെ ഒരു അഅ്‌റാബി ചോദിച്ചു: ''ഇതെന്തൊരു ഇരുത്തമാണ്?'' നബി(സ) പറഞ്ഞു: അല്ലാഹു എന്നെ മാന്യനായ ഒരടിമയാക്കിയിരിക്കുന്നു. ധിക്കാരിയായവനാക്കിയിട്ടില്ല. വീണ്ടും നബി(സ)പറഞ്ഞു: നിങ്ങളതിന്റെ ചുറ്റുഭാഗത്തുനിന്നും കഴിക്കുക. അതിന്റെ മദ്യഭാഗം ഒഴിച്ചുവെക്കുക. അതില്‍ ബര്‍ക്കത്ത് നല്‍കപ്പെടും. (അബൂദാവൂദ്) പ്രവാചകവീടുകളില്‍ ഈന്തപ്പനമട്ടലുകള്‍ കൊണ്ടും മണ്‍കട്ടകള്‍ കൊണ്ടുമായിരുന്നത് കൊണ്ടുതന്നെ അവിടത്തെ പ്രിയ പത്‌നിമാര്‍ ചുമരിലും വാതിലുകളിലും വിരി തൂക്കാറുണ്ടായിരുന്നു.
വീട്ടിലെ കര്‍ട്ടണുകളെക്കുറിച്ചു മഹതി ആയിശ(റ) പറയുന്നത് കാണുക: ഞങ്ങള്‍ക്കു ചില വിരികളുണ്ടായിരുന്നു. അതില്‍ പക്ഷിയുടെ പ്രതിമകളുമുണ്ടായിരുന്നു. അനന്തരം വീട്ടിലേക്ക് ആരെങ്കിലും കടന്നുവരുമ്പോള്‍ അതിനോടവന്‍ മുന്നിടും. അപ്പോള്‍ നബി(സ) എന്നോടു പറഞ്ഞു: ഓ ആയിശ, ഇതൊന്ന് തെറ്റിച്ചുവെക്കുക. നിശ്ചയം ഞാന്‍ കടന്നുവന്നു. ഇതു കാണുമ്പോഴൊക്കെ ദുന്‍യാവിനെ ഞാന്‍ ഓര്‍ത്തുപോകുന്നു. നബി(സ)ക്ക് ഒരു ഖത്വീഫത്ത് (വില്ലസ് പട്ട്) വസ്ത്രം ഉണ്ടായിരുന്നു. അത് മുഴുവനും പട്ടാണെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു. അത് ഞങ്ങള്‍ ധരിക്കാറുമുണ്ടായിരുന്നു. (അഹ്മദ്) രൂപങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുന്ന ഭവനങ്ങളില്‍ മലക്കുകള്‍ പ്രവേശിക്കുകയില്ലെന്ന് നബി(സ) പറയാറുണ്ടായിരുന്നു. ആയിശ(റ) ഉദ്ധരിക്കുന്നു: നബി(സ) അവിടത്തെ വീട്ടില്‍ കുരിശ് വരച്ച ഒരു വസ്ത്രത്തെയും കീറിക്കളയാതെ ഒഴിച്ചിട്ടിട്ടില്ല. (അബൂദാവൂദ്)
ആയിശ(റ) യില്‍നിന്ന്: ഒരിക്കല്‍ നബി(സ) എന്റെ അടുത്തേക്ക് കടന്നുവന്നപ്പോള്‍ ഞാന്‍ ഒരു ചിത്രമുള്ള പുതപ്പു കൊണ്ട് മൂടിയിട്ടുണ്ടായിരുന്നു. ഉടനെ നബി(സ) അത് വലിച്ചു ചീന്തി ഇങ്ങനെ പറഞ്ഞു: നിശ്ചയം അന്ത്യനാളില്‍ ഏറ്റവും ശക്തമായ ശിക്ഷയുള്ള ആളുകള്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിനോടു തുല്യത ഉണ്ടാക്കുന്നവരാണ്. (അഹ്മദ്) പ്രവാചക ഭവനങ്ങളില്‍ രോമത്തിന്റെ ചിത്രപ്പണികളോ രൂപഭംഗികളോ ഇല്ലാത്ത വിരികളായിരുന്നത്രെ ഉണ്ടായിരുന്നത്. എന്നാല്‍, അക്കാലത്തും സുപ്രസിദ്ധ വസ്ത്രനിര്‍മ്മാതാക്കളും രാജ്യങ്ങളും ഉണ്ടായിരുന്നു. യമന്‍ നിര്‍മ്മിത വസ്ത്രങ്ങള്‍ക്കന്ന് വളരെ പ്രചാരമായിരുന്നു. എന്നിട്ടും ആ പ്രവാചകശ്രേഷ്ഠരുടെ വാതിലുകള്‍ക്ക് മീതെ തൂക്കിയിട്ടിരുന്ന വിരികള്‍ അതെത്ര ഭംഗിയില്ലാത്തവയായിരുന്നു. നിശ്ചയം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ റസൂലില്‍ സുന്ദരമായ മാതൃകയുണ്ട്. (ഖുര്‍ആന്‍)
Leave A Comment