യൂറോപ്യൻ എംപിമാരുടെ സന്ദർശനം വെറും പി ആർ സ്റ്റണ്ട്: തന്നെ ഒഴിവാക്കിയതിനെതിരെ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് എംപി
ലണ്ടന്‍: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാൻ ഇന്ത്യൻ സർക്കാർ യൂറോപ്യൻ പ്രതിനിധി സംഘത്തിന് അനുമതി നൽകിയത് ലോകതലത്തിൽ ഇന്ത്യയുടെ കശ്മീർ നയത്തെ വെള്ളപൂശാനാണെന്ന ആരോപണത്തിനിനിടെ കേന്ദ്ര സർക്കാരിന് കൂടുതൽ തിരിച്ചടി നൽകി ബ്രിട്ടീഷ് എംപിയുടെ വെളിപ്പെടുത്തൽ. സന്ദർശന സംഘത്തിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന ആരോപണവുമായി ബ്രിട്ടീഷ് പാര്‍ലമെന്റംഗവും ലിബറല്‍ ഡെമോക്രാറ്റിക് പ്രതിനിധിയുമായ ക്രിസ് ഡേവിസ് രംഗത്തെത്തി. സുരക്ഷാസേനയുടെ അകമ്പടിയില്ലാതെ കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് ആവശ്യപ്പെട്ടതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും കശ്മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് വരുത്തി തീര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ പി ആർ പ്രോപഗണ്ടകൾക്ക് കൂട്ടുനില്‍ക്കാനാവില്ലെന്നും ക്രിസ്‌ഡേവിസ് ആരോപിച്ചു. ഒക്ടോബര്‍ ഏഴിന് കശ്മീർ സന്ദർശിക്കാൻ അനുമതി ലഭിച്ച എംപിമാരുടെ ലിസ്റ്റിൽ താൻ ഉണ്ടായിരുന്നെങ്കിലും സുരക്ഷാസേനയുടെ അസാന്നിധ്യത്തിൽ ജനങ്ങളുമായി സംവദിക്കണമെന്ന ആവശ്യമുയർത്തിയതിനെത്തുടർന്ന് തനിക്കുള്ള ക്ഷണം പിൻവലിച്ചെന്നും അദ്ദേഹം തുറന്നടിച്ചു.     കശ്മീര്‍ സന്ദര്‍ശിക്കുന്ന 27 എംപിമാരില്‍ 22 പേരും തീവ്ര വലതുപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. നാസി അനുകൂല പരാമര്‍ശം നടത്തിയതിന് യൂറോപ്യന്‍ യൂനിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പോളണ്ട് എംപി റെയ്‌സാര്‍ദ് സെര്‍നാക്കി ഉള്‍പ്പെടെയുള്ള ഇത്തരം മുസ്ലിം വിരുദ്ധ പ്രതിനിധികളെ കൊണ്ടുവരുന്നത് ഇന്ത്യയിലെ തീവ്രവലതുപക്ഷ കക്ഷികളായ ബിജെപിയെ വെള്ളപൂശാനാണെന്ന ആരോപണം ഇത് മൂലം ശക്തിപ്പെട്ടിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter