ഇന്‍റര്‍നെറ്റ് യുഗത്തില്‍ പ്രത്യേകിച്ച് ഒരു ദിനമെന്തിനാണ്; നമുക്കിപ്പോള്‍ എന്നും ഏപ്രില്‍ ഫൂളല്ലേ?
 width=നാം ഇന്ന് ജീവിക്കുന്നത് നമ്മുടെ നാട്ടിലും വീട്ടിലും മാത്രമല്ല, ഇന്‍റര്‍നെറ്റില്‍ കൂടെയാണ്. ഇന്റര്‍നെറ്റ് ലോകത്തും നാം പൌരനാണ്. അവിടെ നമുക്ക് പ്രത്യേക പേജുകളുണ്ട്. അഡ്രസുണ്ട്. വിവിധ ഗ്രൂപ്പുകളില്‍ നാം അംഗങ്ങളാണ്. ഒരുപക്ഷെ യഥാര്‍ഥ ജീവിതം ഓഫീസിനും വീടിനുമിടിയിലെ തിരക്കിനിടയില്‍ ഇല്ലാതെയാകുമ്പോള്‍‍ നാമൊക്കെ ജീവിച്ചു തീര്‍ക്കന്നത് ഫൈസ്ബുക്ക്പോലെയുള്ള സോഷ്യല്‍ നെറ്റുവര്‍ക്കിങ്ങ് സൈറ്റുകളിലാണ്. അവിടെ നമ്മള് ‍പുതിയാ കാര്യങ്ങളില്‍ അഭിപ്രായപ്പെടുന്നു. അന്യന് ചെവി കൊടുക്കുന്നു. അത് ലൈക് ചെയ്യുന്നു. പലതും മറ്റുള്ളവനുമായി പങ്കുവെക്കാനായി ഷെയറുകയും ചെയ്യുന്നു. ഏപ്രില്‍ ഒന്ന് ഏപ്രില്‍ ഫൂളായിട്ടാണ് കണക്കാക്കുന്നത്. അന്ന് കളവ് പറയല്‍ അനുവദിനീയമാണെന്നാണ് വെയ്പ്പ്. പുതിയ കാലത്ത് എല്ലാ ദിവസവും നമുക്ക് ഏപ്രില്‍ ഫൂള്‍ പോലെയാണ്. ഇന്‍റര്‍നെറ്റ് യുഗത്തില്‍ അറിയാതെയും അറിഞ്ഞും നാം ദിനേന നിരവധി കളവുകള്‍ പറഞ്ഞും പങ്കുവെച്ചും കൊണ്ടിരിക്കുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം കളവ് പറയുക നിഷിദ്ധമാണെന്നതില്‍ തര്‍ക്കമില്ല. നാവ് കൊണ്ട് പറയുന്നത് മാത്രമല്ല കളവെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നാക്കിനെ സൂക്ഷിക്കണമെന്ന ഹദീസിലെ നാക്കെന്ന പദത്തിന് പുതിയകാലത്ത് അര്‍ഥം വിശാലമാകുന്നുണ്ട്. നമ്മുടെ മേശയിലുള്ള കീബോഡും മൌസുമെല്ലാം പുതിയ കാലത്ത് നാക്കെന്ന പദത്തിനടിയില്‍ വരുമെന്നാണ് തോന്നുന്നത്. നാട്ടിന്‍പുറത്ത് പണ്ട് ഒരുമിച്ചു കുടിയിരുന്ന ‘പീടികക്കോലായി’ തന്നെയാണ് പുതിയ കാലത്തെ സോഷ്യല്‍ നെറ്റുവര്‍ക്കിങ്ങ് സൈറ്റുകള്‍. വിവിധ സ്ഥലത്തിരിക്കുന്ന നമ്മള്‍ ഫൈസ്ബുക്കിന്‍റെയും ട്വിറ്ററിന്‍റെയും മറ്റുമെല്ലാം കോലായിലേക്ക് കയറിവരികയാണ്. അവിടെ മറ്റുള്ളവന്‍ പറയുന്നത് കേള്‍ക്കുന്നു. നമുക്ക് രേഖപ്പെടുത്താനുള്ളത് രേഖപ്പെടുത്തുകയും ചെയ്യുന്നു. അവയില്‍ പലതും അസത്യങ്ങളോ അര്‍ധ സത്യങ്ങളോ ആണെന്ന് നാമറിയാതെ പോകുന്നു. എന്ന് മാത്രമല്ല, മതവുമായും വിശ്വാസവുമായും ബന്ധപ്പെട്ട് വരെ ഇത്തരം കള്ളങ്ങള്‍ പോസ്റ്റു ചെയ്യപ്പെടുകയും അതു പരമാവധി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥാ വിശേഷം നിലവിലുണ്ട്. സാങ്കേതിക വിസ്ഫോടനത്തിന്‍റെ ഇക്കാലത്ത് നമ്മുടെ കളവുകളും സാങ്കേതികമായിരിക്കുന്നുവെന്ന് മാത്രം. അനാവശ്യമായ കാര്യങ്ങള്‍ പറയുമെന്ന് ഭയന്ന് വായില്‍ കല്ലുവെച്ചിരുന്ന ചില മുന്‍ഗാമികളുണ്ടായിരുന്നു നമുക്ക്. നന്മയാണെന്ന് ഉറപ്പുള്ള അത്യാവശ്യ കാര്യങ്ങള്‍ സംസാരിക്കാനെ വായ തുറക്കുമായിരുന്നുള്ളൂ. പുതിയ കാലത്ത് നമ്മുടെ സംസാരം കോലം മാറിയിരിക്കുന്നു. വായ ഉപയോഗം കുറവാണ് നമ്മുടെ സംസാരത്തിനിപ്പോള്‍. അത് എഴുത്തിന്‍റെയും ഫ്ലക്സ്ബോഡുകളുടെയും ഫൈസ്ബുക്ക് പോസ്റ്റിന്‍റെയും ഷെയറിങ്ങിന്‍രെയും രൂപത്തിലായി മാറിയിരിക്കുന്നു. അതു കൊണ്ട് തന്നെ മേല്‍പറഞ്ഞ ഹദീസിലെ നാക്കെന്ന പദം ഇതിനെയെല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. സത്യവും നന്മയും ആണെന്ന് ഉറപ്പുള്ള കാര്യം മാത്രമെ നാം അന്യനുമായി പങ്കുവെക്കാവൂ എന്നര്‍ഥം. സത്യമല്ലെങ്കില്‍ എന്തും നുണയാണെന്ന് വരുന്നു. നുണ പറയാതിരിക്കാന്‍ നാം വായില്‍ കല്ലുവെക്കണം, കീ ബോഡിനും മൌസിനും ലോക്കിടണം.  width=ഫോട്ടോഷോപ്പ് പോലോത്ത സോഫ്റ്റുവെയറുകളുപയോഗിച്ച് എന്തെല്ലാം നുണകളാണ് പുതിയ കാലത്ത് ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. സംഘടനാപരമായതും അല്ലാത്തതുമായി നിരവധി. അല്ലെങ്കിലും പുതിയ കാലത്തെ ടെക്നോളജിയെ ഇസ്‌ലാമികസംഘടനാ പ്രചരണത്തിനായി മലയാളികളോളം മറ്റാരും ഉപയോഗിക്കുന്നുണ്ടാകുമെന്ന് തോന്നുന്നില്ല. ഫൈസ്ബുക്കിലെയും  മറ്റും ‘ചുമരുകള്‍’നമുക്ക് കാലേകൂട്ടി കുമ്മായമടിച്ച് ബുക്ക് ചെയ്യാന്‍ പറ്റാത്തതു കൊണ്ടാണ്. അല്ലെങ്കില്‍ ലോകാവസാനം വരേക്കും അവയെല്ലാം നാം ബുക്ക് ചെയ്തു കഴിഞ്ഞേനെ. ഗീബത്തും നമീമത്തുമെല്ലാ കേള്‍ക്കുന്നതും പറയുന്നതും നിഷിദ്ധമാണെന്ന് നാം ഏറെ വഅദ് കേട്ടിട്ടുണ്ട്. നിത്യജീവിതത്തില്‍ അത് നാം സൂക്ഷിക്കാന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ അതെ ഗീബത്തിനും നമീമത്തിലുമെല്ലാം നാമറിയാതെ ഇത്തരം പ്ലാറ്റ്ഫോമുകളില്‍ വെച്ച് പങ്കാളിയാകുന്നില്ലേ എന്ന് ഓര്‍മിപ്പിക്കാനാണ് ഈ കുറിപ്പ്. ശരിയാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ഈ കാലത്ത് ഇത്തരം തെറ്റുകളില്‍ നിന്ന് രക്ഷപ്പെടുക ഏറെ ദുഷ്കരം തന്നെയാണ്. കാരണം, അറിയപ്പെട്ട വാര്‍ത്താ ഏജന്സികള്‍ വരെ തങ്ങള്‍ നല്‍കിയ വാര്‍‍ത്തകള്‍ തെറ്റായിരുന്നുവെന്ന് അടുത്ത ദിവസം മാറ്റിപ്പറയുന്ന കാലമാണിത്. എന്നാലും കഴിവിന്‍റെ പരമാവധി നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു. നാം ചെയ്ത തെറ്റുകളുടെ ശിക്ഷ അനുഭവിക്കാന്‍ നാം മാത്രമെ കാണൂ. വാല്‍ക്കഷ്ണം: പണ്ട് ‘പത്തുകിതാബോ’തിയിരുന്ന മുസ്ലിയാര്‍ വരെ പത്തായിരം കിതാബുള്ള ‘മക്തബുശ്ശാമില’യില്‍ മൌസ് ക്ലിക്കി ‘ദമീറൊ’പ്പിക്കുന്ന കാലമാണിത്. ‘ മക്തബുശാമില’ പരതവെ ഈയടുത്ത് ഒരു കിതാബ് കണ്ടു. ഒരു വിശ്വാസി ഇന്‍റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കണമെന്നാണ് അതിലെ ചര്‍ച്ച. മന്‍ഹര്‍ യു.പി കിളിനക്കോട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter