തുടര്‍ച്ച  (continuity) നഷ്ടപ്പെട്ട മത സംഘടനകള്‍: ഒരു വിശകലനം
discബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. 'അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിക്കുന്നെങ്കില്‍ അവനെ ദീനില്‍ തിരിപാട് (യുഫഖിഹു എന്ന പദമാണ് ഉപയോഗിച്ചത്) ഉള്ളവനാക്കും' ഈ ഹദീസിന്റെ തുടര്‍ച്ചയില്‍ വളരെ ശ്രദ്ധേയമായ ഒരു പ്രവചനമുണ്ട്. സത്യത്തിന് മേല്‍ അടിയുറച്ച് നില്‍കുന്ന വിജ്ഞാനമുള്ള ഒരു വ്യൂഹം എല്ലാ കാലത്തും അന്ത്യ നാള്‍ വരെ ഈ ഭൂമി ലോകത്തുണ്ടാകും എന്ന നബി തങ്ങളുടെ ദീര്‍ഘ വീക്ഷണമാണത്. ദീനിന്റെ ഋജുവായ പാതയെ പ്രതിനിധീകരിക്കുന്ന ഒരു പണ്ഡിതവ്യൂഹം എല്ലാ കാലത്തും ഉണ്ടായിരിക്കും എന്നാണ് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. സത്യവും അല്ലാത്തതുമായ ചിന്താഗതികളെ മനസ്സിലാക്കുന്നിടത്ത് ഈ Countinuty യെ (തുടര്‍ച്ചയെ) ഒരു മാനദണ്ഡമായി നമുക്ക് സ്വീകരിക്കാം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ലോകത്ത് പില്‍കാലത്ത് പിറവിയെടുത്ത ഏത് ചിന്താധാരയും ശരിയെന്നു/ശരിയെല്ലെന്നു മനസ്സിലാക്കണമെങ്കില്‍ ഈ countinuty എന്ന അളവുകോല്‍ ഉപയോഗിച്ച് നമുക്ക് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധിക്കും. സലഫിസം എന്ന നവീന ചിന്തയെ ഈ ടൂള്‍ ഉപയോഗിച്ച് അളക്കുവാനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ്. ആധുനികതയുടെ രംഗപ്രവേഷണത്തോടെയാണ് ഇസ്ലാമിക ലോകത്ത് ഈ continuity തടസ്സപ്പെട്ടത്. യൂറോപ്പിനെ പുനരുദ്ദരിക്കാന്‍ യൂറോപ്യന്‍ ചിന്തകര്‍ ആവിശ്കരിച്ച ചില പ്രമേയങ്ങളെ ഇസ്ലാമിക/പൗരസ്ത്യന്‍ ദേശങ്ങളിലേക്ക് കൊണ്ട് വന്നതാണ് ഈ പ്രശ്‌നങ്ങളുടെ തുടക്കം. Back to text (ടെക്സ്റ്റിലേക്ക് മടങ്ങുക), quistion the authority (പണ്ഡിതരെ ചോദ്യം ചെയ്യുക) എന്ന് തുടങ്ങിയ യൂറോപ്യന്‍ പുനരുദ്ദാന പ്രമേയങ്ങളെ ഏറ്റെടുക്കുക വഴി ജമാലുദ്ദീന്‍ അഫ്ഗാനിയും അബ്ദുവും റശീദ് റിദയും ഇസ്ലാമിക ചിന്തകള്‍ക്ക് ആധുനികയുടെയും യൂറോപ്യന്‍ റിനൈസന്‍സിന്റെയും നിറം പകര്‍ന്നു. ആധുനികതയുടെ കുപ്പായമണിഞ്ഞത് കൊണ്ടും continuity എന്ന ഹദീസില്‍ അടിസ്ഥാനമുള്ള പ്രമേയം നഷ്ടപ്പെടുന്നത് കൊണ്ടുമാണ് ഇവര്‍ മുന്നോട്ട് വെക്കുന്ന സലഫിസം ഇസ്ലിമിക ചിന്തയെല്ലെന്ന് നാം വിലയിരുത്തുന്നത്. സലഫിസം എന്നത് കൊണ്ടര്‍ത്ഥമാക്കുന്നത് തന്നെ ഇസ്ലാമിന്റെ ഒന്നാമത്തെയും രണ്ടാമത്തെമും നൂറ്റാണ്ടിലേക്ക് തിരിച്ച് പോകുക എന്നതാണ്. (ഒന്ന് രണ്ട് നൂറ്റാണ്ടുകളിലെ പണ്ഡിതരെ തന്നെ ഇവര്‍ എത്ര മാത്രം അംഗീകരിക്കുന്നു എന്നത് തന്നെ വേറെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്). ഈ രണ്ട് നൂറ്റാണ്ടിലേക്ക് തിരിച്ച് പോകണമെന്ന പ്രമേയം മുന്നോട്ട് വെക്കുക വഴി അതിന് ശേഷമുള്ള നൂറ്റാണ്ടുകളിലെ ഇസലാമിക വൈജ്ഞാനിക വിപ്ലവങ്ങളെ അവഗണിക്കണം എന്ന സന്ദേശം ഇവര്‍ അറിഞ്ഞോ അറിയാതെയോ സലഫി സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കി. ഇവിടെ ഹദീസിയന്‍ ചിന്തയായ continuity മുറിയപ്പെടുന്നതായി കാണാം. ഇസ്ലാമിലെ ഋജുവായ പാതയെ പ്രതിനിധീകരിക്കുന്ന, പില്‍കാലത്ത് വരുന്ന ഏത് വിഭാഗവും ഇസ്ലാമിലെ ഒന്ന് രണ്ട് നൂറ്റാണ്ടുകളില്‍ ഉയര്‍ന്ന് വന്ന ഉസൂലുല്‍ ഫിഖ്ഹ്/ഫിഖ്ഹ് ചിന്താ ധാരയെ അംഗീകരിക്കുന്നവരാകണം. അവര്‍ മൂന്നാം നൂറ്റാണ്ടിലെ (മുഅ്തസിലിയന്‍ ചിന്തകള്‍ക്കെതിരില്‍) വലിയ വിപ്‌ളവം തീര്‍ത്ത അബുല്‍ ഹസനുല്‍ അശ്അരിയുടെയും സമാന പണ്ഡിത വ്യൂഹത്തിന്റെയും ആശയങ്ങളെ വിലകല്‍പിക്കുന്നവരാകണം. കാരണം അത് ഹദീസിയന്‍ ചിന്തയായ continuity ഉള്‍കൊള്ളുന്നു എന്നത് തന്നെ. അതേപോലെ തന്നെ, അവര്‍ അതിന് ശേഷം വന്ന ഗസാലി ഇമാമടക്കമുള്ള പണ്ഡിതര്‍ മുന്നോട്ട് വെച്ച തസവ്വുഫും സൂഫിസവും ഏറ്റെടുക്കുന്നവരാകണം. കാരണം അതും തുടര്‍ച്ചയുടെ ഭാഗമായി വന്നതാണ്. ആധുനികതയില്‍ നിന്ന് ഊര്‍ജം ഉള്‍കൊള്ളുന്നത് കൊണ്ട് തന്നെ സലഫിസത്തിന് ഈ വൈജ്ഞാനിക വിപ്ലവങ്ങളെ നെഞ്ചോട് ചേര്‍ത്തു വെക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ഈ continuity യെ മുറിച്ച് ആദ്യ കാലങ്ങളിലേക്ക് മടങ്ങുക എന്ന പ്രഖ്യാപനവുമായി മുന്നോട്ട് വന്നു. ആ പ്രഖ്യാപനമാണെങ്കിലോ വൈരുദ്യങ്ങള്‍ നിറഞ്ഞതും. ഇനി നോക്കൂ, മദ്ഹബുകള്‍ എന്ന ഇസ്ലാമിക രീതി ആദ്യ നൂറ്റാണ്ടുകളില്‍ വ്യാപകമായി പണ്ഡിതര്‍ അംഗീകരിച്ച പ്രതിഭാസവും ഹദീസിയന്‍ ചിന്തയായ continuity യുടെ ഭാഗവുമാണ്. പക്ഷെ, അത് പറയുമ്പോള്‍ 'വിവരമുള്ള' സലഫികള്‍ വരെ ചോദിക്കുന്ന, അബദ്ദം നിറഞ്ഞ ഒരു ചോദ്യമുണ്ട്. നബി (സ) തിരുമേനി നാലില്‍ ഏത് മദ്ഹബിലെ ആളായിരുന്നു എന്ന 'സലഫി വിരുദ്ദ' ചോദ്യം. (കാരണം ഇസ്ലാമിലെ ആദ്യ നൂറ്റാണ്ടിലെ പണ്ഡിതരെ തന്നെ ഇവര്‍ അംഗീകരിക്കുന്നില്ല എന്നല്ലേ അതിനര്‍ത്ഥം). ഇത് പ്രവാചകരും അനുയായികളും ഏത് സലഫികളായിരുന്നു എന്നു ചോദിക്കുന്നത് പോലെ തന്നെ അബദ്ദമാണ്. മദ്ഹബുകളും സലഫിസവും ശേഷം വന്നവയാണ് എന്ന മിനിമം ജ്ഞാനം പോലും ഇല്ലാതെ പോയി അവര്‍ക്ക്. ആദ്യത്തേത് തുടര്‍ച്ചയുടെ ഭാഗമായി വന്നതും രണ്ടാമത്തെത് അതിന് വിരുദ്ദവം. സലഫീ സമൂഹം മൊത്തം ഹദീസുകള്‍ സ്വീകരിക്കുന്ന ബുഖാരി/ മുസ്ലിം എന്നിവരൊക്കെ ഈ മദ്ഹബിന്റെയും continuity യും ഭാഗമായിരുന്നു എന്നതു പോലും ഈ ചോദ്യമുന്നയിക്കുന്നവര്‍ മനസ്സിലാക്കിയില്ല, മനസ്സിലാക്കുന്നുമില്ല. സത്യത്തില്‍, ഇസ്ലാമിക ലോകത്തെ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഹദീസ് തന്നെ മാര്‍ഗങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. തജ്ദീദും (revival) ഇഹ്യാഉം (renewal) മാണത്. ലോകത്ത് വന്ന ഓരോ മുജദ്ദിദും മുന്‍കാല മുജദ്ദിദുകള്‍ തീര്‍ത്ത വിപ്‌ളവങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോയവരാണ്. ഇമാം ശഫി (റ)യും ഇമാം ഗസാലി(റ)യും അവരുടെ കാലങ്ങളിലെ മുജദ്ദിദുകളായിരുന്നു എന്നതില്‍ പത്താം നൂറ്റാണ്ട് വരെ ആരും എതിര്‍ത്തിട്ടില്ല. എന്ന് പറഞ്ഞാല്‍ ഇസ്ലാമിക ലോകം ഏകമായി തീരുമാനം പറഞ്ഞ കാര്യമായിരുന്നു അത്. പക്ഷ, അവര്‍ മുന്നോട്ട് വെച്ച ഫിഖ്ഹ്/ഉസൂലുല്‍ ഫിഖ്ഹ്, തസവ്വുഫ് എന്നീ വിജ്ഞാന ശാഘകളില്‍ സലഫി സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഹദീസിയന്‍ ചിന്തയായ continuity ക്ക് വിരുദ്ദമല്ലേ..? മാത്രമല്ല 'സലഫ്' എന്ന ആദ്യകാല നൂറ്റാണ്ടുകാരെ പിന്തുടരുക എന്ന സലഫിയന്‍ ചിന്തകള്‍ക്ക് തന്നെ എതിരെല്ലെ.. (വൈരുദ്യ നാമകരണം). ചര്‍ച്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല. ഹദീസിയന്‍ ചിന്തകളാല്‍ വേര് പിടിക്കപ്പെട്ട അഹ്ലുസ്സുന്ന എന്ന ആശയം continuity യുടെ കാവലാളായിരിക്കും. അങ്ങനെ തന്നെയാണ് ചരിത്രവും. ആധുനികതയെ ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ മാത്രം സ്വീകരിച്ച്, ദീനിന്റെ വികാസത്തില്‍ അകറ്റി നിര്‍ത്തി 'തുടര്‍ച്ച'യുടെ ഭാഗമായി മുന്നോട്ട് പോകുമത്. ആധുനികത (modernity)യുടെ terminology യെ അംഗീകരിക്കാതെ ഇസ്ലാമിന്റെ യഥാര്‍ത്ഥ വഴിയെ പ്രതിനിതീകരിക്കുന്നത് കൊണ്ട് തന്നെ അതിനെ ഇന്ന് നാം പാരമ്പര്യം (traditional) എന്ന് വിളിച്ചു. ആധുനികതയുടെ സ്വഭാവങ്ങള്‍ ദീനിന്റെ കാര്യങ്ങളില്‍ ഇടപെടാത്ത വഴിയെ കുറിച്ച് പരാമര്‍ശിക്കാന്‍ നാം ഉപയോഗിക്കുന്ന പ്രയോഗം മാത്രമാണത്. സത്യത്തില്‍, തുടര്‍ച്ചയുടെ ഭാഗമായി വന്ന അഹ്ലുസ്സുന്നയാണ് അത് കൊണ്ടര്‍ത്ഥമാക്കുന്നത്. ഇനി കേരളത്തിലെ മഖ്ദൂമിയന്‍ പാരമ്പര്യവും സലഫി കടന്ന് കയറ്റവും ഈ ടൂള്‍ ഉപയോഗിച്ച് തന്നെ മനസ്സിലാക്കാവുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter