മംഗള്‍യാന്‍ പാതിദൂരം പിന്നിട്ടു
ഇന്ത്യന്‍ ബഹിരാകാശ സംഘടന ഐ.എസ്.ആര്‍.ഒയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗള്‍യാന്‍ പാതിദൂരം പിന്നിട്ടു. ആകെ ദൂരമായ 68 കോടി കിലോമീറ്ററില്‍ പകുതി ദൂരം മംഗള്‍യാന്‍ പിന്നിട്ടു കഴിഞ്ഞതായും കഴിഞ്ഞ ഡിസംബറില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം വിട്ടുകടന്നതിന് ശേഷം ചൊവ്വാ ദൗത്യത്തിലുണ്ടായ സുപ്രധാന മുന്നേറ്റമാണിതെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. മംഗള്‍യാന്റെ ഇപ്പോഴത്തെ സഞ്ചാര പാത സുരക്ഷിതമായി തുടരുകയാണെന്നും ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന സഞ്ചാരപഥ പിഴവു തിരുത്തല്‍ പരിപാടി (ടി.സി.എം) ആവശ്യമായി വന്നില്ല എന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നവംബര്‍ 25നാണ് പി.എസ്.എല്‍.വി-സി25 മംഗള്‍യാനെ ഭൂമിയുടെ ഭ്രമണ പഥത്തിലെത്തിച്ചത്. ഡിസംബര്‍ നാലിന് ഭൂമിയുടെ ഭ്രമണ പഥം വിട്ട് സൗര കേന്ദ്രീകൃത ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ച മംഗള്‍യാന്റെ സഞ്ചാരവും ചലനവും ബാംഗ്ലൂരിനടുത്ത ബ്യാലാലു ഗ്രാമത്തില്‍ നാസ ജെറ്റ് പ്രൊപല്‍ശന്‍ ലബോറട്ടറിയുടെ സഹായത്തോടെ നടത്തുന്ന ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് സ്റ്റേഷന്‍ ഉപയോഗിച്ച് ഐ.എസ്.ആര്‍.ഒ നിരീക്ഷിച്ചു വരികയാണ്. നിലവില്‍ മംഗള്‍യാന്‍ പേടകത്തിന്റെയും സ്‌പേസ് സ്റ്റേഷന്റെയും ഇടയിലുള്ള റേഡിയോ ദൂരം ഏകദേശം 3.9 കോടി കിലോമീറ്ററാണ്. അതായത് ഭൂമിയില്‍ നിന്ന് പേടകത്തിലേക്കും തിരിച്ചും ഒരു സിഗ്നല്‍ എത്താന്‍ കഷ്ടിച്ച് നാലു മിനുട്ടും 15 സെക്കന്റും എടുക്കും. ഇപ്പോള്‍ ദിവസം ഏഴ് ലക്ഷം കിലോമീറ്റര്‍ എന്ന കണക്കിലാണ് പേടകം ബഹിരാകാശത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter