പാഠപുസ്തകങ്ങളിലെ ഇന്ത്യ വര്‍ഗീയമാവരുത്
ചരിത്രങ്ങള്‍ മാറ്റിയെഴുതുന്നതിനെ കുറിച്ചാണ് ആര്‍.എസ്.എസ്സും അതിന്റെ ഉപ സംഘടനകളും ഇന്ന് വാതോരാതെ സംസാരിക്കുന്നത്. മുസ്‌ലിം ഭരണാധികാരികളുടെ മര്‍ദ്ദനങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനായി മധ്യകാലത്തെ അവര്‍ എടുത്തുദ്ധരിക്കുന്നു. രണ്ടായിരത്തിലേറെ വര്‍ഷക്കാലം സംസ്‌കാരിക പാരമ്പര്യം നിലനില്‍ക്കുന്ന ഇന്ത്യപോലെയുള്ള ഒരു രാജ്യത്ത് മുസ്‌ലിംകള്‍ ഭരണം നടത്തിയ 400-500 വര്‍ഷങ്ങളെ മാത്രം ഉന്നംവെക്കുന്നത് തീര്‍ത്തും ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ഇവിടെ രണ്ടു ചോദ്യങ്ങള്‍ക്ക് പ്രസക്തിയുള്ളതായി തോന്നുന്നു. ഒന്ന്, ഹിന്ദുക്കളില്‍നിന്നും ഉന്നത ജാതിക്കാരുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന, മുസ്‌ലിം ഭരണാധികാരികള്‍ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന തെറ്റുകള്‍ക്ക് എന്തിനാണ് വര്‍ത്തമാന ഇന്ത്യയിലെ സാധാരണ മുസ്‌ലിംകള്‍ വില കൊടുക്കേണ്ടി വരുന്നത്? രണ്ട്, നിങ്ങള്‍ പറയുന്നപോലെ 'കൊലയാളികളും അടിച്ചമര്‍ത്തുന്നവരു'മായ ഒരു മുസ്‌ലിം ഭരണകൂടം കടന്നുപോയിട്ടും 80 ശതമാനത്തോളം ജനസംഖ്യവരുന്ന, ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമായി എന്തുകൊണ്ട് ഇന്ത്യ ഇപ്പോഴും നിലനില്‍ക്കുന്നു? ഹിന്ദുത്വ ഫാസിസ്റ്റുകളുടെ കുപ്രചരണങ്ങളുടെ മുനയൊടിക്കുന്ന ചോദ്യങ്ങളാണിവ.
ഇന്ത്യയിലെ പ്രമുഖ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും രക്തച്ചൊരിച്ചില്‍, മര്‍ദ്ദനം, നശീകരണം തുടങ്ങിയ കഥകളുമായി കെട്ടുപിണഞ്ഞുകിടക്കുന്നത് കാണാം. ഇതിലെ എല്ലാ കഥാപാത്രങ്ങളും ഹിന്ദുക്കള്‍ തന്നണ് എന്നതാണ് രസകരം. പുരാണങ്ങളുടെ ഉള്ളടക്കം പരിശോധിക്കുമ്പോള്‍ എല്ലാവിധ അക്രമപ്രവര്‍ത്തനങ്ങളുടെയും നീചകൃത്യങ്ങളുടെയും ആളുകളായിരുന്ന മഹാഭാരത്തിലെ കൗരവന്മാരും രാമായണത്തിലെ രാവണനും ഒരര്‍ത്ഥത്തിലും മുസ്‌ലിംകളായിരുന്നില്ല എന്നു മനസ്സിലാകും. ഏതു വിഷയത്തിലും മുസ്‌ലിംകളെ കടന്നാക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതിന് അതിന്റെതായ ഗൗരവവും പരിമിതികളുമുണ്ടെന്നത് ഹിന്ദു ദൈവശാസ്ത്രത്തിന്റെ ധ്വജവാഹകര്‍ മനസ്സിലാക്കേണ്ടതുണ്ട്.
നമുക്ക് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെയും ഒറീസ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെയും കഥയെടുത്തുനോക്കാം. തദ്ദേശീയരായ ഹിന്ദുക്കളുടെ സജീവ സഹായത്തോടെയാണ് മുഹമ്മദ് ഗസ്‌നവി സോമനാഥ ക്ഷേത്രം അശുദ്ധമാക്കുകയും നശിപ്പിക്കുകയും ചെയ്തതെന്ന് ആര്‍.എസ്.എസ് തലവന്‍ ഗോള്‍വാള്‍ക്കര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതുപോലെ, ജഗന്നാഥ ക്ഷേത്രം ഒരു പഴയ ബുദ്ധ ക്ഷേത്രമായിരുന്നുവെന്നും പിന്നീടത് ശക്തിയുപയോഗിച്ച് ഹിന്ദു ക്ഷേത്രമാക്കി മാറ്റപ്പെടുകയാണുണ്ടായതെന്നും സ്വാമി വിവേഗാനന്ദന്‍ പറയുന്നു. ചരിത്രത്തില്‍ ഇതുപോലെയുള്ള ധാരാളം സംഭവങ്ങള്‍ കാണാന്‍ കഴിയും. എന്തിനേറെ, താഴ്ന്ന ജാതിക്കാരും അസ്പൃശ്യരുമായ സൂദ്രന്മാര്‍ക്കെതിരെ ഹിന്ദുക്കളിലെ ഉന്നത ജാതിക്കാരില്‍നിന്നും നിരന്തരമായ മര്‍ദ്ദനങ്ങളും പീഡനങ്ങളും അരങ്ങേറിയ മണ്ണാണ് ഇന്ത്യ. ഇങ്ങനെ അനവധി സംഭവങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു സാഹചര്യത്തില്‍, മുസ്‌ലിംകളെ മാത്രം കുറ്റവാളികളാക്കി എടുത്തുകാണിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകും? ദലിതുകള്‍ക്കും ബുദ്ധന്മാര്‍ക്കുമെതിരെ ഭീകരമായ അതിക്രമങ്ങള്‍ അഴിച്ചുവിട്ടവര്‍ക്കും കൗരവന്മാരുടെയും രാവണന്റെയും ദുഷ്‌ചെയ്തികള്‍ക്കും എതിരെ എങ്ങനെ പ്രതികാരം ചെയ്യാനാകുമെന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്ന ആര്‍.എസ്.എസ് പോലെയുള്ള സംഘടനകള്‍ പറയേണ്ടതുണ്ട്.
ഇന്ത്യയിലുണ്ടായ മതപരമായ മര്‍ദ്ദനങ്ങളെ മുസ്‌ലിം ഭരണവുമായി മാത്രം ബന്ധപ്പെടുത്താനാവില്ല എന്ന് വ്യക്തമാക്കുന്ന ഗോള്‍വാള്‍ക്കറിന്റെയും സ്വാമി വിവേഗാനന്ദന്റെ പ്രസ്താവങ്ങളാണ് താഴെ കൊടുക്കുന്നത്. ഹിന്ദുത്വയെ പ്രിതിനിധീകരിക്കുന്ന ഈ രണ്ടു ഐക്കണുകളും ഉയര്‍ത്തിക്കാട്ടിയ സംഭവങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ആര്‍.എസ്.എസ്സിന്റെ ഈ മുസ്‌ലിം വെറുപ്പ് അതിന്റെ ചരിത്രപരമായ കാരണങ്ങളാലല്ല, മറിച്ച് ചില ഗൂഢ അജണ്ടകളുടെ ഭാഗമായിട്ടാണെന്ന് സുതരാം വ്യക്തമാകും.
സോമനാഥ് ക്ഷേത്രത്തിന്റെ തകര്‍ച്ച, മലിനപ്പെടുത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഗോള്‍വാള്‍ക്കര്‍ പറയുന്നത് കാണുക:
'ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ ആളുകള്‍ നമ്മെ കീഴടക്കാനായി വിദേശികളെ ക്ഷണിച്ചുവരുത്തി. സമാനമായൊരു അപകടം ഇന്നും നമ്മെ ഭീഷണിപ്പെടുത്തുന്നുണ്ട്. എങ്ങനെയാണ് സോമനാഥ ക്ഷേത്രം അശുദ്ധമാക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തത് എന്നത് ചരിത്രത്തിലെ ശ്രദ്ധേയമായൊരു അധ്യായമാണ്. ക്ഷേത്രത്തിലെ സമ്പത്തിനെക്കുറിച്ച് മഹ്മൂദ് ഗസ്‌നവി കേട്ടിരുന്നു. അത് കൊള്ളയടിക്കാനായി ഖൈബര്‍ ചുരം കടന്ന് അദ്ദേഹം ഇന്ത്യയില്‍ വന്നു. തന്റെ ലക്ഷ്യ സ്ഥാനത്തെത്താന്‍ അദ്ദേഹത്തിന് രാജസ്ഥാന്‍ മരുഭൂമി മുറിച്ചുകടക്കേണ്ടതുണ്ടായിരുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെ മരണത്തെ മുഖാമുഖം കണ്ട അവസ്ഥ പോലും ഈ യാത്രയില്‍ അദ്ദേഹത്തിനുണ്ടായി. പക്ഷെ, സൗരാഷ്ട്രന്മാര്‍ക്ക് തങ്ങള്‍ക്കെതിരെ വലിയ പദ്ധതികളുണ്ടെന്ന കാര്യം അദ്ദേഹം അവിടത്തെ തദ്ദേശീയ നേതാക്കന്മാരെ അറിയിച്ചതേയില്ല. തങ്ങളുടെ അറിവില്ലായ്മ കാരണം അവരത് വിശ്വസിക്കുകയും അദ്ദേഹത്തോടൊപ്പം ചേരുകയും ചെയ്തു. ഗസ്‌നവി ക്ഷേത്രത്തിനെതിരെ കടന്നാക്രമണം നടത്തിയപ്പോള്‍ ഹിന്ദുക്കളാണ് സ്വന്തം സൈന്യത്തിന്റെ മുന്നണിപ്പോരാളികളായി ഉണ്ടായിരുന്നത്. ഹിന്ദുക്കളുടെ സഹായത്തോടെത്തന്നെയാണ് സോമനാഥ് ക്ഷേത്രം മലിനമാക്കപ്പെട്ടതും. ഇത് ചരിത്രത്തിന് മറക്കാനാവാത്ത സത്യങ്ങളാണ്.'
യേശു ക്രിസ്തു പുരിയിലെ ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന വിഷയത്തില്‍ നടന്ന ഒരു ഡിബാറ്റില്‍ സംബന്ധിച്ചുകൊണ്ടിരിക്കെ പ്രസ്തുത ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്ക് സൂചന നല്‍കിക്കൊണ്ട് ഒരിക്കല്‍ വിവേഗാനന്ദന്‍ ഇങ്ങനെ പറഞ്ഞു:
'ഒന്നു രണ്ടു വര്‍ഷം മുമ്പ് ഒരു റഷ്യന്‍ എഴുത്തുകാരന്‍ തയ്യാറാക്കിയ ഒരു പുസ്തകമുണ്ട്. യേശു ക്രിസ്തുവിന്റെ അല്‍ഭുതകരമായ ജീവിതമാണ് പുസ്തകം മുന്നോട്ടു വെക്കുന്നത്. യേശു ഭ്രഹ്മണന്മാരോടൊപ്പം ജഗന്നാഥ ക്ഷേത്രത്തില്‍ പഠിക്കാന്‍ പോയിരുന്നുവെന്നും അവിടത്തെ ഭഹിഷ്‌കരണത്തിലും ബിംബങ്ങളിലും അരോചകത്വം അനുഭവപ്പെട്ട അദ്ദേഹം അവിടെനിന്നും ഇറങ്ങി പകരം ടിബറ്റിലെ ലാമമാര്‍ക്കടുത്ത് ചെന്ന് അവിടെനിന്നും പഠിച്ച് പൂര്‍ണത നേടി വീട്ടിലേക്കു തിരിച്ചുപോയെന്നും ഈ പുസ്തത്തിലൊരിടത്ത് പറയുന്നു. ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച് വല്ലതും അറിയുന്ന ഏതൊരാളെയും സംബന്ധിച്ചിടത്തോളം കാര്യം ലളിതമാണ്. സംഗതികളെല്ലാം കപടമാണെന്ന് ഈ പ്രസ്താവന തെളിയിക്കുന്നുണ്ട്. കാരണം, ജഗന്നാഥ ക്ഷേത്രം സത്യത്തില്‍ ഒരു പഴയ ബുദ്ധ ക്ഷേത്രമായിരുന്നു. നമ്മള്‍ ഇതും ഇതുപോലെയുള്ളവയും കീഴടക്കി അവ വീണ്ടും ഹിന്ദുവല്‍കരിക്കുകയായിരുന്നു. ഇതുപോലെ നമുക്ക് പലതും ചെയ്യേണ്ടതായിട്ടുണ്ട്. ജഗന്നാഥ ക്ഷേത്രത്തിന്റെ കഥ ഇതാണ്. അന്നേരം അവിടെ ഒരു ബ്രഹ്മണന്‍പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും യേശു ക്രിസ്തു ബ്രഹ്മണന്മാരോടൊപ്പം പഠിക്കാനായി ഇവിടെ വന്നിരുന്നുവെന്ന് ഇപ്പോള്‍ നാം കേള്‍ക്കുന്നു. റഷ്യന്‍ പുരാവസ്തു ഗവേഷകനാണ് ഇപ്പോഴിത് പറയുന്നത്.'
സോമനാഥ ക്ഷേത്രം തകര്‍ക്കാന്‍ സഹായിച്ചത് തദ്ദേശീയരായ ഹിന്ദുക്കളായിരുന്നുവെന്നും ബുദ്ധ ദേവാലയമായിരുന്നു ജഗന്നാഥ ക്ഷേത്രം പിന്നീട് ഹിന്ദുക്കള്‍ കീഴടക്കി ഹിന്ദുവല്‍കരിക്കുകയായിരുന്നുവെന്നുമാണ് ഈ രണ്ടു സംഭവങ്ങളും വ്യക്തമാക്കുന്നത്. ക്ഷേത്രങ്ങളുടെ തകര്‍ച്ചയിലും അവക്കു നേരെയുണ്ടാകുന്ന കടന്നാക്രമണങ്ങളിലും ഹിന്ദുക്കളുടെതന്നെ പങ്ക് ഇത് പുറത്തുകൊണ്ടുവരുന്നു. എന്തിനും മുസ്‌ലിംകളെ പ്രതിവല്‍കരിക്കാന്‍ ചരിത്രത്തില്‍നിന്നും തെളിവ് കണ്ടെത്തുന്നവര്‍ ഇത്തരം സംഭവങ്ങള്‍ മറന്നുപോകരുത്.
'വിദേശ' മതങ്ങളും 'സ്വദേശ' മതങ്ങളുമെന്ന വിഭജനം
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ രണ്ടു വിഭാഗമായി വിഭജിച്ചു കാണാന്‍ ആര്‍.എസ്.എസ് എന്നും ശ്രമിച്ചിരുന്നതായി കാണാം. ഇന്ത്യയില്‍ ജന്മംകൊണ്ട മതങ്ങളെ പിന്തുടരുന്നവരെന്നും പുറത്തുനിന്നും വന്ന മതങ്ങളെ പിന്തുടരുന്നവരെന്നും പറഞ്ഞാണ് ആദ്യമവരെ വിഭജിച്ചിരുന്നത്. ജൈനന്മാര്‍, ബുദ്ധന്മാര്‍, സിഖുകാര്‍ എന്നിവരാണ് അതില്‍ ഒന്നാമത്തെ വിഭാഗം. 'വിദേശ' മതങ്ങള്‍ പിന്തുടരുന്ന ക്രിസ്ത്യാനികളും മുസ്‌ലിംകളുമാണ് രണ്ടാമത്തെ വിഭാഗം. ഇതില്‍ രണ്ടാമത്തെ വിഭാഗമാണ് കൂടുതല്‍ പ്രശ്‌നക്കാര്‍ എന്ന് ആര്‍.എസ്.എസ് അവകാശപ്പെടുന്നു. ആയതിനാല്‍, ഈ വിഭാഗം ഹിന്ദുവല്‍കരിക്കപ്പെടേണ്ടതുണ്ടെന്നതാണ് അവരുടെ ആവശ്യം. എന്നാല്‍, ആദ്യത്തെ ന്യൂനപക്ഷ മതങ്ങള്‍ അവരുടെ ദൃഷ്ടിയില്‍ ഇതുപോലെ പ്രശ്‌നക്കാരല്ല. തദ്ദേശീയമായ ഈ മതങ്ങള്‍ക്ക് സ്വതന്ത്ര മതങ്ങളുടെ സ്ഥാനം പോലും കല്‍പിക്കാത്ത ആര്‍.എസ്.എസ്സിന്റെ നിലപാട് തീര്‍ത്തും വഞ്ചനാപരമാണ്. ഹിന്ദൂയിസത്തിന്റെ ഭാഗമായിട്ടാണ് ആര്‍.എസ്.എസ് അവയെ പരിഗണിക്കുന്നത്. ആര്‍.എസ്.എസ്സിന്റെ സ്വേഛാധിപത്യപരമായ ഈ നിലപാടിനെതിരെ അവരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1984 ലെ സിഖ് കൂട്ടക്കൊലക്കു നേരെ ആര്‍.എസ്.എസ് സ്വീകരിച്ച പക്ഷപാതിത്തപരമായ സമീപനത്തില്‍നിന്നും ഈ തദ്ദേശീയ മതവിഭാഗങ്ങളെ അത് എത്രമാത്രം ബഹുമാനിച്ചിരുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
1984 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടന്ന സിഖ് കൂട്ടക്കൊലയെക്കുറിച്ച് പുറത്തുവന്ന ഒരു പഠനത്തിലെ അമ്പരപ്പിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ തുറന്നു പറയുകയാണ്. ആര്‍.എസ്.എസ് പ്രമുഖനും നേതാവുമായ നാനാ ദേശ്മുഖ് തയ്യാറാക്കി പ്രസിദ്ധീകരിച്ചതാണ് ഈ പഠനം. 1984 ഒക്ടോബര്‍ 31 ന് സിഖുകാരായ രണ്ടു സെക്യൂരിറ്റി ഗ്വാര്‍ഡുകള്‍ മുഖേന ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട സമയം. അതിനെ തുടര്‍ന്ന് ഇവിടെ പടര്‍ന്നുപിടിച്ച സിഖ് വിരോധം വളരെ ഭീകരമായിരുന്നു. ഇന്ത്യയിലുടനീളം കുട്ടികളും സ്ത്രീകളുമുള്‍പ്പടെ നൂറുക്കണക്കിന് സിഖുകാര്‍ കശാപ്പ് ചെയ്യപ്പെട്ടു. പലരും ജീവനോടെ അഗ്നിക്കിരയാക്കപ്പെട്ടു. പലരും അംഗഭംഗം വരുത്തപ്പെട്ടു. സിഖുകാരുടെ നൂറുക്കണക്കിന് വിശുദ്ധാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. അവരുടെ വ്യവസായ സ്ഥാപനങ്ങളും താമസ സ്ഥലങ്ങളുംവരെ നശിപ്പിക്കപ്പെട്ടു.
ഈ അത്യാഹിതങ്ങള്‍ക്കെല്ലാം പിന്നില്‍ കോണ്‍ഗ്രസ് കേഡര്‍മാരാണെന്നാണ് പൊതുവായ വിശ്വാസം. ഒരളവോളം അത് ശരിയായിരിക്കാം. എന്നാല്‍, ഇതിനു പിന്നില്‍ ഫാസിസ്റ്റ്-വര്‍ഗീയ ശക്തികളും കളിച്ചിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല. പക്ഷെ, ഈ കൂട്ടക്കൊലകളില്‍ അവരുടെ പങ്ക് വേണ്ടപോലെ അന്വേഷിക്കപ്പെട്ടില്ല എന്നതാണ് സത്യം. ഇന്ദിരാഗാന്ധി വധവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളായ ആളുകളുടെ രക്തംകൊണ്ട് ഹോളി കളിച്ച ക്രമിനലുകള്‍ ആരായിരുന്നുവെന്ന് മുഖമറ നീക്കി പുറത്തു കൊണ്ടുവരാന്‍ ഈ പഠനം സഹായിച്ചേക്കും. ആരാണ് യഥാര്‍ത്ഥത്തില്‍ ഈ അതിക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഈ കൊലയാളികള്‍ എവിടെനിന്നാണ് വന്നതെന്നും ഇതിനില്‍നിന്നും ശരിക്കും മനസ്സിലാക്കാം. സിഖ് നരമേധത്തില്‍ ഈ കൊലയാളി സംഘം കൈകൊണ്ട ആവേശവും പട്ടാളച്ചിട്ടയും സാക്ഷികളെപോലും അമ്പരപ്പിക്കുംവിധമായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും ഡോ. ഗ്രഹാം സ്‌റ്റെയ്ന്‍സിനെയും തന്റെ രണ്ടു കുട്ടികളെയും ജീവനോടെ ചുട്ടുകരിച്ചപ്പോഴും ഗുജറാത്തില്‍ മുസ്‌ലിം കൂട്ടക്കൊല നടത്തിയപ്പോഴുമാണ് ഈ ആവേശം പിന്നീട് കണ്ടിരുന്നത്. നിരപരാധികളായ സിഖുകാര്‍ക്കെതിരെ ഉന്മാദാസക്തിയില്‍ കൊലവിളി നടത്തുകയായിരുന്നു അവര്‍. കോണ്‍ഗ്രസിന്റെ കഴിവിലുമപ്പുറത്തായിരുന്നു ഇത്. ഈ വംശഹത്യയില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ക്ക് ശക്തി പകര്‍ന്ന, പരിശീലനം ലഭിച്ച 'കേഡര്‍മാര്‍' ആരായിരുന്നുവെന്ന് അന്വേഷിക്കുന്ന ഒരു ഗവേഷകനെ ദേശ്മുഖിന്റെ ഈ പഠനം തീര്‍ച്ചയായും സഹായിച്ചേക്കും. അത് സാക്ഷാല്‍ ആര്‍.എസ്.എസ് തന്നെയായിരുന്നുവെന്നതാണ് ഉത്തരം.
ഇന്ത്യയിലെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളോടും ആര്‍.എസ്.എസ് വെച്ചുപുലര്‍ത്തുന്ന ഏറെ നിന്ദ്യമായ ഫാസിസ്റ്റ് നിലപാടും ഈ പഠനത്തില്‍ നിറഞ്ഞുകാണുന്നു. വിദേശ മതങ്ങളെ പിന്തുടരുന്നതിനാല്‍ തങ്ങള്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരാണ് എന്നാണ് ആര്‍.എസ്.എസ് ഇതുവരെ വാദിച്ചിരുന്നത്. എന്നാല്‍, സിഖ് കൂട്ടക്കൊലയെ ന്യായീകരിക്കുന്ന കാഴ്ച്ചയാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്. സിഖുകാരാകട്ടെ, ആര്‍.എസ്.എസ്സിന്റെ വര്‍ഗീകരണപ്രകാരം തദ്ദേശീയ മതത്തെ പിന്തുടരുന്നവരുമാണ്.
Leave A Comment