ധാര്‍മിക സംസ്‌കൃതിയുടെ വീണ്ടെടുപ്പിന് യുവാക്കള്‍ മുന്നിട്ടിറങ്ങണം
'അടുpkp 1ക്കുംതോറും അകലുമെന്ന' പൊതുധാരണ നിലനില്‍ക്കുമ്പോഴും അടുക്കുംതോറും ആദരവ് കൂടികൊണ്ടിരിക്കുന്ന ചില വ്യക്തികളുടെ സാന്നിധ്യം കാലത്തിന്റെ കൂടി ആവശ്യമാണ്, വിനയവും ജീവിതലാളിത്യവും കൈമുതലാക്കിയ ഇവരുടെ ചിന്തകളും നിര്‍ദേശങ്ങളും ഒരു സമൂഹത്തിന്റെ പുരോഗമനത്തിന്റെ കേന്ദ്രബിന്ദുവായി അനുഭവമാകും. കാലമെത്ര ആസുരമായാലും ഇവരുടെ ജാജ്വല്യമാനമായ സാക്ഷ്യങ്ങള്‍ ഇരുട്ടുകള്‍ക്കും നടുവേ ദീപ്തിയുടെ മേല്‍പ്പാലം തീര്‍ക്കുന്നു. പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇങ്ങനെയൊകക്കെ പറയേണ്ടിവരും. വര്‍ത്തമാനകേരളം ഉറ്റുനോക്കുന്ന പ്രമുഖ മതപണ്ഡിതന്‍, സൂഫീവര്യന്‍, കേരള മുസ്‌ലിങ്ങളുടെ ആധികാരിക പരോമന്നത മതപണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറ അംഗം, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, പാപ്പിനിശ്ശേരി അസ്അദിയ്യ കോളജ് പ്രസിഡന്റ്, പ്രിന്‍സിപ്പല്‍, പാപ്പിനിശ്ശേരി ഹിദായത്തുല്‍ ഇസ്‌ലാം സഭ രക്ഷാധികാരി, പട്ടിക്കാട് എം.ഇ.എ എന്‍ജിനീയറിംഗ് കോളേജ് കമ്മിറ്റി കണ്‍വീനര്‍, പട്ടിക്കാട് ജാമിഅ നൂരിയ്യ കോളേജ് കമ്മിറ്റി അംഗം, നന്തി ദാറുസ്സലാം കോളേജ് പരീക്ഷാ ബോര്‍ഡ് കണ്‍വീനര്‍ തുടങ്ങി വൈജ്ഞാനിക-പൊതു-പ്രാസ്ഥാനിക ഇടങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായ പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ സുന്നി അഫ്കാര്‍ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. ഉസ്താദിന്റെ പേരില്‍നിന്നുതന്നെ സംസാരമാരംഭിക്കാം. പി.കെ.പി. എന്നതിന്റെ മുഴുവന്‍  രൂപമെന്താണ്? പി.കെ.പി എന്നതു തറവാട്ടുപേരിന്റെ ചുരുക്കിയെഴുത്താണ്. പൂവ്വംകുളം കൊട്ടിലക്കണ്ടത്തില്‍ പുതിയപുരയില്‍ എന്നതാണതിന്റെ പൂര്‍ണരൂപം. ഉസ്താദിന്റെ ജനനം, കുടുംബം, ദേശം? ഞാന്‍ 1936ല്‍ പാപ്പനിശ്ശേരിയിലെ പൂവ്വംകുളം കൊട്ടിലക്കണ്ടത്തില്‍ പുതിയപുരയില്‍ എന്ന ജന്മി തറവാട്ടിലാണു ജനിച്ചത്. അന്നത്തെ അവസ്ഥയില്‍ പാപ്പിനിശ്ശേരിയിലെ ഏറ്റവും പ്രൗഢിയും പ്രതാപവുമുള്ള, സാമ്പത്തിക ഭദ്രതയുള്ള തറവാടായിരുന്നു അത്. എന്റെ പിതാവ് തെക്കുമ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ എന്നവരാണ്. വാഴക്കാട് ദാറുല്‍ ഉലൂമില്‍ കണ്ണിയത്ത് ഉസ്താദിന്റെ സതീര്‍ത്ഥ്യനായിരുന്നു അദ്ദേഹം. ഗോളശാസ്ത്രമടക്കം എല്ലാ വൈജ്ഞാനിക ശാഖകളിലും അഗാധപാണ്ഡിത്യമുള്ള വ്യക്തിത്വമായിരുന്നു എന്റെ വാപ്പ. ഖുതുബിയുടെ അരുമശിഷ്യനുമായിരുന്നു. ഉമ്മ എനിക്ക് നാലു വയസ്സായപ്പോഴേക്കും മരിച്ചുപോയിരുന്നു. മരണശേഷം എന്നെ സംരക്ഷിച്ചതും വളര്‍ത്തിയതും ഉമ്മാമ അഥവാ ഉമ്മാന്റെ ഉമ്മയായിരുന്നു. ഉമ്മയുടെ പിതാവ് ചെറുകുന്ന് അബ്ബാസ് മുസ്‌ലിയാര്‍ എന്നവരാണ്. അക്കാലത്തെ മികച്ച വാഇള് (മതപ്രഭാഷകന്‍) ആയിരുന്നു അദ്ദേഹം. എല്ലാംകൊണ്ടും ഒരു പണ്ഡിത   പാരമ്പര്യമുള്ള കുടുംബമായിരുന്നു അത്. വാപ്പയെക്കുറിച്ചുള്ള ഓര്‍മകള്‍? ഞാന്‍ ഏതൊരു പദവിയിലെത്തിപ്പെടുമ്പോഴും അല്ലാഹുവിനെ സ്മരിച്ചശേഷം പിന്നെയോര്‍ക്കുക എന്റെ പ്രിയ വാപ്പയെയായിരിക്കും. എന്റെ ആദ്യാവസാനത്തെ ഗുരുവും മാര്‍ഗദര്‍ശകനുമെല്ലാം വാപ്പയാണല്ലോ. ആയതിനാല്‍, അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മകള്‍ പങ്കുവയ്ക്കാതെ എനിക്ക് അനുഭവങ്ങള്‍ ഒന്നും പറയാനുണ്ടാവില്ല. അത്രമേല്‍ ഒട്ടിപ്പിടിച്ചുകിടക്കുന്നു ഞാനും വാപ്പയും തമ്മിലുള്ള ബന്ധം. പിന്നെ, ചെറുപ്പകാലത്തേ മാതാവ് അകാലവിയോഗം പ്രാപിച്ചുവല്ലോ. അതിനാല്‍, എനിക്ക് മാതാവിന്റെ യഥാര്‍ത്ഥമായ ആ സ്‌നേഹവും വാത്സല്യങ്ങളും അനുഭവിക്കാനായില്ല. രണ്ടുപേരെക്കുറിച്ചും സംസാരിക്കേണ്ടിവരുമ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞുപോവുകയാണ്. സാത്വികനായിരുന്നു എന്റെ പിതാവ്. അന്ന് വാനശാസ്ത്രം കൈകാര്യം ചെയ്യുന്ന പണ്ഡിതന്‍ എന്റെ വാപ്പയേ ഉണ്ടായിരുന്നുള്ളൂ; പിന്നെ കൈപ്പറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരും. തദ്‌രീസീ രംഗത്തും വാപ്പ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഉസ്താദിന്റെ ദര്‍സ് പഠനങ്ങള്‍, അനുഭവങ്ങള്‍? പഴയ ഓത്തുപള്ളിയില്‍ പോയിരുന്നു. എന്നാലും ചെറുപ്പകാലത്തുതന്നെ ജീവിതം ദര്‍സ് പഠന രംഗത്തേക്കു തിരിക്കേണ്ടിവന്നു. ഉപ്പയുടെയും കുടുംബക്കാരുടെയും ശക്തമായ സമ്മര്‍ദ്ദമാണ് ഇതിനു നിമിത്തമായത് എന്നു തോന്നുന്നു. എന്റെ ആദ്യത്തെ ഉസ്താദ് വാപ്പയായിരുന്നുവെന്ന് പറഞ്ഞുവല്ലോ. ഞാന്‍ ആദ്യം ഓതുന്നത് തെക്കുമ്പാടുനിന്നാണ്. അഥവാ, വാപ്പയുടെ സ്വന്തം നാട്ടില്‍നിന്നുതന്നെ. ഇന്ന് വാപ്പയെ തെക്കുമ്പാട്ടുകാര്‍ അവിടുത്തെ എക്കാലത്തെയും പ്രഗത്ഭനായ മുദര്‍രിസായി അനുസ്മരിക്കുന്നത് പലരില്‍നിന്നും കേട്ടിട്ടുണ്ട്. മുതഫരിദ്, ഫത്ഹുല്‍ ഖയ്യൂം, അര്‍ബഊന ഹദീസ് തുടങ്ങിയ 'അശറത്തുകുത്തുബിലെ' കിതാബുകള്‍കൊണ്ടാണ് ഞാന്‍ കിതാബോത്തിന് തുടക്കം കുറിച്ചത്. അതോടൊപ്പം മീസാന്‍, അജ്‌നാസ് ഇങ്ങനെ പോവുന്നു കിതാബിന്റെ നിര. പിന്നെ വാപ്പയുടെ കൂടെ തന്നെ എനിക്കു പുതിയങ്ങാടിയിലേക്കു മാറേണ്ടിവന്നു. (കണ്ണൂരിലെ പുതിയങ്ങാടിയാണ്.) അവിടെ നിന്നും കിതാബോത്തിനൊപ്പം ഞാന്‍ സ്‌കൂളിലേക്കും പോയിരുന്നു. അങ്ങനെ ഇ.എസ്.എല്‍.സി ഒന്നാം റാങ്കോടെ പാസായി. അക്കാലത്തെ ഭൗതിക വിദ്യാഭ്യാസ രംഗത്തെ ഉന്നത പഠനമായ ഇ.എസ്.എല്‍.സി പാസായവര്‍ മാപ്പിളമാരില്‍ നന്നേ കുറവായിരുന്നു. മറ്റു സമുദായങ്ങളിലും സ്ഥിതി അങ്ങനെ തന്നെയാവണം. ഞാന്‍ ഒന്നാം റാങ്കോടെ  പാസായത് എല്ലാവരിലും മതിപ്പുളവാക്കി. ശേഷം വാപ്പ ദര്‍സ് വീണ്ടും തെക്കുമ്പാട്ടേക്കു തന്നെ മാറ്റി. പക്ഷേ, എന്നെ അങ്ങോട്ടേക്ക് കൂട്ടാതെയായിരുന്നു ആ മടക്കം. ശൈഖുനാ ശംസുല്‍ ഉലമ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാമില്‍ മുദര്‍രിസായി ചാര്‍ജെടുത്തത് കാരണം ശംസുല്‍ ഉലമയുടെ കീഴില്‍ പഠിക്കാനായി അവിടെ ചേര്‍ത്തു. പ്രൗഢഗംഭീരമായ ക്ലാസുകളായിരുന്നു ശംസുല്‍ ഉലമായുടേത്. ശംസുല്‍ ഉലമ എനിക്ക് ശആഈ ഓതിത്തന്നു. പ്രമുഖര്‍ അണിനിരക്കുന്ന വലിയ ശിഷ്യസഞ്ചയം തന്നെ അന്നവിടെ ശംസുല്‍ ഉലമക്കുണ്ടായിരുന്നു. അതേസമയം, ഞാന്‍ ഖതറുന്നദാ ഓതിയിട്ടില്ല. ശറഅ് വാഫി ഓതി. ശംസുല്‍ ഉലമ ഖുവ്വത്തിലുള്ള കാലത്ത് അവിടത്തെ മാനേജര്‍ അബ്ദുല്‍ അസീസ് ഹാജിയായിരുന്നു. അദ്ദേഹം ഹജ്ജ് നിര്‍വഹണത്തിനായി കുറച്ച് ലീവായപ്പോള്‍ കോളേജ് കമ്മിറ്റി അന്ന് ശംസുല്‍ ഉലമയെ താല്‍ക്കാലത്തേക്ക് മാനേജറായി അവരോധിച്ചു. പക്ഷേ, തല്‍സ്ഥിതി അധികകാലം നീണ്ടുനിന്നില്ല. ആഭ്യന്തരമായ ചില ഉടക്കുകള്‍ കാരണം അവിടെ വിലയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയുണ്ടായി. അക്കാരണത്താല്‍ ശംസുല്‍ ഉലമ രാജിക്കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്ന് വാപ്പയുടെ ശരീക്കായ കൈപ്പറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. പടന്നയിലായിരുന്നു ദര്‍സ്. 60ഓളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു അവിടെ. അദ്ദേഹത്തില്‍നിന്ന് ഫത്ഹുല്‍ മുഈന്‍ അടക്കമുള്ള പ്രധാന കിതാബുകള്‍ മന്നുനാലുതവണ ഓതി. ഖുത്വുബിയുടെ ശിഷ്യരാണ് എന്റെ വാപ്പയും കൈപ്പറ്റ ഉസ്താദും ഉമ്മയുടെ വാപ്പയായ ചെറുകുന്ന് അബ്ബാസ് മുസ്‌ലിയാരുമൊക്കെ. കൈപ്പറ്റ ഉസ്താദിന് ഫിഖ്ഹിലും വാനശാസ്ത്രത്തിലും വലിയ അവഗാഹം ഉണ്ടായിരുന്നു. കായങ്കുളം ഹസനിയ്യയില്‍ അദ്ദേഹം മുദര്‍രിസായിട്ടുണ്ട്. ശേഷം, ആറ്, ഏഴു കൊല്ലം ഇരിക്കൂറില്‍ ഞാന്‍ വാപ്പയുടെ അടുത്തുനിന്ന് തന്നെ ഓത്തു തുടര്‍ന്നു. ശേഷം, ഗോളശാസ്ത്ര പണ്ഡിതനായ ചാലിയം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ശിഷ്യത്വം ലഭിക്കാനായി വാപ്പ എന്നെ അദ്ദേഹത്തിന്റെ ദര്‍സില്‍ ചേര്‍ത്തു. നെല്ലിക്കുന്ന് (കാസര്‍ക്കോട്) ആയിരുന്നു അദ്ദേഹത്തിന്റെ ദര്‍സ്. അവിടെ നിന്നും മഅ്ബദി, നുഹ്ബ, മഹല്ലി-3 തുടങ്ങിയവ ഞാന്‍ ഓതി. അവിടെ രണ്ടാം മുദര്‍രിസിന്റെ സ്ഥാനത്തായിരുന്നു ഞാന്‍. പണ്ടുകാലങ്ങളില്‍ ദര്‍സില്‍ ഓതുന്ന അവസരം തന്നെ കിതാബ് ഓതിക്കൊടുക്കാനും ചാന്‍സ് ഉണ്ടാക്കുന്ന ഒരു രീതിയുണ്ടായിരുന്നല്ലോ. ഖേദകരമെന്നു പറയട്ടെ, ഇന്ന് ആ പതിവ് എടുത്തുമാറ്റപ്പെടുകയാണ്. എന്നാല്‍, ഞാന്‍ ബയ്‌ളാവി ഓതിയിട്ടുമില്ല. പിന്നീട് ഓതിക്കൊടുക്കുന്ന കാലത്താണ് ബയ്‌ളാവി നോക്കുന്നത്. ആകയാല്‍, വലിയൊരു കാലത്തെ കിതാബുപഠനം ശിഷ്ടകാലത്ത് എനിക്കുണ്ടാക്കിയ നേട്ടങ്ങള്‍ ചെറുതൊന്നുമല്ല. ഇല്‍മിന്റെ എല്ലാ ഫന്നു(ശാഖ)കളിലും ചെറിയ പരിജ്ഞാനം നേടുവാന്‍ പഠനകാലത്തേ എനിക്കു സാധിച്ചിട്ടുണ്ടെന്നാണ് ഇതിന്റെയെല്ലാം ആകത്തുക. ബാഖിയാത്തിലെ ഒന്നാം റാങ്കുകാരനായ ഉസ്താദിന്റെ വെല്ലൂരിയന്‍ അനുഭവങ്ങള്‍ ? 1960ലാണു ഞാന്‍ ബാഖിയാത്തിലേക്ക് പോകുന്നത്. അന്ന് എന്റെ കൂടെ സെലക്ഷനു 90 പേരുണ്ടായിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്തതയും സാമ്പത്തിക പ്രയാസവും കാരണം 90ല്‍ 23 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. അന്ന് ബാഖിയാത്തിലെ ശൈഖുല്‍ ഹദീസ് പാപ്പിനിശ്ശേരിക്കാരനും എന്റെ വഴികാട്ടിയുമായ ഹസന്‍ ഹസ്‌റത്ത് ആയിരുന്നു. ഈ തീരുമാനം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. കുട്ടികളുടെ പരാതി പ്രവാഹമായിരുന്നു. അവസാനം വിദ്യാര്‍ത്ഥികളുടെ അപേക്ഷ മാനിച്ച് അദ്ദേഹം കോളേജ് സെക്രട്ടറി പാഷാ ഹാജിയുമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഈ ആവശ്യവുമായി ഹസ്‌റത്തും ബാഫഖി തങ്ങളും എല്ലായിടത്തും സഞ്ചരിച്ചു ധനം സമാഹരിച്ചു. അങ്ങനെ അവര്‍ക്ക് 23,000 രൂപ പിരിച്ചുണ്ടാക്കാനായി. ഈ പണം ഇരുവരും സെക്രട്ടറിയെ ഏല്‍പ്പിക്കുകയും 90 വിദ്യാര്‍ത്ഥികളെയും പ്രവേശിപ്പിക്കണമെന്നു നിര്‍ദേശം നല്‍കുകയും ചെയ്തു. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദപഠനത്തിന് അന്ന് ഏക ആശ്രയമായിട്ടുള്ളത് ബാഖിയാത്ത് മാത്രമാണല്ലോ. ഒറ്റയടിക്ക്-അതും അക്കാലത്ത്-23,000 രൂപ പിരിഞ്ഞുകിട്ടിയത് ബാഖിയാത്ത് ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായും കറാമത്തുകളിലൊന്നായും ഇന്നും കരുതിപ്പോരുന്നു. നല്ല മാര്‍ക്കോടെ പ്രവേശനത്തിനു അര്‍ഹത ലഭിച്ച ഞാന്‍ മുഖ്തസ്വര്‍, മുതവ്വല്‍ അടക്കം മൂന്നു വര്‍ഷമാണ് ബാഖിയാത്തില്‍ ചെലവഴിച്ചത്. മുഖ്തസ്വറില്‍ എനിക്ക് മൂന്നാം റാങ്കായിരുന്നു. മുത്വവ്വല്‍ ഒന്നാം വര്‍ഷം ഞാന്‍ രണ്ടാം റാങ്കുകാരനും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഒന്നാം റാങ്കുകാരനുമായി. എന്നാല്‍, മുതവ്വല്‍ രണ്ടാം വര്‍ഷ ഫൈനല്‍ പരീക്ഷയില്‍ എ.പിയെ പിന്നിലാക്കി ഞാന്‍ ഒന്നാം റാങ്കു വാങ്ങി. അന്ന് ഞാനും എ.പിയും തമ്മില്‍ മത്സരപഠനമായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയും ആത്മധൈര്യത്തോടെയുമാണ് ഞാന്‍ ബാഖിയാത്തിലെ ഫൈനല്‍ പരിക്ഷയെ നേരിട്ടത്. അതുകൊണ്ടു തന്നെ  എ.പിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതാവാനും എനിക്ക് കഴിഞ്ഞു. ഉറ്റ സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍ ഇരുവരും. ബാഖിയാത്തില്‍ ഒരേ മുറിയിലാണ് താമസിച്ചത്. പക്ഷെ, ആ സൗഹൃദം ഇന്ന് അദ്ദേഹം എന്നോടു കാണിക്കുന്നില്ല. അഹന്തയാണോ ഇന്നദ്ദേഹത്തെ നയിക്കുന്നതെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ബാഖിയാത്തിലെ ഈ മൂന്നുവര്‍ഷക്കാലവും അവിടെയുള്ള വിദ്യാര്‍ത്ഥി കൂട്ടായ്മയായ സീനത്തുല്‍ ഉലമയുടെ പ്രസിഡന്റ് ഞാനായിരുന്നു. അതിനു കീഴിലുള്ള സീനത്ത് മാസികയുടെ പത്രാധിപരും ഞാനായിരുന്നു. പ്രഗത്ഭര്‍ ഉണ്ടായിരുന്നിട്ടും എന്നെ തുടര്‍ച്ചയായി മൂന്നു വര്‍ഷം പ്രസിഡന്റായി തെരഞ്ഞെടുത്തത് അവിടുത്തെ എല്ലാവരും തന്ന അംഗീകാരമായി ഞാന്‍ മനസ്സിലാക്കുന്നു. അതും അക്കാലത്ത് സീനത്തുല്‍ ഉലമയില്‍ സംഘടനാപരമായ ഒട്ടനവധി പ്രശ്‌നങ്ങള്‍ കീറാമുട്ടിയായി നില്‍ക്കുന്ന സമയമാണ്. അതെല്ലാം രമ്യമായി പരിഹരിച്ചുകൊണ്ട് പ്രസിഡന്റ് കാലാവധി തീര്‍ക്കാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുകയാണ്. അങ്ങനെ, 1963ല്‍ അവിടത്തെ പഠനം കഴിഞ്ഞിറങ്ങി. ഉസ്താദ് രചന രംഗത്ത് തല്‍പരനാണെന്നു കേട്ടിട്ടുണ്ട്. എന്തൊക്കെയാണ് ഉസ്താദിന്റെ എഴുത്തുവര്‍ത്തമാനങ്ങള്‍? ചെറുപ്പം തൊട്ടേ ചെറിയ രീതിയില്‍എഴുത്തില്‍ താല്‍പര്യമുള്ള ആളാണ്. അത് ദര്‍സ് പഠനകാലത്ത് പരിപോഷിപ്പിച്ചെടുക്കാനായി. ദര്‍സ് പഠനകാലത്ത് ഈ രംഗത്ത് മികച്ച പരിശീലനം നേടാന്‍ എനിക്ക് അവസരമുണ്ടായി. അതു ഞാന്‍ നന്നായി ഉപയോഗപ്പെടുത്തി. അങ്ങനെ, പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന നൂറുല്‍ ഹിദായ മാസികയില്‍ എന്റേതായി വന്ന ഒരു ലേഖനം എങ്ങനെയോ വാപ്പയുടെ കണ്ണില്‍ പെട്ടു. ഉടനെ എന്നെ വിളിച്ചിട്ടു പറഞ്ഞു: ''അബ്ദുസ്സലാമേ, നീ ഇനി ലേഖനങ്ങളൊന്നുമെഴുതരുത്. ഇപ്പോള്‍ കിതാബില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. എഴുത്തുവിഷയത്തില്‍ ശ്രദ്ധ കൊടുത്താല്‍ പിന്നെ കിതാബിനു അതു മുടക്കം സൃഷ്ടിക്കും.'' പിന്നെ ബാഖിയാത്തില്‍ സംഘടനാ പ്രസിദ്ധീകരണമായ സീനത്തിന്റെ പത്രാധിപരായതിനു ശേഷമാണ് എഴുതുന്നത്. ബാഖവി ആയതിനു ശേഷവും ഞാന്‍ അനവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. സമസ്തയുടെ പഴയ സുവനീറുകളില്‍ പലതിലും എന്റെ ലേഖനങ്ങള്‍ കാണാം. പക്ഷേ, ഇപ്പോള്‍ എഴുതാറില്ല. പ്രായാധിക്യത്തിന്റെ അസ്വാസ്ഥ്യങ്ങളും  വലിയ ഉത്തരവാദിത്തങ്ങളും പലപ്പോഴും ഇപ്പോള്‍ അതിന് തടസ്സമാവുന്നു. അര നൂറ്റാണ്ടു കാലത്തെ ദൈര്‍ഘ്യമുള്ള ഉസ്താദിന്റെ അധ്യാപന ജീവിതം  എങ്ങനെ ഓര്‍ക്കുന്നു? 1963ല്‍ ബാഖവി ബിരുദം വാങ്ങിയ ഞാന്‍ തദ്‌രീസിനു തുടക്കം കുറിക്കുന്നത് കായംകുളം ഹസനിയ്യ അറബിക് pkp 6കോളേജിലാണ്. എന്റെ ഗുരുവും ഹസനിയ്യയുടെ സ്ഥാപകനുമായ ഹസന്‍ ഹസ്‌റത്തിന്റെ പ്രത്യേക നിര്‍ദേശാനുസരണമാണു ഞാന്‍ ഹസനിയ്യയിലെത്തിപ്പെടുന്നത്. അങ്ങനെ, ഹസനിയ്യയില്‍ നാലു വര്‍ഷം സേനവമനുഷ്ഠിച്ചു. പിന്നീട് ഇരിക്കൂറുകാരുടെ ക്ഷണപ്രകാരം അവിടേക്കു മാറി. ഇരിക്കൂറില്‍ 10 വര്‍ഷത്തെ ദൈര്‍ഘ്യമുള്ള അധ്യാപനജീവിതം. ശേഷം എട്ടിക്കുളത്ത് 22 വര്‍ഷം. അവിടെ നിന്നാണ് ആയിരങ്ങള്‍ ശിഷ്യഗണങ്ങളായുള്ള ഒരു മുദര്‍രിസ് എന്ന ഖ്യാതി എന്നെത്തേടിയെത്തിയത്. പിന്നെ ബീരിച്ചേരിയില്‍ എട്ടുവര്‍ഷം. അതിനുശേഷം പാപ്പിനിശ്ശേരി അസ്അദിയ്യ അറബിക് കോളേജില്‍. ഇവിടുത്തെ പ്രിന്‍സിപ്പലായി ഇപ്പോഴും ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്നു. നാട്ടുകാരുമായി ഉള്‍ച്ചേര്‍ന്ന സംവിധാനിക്കപ്പെട്ട  പള്ളി ദര്‍സുകളിലെ അധ്യാപനവൃത്തിയാണ് എന്നെ ഇത്രമേല്‍ അനുഭവസമ്പന്നനാക്കിയതെന്നു പറയാതെവയ്യ. താങ്കളുടെ പ്രധാന ഗുരുനാഥന്‍മാര്‍,  സതീര്‍ത്ഥ്യര്‍, സുഹൃത്തുക്കള്‍? ഒന്നാമതായി വിന്ദ്യപിതാവു തന്നെ. കൈപ്പറ്റ ബീരാന്‍കുട്ടി മുസ്‌ലിയാര്‍, കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ചാലിയം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, അബൂബക്കര്‍ ഹസ്‌റത്ത്, മുസ്തഫ ആലിം സാഹിബ്, ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരാണ് എന്റെ പ്രധാന ഗുരുക്കന്‍മാര്‍. സി.എം. അബ്ദുല്ല മുസ്‌ലിയാര്‍ ചെമ്പരിക്ക, യു.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കാസര്‍ക്കോട്, കോട്ട അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പൊന്മള ഫരീദ് മുസ്‌ലിയാര്‍, ആനക്കര മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍ വയനാട്, മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, പി. കുഞ്ഞാണി മുസ്‌ലിയാര്‍ മേലാറ്റൂര്‍ തുടങ്ങിയവരൊക്കെ സതീര്‍ത്ഥ്യരുമാണ്. ഇനിയും അനേകം പേരുണ്ട്. എല്ലാവെരയും ഓര്‍മവരുന്നില്ല. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, വില്ല്യാപ്പള്ളി ഇബ്‌റാഹീം മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, മൂസക്കുട്ടി ഹസ്‌റത്ത്, ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ മൊറയൂര്‍ തുടങ്ങിയ നിരവധി പണ്ഡിതന്‍മാര്‍ എന്റെ ഉറ്റസുഹൃത്തുക്കളുമാണ്. ഇതോടൊപ്പം നിരവധി ഉമറാക്കളുമുണ്ട് സൗഹൃദ്ബന്ധം ഇന്നും അടര്‍ത്തിമാറ്റാതെ പുലര്‍ത്തിപ്പോരുന്നു. ശൈഖുനാ ശംസുല്‍ ഉലമയുടെ ഉപദേശപ്രകാരമാണ് ഉസ്താദ് പ്രാസ്ഥാനിക രംഗത്ത്  സജീവമായിട്ടുള്ളതെന്ന് കേട്ടിട്ടുണ്ട്. എങ്ങനെ ഓര്‍കുന്നു? ഈ അഭിപ്രായം ശരിയാണ്. എന്റെ അധ്യാപന ജീവിതത്തിലെ തുടക്കത്തിലൊക്കെ ഞാന്‍ കേവലം ദര്‍സുമായി മാത്രം ഒതുങ്ങിക്കൂടുന്ന ആളായിരുന്നു. അന്ന് എ.പി. വിഭാഗവും ഉണ്ടായിരുന്നില്ലല്ലോ. മതനവീകരണ വാദികളുടെ ശര്‍റ് മാത്രമേ മഹല്ലത്തുകളിലുണ്ടായിരുന്നുള്ളൂ. അക്കാലത്ത് ബിദഈ പ്രതിരോധം തീര്‍ക്കാന്‍ പള്ളിദര്‍സുകളടക്കമുള്ള സംവിധാനങ്ങള്‍ക്കു വലിയൊരളവോളം സാധിച്ചിട്ടുമുണ്ട്. എന്നാല്‍, 1989കള്‍ക്കു ശേഷമുള്ള സ്ഥിതിവിശേഷം മറിച്ചായിരുന്നല്ലോ. നമ്മുടെ മാതൃസംഘടനയില്‍നിന്നും ആറുപേരെ സംഘടനാ വിരുദ്ധ ശ്രമങ്ങളുടെ പേരില്‍ പുറത്താക്കിയതു നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ. 89 കാലഘട്ടം സമസ്തയെ സംബന്ധിച്ചിടത്തോളം അതിജീവനത്തിന്റേതായിരുന്നു. ഞാന്‍ മനസ്സിലാക്കുന്നു, ശംസുല്‍ ഉലമയുടെ ഒറ്റയാന്‍പോരാട്ടം കൊണ്ടു മാത്രമാണ് സമസ്തയ്ക്കു ഈ ദുര്‍ഘടസന്ധികളെയെല്ലാം തരണം ചെയ്തു മുന്നോട്ടുപോവാനായത്. ഞാന്‍ അന്ന് എട്ടിക്കുളത്ത് മുദര്‍രിസാണ്. 1989ല്‍ സമസ്ത കണ്ണൂരില്‍ ഒരു ആദര്‍ശ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. ശൈഖുനാ ശംസുല്‍ ഉലമ നേരിട്ടു തന്നെയാണ് ഇതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി അദ്ദേഹം പാപ്പിനിശ്ശേരിയിലെത്തി. ഇതറിഞ്ഞ ഞാന്‍, അദ്ദേഹത്തെ സ്വീകരിക്കാനായി വീട്ടില്‍ നിന്നും പുറപ്പെടാന്‍ തയ്യാറെടുത്തു നില്‍ക്കുമ്പോഴാണ് ശൈഖുന എന്റെ വീട്ടിലേക്ക് കയറിവരുന്നത്. വല്ലാത്തൊരു രംഗമാണ് ഞാന്‍ ആ കണ്ടത്. പ്രായാധിക്യത്തിന്റെ അവശതകളൊന്നും പ്രകടിപ്പിക്കാതെ അദ്ദേഹം കടന്നുവരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപരതന്ത്രനായ ഞാന്‍ അദ്ദേത്തെ വീട്ടില്‍ കയറ്റിയിരുത്തി. അവിടുന്ന് എന്നോട് എല്ലാവരും കേള്‍ക്കത്തക്കവിധത്തില്‍ പറഞ്ഞു: ''അബ്ദുസ്സലാമേ, നീ സമയതയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനായി മുന്നിട്ടിറങ്ങണം. സമസ്തയെ തകര്‍ക്കാന്‍ ഒരു സംഘം ഒരുമ്പെട്ടിറങ്ങിയ സമയമാണിത്. ആയതിനാല്‍, നീ സമസ്തയ്ക്കുവേണ്ടി അഹോരാത്രം പരിശ്രമിക്കണം.'' ഈ ഉപദേശവും നല്‍കി ശൈഖുന എന്റെ വീടുവിട്ടിറങ്ങി. ശൈഖുനാ എന്നെത്തേടി വരാന്‍ ഒരു കാരണവുമുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ എന്നല്ലെ ഒരു പക്ഷേമലബാറിലെത്തന്നെ ഏറ്റവും വലിയ ദര്‍സുകളിലൊന്നായിരുന്നു ഏന്റേത്. മാത്രവുമല്ല, വ്യക്തിപരമായി എന്നെ വല്ലാതെ ഇഷ്ടമായിരുന്നു ശൈഖുനാക്ക്. ഈ സാരോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ഞാന്‍ സമസ്തയുടെ മുന്നണിപ്പോരാളികളിലൊരാളായി പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. അങ്ങനെ, 1989ലെ സമസ്ത കണ്ണൂര്‍ ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ ഞാന്‍ അക്ഷീണം യത്‌നിച്ചു. 89 വരെ എന്റെ ദര്‍സില്‍ സംഘടനയില്ലായിരുന്നു. അതുകൊണ്ടാണല്ലോ എന്റെ ശിഷ്യന്‍മാരില്‍ കുറച്ചാളുകള്‍ മറുപക്ഷത്ത് എത്തിപ്പെട്ടത്. നിരവധി ശിഷ്യന്‍മാരെ വാര്‍ത്തെടുക്കാന്‍ സാധിച്ചതില്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുകയാണ്. എന്നാല്‍, 89നു ശേഷം എല്ലാവരും സമസ്തക്കുവേണ്ടി പ്രയത്‌നിക്കണമെന്നു ഞാന്‍ എന്റെ ദര്‍സിലെ എല്ലാ വിദ്യാര്‍ത്ഥികളെയും ഉപദേശിക്കാറുണ്ട്. ഇന്ന് എസ്.കെ.എസ്.എസ്.എഫിന്റെയും എസ്.വൈ.എസിന്റെയും നേതൃശ്രേണിയില്‍ എന്റെ ശിഷ്യന്‍മാരുള്ളതും അതുകൊണ്ടാവണം. ശൈഖുനാ ശംസുല്‍ ഉലമ ഉസ്താദിന്റെ വൈയക്തിക ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം? ഒരു ഗുരു എന്നതിനപ്പുറം ആത്മീയ-മാനസിക ബന്ധമായിരുന്നു ഞാനും ശംസുല്‍ ഉലമയും തമ്മില്‍. വൈയക്തികമായി എന്നെ അത്രമേല്‍ സ്വാധീനിച്ചിട്ടുണ്ട്.  ശംസുല്‍ ഉലമയെ ഒരു പണ്ഡിതകേസരിയായോ സമസ്തയുടെ ദീര്‍ഘകാലത്തെ സെക്രട്ടറിയായോ എന്നതിനപ്പുറം അധ്യാത്മികലോകത്ത് വിരാജിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് അദ്ദേഹം. എനിക്കു ജീവിതത്തില്‍ ഒരു നിഷ്ഠയുണ്ടാക്കിത്തന്നത് അവരാണ്. ഞാനീ നിലയിലെത്താനും അദ്ദേഹത്തെ പോലുള്ളവരുടെ നിസ്വാര്‍ത്ഥശ്രമങ്ങളാണ് കാരണമായി ഭവിച്ചത്. അദ്ദേഹവുമായി ആത്മികമായും മാനസികമായും അടുക്കാനായി എന്നത് എന്റെ ജീവിതത്തിലെ വലിയ സൗഭാഗ്യമാണ്. ശംസുല്‍ ഉലമയുടെ ഇജാസത്ത് കിട്ടിയതും ഈയുള്ളവന്‍ ആയുഷ്‌കാല നിധിയായി കണക്കാക്കുന്നു അതുകൊണ്ടുതന്നെ ഏത് ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴും ശൈഖുനായുടെ സാരോപദേശമാണ് എനിക്ക് കരുത്തും ഊര്‍ജവും പ്രദാനംചെയ്യുന്നത്. സമസ്തയുടെ ഉസ്താദ് അനുഭവിച്ച പഴയകാലം എങ്ങനെ ഓര്‍ക്കുന്നു? ഞാന്‍ 1990ലാണ് സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമാവുന്നത്. അന്ന് അസ്ഹരി തങ്ങളായിരുന്നു പ്രസിഡന്റ്. 91ല്‍ വിദ്യാഭ്യാസ ബോര്‍ഡ് മെമ്പറായി. 2010ല്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറിയായി. കെ.ടി. മാനു മുസ്‌ലിയാര്‍ വഫാത്തായതിന്റെ ഒഴിവിലേക്കാണു ഞാന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 2013ല്‍ ടി.കെ.എം. ബാവ മുസ്‌ലിയാരുടെ ഒഴിവിലേക്കാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡന്റായി ഞാന്‍ അവരോധിതനാവുന്നത്. സമസ്തയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിട്ടായിരുന്നു എന്റെ സംഘടനാ ദൗത്യനിര്‍വഹണാരംഭം. പാനൂര്‍ ഇബ്‌റാഹീം മുസ്‌ലിയാരായിരുന്നു അന്നത്തെ സമസ്ത ജില്ലാ പ്രസിഡന്റ്. ഇതിന്റെയെല്ലാം മുമ്പേ 1965ല്‍ ഞാന്‍ തളിപ്പറമ്പിലെ നാടുകാണി അല്‍മഖറിന്റെ ഖജാഞ്ചിയായിരുന്നു. ആദ്യകാലത്ത് അതു നമ്മുടെ സ്ഥാപനമായിരുന്നു. പിന്നീട്, പിളര്‍പ്പുകാലത്ത്-കാസര്‍ക്കോട് സഅദിയ്യ പിടിച്ചെടുത്തതുപോലെ-എ.പി വിഭാഗം തട്ടിയെടുത്തതാണ്. ഞാന്‍ സമസ്തയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റാകുന്നത് 1996ലാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ പദവിയില്‍ ഇന്നും തുടരുന്നു. സൂഫീനിരയില്‍ അദ്വിദീയനായിരുന്ന കക്കിടിപ്പുറം ശൈഖിന്റെ അടുത്തുനിന്ന് ദലാഇലുല്‍ ഹൈറാത്ത്, സുമ്മ് തുടങ്ങിയവയുടെ ഇജാസത്ത് ലഭിച്ചതും ജീവിതത്തില്‍ കൈവന്ന മഹാഭാഗ്യമായി ഞാന്‍ കാത്തുവയ്ക്കുന്നു. പാപ്പിനിശ്ശേരി അസ്അദിയ്യ കോളേജിന്റെ പ്രസിഡന്റാവുന്നത് 1998ലാണ്; പ്രിന്‍സിപ്പലാവുന്നത് 2005ലും. 'ത്വലബുല്‍ കുല്ലി ഫൗതല്‍ കുല്ലി' എന്ന മത-ഭൗതിക സമന്വയ പഠന നിരാകരണ വാദവുമായി ചില തഴക്കവും പഴക്കവുമുള്ള മുദര്‍രിസുമാര്‍ പോലും കോളേജ് സംവിധാനങ്ങളെ എതിര്‍ക്കുമ്പോഴും ഉസ്താദ്, താന്‍ നേതൃത്വം നല്‍കുന്ന അസ്അദിയ്യ  കോളേജുമായി മുന്നോട്ടുപോകുന്നു. പ്രസിദ്ധമായ ദര്‍സുകള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖനായ ഒരു മുദര്‍രിസ് എന്ന  നിലയില്‍ പള്ളിദര്‍സുകളില്‍ നിന്നും കോളേജ് സംവിധാനങ്ങളിലേക്കുള്ള പറിച്ചുനടലിനെ എങ്ങനെ നോക്കിക്കാണുന്നു.? സമന്വയ വിദ്യാഭ്യാസ വിരോധത്തോട് എനിക്ക് യോചിപ്പില്ല. മുതഅല്ലിമീങ്ങള്‍ എല്ലാ ഇല്‍മുകളും അഭ്യസിക്കണമെന്നാണ് എനിക്ക് അഭിപ്രായപ്പെടാനുള്ളത്. മതപരമായ ശരീഅത്തിന്റെ അറിവുകള്‍ സ്വായത്തമാക്കുന്നതിനൊപ്പം ഭാഷകളും ഭൗതിക ഡിഗ്രികളുമെല്ലാം മതവിദ്യാര്‍ത്ഥികള്‍ കരഗതമാക്കണം. ഞാന്‍ പള്ളി ദര്‍സിനു നേതൃത്വം കൊടുക്കുമ്പോഴേ കുട്ടികളോട് ഭാഷ പഠിക്കണം, മറ്റുള്ള അറിവുകള്‍ നേടിയെടുക്കണമെന്നു പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. കാരണം, കാലവും സമൂഹവും അനുദിനം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയും പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണല്ലോ. കേവല മലയാള വഴക്കം കൊണ്ടോ കിതാബിലെ നൈപുണ്യത പര്യാപ്തമായ ഒരു പണ്ഡിത സമൂഹത്തെ സൃഷ്ടിച്ചെടുക്കല്‍ കൊണ്ടോ മാത്രം നമുക്ക് ഈ പുതിയ കാലത്തെ സമൂഹത്തോട് ക്രിയാത്മകമായി സംവദിക്കാനാവില്ലാ എന്നത് യാഥാര്‍ത്ഥ്യമാണ്. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ നമ്മോട് കാലം തേടുന്ന അനിവാര്യതയാണ്. അറിബിക് കോളേജുകള്‍ ഈ ദൗത്യമാണല്ലോ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ഉറച്ച ഈ നിലപാടാണ് സമസ്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കു കീഴില്‍ 1992ല്‍ അസ്അദിയ്യ എന്ന  വിദ്യാഭ്യാസ സമുച്ചയത്തിന് ശിലപാകാന്‍ നിമിത്തമായത്. അതേ സമയം, പാരമ്പര്യ പള്ളി ദര്‍സുകളെ ഉന്‍മൂലനം ചെയ്തു അറബിക് കോളേജ് മേഖലയിലേക്ക് മതവിദ്യാഭ്യാസം ചുവടുമാറ്റണമെന്നു ഇതിനര്‍ത്ഥവുമില്ല. പള്ളിദര്‍സുകളുടെ ഊടും പാവും കോളേജുകള്‍ക്കുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാലും, ഈ പുതിയ മാറ്റങ്ങള്‍ ആവശ്യമാണ്. വാനശാസ്ത്ര വിശാരദനായ ഒരു പണ്ഡിതനായാണല്ലോ ഉസ്താദ്  എന്നും വിശ്രുതനാവുന്നത്. എന്തു പറയാനുണ്ട് ഉസ്താദിന്, വാനശാസ്ത്ര സംബന്ധിയായ തന്റെ അവഗാഹത്തെക്കുറിച്ച് ? എന്റെ വന്ദ്യപിതാവില്‍നിന്നും കൈപ്പറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരില്‍ നിന്നും ചാലിയം അബ്ദുറഹ്മാന്‍ മുസ്‌ലിയാരില്‍നിന്നുമാണ് ഞാന്‍ ഗോളശാസ്ത്ര സംബന്ധിയായ ഇല്‍മുകള്‍ കരസ്ഥമാക്കുന്നത്. അങ്ങനെ, അല്ലാഹുവിന്റെ അപാരമായ ഉതക്കത്താല്‍ ഇന്നേവരെയായി 2000ല്‍ പരം പള്ളികള്‍ക്കു കുറ്റിയടിക്കാന്‍ എനിക്ക് സാധിച്ചു. ഞാന്‍ ഇന്ന് ഇവ്വിഷയകമായി എന്റെ വിദ്യാര്‍ത്ഥികള്‍ക്കു ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. എടക്കാടിനടുത്ത് കാഞ്ഞങ്ങാട്ടു പള്ളിയുടെ പുനര്‍നിര്‍മാണ  സമയത്ത് ഖിബ്‌ലയെച്ചൊല്ലി വലിയ വിവാദം ഉടലെടുക്കുകയുണ്ടായി. വിഷയത്തില്‍ ഇടപെട്ടുകൊണ്ട് അന്ന് ഞാന്‍ പറഞ്ഞു: ''ഖിബ്‌ല തെറ്റിയിട്ടുണ്ട്, പള്ളിയുടെ തറ മാറ്റണം.'' ഇക്കാര്യം മഹല്ല് ഭാരവാഹികള്‍  ശൈഖുനാ ശംസുല്‍ ഉലമയെ  അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''പി.കെ.പി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തറ മാറ്റുകതന്നെ വേണം.'' ഖിബ്‌ല നിര്‍ണയ കാര്യത്തില്‍ എനിക്ക് ഉസ്താദുമാരുടെയും പൊതുജനങ്ങളുടെയും ഇടയില്‍നിന്നും വിശേഷിച്ചും ശൈഖുനായുടെ അടുത്തുനിന്നും ലഭിച്ച വലിയ അംഗീകാരങ്ങളില്‍ ഒന്നായി ഞാനതിനെ ഇന്നും നോക്കിക്കാണുന്നു. വലിയ ശിഷ്യസമ്പത്തുള്ള ഉസ്താദിന്റെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഏകോപന കൂട്ടായ്മയാണല്ലോ അല്‍ലജ്‌നത്തുര്‍റഷാദിയ്യ.  അതിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നോക്കി കാണുന്നു? തീര്‍ച്ചയായും. എന്റെ മക്കള്‍ ഇങ്ങനെയൊരു സംഘടനയുണ്ടാക്കി ദീനീ ദഅ്‌വത്തിന് ഊര്‍ജം പകരുന്നതില്‍ നിറഞ്ഞ സംതൃപ്തനാണ് ഞാന്‍. അല്ലാഹുവിന്റെ സഹായത്താല്‍ മൊത്തം 3000ല്‍പരം ശിഷ്യന്‍മാരെ വാര്‍ത്തെടുക്കാന്‍ എനിക്ക് സാധിച്ചു. അതില്‍ പ്രമുഖരായ മുദര്‍രിസുമാരുണ്ട്, മതപ്രഭാഷകരുണ്ട്, കൃതഹസ്തരായ എഴുത്തുകാരുണ്ട്, പ്രസംഗകരുമുണ്ട്, സംഘാടകരുണ്ട്,  അധ്യാപക ജീവിതം നയിക്കുന്നവരുണ്ട്. ഖത്വീബുമാരും ഇമാമുമാരും ഖാളിമാരും മുഅല്ലിമീങ്ങളും വിദ്യാഭ്യാസ വിചക്ഷണരും രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളും സാഹിത്യകാരന്‍മാരും ഭിഷഗ്വരന്‍മാരും എന്‍ജിനീയറര്‍മാരുമൊക്കെയുണ്ട്. അവരൊക്കെ അല്‍ലജ്‌നത്തുറഷാദിയ്യക്കു കീഴില്‍ ഒത്തുകൂടി മതപ്രബോധന ചലനങ്ങള്‍ക്കു വേഗത തീര്‍ക്കുന്നതും ഐക്യപ്പെട്ടും യോജിച്ചും പ്രവര്‍ത്തിക്കുന്നതും നല്ല കാര്യവും അല്ലാഹുവിന്റെ പ്രതിഫലത്തിനു നിദാനമായ സംഗതിയുമാണല്ലോ. ഉള്ളാള്‍ തങ്ങളുടെ ജനാസ എട്ടിക്കുളത്ത് പൊതുദര്‍ശനത്തിനു വച്ചപ്പോള്‍  അവിടെ പോയത് പിറ്റേന്ന് പത്രങ്ങള്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് വസതി സന്ദര്‍ശിച്ചുവെന്ന് സംഘടനാ പ്രവര്‍ത്തകരെ പ്രകോപിപ്പിക്കും വിധത്തില്‍ എഴുതിവച്ചിരുന്നു. ഇവ്വിഷയകമായുള്ള പ്രതികരണം എന്താണ്? എന്റെ സന്ദര്‍ശനത്തെ അങ്ങനെയൊന്നും വ്യാഖ്യാനിക്കേണ്ടതില്ല. തീര്‍ത്തും സൗഹൃദാത്മകം മാത്രമാണത്. 22 വര്‍ഷം എട്ടിക്കുളത്ത് ദര്‍സ് നടത്തിയ അവിടുത്തെ ഒരു മുന്‍ മുദര്‍രിസ് എന്നുള്ള നിലയ്ക്ക് എനിക്കവിടെ പോകാതിരിക്കാനാവില്ലായിരുന്നു. മാത്രവുമല്ല, ഉള്ളാള്‍ തങ്ങളുമായി ദര്‍സ് നടത്തുന്നകാലത്ത് നല്ല സൗഹൃദം വച്ചുപുലര്‍ത്തുകയും ചെയ്തിരുന്നു. സൗഹൃദബന്ധത്തിന്റെ അനിവാര്യത കാരണമാണ് എനിക്ക് വസതി സന്ദര്‍ശിക്കേണ്ടിവന്നത്. അല്ലാതെ, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പിനോടുള്ള മമത കാരണമായിരുന്നില്ല. എന്റെ ജനാസ സന്ദര്‍ശനം മാധ്യമങ്ങളുടെ ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ ബോധപൂര്‍വമാണെങ്കില്‍ അത്യന്തം ദൗര്‍ഭാഗ്യകരമാണ്. ഉസ്താദ് എന്തുകൊണ്ട് ഒരു പ്രഭാഷകന്‍ എന്ന ഖ്യാതിയിലേക്ക് എത്തിപ്പെട്ടില്ല? ഒതിപ്പഠിക്കുന്ന കാലത്ത് ഒരൊറ്റ ഉര്‍ദിക്കു പോലും പോവാത്ത ആളാണ് ഞാന്‍. സാമ്പത്തിക ഭദ്രതയുള്ള ഒരു ജന്മി തറവാട്ടിലാണ് എന്റെ ജനനമെന്നു പറഞ്ഞുവച്ചല്ലോ. അന്നൊക്കെ എല്ലാവരും ഉറുദിക്ക് പോവുന്നതിന് പണസമ്പാദനത്തിനൊപ്പം പ്രസംഗ പരിശീലനവും മുഖ്യലക്ഷ്യമായി കരുതാറുണ്ട്. എന്റെ കൂടെ ഓതുന്നവരൊക്ക ഉറുദി പറഞ്ഞ് നല്ല പ്രസംഗ പരിശീലനം നേടിയപ്പോള്‍ ഞാന്‍ മാത്രം ഉറുദി പറയാതെ വീട്ടിലെ കാശ് ആശ്രയിച്ചു ചെലവു കഴിക്കുന്നവനായി. എ.പിയൊക്കെ നന്നായി പ്രസംഗിക്കാന്‍ കഴിവ് നേടിയത് ഉറുദിക്ക് പോയാണ്. ഇതുകൊണ്ടാവണം പ്രഭാഷണകലയില്‍ ഞാന്‍ ഏറെ പിന്തള്ളപ്പെട്ടുപോയത്. ഉസ്താദിന്റെ മരിക്കും വരെയുള്ള ആഗ്രഹങ്ങള്‍? മരണസമയം വരെ ദര്‍സ് നടത്താനായി എനിക്കു സാധിക്കണം. ഇല്‍മ് പകര്‍ന്നുകൊടുക്കുന്നതിനിടയിലാവണം എന്റെ മരണം. ഈ സൗഭാഗ്യമുണ്ടാവാനായി നിങ്ങളെല്ലാം പ്രാര്‍ത്ഥിക്കണം. അവസാനമായി, വളര്‍ന്നുവരുന്ന സുന്നി തലമുറക്ക് എന്തൊക്കെയാണ് ഉപദേശമായി നല്‍കാനുള്ളത്?pkp 5 പുതിയ തലമുറ ആദ്യാന്തമായി അവരുടെ വിശ്വാസത്തെ ദൃഢപ്പെടുത്തണം. അഹ്‌ലുസ്സുന്നയെന്ന ഋജുപാതയുടെ കാവല്‍ഭടന്‍മാരാവണം അവര്‍.  സത്യത്തോടും ധാര്‍മിക മൂല്യങ്ങളോടും നീതിയോടും സമരസപ്പെടാനും വേണ്ടാത്തരങ്ങളോടും അനാശാസ്യങ്ങളോടും രാജിയാവാതിരിക്കാനും അവര്‍ ബദ്ധശ്രദ്ധരാവണം. അതോടൊപ്പം, സമസ്തയെന്ന കേരള മുസ്‌ലിങ്ങളുടെ അവസാന വാക്കിന്റെ ഊന്നുവടികളായി സ്വയം സന്നദ്ധമാവാനും ചെറുപ്പക്കാര്‍ ഉശിരു കാണിക്കണം. നമുക്ക് ചുറ്റും വേണ്ടാത്തരങ്ങള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കാലമാണിത്. ആത്മീയ വാണിഭങ്ങളും അരങ്ങുതകര്‍ക്കുന്ന സാഹചര്യമാണിത്. ഇന്നേരത്ത്, സമൂഹത്തിന്റെ നാഢീസ്പന്ദനങ്ങളായ യുവതയ്ക്ക് വലിയ ഉത്തരവാദിത്തമാണ് നിര്‍വഹിക്കാനുള്ളത്. നമ്മുടെ പൈതൃകങ്ങളെല്ലാം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതുണ്ട്.  മത നവീകരണ വാദികള്‍ നമ്മുടെ പാരമ്പര്യ അടയാളങ്ങളുടെ എല്ലാം കടയ്ക്കല്‍ കത്തിവയ്ക്കാനായി ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണല്ലോ. അപ്പോള്‍, ക്രിയാത്മകമായി ഇടപെടേണ്ടത് യുവാക്കളാണ്. അതേസമയം, കാര്യങ്ങളെ വൈകാരിക തീവ്രതയോടെ സമീപിക്കല്‍ നമുക്കനുയോജ്യമായ സമീപന രീതിശാസ്ത്രമല്ലെന്നും യുവതലമുറ തിരിച്ചറിയണം.സഹിഷ്ണുതയും അവധാനതയും സംയമനവുമാണല്ലോ നമ്മുടെ പാരമ്പര്യം.  ആകെയാല്‍, രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും നമ്മുടെ നാടിന്റെയും നിര്‍മാണാത്മകവും ചലനാത്മകവുമായ പുരോഗതിയിലും അഭിവൃദ്ധിയിലും ധാര്‍മിക സംസ്‌

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter