ഇ. അഹമ്മദ്: തീന്‍ മൂര്‍ത്തിയിലെ വിശ്വ ജാലകം
e aഡല്‍ഹിയിലെ തീന്‍ മൂര്‍ത്തി റോഡില്‍ ഇ. അഹമ്മദിന്റെ വസതി എന്നും സജീവമായിരുന്നു. രാഷ്ട്രീയക്കാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദേശികള്‍, ടൂറിസ്റ്റുകള്‍ തുടങ്ങി പലരും നിരന്തരം അവിടെ കയറിയിറങ്ങി. പച്ചപിടിച്ചുനില്‍ക്കുന്ന ചെടികള്‍ക്കിടയില്‍ മനോഹരമായി സംവിധാനിച്ച ആ വീടിന്റെ ഉമ്മറത്ത് അദ്ദേഹത്തിന്റെ വരവും കാത്തുനില്‍ക്കുന്ന ആളുകള്‍ നിത്യ കാഴ്ച്ചയാണ്. പ്രഭാതത്തില്‍ കുളിയും മറ്റു കര്‍മങ്ങളും കഴിഞ്ഞ് പുറത്തുവരാന്‍ കുറച്ച് സമയമെടുക്കും. അപ്പോയ്‌മെന്റ് വാങ്ങി രാവിലെ കാണാനെത്തുന്നവര്‍ അത്രയുംനേരം അവിടെ നില്‍ക്കണം. അപ്പോഴേക്കും പരിചയമുള്ളവരും അല്ലാത്തവരുമായി പല പ്രമുഖരും പല കാര്യങ്ങള്‍ക്കായി അവിടെ വന്നണഞ്ഞിരിക്കും. വിവിധങ്ങളായ കാര്യങ്ങള്‍ സംസാരിക്കാന്‍ വരുന്നവര്‍. സൗഹൃദം പുതുക്കാന്‍ വരുന്നവര്‍. അങ്ങനെ പലരും. തിരക്കുകള്‍ക്കിടയില്‍ അഹമ്മദ് സാഹിബ് എല്ലാവര്‍ക്കും മുഖം നല്‍കും. പ്രശ്‌നങ്ങള്‍ കേള്‍ക്കും. പരിഹാരങ്ങള്‍ക്കായി വാതിലുകള്‍ തുറക്കും. ഒപ്പം ഡല്‍ഹിയുടെ തണുപ്പില്‍ ചൂടുള്ള ഒരു കേരള ചായയും പകര്‍ന്നു നല്‍കും. ഒന്നിലധികം തവണ തീന്‍ മൂര്‍ത്തിയിലെ ഈ വസതിയില്‍ അഹമ്മദ് സാഹിബിനെ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. ഒന്ന് വളരെ മുമ്പാണ്. 2000 ത്തിന്റെ തുടക്കങ്ങളില്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രിക്കു പ@ിച്ചുകൊണ്ടിരിക്കുന്ന കാലം. ഒരു ഡല്‍ഹി ടൂറിന്റെ ഘട്ടത്തില്‍. പാര്‍ലമെന്റിന്റെ ഉള്‍വശം കാണാന്‍ എം.പിയുടെ ലെറ്റര്‍ ആവശ്യമായിരുന്നു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അന്ന് അദ്ദേഹത്തെ ചെന്നുകണ്ടു. വസതിയുടെ മുമ്പില്‍ തന്നെ സെക്യൂരിറ്റി നില്‍ക്കുന്നുണ്ട്. പുറം വോളില്‍ മൂന്നു ഭാഷയിലായി ഇ. അഹമ്മദ് എന്ന് രേഖപ്പെടുത്തിയത് കാണാം. ഉര്‍ദുവിലും ഹിന്ദിയിലും ഇംഗ്ലീഷിലും. കോമ്പൗണ്ടിനു അകത്തു കടന്നാല്‍ മനോഹരമായ ചെടികളും സൗകര്യങ്ങളും. അന്നവിടെ ശിഹാബ് തങ്ങളുമുണ്ടായിരുന്നു. ഞങ്ങള്‍ ആറോ ഏഴോ വരുന്ന മലയാളിച്ചെക്കന്മാരെ അവര്‍ ഹാര്‍ദ്ദവമായി സ്വീകരിച്ചിരുത്തി. കുറേ നേരം സംസാരിച്ചു. ദാറുല്‍ ഹുദായുടെ ഉത്തരേന്ത്യന്‍ ദഅവാ പ്രോഗ്രാമിന്റെ ഭാഗമായി വിവിധ നാടുകളിലേക്ക് നിയോഗിക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍. സ്ഥാപനത്തെക്കുറിച്ചും അതിന്റെ നിഷ്‌കാമകര്‍മികളായ പ്രവര്‍ത്തകരെക്കുറിച്ചും അവര്‍ വാചാലരായി. e a1ശിഹാബ് തങ്ങളെയും അഹമ്മദ് സാഹിബിനെയും ആദ്യമായി ഇത്രയും അടുത്തുനിന്ന് കാണുന്നതും കൈ പിടിക്കുന്നതും അന്നാണ്. ചുമരില്‍ നിറയെ രാഷ്ട്രീയ നായകരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ തൂങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. ഷെല്‍ഫില്‍ വിശുദ്ധ ഖുര്‍ആനും. തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് ഞങ്ങളന്ന് പിരിഞ്ഞത് എന്നാണ് ഓര്‍മ. വര്‍ഷങ്ങള്‍ക്കുശേഷം ജെ.എന്‍.യുവില്‍ എം.ഫില്‍ ചെയ്യുന്ന കാലത്താണ് രണ്ടാമതായി തീന്‍ മൂര്‍ത്തിയിലെ അദ്ദേഹത്തിന്റെ വസതയില്‍ പോകുന്നത്. മദ്‌റസയുമായി ബന്ധപ്പെട്ട എച്ച്.ആര്‍.ഡി മിനിസ്ട്രിയുടെ ചില വിവരങ്ങള്‍ ആരായാനായിരുന്നു അന്ന് സുഹൃത്ത് ഡോ. ജാബിറിനോടൊപ്പം പോയത്. യാദൃച്ഛികമായി കെ. ആലിക്കുട്ടി മുസ്‌ലിയാരെയും അന്ന് അവിടെവെച്ച് കണ്ടുമുട്ടി. ഡല്‍ഹിയില്‍ വന്ന അദ്ദേഹം സ്ഥാപനത്തിന്റെ എന്തോ കാര്യവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കാണാന്‍ വന്നതായിരുന്നു അവിടെ. ദാറുല്‍ ഹുദയുടെ 25 ാം വാര്‍ഷികത്തോടനുബന്ധിച്ച് മദ്‌റസ എജ്യൂക്കേഷനെക്കുറിച്ച് ഡല്‍ഹിയില്‍വെച്ചുനടത്തിയ സെമിനാറിലാണ് അഹമ്മദ് സാഹിബിനെ വളരെ അടുത്തായി പിന്നീട് കണ്ടുമുട്ടിയ സമയം. കുല്‍ദീപ് നയാര്‍ ഉല്‍ഘാടനം ചെയ്ത പരിപാടിയില്‍ ചീഫ് ഗസ്റ്റായിട്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്. ഡോ. യോഗീന്ദര്‍ സിക്കന്ദ്, ഡോ. അര്‍ഷദ് ആലം തുടങ്ങിയവരായിരുന്നു വിഷയമവതരിപ്പിക്കാനായി അന്ന് എത്തിയത്. കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസത്തെക്കുറിച്ച് ആരുടെയും ഉള്ളുതുറക്കുന്ന വിധത്തിലായിരുന്നു അന്ന് ഇ. അഹമ്മദ് സാഹിബിന്റെ പ്രസംഗം. സി.എച്ചിനെയും ബാഫഖി തങ്ങളെയും ആവേശത്തോടെ ഓര്‍ത്ത അദ്ദേഹം കേരളത്തില്‍ സമസ്ത നയിച്ച മദ്‌റസ വിപ്ലവത്തെയും പ്രാധ്യാന്യത്തോടെ എടുത്തുകാട്ടി. സമയങ്ങളോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ആ പ്രഭാഷണം. ഒരു വിഷയാവതാരകന്റെ ചടുലതയും ആവേശവും അതില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. കേരളത്തിലെ മത രാഷ്ട്രീയ സംവിധാനങ്ങളുടെ വ്യവസ്ഥാപിതമായ നടത്തിപ്പിനെക്കുറിച്ചും അല്‍ഭുതകരമായ വിജയങ്ങളെക്കുറിച്ചും ഇത്രവും വിപുലമായി ഇംഗ്ലീഷില്‍ അദ്ദേഹം ഒരു പ്രസംഗം നടത്തിക്കേട്ടത് ആദ്യമായി അന്നാണ്. e a2അഹമ്മദ് സാഹിബ് വിദേശ സഹമന്ത്രിയായിരുന്ന സമയമായിരുന്നു ഇത്. പ്രൊട്ടോകോളിനെ ചൊല്ലി അന്നവിടെ ചെറിയൊരു സംസാരമുയര്‍ന്നിരുന്നു. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടമനുസരിച്ച് ആദ്യമായി അദ്ദേഹത്തിന്റെ സംസാരമാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഞങ്ങളുടെ അറിവില്ലായ്മ കാരണം പ്രോഗ്രാം ലിസ്റ്റിലെ ക്രമം പരിഗണിച്ച് കുല്‍ദീപ് നയാര്‍ ആദ്യം ക്ഷണിക്കപ്പെട്ടു. അഹമ്മദ് സാഹിബിനോടൊപ്പമുണ്ടായിരുന്ന ചിലര്‍ ഈ കാര്യം സൂചിപ്പിച്ചെങ്കിലും അദ്ദേഹത്തിന് പക്ഷേ ഇതൊന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല. നയാര്‍ക്കു ശേഷം അദ്ദേഹം പ്രസംഗിച്ചു. ഒരു ഔദ്യോഗിക അതിഥി എന്നതിലപ്പുറം താന്‍ ഈ കൂട്ടായ്മയുടെ സേവകാനാണ് എന്ന നിലക്കായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റങ്ങള്‍. സംസാരമധ്യേ സമാനമായൊരു അഭിപ്രായ പ്രകടനം അദ്ദേഹം നടത്തുകയും ചെയ്തു. രാഷ്ട്രീയ പ്രൊട്ടോകോളുകള്‍ക്കപ്പുറം സ്‌നേഹബന്ധങ്ങള്‍കൊണ്ട് വിനയത്തിന്റെ സൗഹാര്‍ദ വലയം തീര്‍ക്കുകയായിരുന്നു ഇവിടെ അഹമ്മദ് സാഹിബ്. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉള്‍പ്പടെ പല പ്രമുഖരും സംബന്ധിച്ച പരിപാടി അന്ന് വളരെ കേമമായാണ് അന്ന് കലാശിച്ചത്. ഇ. അഹമ്മദ് സാഹിബിന്റെ സമുദായ പ്രതിബദ്ധതയും രാഷ്ട്രീയ പാണ്ഡിത്യവും വൈയക്തിക വിനയവും നിഴലിച്ചുനിന്ന ഒരു പരിപാടിയായിരുന്നു ഇത്. മതേതര ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു അഹമ്മദ് സാഹിബ്. ബഹുസ്വരതയുടെ സര്‍വ്വ സാധ്യതകളും ഉപയോഗപ്പെടുത്തി ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഗര്‍ജിക്കുന്ന സിംഹമായി നിലകൊള്ളാന്‍ അദ്ദേഹത്തിന് സാധിച്ചു. പാര്‍ലമെന്റില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടി ഉയര്‍ന്നുകേട്ട ശബ്ദങ്ങളിലൊന്ന് എന്നും അദ്ദേഹത്തിന്റെതായിരുന്നു. ജി.എം. ബനാത് വാലക്കുശേഷം ഈ അവസരം അദ്ദേഹം നല്ലപോലെ ഉപയോഗപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ന്യൂനപക്ഷ പീഡനങ്ങളെയും അവകാശ ധ്വംസനങ്ങളെയും രാഷ്ട്രമേലാളന്മാരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിലെ പ്രസംഗങ്ങള്‍ അദ്ദേഹം ഉപയോഗിച്ചു. ആവേശോജ്ജ്വലമായിരുന്നു അദ്ദേഹത്തിന്റെ പാര്‍ലമെന്ററി പ്രഭാഷണങ്ങള്‍. പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും സി.എച്ച്. മുഹമ്മദ് കോയയുടെയും കൈപിച്ച് രാഷ്ട്രീയത്തില്‍ കയറിവന്ന അദ്ദേഹത്തിന്റെ ജീവിത സാഫല്യങ്ങളായിരുന്നു ഇത്തരം ഇടപെടലുകളും അഭിപ്രായപ്രകടനങ്ങളും. ഇന്ത്യയിലെ ഗല്ലികളില്‍ വേദന തിന്നുന്ന അനവധിപേരുടെ കണ്ണീരൊപ്പാന്‍ ഇത്തരം ഇടപെടലുകള്‍ക്ക് സാധിച്ചിട്ടുണ്ട്. e a4 e a3എല്ലാ ഭരണകൂടങ്ങളുടെ കാലത്തും ഇന്ത്യയുടെ വിദേശ മുഖമായി നിലകൊള്ളാന്‍ കഴിഞ്ഞുവെന്നതാണ് അഹമ്മദ് സാഹിബിന്റെ മറ്റൊരു നേട്ടം. വിശിഷ്യാ, യു.പി.എ ഭരണകാലത്ത് മുസ്‌ലിം രാജ്യങ്ങള്‍ ഇന്ത്യയെ കണ്ടത് ഇ. അഹമ്മദിലൂടെയായിരുന്നു. മഹ്മൂദ് അബ്ബാസ്, യാസര്‍ അറഫാത്ത്, അഹ്മദ് നജാദ്, കര്‍സായി തുടങ്ങി അദ്ദേഹം കൂടിക്കാഴ്ച നടത്തിയ പ്രമുഖരുടെ പട്ടിക നീണ്ടുപോകുന്നു. കൂടാതെ, ജി.സി.സി രാഷ്ട്രങ്ങളില്‍ അദ്ദേഹം സഞ്ചരിക്കാത്ത സ്ഥലങ്ങളില്ലായെന്നുതന്നെ പറയാം. രാജ്യത്തിന്റെ ബൈലാറ്ററല്‍ ബന്ധങ്ങളെ സുദൃഢമാക്കുകയെന്നതോടൊപ്പം പ്രവാസികളുടെ പ്രതീക്ഷയും ആശ്വാസവുമായി നിലകൊള്ളാനും അദ്ദേഹത്തിന് സാധിച്ചു. ലോകത്ത് കണ്ണീര് വാര്‍ക്കുന്ന ജനതതികള്‍ക്കു മുമ്പില്‍ ഇന്ത്യയുടെ സപ്പോര്‍ട്ടുമായി കടന്നുചെല്ലാനും അദ്ദേഹത്തിന് സാധിച്ചു. അനവധി തവണ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചത് അദ്ദേഹമായിരുന്നുവെന്നത് രാഷ്ട്രത്തിന് അദ്ദേഹത്തിലുള്ള വിശ്വാസ്യതയാണ് വെളിപ്പെടുത്തുന്നത്. ഇങ്ങനെ, ഏതു കോണിലൂടെ നോക്കുമ്പോഴും കേരളത്തില്‍നിന്നും വിശ്വത്തോളം വളര്‍ന്ന ഒരു അസാധാരണ വ്യക്തിത്വം തന്നെയായിരുന്നു ഇ. അഹമ്മദ്. e ahmed roomമതേതര ഇന്ത്യയില്‍ മുസ്‌ലിം ലീഗ് എന്ന നരു പാര്‍ട്ടിയുടെ പ്രായോഗിക വിജയ മുഖമായി അഹമ്മദ് സാഹിബ് വളര്‍ന്ന് വികസിക്കുകയായിരുന്നു. ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു പാര്‍ടിക്ക് ഇന്ത്യയുടെ മന്ത്രി സഭയില്‍ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിലൂടെ സാധിച്ചു. നെഹ്‌റു കുടുംബത്തന്റെ ഇഷ്ട തോഴനായി മാറിയ അദ്ദേഹത്തിലൂടെ കേരള ജനതക്കും അനവധി നേട്ടങ്ങള്‍ സ്വന്തമാക്കാനായി. ഇച്ഛാശക്തിയുള്ള ളരു ദേശീയ നേതാവ് എന്നതോടൊപ്പം സാമുദായിക വിഷയങ്ങളിലെ നിറ സാന്നിധ്യംകൂടിയായിരുന്നു അഹമ്മദ് സാഹിബ്. മത പണ്ഡിതന്മാരൊടൊപ്പവും തങ്ങന്മാരോടൊപ്പവും ആശ്വാസവാക്കുകളുമായി നിറഞ്ഞുനില്‍ക്കാന്‍ അദ്ദേഹമുണ്ടായിരുന്നു. കേരള മുസ്‌ലിംകളുടെ വളര്‍ച്ചയില്‍ ഒരനിഷേധ്യ സാന്നിധ്യം തന്നെയായിരുന്നു അഹമ്മദ് സാഹിബ്. ദേശീയ രാഷ്ട്രീയത്തിലെ പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം. ലോകത്തിനു തന്നെ മുസ്‌ലിം ലീഗ് സമര്‍പ്പിച്ച ധിഷണാശാലി. പക്ഷെ, ഇനിയുണ്ടാവില്ല ആ ധീരമായ ഇടപെടലുകള്‍. പാര്‍ലമെന്റില്‍ ഇനി ഉയരില്ല ആ ചടുലമായ പ്രഭാഷണങ്ങള്‍. തീന്‍ മൂര്‍ത്തിയിലെ ഒമ്പതാം നമ്പര്‍ വീട്ടില്‍ ഇനി ആ ആശ്വാസ വചസ്സുകള്‍ തേടി ഇനി ആരും ഓടിയെത്തില്ല. ഡല്‍ഹി മാത്രമല്ല, കേരളവും ഇന്ത്യയും ലോകവും ആ വിലപ്പെട്ട അഭാവത്തിന്റെ വേദന കടിച്ചമര്‍ത്തും.... .രു പകരക്കാരനെ കിട്ടാനുള്ള പ്രാര്‍ത്ഥനയോടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter