ആസാം മുസ്ലിംകള്‍ക്ക് ഇത് കണ്ണീരില്‍ കുതിര്‍ന്ന പെരുന്നാള്‍
സ്വന്തം ഗ്രാമത്തില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരെയുള്ള ദൂബ്രിയിലെ അഭയാര്‍ത്ഥിക്യാംപിനടുത്ത ഈദ്ഗാഹില്‍ പെരുന്നാള്‍നിസ്കാരത്തിന് അണിനിരക്കുമ്പോഴും ഹസീനുര്‍റഹ്മാന് കണ്ണീരടക്കാനാവുന്നില്ല. എതാനും ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ആസാം കലാപത്തിന്‍റെ ഇരയായി അഭയാര്‍ത്ഥി ക്യാംപിലേക്ക് പലായനം ചെയ്യേണ്ടിവന്നതാണ് ഹസീന്. തന്നോടൊപ്പമുള്ള പലര്‍ക്കും ഇത് കണ്ണീരില്‍കുതിര്‍ന്ന ഈദാഘോഷമാണെന്ന് പറയുമ്പോള്‍ ആ ശബ്ദം അറിയാതെ മുറിഞ്ഞുപോകുന്നു.
രണ്ട് ഷിഫ്റ്റുകളിലായാണ് പെരുന്നാള്‍ നിസ്കാരം സംവിധാനിച്ചിരിക്കുന്നത്. തദ്ദേശീയരായ വിശ്വാസികള്‍ 8.30 ന് നിസ്കാരം നിര്‍വ്വഹിച്ച ശേഷം 9.30 നാണ് അഭയാര്‍ത്ഥി ക്യാംപിലുള്ളവര്‍ നിസ്കരിച്ചത്, ഈദ്ഗാഹ് സമിതി അംഗവും ക്യാംപ് സ്ഥലമായ കാമന്ദംഗ ഹൈസ്കൂള്‍ പ്രധാനാധ്യാപകനുമായ എ.കെ. ശൈഖ് പറയുന്നു. പ്രദേശത്ത് ഹിന്ദു-മുസ്‌ലിം സൌഹാര്‍ദ്ദം പുനസ്ഥാപിക്കാനായി പ്രത്യേകം രൂപീകരിക്കപ്പെട്ട കമ്മിറ്റി ഞായറാഴ്ച അഭയാര്‍ത്ഥി ക്യാംപുകളില്‍ മധുരവിതരണം നടത്തിയെന്നും അദ്ദേഹം പറയുന്നു.
പ്രശ്നബാധിത ജില്ലകളായ ദൂബ്രി, കോക്രാജ്ഹാര്‍, ചിരാംഗ് എന്നിവിടങ്ങളിലെ അധികാരികള്‍, അഭയാര്‍ത്ഥി ക്യാംപുകളിലുള്ളവരോട് തൊട്ടടുത്തുള്ള ഈദ്ഗാഹുകളില്‍ പോകുകയോ ക്യാംപുകളില്‍ തന്നെയോ ഈദ് നിസ്കാരം നിര്‍വ്വഹിക്കാമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അധിക ക്യാംപുകളും സ്കൂളുകളായതിനാല്‍ നിസ്കാരത്തിനാവശ്യമായ ഗ്രൌണ്ടുകള്‍ അവിടെത്തന്നെ ലഭ്യമാണ്.
ദൂബ്രിയില്‍ 133 ക്യാംപുകളിലായി ഒരുലക്ഷത്തി നാല്‍പത്തിഅയ്യായിരം മുസ്‌ലിംകളാണ് കഴിയുന്നത്. പെരുന്നാളിനോടനുബന്ധിച്ച് അധിക ക്യാംപുകളിലും നിസ്കാരം നിര്‍വ്വഹിക്കാനുള്ള സംവിധാനം അധികൃതര്‍ ചെയ്തുകൊടുക്കുകയും പ്രത്യേക സുരക്ഷ ഉറപ്പാക്കുകയും ചെയ്തിരുന്നു.
ആസാം സംസ്ഥാന സര്‍ക്കാര്‍ അഭയാര്‍ത്ഥി ക്യാംപുകളിലുള്ളവര്‍ക്ക്, ജാതിയോ മതമോ നോക്കാതെ, സേമി, പഞ്ചസാര, അരി, പാല്‍പ്പൊടി തുടങ്ങി പെരുന്നാള്‍ പായസത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഞായറാഴ്ച തന്നെ വിതരണം ചെയ്തിരുന്നു.
ലോകസാഭാംഗമായ ബദ്റുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന അജ്മല്‍ഫൌണ്ടേഷനും പര്‍ബത്ജോറാ ബ്ലോക്കിലുള്ള മുഴുവന്‍ ക്യാംപുകളിലും, റവ, പാല്‍പ്പൊടി, കിസ്മിസ് തുടങ്ങിയ പെരുന്നാളിനാവശ്യമായ വിഭവപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്തു.
പെരുന്നാള്‍ ആഘോഷിക്കാനവശ്യമായ ഭക്ഷണപദാര്‍ത്ഥങ്ങളെല്ലാം ലഭ്യമാണെങ്കിലും ക്യാംപിലുള്ളവരുടെ മാനസികാവസ്ഥ ആഘോഷത്തിന് ഒട്ടും പാകമല്ലെന്നതാണ് സത്യം. വീടും കുടുംബവും കിടപ്പാടവും നഷ്ടപ്പെട്ട അവരുടെ കണ്ണുകളില്‍ ഇപ്പോഴും ഇരുള്‍ മാത്രമാണ്. പലര്‍ക്കും ഒരായുഷ്കാലം മുഴുവന്‍ നേടിയെടുത്തതാണ് ഈ കലാപത്തിലൂടെ നഷ്ടമായത്. സമ്പാദ്യത്തിന് പുറമെ, ചെറുപ്പം മുതലേ പിച്ചവെച്ചു തുടങ്ങിയ സ്വന്തം മണ്ണും മണവും. അതോര്‍ക്കുമ്പോഴേക്കും ഏതോ ഒരു ഭീകരസ്വപ്നത്തിലെന്ന പോലെ അവര്‍ അറിയാതെ ഞെട്ടിയുണരുന്നു. കലാപത്തിന്റെ ഇരുണ്ട ദിനരാത്രങ്ങള്‍ അവര്‍ക്കിന്നും നടുക്കുന്ന ഓര്‍മ്മകള്‍ തന്നെ. അവ മായ്ച്ചുകളഞ്ഞ് അവരെ സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കാലചക്രത്തിന് ഇനിയുമേറെ കറങ്ങേണ്ടിവരും.



Leave A Comment