സമസ്ത സാരഥിയുടെ ഹദീസ് ഗ്രന്ഥം പുനരവതരിപ്പിച്ച് ഡോ.ബഹാഉദ്ദീന്‍ നദ്‌വി
  IMG-20160207-WA0021മലപ്പുറം: നീണ്ട നാലുപതിറ്റാണ്ടു കാലം സമസ്തയുടെ സാരഥിയായി കേരളീയ മുസ്‌ലിം സമൂഹത്തിനു മാര്‍ഗദര്‍ശനം നല്‍കിയ മര്‍ഹൂം വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ 'സ്വിഹാഹുശ്ശൈഖൈന്‍' എന്ന ഹദീസ് ഗ്രന്ഥത്തിന്റെ വിശദീകരണവും വ്യാഖ്യാനവുമടങ്ങിയ പുതിയ പതിപ്പ് ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പുറത്തിറക്കുന്നു. സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലറും ആഗോള മത പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയാണ് ഹദീസ് ഗ്രന്ഥത്തിന് വിശദീകരണവും വ്യാഖ്യാനവും നല്‍കിയിട്ടുള്ളത്. ദാറുല്‍ഹുദാ വാഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം സമസ്ത തൊണ്ണൂറാം വാര്‍ഷിക മഹാസമ്മേളനത്തില്‍ പ്രകാശിതമാവും. 450 പേജുകളുള്ള 'കിതാബു സ്വിഹാഹിശ്ശൈഖൈന്‍' സുഗ്രാഹ്യമാക്കാനാവശ്യമായ വിശദീകരണവും വ്യാഖ്യാനവും നല്‍കി 700 ഓളം പേജുകളില്‍ പുനരവതരിപ്പിച്ചാണ് പ്രസിദ്ധീകരിക്കുന്നത്. 2648 ഹദീസുകള്‍ വിഷയാടിസ്ഥാനത്തില്‍ ക്രോഡീകരിച്ച ഈ ഗ്രന്ഥം മൂന്ന് ഭാഗങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ അധ്യായത്തിന്റെയും ആദ്യഭാഗത്ത് പ്രമുഖ ഹദീസ് പണ്ഡിതരായ ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും സംയുക്തമായി നിവേദനം ചെയ്ത ഹദീസുകളും രണ്ട്, മൂന്ന് ഭാഗങ്ങളില്‍ യഥാക്രമം ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും വെവ്വേറെ രേഖപ്പെടുത്തിയ ഹദീസുകളുമാണ് ഉള്‍കൊള്ളുന്നത്. 1964 ലായിരുന്നു പ്രസ്തുത കൃതിയുടെ ആദ്യ പ്രസാധനം. 1965 ല്‍ നിര്യാതനായ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ വിയോഗത്തിന്റെ ഒന്‍പത് മാസം മുന്‍പാണ് ഗ്രന്ഥം ഹദീസ് പ്രേമികളായ സഹൃദയ ഹസ്തങ്ങളിലെത്തിയത്. അറബി, ഇംഗ്ലീഷ്, ഉര്‍ദു, പേര്‍ഷ്യന്‍, തമിഴ് ഭാഷാ പരിജ്ഞാനിയും അഗാധ പണ്ഡിതനുമായിരുന്ന അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ സമസ്തയുടെ ആദ്യകാല പ്രസിദ്ധീകരണമായ അല്‍ബയാനിലെ സ്ഥിരം എഴുത്തുകാരിലൊരാളായിരുന്നു. നാദാപുരം, തിരൂരങ്ങാടി, പൊന്നാനി എന്നിവിടങ്ങളില്‍ പഠനം നടത്തിയ അദ്ദേഹം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിക്കു ശേഷം ബാഖിയാത്തില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ രണ്ടാമത്തെ മലയാളി ബാഖവി ബിരുദധാരി കൂടിയാണ്. സമസ്തയുടെ രൂപീകരണ നാള്‍ മുതല്‍ ഇരുപത് വര്‍ഷം വൈസ് പ്രസിഡന്റും 1945 മുതല്‍ തന്റെ മരണം വരെയുള്ള ഇരുപത് വര്‍ഷം പ്രസിഡന്റുമായി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ നായകത്വം വഹിച്ച മഹാ വ്യക്തികൂടിയായിരുന്നു അദ്ദേഹം. 1965 ല്‍ ജാമിഅ നൂരിയ്യയുടെ സാമ്പത്തികാവശ്യാര്‍ത്ഥം ഭാരവാഹികള്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ പണമില്ലാത്തതു കൊണ്ട് തന്റെ ഗ്രന്ഥത്തിന്റെ 1000 കോപ്പി നല്‍കുകയായിരുന്നു. അത് വില്‍പന നടത്താനും തുക ജാമിഅക്കു വേണ്ടി വിനിയോഗിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ദാറുല്‍ഹുദായുടെ ശില്‍പികളിലൊരാളും ദീര്‍ഘകാലം സമസ്തയുടെ നേതാവുമായിരുന്ന മര്‍ഹൂം സി.എച്ച് ഐദറൂസ് മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരമാണ് ബഹാഉദ്ദീന്‍ നദ്‌വി കൃതിയുടെ വിപുലീകരണത്തില്‍ ഏര്‍പെടുന്നത്. അറബിയിലും മലയാളത്തിലുമായി ഒട്ടേറെ കൃതികളുടെ രചയിതാവായ നദ്‌വിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം കഴിഞ്ഞ വര്‍ഷാദ്യത്തിലാണ് പുറത്തിറങ്ങിയത്. കേരളത്തിലെ മത പണ്ഡിതര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റുമായി ഹദീസ് വായനക്കും ഗവേഷണത്തിനും ഉപയുക്തമാക്കുന്നതിനു വേണ്ടി അഞ്ചു പതിറ്റാണ്ടു മന്‍പ് സമസ്ത പ്രസിഡിന്റായിരുന്ന അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ ക്രോഡീകരിച്ച ഹദീസ് കൃതിയുടെ വിപുലീകരിച്ച പതിപ്പ് കൂടുതല്‍ പഠിതാക്കളിലേക്കെത്തികുകയെന്നതാണ് ദാറുല്‍ഹുദാ ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter